പണക്കാരിയായ നായിക, ദരിദ്രനായ നായകന്‍ പ്രണയകാലങ്ങളില്‍ നായകനു പിന്തുണയുമായി നില്‍ക്കുന്ന നായിക. ഒടുവില്‍ നായകന്‍ പണക്കാരനാകുന്നു, ഇരുവരും വിവാഹം കഴിക്കുന്നു. സിനിമയില്‍ സ്ഥിരം
കണ്ടുവരുന്ന പ്രണയങ്ങള്‍ക്ക് ഏതാണ്ട് സമാനമായിരുന്നു നടന്‍ അനില്‍ കപൂറിന്റെയും പ്രണയം. ഭാര്യ സുനിതയുമായി പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും നാല്‍പത്തിയഞ്ചു വര്‍ഷത്തെ കൂട്ടുകെട്ടുമെല്ലാം അനില്‍ കപൂര്‍ ഇപ്പോള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ്.
ആകസ്മികമായി സുനിതയെ പരിചയപ്പെട്ടതും ജോലിയും കൂലിയുമില്ലാതെ നടന്ന തന്നെ സമ്പന്നയായ സുനിത പ്രണയിച്ചതുമൊക്കെ വിവരിക്കുകയാണ് അനില്‍ കപൂര്‍. തന്നെ മറ്റാരേക്കാളും മനസ്സിലാക്കിയതു സുനിതയാണെന്നു പറഞ്ഞ അനില്‍ ജോലിയില്ലാത്തതിന്റെ പേരില്‍ തന്നെ അവള്‍ ഒരിക്കലും കുറ്റപ്പെടുത്തിയിരുന്നില്ലെന്നും പറയുന്നു. സുനിതയുടെ പിന്തുണയും കരുതലുമൊക്കെ രസകരമായും പറയുന്നുണ്ട് അനില്‍. അനില്‍ കപൂറിന്റെ വാക്കുകളിലേക്ക്...
''എന്റെയൊരു സുഹൃത്താണ് എന്നെ വിളിച്ചു പറ്റിക്കണമെന്നു പറഞ്ഞ് സുനിതക്ക് എന്റെ നമ്പര്‍ നല്‍കുന്നത്. അന്നാണ് ആദ്യമായി ഞാന്‍ അവളോടു സംസാരിക്കുന്നതും ആ ശബ്ദത്തോടു ആകൃഷ്ടനാകുന്നതും. കുറച്ച് ആഴ്ച്ചകള്‍ക്കു ശേഷം ഒരു പാര്‍ട്ടിയില്‍ വച്ച് ഞങ്ങള്‍ കണ്ടു, പതിയെ സുഹൃത്തുക്കളായി. എനിക്കിഷ്ടമുണ്ടായിരുന്ന മറ്റൊരു പെണ്‍കുട്ടിയോട് ഇക്കാര്യം സംസാരിക്കുമായിരുന്നു. പെട്ടെന്ന് ആ പെണ്‍കുട്ടി എന്റെ ഹൃദയം തകര്‍ത്ത് അപ്രത്യക്ഷയായി. അങ്ങനെ സുനിതയുമായുള്ള എന്റെ സൗഹൃദം കൂടുതല്‍ ദൃഢമായി. ഞങ്ങള്‍ പ്രണയത്തിലായി. പക്ഷേ അതൊരിക്കലും സിനിമകളിലേതു പോലെയായിരുന്നില്ല. എന്റെ ഗേള്‍ഫ്രണ്ട് ആകൂ എന്ന് ഞാന്‍ അവളോട് ഒരിക്കലും പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങള്‍ക്കിരുവര്‍ക്കും അറിയാമായിരുന്നു. ഞാനെന്താണെന്നോ എന്റെ പ്രൊഫഷന്‍ എന്താണെന്നോ അവള്‍ക്കൊരു പ്രശ്‌നമായിരുന്നില്ല.
പുരോഗമനപരമായി ചിന്തിക്കുന്ന ഒരു കുടുംബത്തില്‍ നിന്നാണ് അവള്‍ വന്നത്. മോഡലിങ് കരിയറും മനസ്സില്‍ കൊണ്ടുനടക്കുന്ന അവള്‍ ഒരു ബാങ്കുദ്യോഗസ്ഥന്റെ മകളായിരുന്നു, ഞാനാകട്ടെ ഒന്നിനും കൊള്ളാത്തവനും. ബസില്‍ കാണാന്‍ വരാം എന്നു പറയുമ്പോള്‍ വേണ്ട ടാക്‌സി വിളിച്ചാല്‍ മതിയെന്നാണ് അവള്‍ പറഞ്ഞിരുന്നത്. ടാക്‌സിയില്‍ വരാന്‍ എന്റെ കയ്യില്‍ പണം ഇല്ലെന്നു പറയുമ്പോള്‍ വന്നോളൂ പണം താന്‍ കൊടുത്തോളാം എന്നാണ് അവള്‍ പറഞ്ഞിരുന്നത്.
