നൃത്തത്തിനു മുന്നില്‍ പ്രായം തോല്‍ക്കില്ലെന്ന് ബോധ്യപ്പെടുത്തുകയാണ് കലാമണ്ഡലം ദേവകി അന്തര്‍ജനം. കുട്ടിക്കാലം മുതല്‍ നൃത്തം പഠിക്കുന്ന അറുപത്തിമൂന്നുകാരിക്ക് ഇന്നും നൃത്തമില്ലാതൊരു ജീവിതമില്ല. ദിവസവുമുള്ള ചിട്ടയായ പരിശീലനം മുടക്കാറുമില്ല. അതിനാല്‍ ഇന്നും വേദിയില്‍ നൃത്തം അനായാസം അവതരിപ്പിക്കാന്‍ കഴിയുന്നു.
1973ല്‍ കേരള കലാമണ്ഡലത്തില്‍നിന്നും ദേവകി ഭരതനാട്യം, മോഹിനിയാട്ടം എന്നിവയില്‍ ഒന്നാം റാങ്കോടെ വിജയിച്ചു. പതിനെട്ടാമത്തെ വയസ്സിലാണ് ദേവകി കോട്ടയം കഞ്ഞിക്കുഴി മൗണ്ട് കാര്‍മ്മല്‍ സ്‌കൂളില്‍ നൃത്ത അധ്യാപികയായി ചേര്‍ന്നത്.
അഞ്ചുവര്‍ഷത്തിനു ശേഷം ദേവകിയെ കോട്ടയം അയ്മനം ഇടമനയില്ലം ഇ.എന്‍. വേണുകുമാര്‍ വിവാഹം കഴിച്ചു. അന്നുമുതല്‍ അയ്മനം ഗ്രാമത്തിന്റെ നൃത്ത സാന്നിധ്യമാണ് ദേവകി. സംഗീത നാടക അക്കാദമിയുടെ റജിസ്‌ട്രേഷനോടു കൂടി അയ്മനം സരസ്വതി നൃത്ത്യകലാസംഘത്തിന് തുടക്കമിട്ടു.
ചെറിയ കുട്ടികള്‍ മാത്രമല്ല നൃത്തം മോഹമായി മനസില്‍ കൊണ്ടു നടന്ന വീട്ടമ്മമാര്‍ പോലും ദേവകിടീച്ചറെ തേടിയെത്തി. ഇന്നും അദ്ധ്യാപനം ടീച്ചറില്‍ നൃത്തത്തിന്റെ യുവത്വം നേടിക്കൊടുക്കുന്നു.
അയ്മനം നരസിംഹസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് കലാമണ്ഡലം ദേവകി അന്തര്‍ജനത്തിന്റെ നൃത്താവിഷ്‌കാരമുണ്ട്. മൂന്നാം ഉത്സവ ദിനമായ വ്യാഴാഴ്ച വൈകീട്ട് 6ന് രാസക്രീഡ, കാളിയമര്‍ദ്ദനം എന്നിവയുടെ നൃത്താവിഷ്‌കാരം അരങ്ങേറും.
ഭരതനാട്യത്തില്‍ സ്വയം ചിട്ടപ്പെടുത്തി സ്വന്തം ശൈലിയില്‍ സംവിധാനം ചെയ്താണ് രാസക്രീഡ, കാളിയമര്‍ദ്ദനം എന്നിവ അവതരിപ്പിക്കുന്നത്.
ആലപ്പുഴ മങ്കൊമ്പ് ഇല്ലത്തെ പരേതരായ പെരിങ്ങശ്ശേരി ഇല്ലം കേശവന്‍ നമ്പൂതിരിയുടെയും ഗൗരിക്കുട്ടി അന്തര്‍ജനത്തിന്റെയും മകളാണ് ദേവകി. രേവതീകൃഷ്ണ ഏകമകളാണ്.