നായ പരിപാലനത്തിലൂടെ നല്ലൊരു ജീവിതം കെട്ടിപ്പടുക്കുന്ന സ്ത്രീകളെ പരിചയപ്പെടാം. വന്ധ്യംകരണ പദ്ധതിക്കായി പിടികൂടുന്ന നായകളെയാണ് ഇവര്ഡ പരിപാലിക്കുന്നത്. ഒരു നായയുടെ പരിപാലനത്തിന് 250 രൂപയും ഡോക്ടര്‍മാരെ സഹായിച്ചാല്‍ 200 രൂപയുമാണ് ലഭിക്കുക. ജില്ലയില്‍ നായപരിപാലനത്തിന് ഇറങ്ങിയ ചിലരുടെ അനുഭവങ്ങള്‍ വായിക്കുക..
ഇപ്പോ പട്ടിപിടിത്തം ഒന്നൂല്ലേ...?
'എന്തേ, പോരുന്നുണ്ടോ? ഉണ്ടെങ്കില്‍ പോര്, കുടുംബശ്രീ നല്ല കാശ് തരും... വീട്ടില്‍ വെറുതെ ഇരുന്ന് ജോലിക്ക് പോകുന്നവരെ കുറ്റം പറയണ്ടല്ലോ...' പിന്നല്ല, ഈ കളിയാക്കലിന് നല്ല മറുപടി കൊടുത്താല്‍ പിന്നെ ഇവരെയൊന്നും ആ വഴിക്ക് കാണില്ല! റോഡിലൂടെ പോകുമ്പോള്‍ ചിലപ്പോഴൊക്കെ പൊങ്ങിവരുന്ന ഈ അശരീരിയെ ഒതുക്കാനും ഞങ്ങള്‍ ഇപ്പോള്‍ പഠിച്ചു കേട്ടോ... പറയുന്നത് മിടുക്കികളായ ചില വീട്ടമ്മമാരാണ്.
കുടുംബശ്രീ ജില്ലാ മിഷന്റെ തെരുവുനായ വന്ധ്യംകരണ പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാരെ സഹായിക്കാനും നായപരിപാലനത്തിനും പോയവരാണിവര്‍. 'ആദ്യം ചെറിയ പേടിയും ആശങ്കയും ഉണ്ടായിരുന്നു. ഇപ്പോള്‍ ഞങ്ങളൊക്കെ ഹാപ്പിയാണ്. ചിലരൊക്കെ പട്ടിപിടിത്തക്കാരെന്ന് കളിയാക്കിയിരുന്നെങ്കിലും കൂടുതല്‍ പേരും ഇപ്പോള്‍ കട്ട സപ്പോര്‍ട്ടാണ്. പരിശീലനം നല്‍കിയാല്‍ പട്ടിപിടിത്തത്തിനും ഞങ്ങള്‍ തയ്യാറാണ്. ഡിഗ്രി കഴിഞ്ഞ് ജോലിയൊന്നും ശരിയാകാത്തവര്‍ എ.ബി.സി.യില്‍ ഇനി ഞങ്ങളെയും ചേര്‍ക്കണേ എന്ന് പറയാറുണ്ട്. ഒരു നായയുടെ പരിപാലനത്തിന് 250 രൂപയും ഡോക്ടര്‍മാരെ സഹായിച്ചാല്‍ 200 രൂപയുമാണ് നല്‍കുന്നത്.
നാലും അഞ്ചും പേരുള്ള ഗ്രൂപ്പായി പോകുന്നതിനാല്‍ ഞങ്ങള്‍ ജോലിമുഴുവന്‍ തീര്‍ത്തിട്ട് കിട്ടിയ തുക പങ്കിട്ടെടുക്കുകയാണ് ചെയ്യുന്നത്' -എ.ബി.സി. അംഗങ്ങള്‍ പറയുന്നു. വന്ധ്യംകരിച്ച് മൂന്നു ദിവസത്തിനു ശേഷമാണ് നായകളെ തുറന്നുവിടുക.
ഒറ്റയ്ക്കും കൂട്ടായുമുള്ള തെരുവുനായകളുടെ ആക്രമണം സമീപനാളില്‍ രൂക്ഷമായിരുന്നു. തെരുവുനായകളുടെ ശല്യം രൂക്ഷമായതോടെയാണ് വന്ധ്യംകരണ പദ്ധതി തുടങ്ങിയത്. മാള, ചാലക്കുടി, വെള്ളാങ്ങല്ലൂര്‍, മുണ്ടത്തിക്കോട്, ചാവക്കാട് സെന്ററുകളിലായി 1991 നായകളെയാണ് ഇതുവരെ വന്ധ്യംകരണം ചെയ്തത്.
