വീട് നിറയെ അതിഥികളായിരുന്നു..ബേബിയാകട്ടെ അതു വകവെക്കാതെ കൂട്ടുകാര്‍ക്കൊപ്പം കളിയിലും. ഇതിനിടയിലാണ് കുടുംബാംഗങ്ങള്‍ അവള്‍ക്കടുത്ത് എത്തുന്നതും നിര്‍ബന്ധപൂര്‍വം കൂട്ടിക്കൊണ്ടുപോയി സാരി അണിയിക്കുന്നതും. അതിനുശേഷം ബേബിയെ അതുവരെ കാണാത്ത ഒരാള്‍ക്കൊപ്പം മണ്ഡപത്തില്‍ ഇരുത്തി. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കാനുള്ള പക്വതയില്ലാത്ത ആ പന്ത്രണ്ടുകാരി വീട്ടില്‍ എന്തോ പൂജ നടക്കുകയാണെന്നാണ് മനസ്സിലാക്കിയത്. എന്നാല്‍ പൂജ കഴിഞ്ഞ് അയാള്‍ക്കൊപ്പം വീട്ടിലേക്ക് പോകണമെന്ന് കുടുംബാംഗങ്ങള്‍ നിര്‍ദേശിച്ചപ്പോള്‍ ബേബി തിരിച്ചറിഞ്ഞു, നടന്നത് പൂജയല്ല വിവാഹമാണെന്ന്.
കശ്മീരിലെ അതിമനോഹരമായ ഒരു താഴ് വരയിലാണ് ബേബി ജനിക്കുന്നത്. നാലുവയസ്സില്‍ ബേബിയെ അവളുടെ അമ്മ ഉപേക്ഷിച്ചു. പിന്നീട് അച്ഛന്റെയും രണ്ടാനമ്മയുടെയും കാരുണ്യത്തിലായിരുന്നു ബേബിയുടെ ജീവിതം. ആറാം ക്ലാസ് എത്തിയതോടെ പഠനം അവസാനിപ്പിക്കാന്‍ ബേബിക്ക് നിര്‍ദേശം കിട്ടി. തുടര്‍ന്നായിരുന്നു തന്നേക്കാള്‍ 14 വയസ്സിന് മൂത്ത ഒരാളുമായുള്ള ബേബിയുടെ വിവാഹം.
കൂട്ടുകാര്‍ കളിക്കുകയും പഠിക്കുകയും ചെയ്യുന്ന പ്രായത്തില്‍ ബേബി അമ്മയായി. വിവാഹരാത്രി മുതല്‍ ആരംഭിച്ച പീഡനം വര്‍ഷങ്ങളോളം തുടര്‍ന്നു. ഒടുവില്‍ 25 വയസ്സില്‍ ഭര്‍ത്താവിനെ വിട്ടോടി പോകാന്‍ അവള്‍ തീരുമാനിച്ചു. മൂന്നുകുട്ടികളെയും കൂട്ടി ട്രെയിനില്‍ അവള്‍ ഡല്‍ഹിക്ക് യാത്ര തിരിച്ചു. ഒരു പുതിയ ജീവിതവും സ്വപ്‌നം കണ്ട്.
സിംഗിള്‍ പാരന്റ് ആയുള്ള ജീവിതം അത്ര എളുപ്പമായിരുന്നില്ല. വീട്ടുജോലിക്കാരിയായി പലവീടുകളില്‍ കയറിയിറങ്ങി. പലയിടത്തുവെച്ചും അപമാനിക്കപ്പെട്ടു. എഴുത്തുകാരനും ആന്ത്രപ്പോളജി പ്രൊഫസറുമായ പ്രബോധ് കുമാറിന്റെ വീട്ടില്‍ ജോലിക്കെത്തുന്നതോടെയാണ് ബേബിയുടെ ജീവിതം കീഴ്‌മേല്‍ മറിയുന്നത്. ഹിന്ദി സാഹിത്യകാരനായിരുന്ന മുന്‍ഷി പ്രേംചന്ദിന്റെ മകനായിരുന്നു പ്രബോധ്. അദ്ദേഹത്തിന്റെ വീട്ടിലും പതിവുപോലെ അടിച്ചും തുടച്ചും പാചകം ചെയ്തും ആരോടും ഒന്നുമുരിയാടാതെ ബേബി ജോലി തുടര്‍ന്നു.