പത്തുവര്‍ഷത്തോളം ഞങ്ങള്‍ പ്രണയിച്ചു, യാത്രകള്‍ ചെയ്തു, ഒന്നിച്ചു വളര്‍ന്നു. അടുക്കളയിലേക്കു പ്രവേശിക്കുകയോ പാചകം ചെയ്യുകയോ ഇല്ലെന്ന് തുടക്കം മുതല്‍ തന്നെ അവള്‍ പറഞ്ഞിരുന്നു. കുക് എന്നു പറഞ്ഞു ചെന്നാല്‍ കിക് കിട്ടുമായിരുന്നു. എന്നെ വിവാഹം കഴിക്കാമോ എന്നു ചോദിക്കുന്നതിനു മുമ്പ് എന്തെങ്കിലുമൊക്കെ ആയിത്തീരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു. ജോലിക്കായി അലയുമ്പോള്‍ അവളുടെ ഭാഗത്തു നിന്ന് ഒരു സമ്മര്‍ദ്ദവും നേരിടേണ്ടി വന്നിട്ടില്ല, ആ പിന്തുണ അത്രത്തോളമുണ്ടായിരുന്നു.
കരിയറിലെ ആദ്യത്തെ ബ്രേക് വന്നപ്പോള്‍ വിവാഹിതനാകുന്നതിനെക്കുറിച്ചു ചിന്തിച്ചു. ഉടന്‍ സുനിതയെ വിളിച്ച് നമുക്കു നാളെ വിവാഹിതരാകാം നാളെയല്ലെങ്കില്‍ പിന്നൊരിക്കലും നടക്കില്ലെന്നു പറഞ്ഞു. അടുത്ത ദിവസം വെറും പത്തുപേരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. മൂന്നുദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ഷൂട്ടിനു പോയി, അപ്പോള്‍ മാഡം ഞാനില്ലാതെ വിദേശത്ത് തനിച്ച് ഹണിമൂണിനു പോയിരിക്കുകയായിരുന്നു.
സത്യസന്ധമായി പറയട്ടെ ഞാന്‍ എന്നെ മനസ്സിലാക്കുന്നതിനേക്കാള്‍ നന്നായി അവള്‍ എന്നെ മനസ്സിലാക്കിയിട്ടുണ്ട്. വീടും ജീവിതവുമൊക്കെ ഞങ്ങള്‍ കെട്ടിപ്പടുത്തത് ഒന്നിച്ചാണ്. എല്ലാ ഉയര്‍ച്ച താഴ്ച്ചകളിലൂടെയും കടന്നുപോയ ഞങ്ങള്‍ക്കു മൂന്നുമക്കളും ഉണ്ടായി. പക്ഷേ ഇപ്പോള്‍ ഞങ്ങള്‍ അവസാനമായി പ്രണയത്തിലായതുപോലെയാണ് എനിക്കു തോന്നുന്നത്. ഞങ്ങളുടെ റൊമാന്റിക് ആയ നടത്തങ്ങളും ഡിന്നറുമൊക്കെ തുടങ്ങിയതേയുള്ളു.
കഴിഞ്ഞ നാല്‍പത്തിയഞ്ചു വര്‍ഷമായി ഞങ്ങള്‍ ഒന്നിച്ചാണ്, നാല്‍പത്തിയഞ്ചു വര്‍ഷത്തെ സൗഹൃദവും പ്രണയവും കൂട്ടുകെട്ടും...തികഞ്ഞ അമ്മയും ഭാര്യയുമാണ് അവള്‍. എല്ലാ ദിവസവും ഞാന്‍ ഉത്സാഹവാനായി എഴുന്നേല്‍ക്കുന്നതിനു പിന്നിലെ കാരണക്കാരി. അതിനു കാരണം എന്താണെന്നറിയാമോ? ഇന്നലെയല്ലേ ഞാന്‍ നിനക്കു കുറേ പണം തന്നതെന്നു ചോദിക്കുമ്പോള്‍ അതെല്ലാം തീര്‍ന്നുവെന്ന് അവള്‍ പറയും. ഉടന്‍തന്നെ ബെഡില്‍ നിന്നു ചാടി ഞാന്‍ ജോലിക്കായി ഓടും.''
Content highlights:anil kapoor about wife sunita