ഹൃദയത്തില്‍നിന്ന് തുടങ്ങി പാദങ്ങളിലൊടുങ്ങുന്ന കടലിനെ ഉള്ളിലൊളിപ്പിച്ചവരെ കണ്ടിട്ടുണ്ടോ. അവരുടെ കണ്ണുകളില്‍ സമുദ്രംപോലെ പതഞ്ഞുപൊങ്ങുന്ന ഊര്‍ജ്ജപ്രവാഹത്തെ അറിഞ്ഞിട്ടുണ്ടോ. അങ്ങിനെ ആരെയും അറിയില്ലായെങ്കില്‍ നിങ്ങള്‍ക്കു വരാം കോഴിക്കോട്ടേക്ക് .ഇവിടെ തിരയടങ്ങാത്ത കടല്‍ പോലെയൊരു പെണ്‍കുട്ടിയുണ്ട്. തീരാത്ത ആത്മവിശ്വാസംപേറുന്ന കടല്‍ കണ്ണുകളുള്ള ഒരുവള്‍. സാമൂതിരി കോവിലകത്തെ ഒരു ഇളമുറക്കാരി. അംബിക രാജ.
അംബികക്ക് പാരാപ്ലീജിയ ബാധിക്കുമ്പോള്‍ പത്തൊമ്പത് വയസ്സായിരുന്നു പ്രായം. കടുംനിറങ്ങള്‍ മാത്രം തെളിയുന്ന ബഹളങ്ങള്‍ നിലയ്ക്കാത്ത പ്രായത്തില്‍ കലാലയ വരാന്തയുടെ പടികെട്ടുകളില്‍നിന്ന് വീഴ്ച്ചയുടെ രൂപത്തിലെത്തിയ ദുരന്തം അംബികയെ ചക്രകസേരയിലിരുത്തി മറഞ്ഞു. വെല്ലൂര്‍ സി.എം.സി. ആശുപത്രിയിലെ ശസ്ത്രക്രിയയും ആശുപത്രിവാസവും, റീഹാബിലിറ്റെഷനുമൊക്കെയായി നീണ്ട രണ്ടുമാസങ്ങളില്‍ അവള്‍ സ്വയം പാകപ്പെട്ടു. തന്റെ കാലുകളുടെ ചലനശേഷി പൂര്‍ണ്ണമായും നഷ്ടപെട്ടതറിഞ്ഞ ആ പത്തൊമ്പതുവയസ്സുകാരി വിധിക്കുനേരെ ഒരു പുഞ്ചിരിയെറിഞ്ഞുകൊടുത്ത് പൊരുതാനുറച്ചു. തോല്‍ക്കാനവളെ വിടില്ലെന്ന ഉറപ്പുമായി സുഹൃത്തുക്കളും ബന്ധുക്കളും ഒപ്പം ചേര്‍ന്നു. അച്ഛന്‍ കൃഷ്ണപ്രസാദ് രാജയും, അമ്മ മല്ലികയും അവളുടെ സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറങ്ങള്‍ പകര്‍ന്നു.
കൃത്യമായ സാമൂഹിക വീക്ഷണമുള്ള മാധ്യമപ്രവര്‍ത്തകയാകുക എന്ന തന്റെ സ്വപ്നത്തിന്റെ ചിറകുകള്‍ അംബിക പൊടിതട്ടിയെടുത്തു. രാജ്യത്തെ പ്രധാന ജേര്‍ണലിസം പഠനസ്ഥാപനമായ ഏഷ്യന്‍ കോളേജില്‍ നിന്നും പി ജി ഡിപ്ലോമ പൂര്‍ത്തിയാക്കിയ ആ പെണ്‍കുട്ടിക്ക് മുന്നില്‍ രാജ്യത്തെ വമ്പന്‍ മാധ്യമ സ്ഥാപനങ്ങളുടെ വാതില്‍ തുറന്നു. വെല്ലുവിളികളും പ്രതിസന്ധികളും നിറഞ്ഞ സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് ലഭിക്കുന്ന അംഗീകാരമായ നെറ്റ്വര്‍ക്ക് ഓഫ് വിമണ്‍ ഇന്‍ മീഡിയ ഇന്ത്യയുടെ 2018 ലെ ഫെല്ലോഷിപ്പ് ലഭിക്കുന്ന കേരളത്തില്‍ നിന്നുള്ള ആദ്യ മലയാളി മാധ്യമപ്രവര്‍ത്തക കൂടിയാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്സ്സിലെ റിപ്പോര്‍ട്ടറായ അംബിക. 2017 ല്‍ ആരംഭിച്ച ഈ ഫെല്ലോഷിപ്പ് ആദ്യം ലഭിച്ചത് ഒഡീഷ സ്വദേശിനിയായ ജയന്തി ബുറൂഡയ്ക്കാണ്.