എ.ബി.സി അംഗങ്ങള്‍.(ഫയല്‍ ചിത്രം)
എന്റെ ആടിനെ പട്ടി കടിച്ചു ചേച്ചീ
ജോലിക്ക് പോയ സമയത്തൊക്കെ ചില വാര്‍ഡുകളില്‍ നിന്നൊക്കെ വിളിവരും. 'എന്റെ ആടിനെ പട്ടി കടിച്ചു ചേച്ചീ' എന്നൊക്കെ പറഞ്ഞായിരിക്കും മിക്കപ്പോഴും ഫോണ്‍. നമ്മള്‍ 'ക്യാച്ചര്‍' ആണെന്ന് കരുതിയാണ് അവര്‍ വിളിക്കുന്നത്. ഞങ്ങള്‍ പട്ടിയെ പിടിക്കുന്നവരല്ല, അവരെ പരിപാലിക്കുന്നവരാണെന്ന് പറയുന്നതോടെ അവര് പോകും.
ചിലര്‍ക്ക് ക്യാച്ചര്‍മാരുടെ നമ്പര്‍ കൊടുക്കും. 37 ദിവസം പണിക്ക് പോയപ്പോള്‍ 25000 രൂപ കിട്ടി. അതില്‍ പതിനായിരം രൂപ കടംവീട്ടി, ബാക്കി രൂപയ്ക്ക് ഒരു സ്വര്‍ണമോതിരം വാങ്ങി. ഈ 56-ാം വയസ്സില്‍ ഇതൊക്കെ ഒരു സന്തോഷമുള്ള കാര്യമല്ലേ- ചേലക്കര ഗ്രാമപ്പഞ്ചായത്തിലെ സി.ഡി.എസ്. അംഗം രാധയ്ക്ക് ജോലിയില്‍ സന്തോഷം മാത്രം. ഇങ്ങനെ ജില്ലയിലെ മുഴുവന്‍ പേര്‍ക്കും പറയാന്‍ ഓരോ കഥകള്‍ ആയതോടെ കുടുംബശ്രീ അവരുടെ അനുഭവങ്ങള്‍ ചേര്‍ത്ത് കൈപ്പുസ്തകം തയ്യാറാക്കി. അനുഭവങ്ങളില്‍ ചിലത് ചിരിപ്പിക്കും. മറ്റുചിലത് അറിയാതെ വിഷമിപ്പിക്കും.
മധുരം വാങ്ങിയില്ല; ഡെറ്റോള്‍ ഉപയോഗിച്ച് കൈ കഴുകിയോ?
'എ.ബി.സി.യില്‍നിന്ന് പോയിവരുന്ന വഴിക്ക് മധുരപലഹാരങ്ങളുമായി ഒരു മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയി. അവിടെയൊരാള്‍ ഞങ്ങളില്‍ നിന്ന് അത് വാങ്ങിക്കഴിച്ചില്ല. ഈ ജോലി ചെയ്യുന്നതുകൊണ്ടാകാം, നിങ്ങള്‍ ഡെറ്റോള്‍ ഉപയോഗിച്ച് കൈകഴുകിയോ എന്ന് ഞങ്ങളോട് ചോദിച്ചു. സങ്കടം തോന്നിപ്പോയ അനുഭവമായിരുന്നു അത്. കൂടൊക്കെ വൃത്തിയാക്കുന്ന സമയത്ത് മാലിന്യം ഡ്രസിലൊക്കെ തെറിക്കാറുണ്ട്. ഓപ്പറേഷന്‍ കഴിയുമ്പോള്‍ രക്തം നിറഞ്ഞ തുണികളും സര്‍ജിക്കല്‍ ഉപകരണങ്ങളുമൊക്കെ വൃത്തിയാക്കാറുണ്ട്. അതിനാല്‍ തന്നെ പ്രത്യേക വേഷം ധരിക്കും. എന്നാല്‍ക്കൂടി ബസിലൊക്കെ കേറുമ്പോള്‍ അറിയുന്നവര്‍ ചിലര്‍ മുഖംചുളിക്കും. ആദ്യമൊക്കെ വിഷമം തോന്നി, ഇപ്പോള്‍ പ്രശ്‌നമില്ല'.
