കുഞ്ഞിക്കുറുമ്പും കുശുമ്പും പരിഭവവും പിണക്കവും ഇണക്കവുമൊക്കെയായി ഉര്‍വശി എല്ലാക്കാലത്തും മലയാളികള്‍ക്ക് പ്രിയങ്കരിയാണ്. താരം വളരെ പ്രധാനപ്പെട്ട വേഷത്തില്‍ എത്തുന്ന'എന്റെ ഉമ്മന്റെ പേര്' എന്ന ചിത്രം പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു. ഇതിനിടയില്‍ ഗൃഹലക്ഷ്മിക്കു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ ഉര്‍വശി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു.
താന്‍ കുറച്ച് ഇമോഷണലാണെന്ന് ഉര്‍വശി പറയുന്നു. ഒരു കലാകാരിക്ക് എത്രത്തോളം ഇമോഷണലാവാതിരിക്കാന്‍ പറ്റും. ഞാന്‍ ഒരു നാടകക്കാരന്റെ മകളാണ്. ഇന്ന് എനിക്ക് നാടകമുണ്ട്, എന്റെ കൂട്ടുകാര്‍ക്കില്ലെങ്കില്‍ അവരെ വീട്ടില്‍ വിളിച്ചു വരുത്തി എല്ലാവരും കൂടി ഉണ്ണും. നാളെ വേറെ സ്ഥലത്തായിരിക്കും. ആ ശീലത്തില്‍ നിന്ന് മാറാന്‍ എനിക്ക് പറ്റിയിട്ടില്ല. ഞാന്‍ വളരെ സാധാരണക്കാരിയായിട്ടാണ് ജീവിക്കുന്നത്. ഉണ്ടാക്കാന്‍ വലിയ പ്രായസമുള്ള കാര്യമല്ല ഇന്ന് പണം. കിട്ടാന്‍ പ്രായാസം ബന്ധങ്ങളാണ്. നിലനില്‍ക്കുന്ന സുഹൃത്തുക്കളാണ് വേണ്ടത്.
ഹൃദയപൂര്‍വ്വം സംസാരിക്കാനും പ്രവൃത്തിക്കാനുമാണ് എനിക്ക് ഇഷ്ടം. അതുകൊണ്ട് എന്തെങ്കിലും നഷ്ടമുണ്ടായാല്‍ പോട്ടെ എന്നുവെയ്ക്കും. സാഹചര്യങ്ങള്‍ക്കനുസരിച്ച് മനുഷ്യന്‍ മാറുമായിരിക്കും. ഞാന്‍ മാറിയില്ല എന്നത് വിലപ്പെട്ട ഒരു കാര്യമായി ഞാന്‍ കാണുന്നു. ഓരോ വസ്തുവിനും അതിന്റേതായ സ്വഭാവം ഉണ്ടാകും.പാവയ്ക്ക പെട്ടെന്ന് കാരറ്റിനെ പോലെ മധുരിച്ചിറങ്ങിയാല്‍ അതിനു വല്ല വിലയുമുണ്ടോ?
മാറാതിരുന്നാല്‍ മുറിവുകള്‍ പറ്റില്ലേയെന്ന ചോദ്യത്തിന് അത് പറ്റിക്കൊണ്ടെയിരിക്കും എന്നായിരുന്നു ഉര്‍വശിയുടെ മറുപടി. 'പറ്റും, ഒരുപാട് പ്രയാസങ്ങളുണ്ടാവും അതില്‍ നിന്ന് അതിജീവിച്ച ശേഷം ഇനി അങ്ങനെ ആവരുതെന്ന് വിചാരിച്ചാലും പറ്റില്ല. ഉര്‍വശി പറയുന്നു.
ജനുവരി ലക്കം ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: actress urvashi talk about life