മുക്തിയുടെ പ്രതീക്ഷകളെ തീര്‍ത്തും അവഗണിക്കുന്ന ഈ രോഗാവസ്ഥക്ക് ലോകത്തെവിടെയും ഇതുവരെയും ചികിത്സ കണ്ടെത്തിയിട്ടില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു. വൈകല്യങ്ങളെ ഓടി തോല്‍പ്പിക്കാന്‍ കരുത്തുള്ള തെളിഞ്ഞ കുസൃതി ചിരി. 'ഇതിനെ ഒരു കുറവായി ഞാന്‍ കണ്ടിട്ടില്ല കാരണം ഇറ്റ് ഈസ് ജസ്ററ് എ മാറ്റര്‍ ഓഫ് പെര്‍സെപ്ഷന്‍'. വാക്കുകളില്‍ പതറാത്ത ശുഭാപ്തി വിശ്വാസം. നമ്മുടെ നാട്ടില്‍ ഡിസേബിള്‍ഡ് ഫ്രണ്ട്ലി സൗകര്യങ്ങള്‍ കുറവാണെങ്കിലും ഈ പെണ്‍കുട്ടിക്ക് പറയാനുള്ളതത്രയും തന്റെ ബുദ്ധിമുട്ടുകളോട് മാന്യമായിടപെടുന്ന തന്നെ പ്രോത്സാഹിപ്പിക്കുന്ന സമൂഹത്തിന്റെ മനസ്സിനെ കുറിച്ചാണ്. ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ തന്നെ കൊണ്ടെത്തിക്കുന്ന ഷീ ടാക്സിയിലെയും ഓട്ടോയിലെയും സ്നേഹം നിറഞ്ഞ മനുഷ്യരെക്കുറിച്ചാണ്. ദൈവത്തിന്റെ നാട്ടില്‍ തന്നെ പോലെ ശാരീരിക പരിമിതികളനുഭവിക്കുന്നവരെ തന്നാലാകുംവിധം സഹായിക്കണമെന്ന അടിയുറച്ച ആഗ്രഹമുള്ള ഈ പെണ്‍കുട്ടിയെ നയിക്കുന്നത് സ്നേഹവും കരുതലും ചൊരിയുന്ന ഇത്തരം തണല്‍മരങ്ങളാണ്.
എന്തുകൊണ്ടാണ് എന്നെപോലുള്ളവര്‍ സ്വയം പുറത്തുവരാത്തത്. എന്നാണ് എന്നെപ്പോലുള്ളവരെ സാധാരണക്കാരായി സമൂഹം കാണുക. അലമാലകള്‍ നുരഞ്ഞു ചിതറുന്ന തിരക്കൂട്ടങ്ങളിലേക്ക് നോക്കി അംബിക സംശയപ്പെട്ടു. പരിമിതികളെപോലും സാധ്യതകളായികാണുന്ന, നഷ്ടങ്ങളോട് പോലും പുഞ്ചിരിക്കാന്‍ പറ്റുന്ന തരത്തില്‍ ജീവിതത്തെ വിശാലമാക്കിയ ഈ പെണ്‍കുട്ടി തന്നെ ഉത്തരമായി നമ്മുടെ മുന്നിലുണ്ടെന്ന ബോധ്യപ്പെടല്‍ അപ്പോള്‍ അനിവാര്യമായി വരും.
ഇനിയും പഠിക്കണം, സാഹിത്യത്തില്‍ പി ജി ചെയ്യണം, ഒരുപാടൊരുപാട് യാത്രകള്‍ക്കായ് ജീവിതം മാറ്റിവെക്കണം അംബിക കടലിനഭിമുഖമായി തന്റെ ചക്രകസേര തിരിച്ചു വച്ച് സ്വപ്നങ്ങള്‍ അക്കമിട്ടു. 'ഒരു പക്ഷെ ദൈവമെനിക്ക് രണ്ടു കാലുകള്‍ക്ക് പകരം നാലുചക്രങ്ങള്‍ തന്നത് എന്റെ യാത്രയുടെ വേഗം കൂട്ടാനായിരിക്കും' ഒരു മൃദുമന്ദഹാസം തൂകി അവള്‍ പറഞ്ഞു. തിരിഞ്ഞു നടക്കുമ്പോള്‍ ഞാനുമത് ശരിവെച്ചു. ആത്മാവില്‍ നിന്ന് ചിരിയുതിരുന്ന ഈ പെണ്‍കുട്ടി ദൈവത്തിനത്രമേല്‍ പ്രിയപെട്ടവളായിരിക്കാം. അവളുടെ യാത്രകള്‍ക്ക് ചാരെ മറ്റൊരു ചക്രവുമായി ദൈവവും ചലിക്കുന്നുണ്ട്. നീണ്ട സായാഹ്നം അവസാനിക്കുകയായിരുന്നു. അന്തിചുവപ്പ് ഏതോ അദൃശ്യ ശക്തിയുടെ നേര്‍ത്ത ചിരിപോലെ കോഴിക്കോടിന്റെ ആ കടലില്‍ അലിഞ്ഞുപടര്‍ന്നു.