കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായ ഒരു ഏഴുവയസുകാരന്റെ അമ്മ. അവര്‍ ആദ്യമായി ഒരു പുസ്തകമെഴുതുന്നു. സ്വന്തം ബാല്യത്തില്‍നിന്ന് മകന്റെ ബാല്യത്തിലേക്കുള്ള നാളുകളിലെ സംഭവങ്ങളെയോരോന്നും അടയാളപ്പെടുത്തുന്നു. പറഞ്ഞുവരുന്നത് കാടകം സ്വദേശി അരുണി ചന്ദ്രന്‍ എന്ന അമ്മയെ കുറിച്ചും അവര്‍ എഴുതിയ 'പേറ്റുനോവൊഴിയാതെ' എന്ന പുസ്തകത്തെ കുറിച്ചുമാണ്.
കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുഞ്ഞുങ്ങളുടെ പേറ്റുനോവൊഴിയാത്ത ഒരുപാട് അമ്മമാരുടെ പ്രതിനിധിയാണ് അരുണി. പൂര്‍ണമായും കിടപ്പിലായ, തിരിച്ചൊന്നും പറയാനാവാതെ സംസാരം മുഴുവന്‍ ചിരിയിലൊതുക്കുന്ന, എന്തിനും പരസഹായം ആവശ്യമായി വരുന്ന കുഞ്ഞൂവെന്ന് വിളിപ്പേരുള്ള ദേവനാഥിന്റെ അമ്മ.
അരുണി ചെറുപ്പത്തില്‍ താമസിച്ചിരുന്ന മുളിയാറും പിന്നീട് താമസിച്ചിരുന്ന കാടകവും ഭര്‍ത്താവ് ചന്ദ്രന്റെ വീട് സ്ഥിതി ചെയ്യുന്ന ബോവിക്കാനവും എന്‍ഡോസള്‍ഫാന്‍ സ്പ്രേ ചെയ്യപ്പെട്ട മേഖലകളാണ്. 2012ലാണ് ദേവനാഥ് ജനിക്കുന്നത്. ഗര്‍ഭിണിയായിരുന്ന സമയത്ത് അരുണി ഒരിക്കലും വിചാരിച്ചിരുന്നില്ല കുഞ്ഞ് എന്‍ഡോസള്‍ഫാന്‍ ബാധിതനായിരിക്കുമെന്ന്.
ശ്വാസസംബന്ധമായ ബുദ്ധിമുട്ടുകള്‍,കരച്ചില്‍, പാലുകുടിക്കാനുള്ള ബുദ്ധിമുട്ട്, ഇന്‍ഫക്ഷന്‍ തുടങ്ങിയ പ്രശ്നങ്ങളെ തുടര്‍ന്ന് ജനിച്ച് രണ്ടാംദിവസം കുഞ്ഞിനെ മംഗലാപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സ്‌കാനിങ്, നിരവധി ടെസ്റ്റുകള്‍ അങ്ങനെ രണ്ടുമാസത്തോളം മംഗലാപുരം മെഡിക്കല്‍ കോളേജില്‍. തിരികെയെത്തിയെങ്കിലും നിരവധിയായ ആരോഗ്യപ്രശ്നങ്ങള്‍ കുഞ്ഞിന് അനുഭവപ്പെടാന്‍ തുടങ്ങി. അതോടെ വീണ്ടും ആശുപത്രികളിലേക്ക്.
കുഞ്ഞിന് ഏകദേശം ഒന്നരവയസ്സുള്ളപ്പോള്‍, ഒരു ഹെല്‍ത്ത് ക്യാമ്പില്‍ പങ്കെടുത്തപ്പോളാണ് മകന്‍ എന്‍ഡോസള്‍ഫാന്‍ ബാധിതനാണെന്ന് അരുണിക്കും ഭര്‍ത്താവ് ചന്ദ്രനും മനസ്സിലാകുന്നത്. തുടര്‍ന്ന് കസ്തൂര്‍ബ മെഡിക്കല്‍ കോളേജിലും മറ്റുമായി ചികിത്സകള്‍. "മൂന്നരവയസ്സുവരെ ഉറങ്ങുമ്പോള്‍ മാത്രമേ കുഞ്ഞിനെ താഴെവെക്കാന്‍ പറ്റുമായിരുന്നുള്ളു. എപ്പോളും കരയുമായിരുന്നു. ഉറക്കം നന്നേ കുറവുള്ള കുട്ടിയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്കും മറ്റുമാകും ഉറങ്ങുക. ആറരയോടെ എണീക്കും. തുടര്‍ച്ചയായ ചികിത്സകളുടെ ഫലമായി കുഞ്ഞ് ഇപ്പോള്‍ ചിരിക്കും. യാത്ര പോകാന്‍ ഇഷ്ടമുള്ള കുട്ടിയാണ് കുഞ്ഞു. കഥ കേള്‍ക്കാന്‍ ഇഷ്ടമുള്ള കുട്ടി"-അരുണി പറയുന്നു.