പ്രൊഫസറുടെ പുസതക അലമാര തുടക്കാന്‍ തുടങ്ങുമ്പോള്‍ തന്റെ കൈവേഗം കുറയുന്നത് ബേബി തന്നെയാണ് കണ്ടുപിടിക്കുന്നത്. ആരുമില്ലാത്ത അവസരങ്ങളില്‍ അലമാരയില്‍ നിന്ന് അവള്‍ പുസ്തകങ്ങളെടുത്ത് വായിക്കാന്‍ തുടങ്ങി. ഒരിക്കല്‍ പ്രൊഫസര്‍ ഇതുകണ്ടുപിടിച്ചു. ഇഷ്ടപ്പെടുന്നത് ചെയ്യാന്‍ ഒരിക്കലും സമയം വൈകിയിട്ടില്ലെന്ന് പറഞ്ഞ് അദ്ദേഹം അവളെ വായിക്കാനായി പ്രോത്സാഹിപ്പിച്ചു.
ഒരിക്കല്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി ദക്ഷിണേന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് മുമ്പാണ് പ്രൊഫസര്‍ ഒരു പുസ്‌കവും പേനയും ബേബിക്ക് നല്‍കുന്നത്. തിരിച്ചുവരുമ്പോഴേക്കും ആ പുസ്തകത്തില്‍ നിറയെ എഴുതണമെന്ന് പ്രബോധ് ആവശ്യപ്പെട്ടു. 20 വര്‍ഷമായി ഒരക്ഷരം പോലും എഴുതിയിട്ട്..എന്തെഴുതും? ബേബി പകച്ചുപോയി. ചിതറിപ്പോയ ബാല്യത്തെ കുറിച്ചോ, ആദ്യരാത്രിയിലെ നടുക്കത്തെ കുറിച്ചോ, പതിമൂന്ന് വയസ്സില്‍ അനുഭവിച്ച പ്രസവവേദനയെ കുറിച്ചോ, അതോ വര്‍ഷങ്ങളോളം നീണ്ടുനിന്ന ഗാര്‍ഹിക പീഡനം ശരീരത്തിലേല്‍പ്പിച്ച മുറിപ്പാടുകളെ കുറിച്ചോ..
ഏതായാലും എഴുതാന്‍ തന്നെയായിരുന്നു അവളുടെ തീരുമാനം. അക്ഷരത്തെറ്റുകളും വ്യാകരണവും വാചകമെഴുതാനുള്ള ബുദ്ധിമുട്ടുകളും വേണ്ടുവോളമുണ്ടായിരുന്നെങ്കിലും പ്രൊഫസര്‍ തിരിച്ചെത്തുമ്പോഴേക്കും 100 പേജുകള്‍ അവള്‍ എഴുതി നിറച്ചിരുന്നു. നിറകണ്ണുകളോടെയാണ് ബേബിയുടെ കുറിപ്പുകളെ പ്രൊഫസര്‍ വായിച്ച് അവസാനിപ്പിച്ചത്. അദ്ദേഹം പല സഹൃദയരെയും ആ കുറിപ്പുകള്‍ കാണിച്ചു. ആന്‍ ഫ്രാങ്കിന്റെ ഡയറിക്കുറിപ്പുകളോടാണ് അവരില്‍ പലരും ബേബിയുടെ കുറിപ്പുകളെ താരതമ്യം ചെയ്തത്.
അതോടെ കുറിപ്പുകള്‍ പ്രസിദ്ധീകരിക്കുന്നതിനുള്ള ശ്രമം തുടങ്ങി. പക്ഷെ പബ്ലിഷിങ് ഹൗസുകള്‍ നിരസിച്ചു. ഒടുവില്‍ കൊല്ക്കത്തയിലെ റോഷനി പബ്ലിക്കേഷന്‍ പുസ്തകം പ്രസിദ്ധീകരിക്കാന്‍ സമ്മതിച്ചു. ആലോ ആന്ധരി എന്ന പേരില്‍ ബേബി എഴുതിയ തന്റെ ആത്മകഥ പിന്നീട് ഉര്‍വശി ബുട്ടാലിയ ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്തു.2006-ലെ ബെസ്റ്റ് സെല്ലറായിരുന്നു ബേബിയുടെ പുസ്തകം. ഇത് പിന്നീട് 21 പ്രാദേശിക ഭാഷകളിലേക്കും 13 വിദേശ ഭാഷകളിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. രണ്ടു പുസ്തകങ്ങള്‍ കൂടി ബേബി എഴുതി. ഇഷ്ടപ്പെട്ടത് ചെയ്യുന്നതിന് സമയവും കാലവുംതടസ്സമല്ലെന്ന് സ്വന്തം ജീവിതത്തിലൂടെ കാണിച്ചുതരികയാണ് ബേബി ഹാള്‍ഡര്‍.