സൈഫുദ്ദീന് ദൈവത്തെക്കുറിച്ച് എപ്പോഴും ഓര്‍ക്കാറുണ്ട്. പക്ഷേ എപ്പോഴെങ്കിലും ദൈവത്തിനും മനുഷ്യനുമിടയില്‍ നില്‍ക്കേണ്ടിവരുമെന്ന് ഓര്‍ത്തിരുന്നില്ല. അങ്ങനെ വേണ്ടിവന്നപ്പോള്‍ അയാള്‍ അതൊരു മനോഹര പ്രവൃത്തിയായി ഏെറ്റടുത്തു. തുടര്‍ന്ന് ഭൂമിയില്‍ മനുഷ്യന് ചെയ്യാനാവുന്ന ഏറ്റവും നല്ലൊരു കാര്യം ചെയ്തു. ഒരു മനുഷ്യന്റെ ജീവന്‍ രക്ഷിച്ചു; സ്വന്തം ജീവന്‍ മറന്ന്!
108 ആംബുലന്‍സില്‍ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യനാണ് സൈഫുദ്ദീന്‍. ആലപ്പുഴക്കാരന്‍. പുന്നപ്രയിലാണ് വീട്. കാണുമ്പോള്‍ സൈഫുദ്ദീന്റെ മുഖത്ത് ഒരു ചിരിയുണ്ടായിരുന്നു. നിരത്തില്‍നിന്ന് കുറച്ച് ഉള്ളിലേക്കുള്ള വീട്ടിലേക്ക് നടക്കുമ്പോള്‍ അയാള്‍ ഇടയ്ക്കിടെ പറഞ്ഞു, ''ഉമ്മ വീട്ടിലില്ല. അനിയന്റെ മകന്റെ കല്യാണക്കാര്യത്തിന് അവരുടെ വീട്ടില്‍ പോയതാണ്. ഉമ്മയ്ക്കാണ് ഇതിലൊക്കെ എറ്റവും സന്തോഷം..'' പിന്നെയും ഇടയ്ക്കിടയ്ക്ക് സൈഫ് ഉമ്മയെപ്പറ്റി പറഞ്ഞുെകാണ്ടിരുന്നു. കണ്ടിട്ട് അധികനേരമാവും മുമ്പേ സൈഫിന്റെ ഉമ്മ ഉമൈബ ഞങ്ങള്‍ക്ക് പരിചിതയായി.
നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷന്റെ കീഴില്‍ കരാര്‍ ജോലിയായിരുന്നു സൈഫുദ്ദീന്. അന്നൊക്കെ അമ്മയ്ക്ക് സങ്കടമായിരുന്നു. മോന് നല്ലൊരു ജോലി കിട്ടാത്തതില്‍. ''കുറച്ചു ബാധ്യതകളൊക്കെയുണ്ട്. അതു തീര്‍ക്കാന്‍ ഗള്‍ഫിലൊക്കെ ഞാന്‍ പോയതാണ്. പക്ഷേ ഉമ്മാടേം കുടുംബത്തിന്റേം കൂടെ കഴിയാലോന്ന് മോഹിച്ച് നാട്ടിലേക്കുതന്നെ പോന്നു.'' സൈഫുദ്ദീന്‍ വീണ്ടും നിഷ്‌കളങ്കമായി ചിരിച്ചു. പിന്നെ ഒരു വര്‍ഷം മുമ്പ് അയാളുടെ ജീവിതം മാറ്റിമറച്ച ആ ദിവസത്തെക്കുറിച്ച് പറഞ്ഞു.
''അന്നൊക്കെ പല ഹെല്‍ത്ത് സെന്ററുകളിലായാണ് ഡ്യൂട്ടി. കോള്‍ വന്നാല്‍ രോഗിയെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിക്കണം. ഒരു ദിവസം ചമ്പക്കുളം പി.എച്ച്.സീന്നൊരു വിളി വന്നു. രോഗിയുടെ കണ്ടീഷന്‍ ബാഡാണ്. പെട്ടെന്ന് വണ്ടാനത്ത് എത്തിക്കണം. രോഗിയുടെ കൂടെ രണ്ട് ചേട്ടന്മാരുണ്ട്. രോഗിയെ ആംബുലന്‍സില്‍ കിടത്തി. രണ്ട് ഓക്‌സിജന്‍ സിലിണ്ടറുണ്ട് വണ്ടിയില്‍. രണ്ടും ഫുള്ളാണ്. ഡ്രൈവര്‍ വണ്ടിയുടെ അടുത്തേക്ക് തിരക്കിട്ട് നടന്നുവരുന്നത് ഞാന്‍ കാണുന്നുണ്ട്. അടുത്ത നിമിഷം ; വണ്ടിയുടെ മുന്‍വശത്തുനിന്ന് തീയാളി!
എനിക്ക് പെട്ടെന്ന് ഒന്നും മനസ്സിലായില്ല. തീകണ്ടാല്‍ ഓടി രക്ഷപ്പെടണമല്ലോ. ഞാനും അത് ചെയ്യേണ്ടതായിരുന്നു. പക്ഷേ പെട്ടെന്ന് രോഗിയുടെ കാര്യം ഓര്‍ത്തു. അല്‍പം ആരോഗ്യമുള്ള മനുഷ്യനായിരുന്നെങ്കില്‍ അയാള്‍ ഇറങ്ങി ഓടിയേനേ. പക്ഷേ അയാള്‍ക്ക് അനങ്ങാന്‍ പോലും വയ്യ! അതുകണ്ടപ്പോള്‍ എനിക്ക് ഓടിപ്പോവാന്‍ തോന്നിയില്ല. കൂടെയുള്ള രണ്ട് ചേട്ടന്മാരും അപ്പോഴേക്കും ഇറങ്ങി ഓടിയിരുന്നു. ഒന്നും നോക്കാനില്ല. ഞാന്‍ രോഗിയെ വാരിയെടുക്കാന്‍ കുനിഞ്ഞു. അതിനിടയ്ക്ക് സ്‌ട്രെച്ചറോടെ വലിച്ച് പുറത്തെടുക്കാനും നോക്കി. സ്‌ട്രെച്ചര്‍ ലോക്കാണ്. ഒരാളുകൂടെയുണ്ടെങ്കിലേ അത് വലിച്ചെടുക്കാന്‍ പറ്റൂ. അതിനുള്ള സമയമില്ല. ഒരു കടലാസ് കത്തുന്ന ലാഘവത്തിലാണ് വണ്ടി തീ പിടിക്കുന്നത്. കാത്തുനിന്നാല്‍ പേഷ്യന്റിന്റെ തലയില്‍ തീവീഴും. മുന്നില്‍നിന്ന് ചൂട് പടരുന്നു. അതുനോക്കാതെ അയാളെ വാരിയെടുത്ത് ചുമലിലിട്ട് ഞാന്‍ പുറത്തേക്കിറങ്ങി. ഒന്നു മാറാനുള്ള സമയമേ കിട്ടിയുള്ളൂ. വണ്ടി തീ വിഴുങ്ങിക്കഴിഞ്ഞിരുന്നു. ചുമലിലുള്ള രോഗിയെ ഞാന്‍ ചേര്‍ത്തുപിടിച്ചു.
Content Highlights: Brave Life story