എഴുത്തിലേക്ക്
കുട്ടിക്കാലത്ത് എഴുതുമായിരുന്നു. പക്ഷെ അത് പുറത്തുകാണിക്കാന്‍ വലിയമടിയായിരുന്നു. പത്താംക്ലാസു വരെ പഠിച്ച ഒരാള്‍ എഴുതുന്നത് കണ്ടാല്‍ ആളുകള്‍ എന്തുപറയും എന്നതുള്‍പ്പെടെയുള്ള അപകര്‍ഷതാ ബോധവും അങ്ങനെ പലതും. ഒരിക്കല്‍ അന്നുവരെ എഴുതിയത് മുഴുവനും തീയിട്ട് നശിപ്പിച്ചിട്ടുമുണ്ട്. ഒരു ഡയറി മാത്രമായിരുന്നു അന്ന് തീയിടാതെ ബാക്കിവെച്ചത്. അത് ഇപ്പോഴും കൈവശമുണ്ട്. കുഞ്ഞ് ജനിച്ച സമയത്തൊന്നും എഴുത്ത് ഇല്ലാതിരുന്നു- ആദ്യ പുസ്തകത്തിലേക്കുള്ള യാത്രയെ കുറിച്ച് അരുണി ഓര്‍മിക്കുന്നത് ഇങ്ങനെ.
പിന്നീട് 2016ല്‍ ഫെയ്സ്ബുക്ക് അക്കൗണ്ട് ആരംഭിച്ചു. അതില്‍ ചില വരികളൊക്കെ എഴുതിത്തുടങ്ങി. അങ്ങനെയായിരുന്നു എഴുത്തിലേക്കുള്ള രണ്ടാംവരവ്. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്ക് പകല്‍ ചിലവഴിക്കാന്‍ രൂപവത്കരിച്ച കാഞ്ഞങ്ങാട്ടിലെ സ്നേഹവീട്ടില്‍ മകന്റെ തെറാപ്പിയുമായി ബന്ധപ്പെട്ട് പോകാറുണ്ടായിരുന്നു. ഫെയ്സ്ബുക്കിലെ എഴുത്തുകളെ അവിടുള്ളവരും അംബികാസുതന്‍ മങ്ങാട്, അമ്പലത്തറ കുഞ്ഞിക്കൃഷ്ണന്‍, പത്മനാഭന്‍ ബ്ലാത്തൂര്‍,വര്‍ഗീസ് കോശി തുടങ്ങി ഒരുപാടുപേര്‍ പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ നവംബര്‍ മുതല്‍ ഫെയ്സ്ബുക്കില്‍ എഴുതിയത് ഒക്കെ ഒരു നോട്ട് ബുക്കിലേക്ക് പകര്‍ത്തി സൂക്ഷിക്കാന്‍ അരുണി ആരംഭിച്ചു. മോന്റെ പിറന്നാള്‍ ദിവസമായ മാര്‍ച്ച് 21ന് ഒരു ചെറിയ മാസിക പോലെ പുറത്തിറക്കാം എന്നോര്‍ത്തായിരുന്നു അത്. 11 കുറിപ്പുകളാണ് പുസ്തകത്തിലുള്ളത്. പിന്നീടാണ് പുസ്തകരൂപത്തിലേക്ക് മാറ്റാമെന്ന് തീരുമാനിക്കുന്നത്- അരുണി പറയുന്നു.
2016ല്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്കൊപ്പം സമരത്തില്‍ പങ്കെടുത്തിരുന്നു. അപ്പോഴാണ് ഇത്രമാത്രം ദുരിതബാധിതരുണ്ടെന്ന് മനസ്സിലാകുന്നത്. കുഞ്ഞുവിനെക്കാളും വയ്യാത്ത കുട്ടികളെയും അമ്മമാരെയും കണ്ടു. മൂന്നു കുഞ്ഞുങ്ങളും എന്‍ഡോസള്‍ഫാന്‍ ബാധിതരായ അമ്മമാരെ കണ്ടു. ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിച്ചു പോയ സ്ത്രീകളെയും അവരുടെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ മക്കളെയും കണ്ടു. അപ്പോളാണ് എന്റെ ദുഃഖം അവരെക്കാള്‍ എത്രയോ ചെറുതാണെന്ന് മനസ്സിലാകുന്നത്. എന്റെ ഭര്‍ത്താവ് വലിയ പിന്തുണയാണ് തരുന്നത്- അരുണി കൂട്ടിച്ചേര്‍ക്കുന്നു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായ കുട്ടികള്‍ക്കു വേണ്ടി രക്ഷാകര്‍ത്താക്കള്‍ നടത്തുന്ന പോരാട്ടത്തിലെ സജീവസാന്നിധ്യമാണ് അരുണി. 'എന്റെ മകന്‍ 2013ലെ ലിസ്റ്റിലുണ്ട്. പക്ഷെ സമരത്തില്‍ പങ്കെടുക്കാന്‍ വരാന്‍ പോലും പറ്റാത്ത കുട്ടികളും രക്ഷിതാക്കളുമുണ്ട്. അവര്‍ക്കു വേണ്ടി ഇപ്പോഴും തിരുവനന്തപുരത്ത് സമരം നടക്കുമ്പോള്‍ പോയി പങ്കെടുക്കാറുണ്ട്'- അരുണി പറയുന്നു. ഒക്ടോബര്‍ രണ്ടിനാണ് അരുണിയുടെ പുസ്തകത്തിന്റെ പ്രകാശനം.
content highlights:endosulfan affected child's mother aruni chandran kadakam book