ജോലിയല്ലേ, അറപ്പും വെറുപ്പുമില്ല
'ഒരു നായയുടെ ശസ്ത്രക്രിയ നടക്കുകയാണ്. ആളൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ നിന്ന് മഞ്ജുവും സീമയും സഹായികളായുണ്ട്. ഓപ്പറേഷന്‍ ചെയ്യാനായി ഒരു ഡോക്ടര്‍, സൂപ്രണ്ട്, അറ്റന്‍ഡേഴ്‌സ് എന്നിവരുണ്ട്. അവിടത്തെ അവസ്ഥ കണ്ടപ്പോള്‍ മനസ്സ് ചാഞ്ചാടി. ഡ്രസില്‍ രക്തമാകും. ബസില്‍ പോകാനുള്ളതാണ്. പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ നോക്കി. ശരീരത്തില്‍ കെട്ടാനുള്ള വസ്ത്രം തരാം എന്ന് പറഞ്ഞതോടെ രണ്ടും കല്‍പ്പിച്ച് അവിടെ നിന്നു. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ വന്ധ്യംകരണം കഴിഞ്ഞ നായയെ വേറെ കൂട്ടില്‍ കൊണ്ടിടാന്‍ പറഞ്ഞു. സീമ ഓപ്പറേഷന്‍ ടേബിള്‍ വൃത്തിയാക്കി. അടുത്ത നായയ്ക്ക് അനസ്‌തേഷ്യ കൊടുക്കാന്‍ നായയുടെ കഴുത്തില്‍ കുടുക്കിട്ട് പിടിച്ചുകൊടുത്തു. ഇഞ്ചക്ഷന്‍ കൊടുത്തതോടെ നായ ബോധംകെട്ടു. ചിലപ്പോള്‍ അനസ്‌തേഷ്യ കൊടുക്കുമ്പോള്‍ നായകള്‍ ഛര്‍ദിക്കും. അത് മിക്കപ്പോഴും കോഴിവേസ്റ്റ് ആകും. ആദ്യമൊക്കെ വിഷമം വരും. പിന്നെ ഞങ്ങള്‍ ഇതൊരു ജോലിയായി എടുത്തുതുടങ്ങിയതോടെ സംഭവം പ്രശ്‌നമല്ലാതായി. പിറ്റേദിവസം ചെന്നപ്പോള്‍ 20 പട്ടികള്‍. കൂട്ടില്‍ മൂത്രവും വിസര്‍ജ്യവും. കൂടൊക്കെ വൃത്തിയാക്കാന്‍ കുറെ സമയമെടുത്തു. പട്ടികളെ കണ്ടാല്‍ ഓടുന്നവരായിരുന്നു. ഇപ്പോള്‍ പേടിയും അറപ്പുമെല്ലാം പോയി'-മഞ്ജുവും സീമയും വ്യക്തമാക്കി.
വരുമാനം സ്‌കൂട്ടറായും സ്വര്‍ണമായും എത്തി
എ.ബി.സി.യില്‍ നിന്നുള്ള വരുമാനംകൊണ്ട് സ്‌കൂട്ടര്‍ വാങ്ങിയവരും സ്വര്‍ണം വാങ്ങിയവരുമെല്ലാമുണ്ട്. എന്റെ സമ്പാദ്യംകൊണ്ട് വാങ്ങിയതാണിതെന്ന് അഭിമാനത്തോടെ പറയുകയാണിവര്‍. കുടുംബത്തിലേക്ക് ഒരു സഹായം നല്‍കാന്‍ കഴിഞ്ഞല്ലോ എന്ന സന്തോഷത്തിലാണിവര്‍.
ദിവസം ഇരുപത്തിയഞ്ചിലധികം നായ്ക്കളെ വരെ വന്ധ്യംകരിച്ചിട്ടുണ്ട്
സാധാരണ പുരുഷന്മാരാണ് ഈ ജോലിക്ക് വരാറുള്ളത്. സ്ത്രീകളെത്തിയപ്പോള്‍ ഒരു ആശങ്കയുണ്ടായിരുന്നു. നായ്ക്കളെ എടുത്തുകൊണ്ട് വരേണ്ടതൊക്കെയുണ്ട്. ഇവര്‍ക്ക് പറ്റുമോ എന്ന സംശയമായിരുന്നു. പക്ഷേ ഇവരതെല്ലാം നന്നായി ചെയ്തു. ദിവസം ഇരുപത്തിയഞ്ചിലധികം നായ്ക്കളെ വരെ വന്ധ്യംകരിച്ചിട്ടുണ്ട്. - ഡോ.എ.എസ്.അങ്കിത, വെറ്റിനറി സര്‍ജന്‍(എ.ബി.സി)
കൊലയല്ല പ്രതിവിധി പ്രജനന നിയന്ത്രണം
എ.ബി.സി പദ്ധതിയുടെ വൊളന്റിയര്‍മാരായി കുടുംബശ്രീ അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോള്‍ ആദ്യം അവര്‍ ആശങ്ക പ്രകടിപ്പിച്ചു. പക്ഷേ, മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. മൃഗസംരക്ഷണ വകുപ്പും ത്രിതല പഞ്ചായത്തുകളും സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. കൊലയല്ല, പ്രതിവിധി പ്രജനന നിയന്ത്രണം മാത്രം എന്ന തിരിച്ചറിവില്‍ നിന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. -കെ.വി.ജ്യോതിഷ് കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍
Content Highlights: Kudukbashree project for the Sterilization of stray dogs in Thrissur