2002-ലെ ഗുജറാത്ത് കലാപത്തിനിടയില്‍ അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെയാണ് ബില്‍കിസ് കൂട്ടബലാത്സംഗത്തിന് ഇരയാകുന്നത്. അന്ന് അവളുടെ വയറ്റിലുണ്ടായിരുന്ന ആ കുരുന്നുജീവന് ഇന്ന് പതിനാറ് വയസ്സ്. പേര് ഹസ്ര. മകളെ പഠിപ്പിച്ച് ഒരു വക്കീലാക്കണമെന്നാണ് ബില്‍ക്കിസിന്റെ ആഗ്രഹം. ബില്‍ക്കിസിന്റെ രണ്ടാമത്തെ മകള്‍.
മൂത്തമകള്‍ സലേഹയെ 2002-ലെ കലാപത്തില്‍ തന്നെ ബില്‍കിസിന് നഷ്ടപ്പെട്ടു. ബില്‍ക്കിസിന്റെ മുന്നില്‍ വെച്ച് കല്ലുകൊണ്ട് തലക്കടിച്ചാണ് മകളെ കൊലപ്പെടുത്തിയത്. അവളുടെ മൃതശരീരം പോലും ബില്‍ക്കിസിന് ലഭിച്ചില്ല. മകളുടെ മരണാനന്തരചടങ്ങുകള്‍ നടത്താനായില്ല..ഇന്ന് പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നീതി ലഭിക്കുമ്പോള്‍ അന്നുകൊല്ലപ്പെട്ട ആ രണ്ടുവയസ്സുകാരിയുടെ ആത്മാവിന് ശാന്തിലഭിക്കുമെന്ന വിശ്വാസത്തിലാണ് ബില്‍ക്കിസ്.
കഴിഞ്ഞ പതിനേഴ് വര്‍ഷമായി ഞാന്‍ അനുഭവിക്കുന്ന വേദനയുടെ കാഠിന്യം സുപ്രീംകോടതിക്ക് മനസ്സിലായിരിക്കുന്നു. അതാണ് എന്നെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ടത്. വളരെ ദൈര്‍ഘ്യമേറിയ ഒരു പോരാട്ടമായിരിന്നു ഇത്. പക്ഷേ നമ്മുടെ ഭരണഘടനയിലും നിയമനിര്‍മാണത്തിലും ഞാന്‍ ഉറച്ചുവിശ്വസിച്ചു. ബില്‍ക്കിസ് പറയുന്നു.
അരക്കോടി രൂപ, ജോലി, താമസിക്കാനൊരിടം..കുടുംബത്തിന്റെ സുരക്ഷയെ കരുതി ഓരോ സ്ഥലത്തുനിന്നും മാറി മാറി താമിസിച്ചിരുന്ന ബില്‍ക്കിസിന് ഇനി ഭയം കൂടാതെ ഇഷ്ടമുള്ള ഒരിടത്ത് ഒരു വീട്ടില്‍ അന്തിയുറങ്ങാം.
മൂത്തമകള്‍ സലേഹയുടെ പേരില്‍ ഒരു ഫണ്ട് ആരംഭിക്കണമെന്ന ആലോചനയിലാണ് ബില്‍ക്കിസ്. ബലാത്സംഗം അതിജീവിച്ച സ്ത്രീകളുടെ പുനരധിവാസത്തിനും അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനുമുള്ള തുക കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ.
ഇനിയെനിക്ക് ജീവിക്കണം, എനിക്കുവേണ്ടിയും കുടുംബത്തിന് വേണ്ടിയും ബില്‍ക്കിസിന്റെ വാക്കുകള്‍ക്ക് പിന്തുണയുമായി ഭര്‍ത്താവ് യാക്കൂബ് റസൂലുമുണ്ട്. സ്വന്തം ഗ്രാമത്തില്‍ തന്നെ ഒരു വീടുവെച്ച് ജിവിക്കാനാണ് യാക്കൂബ് ആഗ്രഹിക്കുന്നത്.
Content highlights: Bilkis Bano the real fighter 2002 gujarat riots