സാനിട്ടറി പാഡുകള്‍ പ്രചാരത്തില്‍ വന്നിട്ടു കാലം കുറച്ചായെങ്കിലും അലര്‍ജി മൂലം പല സ്ത്രീകളും പാഡില്‍ നിന്ന് അകലം പാലിക്കുന്നുണ്ട്. മാത്രമല്ല പാഡു മാറ്റാന്‍ താമസിക്കുന്നത് അണുബാധയ്ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകും. ഉപയോഗിച്ച പാഡുകള്‍ പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവും വളരെയധികമാണ്. പാഡുകളുടെ അസൗകര്യങ്ങള്‍ പരിഹരിച്ചു കൊണ്ട് പകരം എത്തിയ മെന്‍സ്ട്രല്‍ കപ്പുകള്‍ക്ക് സാനിറ്ററി പാഡുകളുടെ അത്രയും പ്രചാരം ലഭിച്ചതുമില്ല. എന്നാല്‍ ആരോഗ്യകരമായി കോട്ടണ്‍ തുണികള്‍ ഉപയോഗിക്കാമെന്നു വച്ചാല്‍ ഓഫീസിലും യാത്രയിലും ഇത് സ്ത്രീകള്‍ക്ക് വലിയ അസൗകര്യം ഉണ്ടാക്കുന്നുണ്ട്.
ഇത്തരക്കാര്‍ക്ക് ആശ്വാസവുമായാണ് കോട്ടന്‍ ക്ലോത്ത് പാഡുകള്‍ എത്തിരിക്കുന്നത്. പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന അസ്വസ്ഥതയും ആരോഗ്യപ്രശ്‌നങ്ങളും തുണികൊണ്ടുള്ള പാഡുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതാണ് ക്ലോത്ത് പാഡുകളെ പ്രിയങ്കരമാക്കുന്നത്. അണുബാധയും മറ്റ് അസ്വസ്തകളും ഉണ്ടാകുന്നുമില്ല. നിലവില്‍ പ്രധാനമായും ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ നിന്നാണ് ക്ലോത്ത് പാഡുകള്‍ ലഭ്യമാകുക. വ്യത്യസ്തമായ സൈസില്‍ ലഭ്യമാണ്. ഓഫീസില്‍ വച്ചോ യാത്രക്കിടയിലോ ഉപയോഗിച്ചതിനു ശേഷം വീട്ടില്‍ എത്തി പാഡ് വൃത്തിയാക്കാവുന്നതാണ്.
എന്നാല്‍ പാഡു പൂര്‍ണമായി നനഞ്ഞു കഴിഞ്ഞാല്‍ രക്തം വസ്ത്രത്തിലേയ്ക്ക് വ്യാപിക്കുമെന്ന പോരായ്മ ക്ലോത്ത്പാഡുകള്‍ക്ക് ഉണ്ട്. ഉപയോഗശേഷം സാനിറ്ററി പാഡുകള്‍ നിര്‍മാര്‍ജനം ചെയ്യാനുള്ള സൗകര്യക്കുറവ് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ക്ലോത്ത് പാഡുകള്‍ക്ക് ഇല്ല. ഇവ റീ യൂസബിള്‍ ആണ്. പരിസ്ഥിതിക്ക് അനുയോജ്യമെന്ന നിലയില്‍ ക്ലോത്ത് പാഡുകള്‍ വലിയ രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്. സാധാരണ പാഡുകള്‍ക്ക് സമാനായ വിങ്ങ്‌സുകളും ക്ലോത്ത് പാഡുകള്‍ക്ക് ഉണ്ട് എന്നതും ഉപയോഗിക്കാനുള്ള സൗകര്യം വര്‍ധിപ്പിക്കുന്നു.
Content Highlights: cotton cloth pad for women during menstruation