വീല്‍ചെയറില്‍ തനിച്ച് സഞ്ചരിച്ചത് ആറ് ഭൂഗണ്ഡങ്ങളിലായി 23 രാജ്യങ്ങള്‍. ലുധിയാന സ്വദേശിനിയായ പര്‍വീന്ദര്‍ ചൗലയ്ക്ക് 15 വയസ് ഉള്ളപ്പോഴാണ് റുമാറ്റോയിഡ് ആര്‍ത്രൈറ്റിസ് പിടിപെടുന്നത്. നാലുപേരില്‍ ഇളയവളായ പര്‍വീന്ദര്‍ സഹോദരങ്ങളുടെയും മാതാപിതാക്കളുടെയും സ്‌നേഹം ആവോളം നുകര്‍ന്നായിരുന്നു വളര്‍ന്നത്. പിതാവിന് വാഷിയിലും ബാന്ദ്രയിലും ഹോട്ടല്‍ വ്യവസായമായിരുന്നു.
തുടക്കത്തില്‍ മാതാവ് ഭക്ഷണം വായില്‍ വച്ചു നല്‍കാനായി വാ തുറക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുകയും പര്‍വീന്ദര്‍ കരയുകയും ചെയ്തിരുന്നു. ഇതോടെ അമ്മ മകളെ കൂട്ടി ഒരു ഹോമിയോ ഡോക്‌റുടെ അടുത്ത് എത്തി. മരുന്നു കഴിച്ചില്ലെങ്കില്‍ പ്രായം കൂടുമ്പോള്‍ രോഗം മൂര്‍ച്ഛിക്കാനുള്ള സാധ്യതയുണ്ടെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചു.
കോളേജില്‍ പോകുന്ന സമയമായപ്പോഴേക്കും രോഗത്തിന്റെ തീവ്രത കൂടിത്തുടങ്ങിരുന്നു. ഒരു ദിവസം സുഹൃത്തുക്കള്‍ എല്ലാവരും പര്‍വീന്ദറിന്റെ വീട്ടില്‍ ഒത്തുകൂടി. അവിടെ വച്ച് സുഹൃത്തുക്കള്‍ ഒന്നിച്ച് നൃത്തം ചെയ്യുമ്പോള്‍ അനങ്ങാന്‍ കഴിയാതെ പര്‍വീന്ദര്‍ റൂമിന്റെ ഒരു വശത്തായി ഇരുന്നു. അന്നാണ് അവര്‍ തന്നെ ബാധിച്ച രോഗത്തിന്റെ തീവ്രത തിരിച്ചറിഞ്ഞത്. തുടര്‍ന്ന് രണ്ട് വര്‍ഷത്തേയ്ക്ക് കിടക്കയില്‍ തന്നെയായിരുന്നു ജീവിതം. തുടക്കത്തില്‍ തളര്‍ന്നുപോയെങ്കിലും തന്റെ അവസ്ഥ പതിയെ ഉള്‍ക്കൊണ്ടു തുടങ്ങി. ഇതോടെ ജീവിതത്തില്‍ ഒരു പുതിയ ദിശ കണ്ടെത്തുകയായിരുന്നു. വീല്‍ചെയര്‍ തന്റെ സ്വാതന്ത്ര്യത്തിന് ഒരു തടസമായി അവള്‍ കണ്ടതേയില്ല. ഇതോടെയാണ് പര്‍വീന്ദര്‍ യാത്രകളെ സ്‌നേഹിച്ചു തുടങ്ങിയത്.
സുഹൃത്തുക്കളുടെ കൂടെ ജമ്മുകശ്മീരിലെ മലയോര മേഖലയിലേയ്ക്ക് യാത്ര ചെയ്തത് അവരുടെ ജീവിതം തന്നെ മാറ്റി. വീല്‍ചെയറിലിരുന്ന് കേബിള്‍ കാറിലൂടെ അവര്‍ മഞ്ഞുമലയുടെ എറ്റവും ഉയരത്തില്‍ എത്തി. തിരിച്ചു വീട്ടില്‍ എത്തിയപ്പോള്‍ മുതല്‍ അവളുടെ ചിന്ത യാത്രകളെക്കുറിച്ച് മാത്രമായിരുന്നു. അതിനുള്ള പദ്ധതികള്‍ തയാറാക്കാന്‍ തുടങ്ങി. പല ട്രാവല്‍ കമ്പനികളെയും സമീപിച്ചു എങ്കിലും ആരും സഹായിക്കാന്‍ തയാറായില്ല. എന്നാല്‍ സുഹൃത്തുക്കള്‍ക്കൊപ്പം മലേഷ്യയ്ക്ക് യാത്ര ചെയ്തതിനു ശേഷം തനിച്ചു യാത്ര ചെയ്യാമെന്ന തീരുമാനത്തില്‍ ഇവര്‍ എത്തി. രണ്ടു ദിവസത്തെ സോളോ ട്രിപ്പ് പോകാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. അവശ്യസാധനങ്ങള്‍ മാത്രമെടുത്ത് അവള്‍ യാത്രയ്ക്ക് തയാറായി. ചെറിയ വാടകയുള്ള റൂമുകള്‍ താമസിക്കാനായി തിരഞ്ഞെടുത്തു. ഇത് തനിച്ചു യാത്ര ചെയ്യാന്‍ കഴിയും എന്നുള്ള ആത്മവിശ്വാസം പര്‍വീന്ദറില്‍ വളര്‍ത്തി.
എല്ലാ രാജ്യങ്ങളുടെയും സ്റ്റാമ്പ് പാസ്‌പോര്‍ട്ടില്‍ പതിക്കണം എന്ന് അവള്‍ ആഗ്രഹിച്ചു. സന്ദര്‍ശിക്കുന്ന സ്ഥലങ്ങളെക്കാള്‍ കൂടുതല്‍ അവിടെയുള്ള ആളുകളുമായി ഇടപെടാനും അവരുമായി കൂടുതല്‍ ബന്ധം സ്ഥാപിക്കാന്‍ അവള്‍ ശ്രമിച്ചു. എന്നാല്‍ ചൈനയിലേയ്ക്കുള്ള യാത്ര ഏറെ വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. വീല്‍ചെയര്‍ യാത്രികര്‍ക്ക് അ്രത സുഖമായി യാത്ര ചെയ്യാന്‍ പറ്റുന്ന സ്ഥലമല്ല ചൈന എന്ന് അവര്‍ പറയുന്നു. ടൂര്‍ പാക്കേജുകള്‍ എടുക്കാതെയാണ് ഇവര്‍ ചൈനയ്ക്ക് പോയത്. ബുക്ക് ചെയ്ത ഹോട്ടലിന്റെ ലൊക്കേഷനില്‍ എത്തിയപ്പോള്‍ അവിടെ ഹോട്ടല്‍ തകര്‍ക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഒരു പ്രദേശവാസി പര്‍വീന്ദറിന്റെ രക്ഷയ്ക്ക് എത്തി. അവരുടെ സഹായത്തോടെ അവള്‍ അവിടുത്തെ ഒരു ഹോസ്റ്റലിലേയ്ക്ക് താമസം മാറി. കാലാവസ്ഥ മാറിയതോടെ പര്‍വീന്ദറിന് പനി മൂര്‍ഛിച്ചു. സമയം കഴിയുന്തോറും പനി കൂടി വന്നു.
ഇതോടെ വീട്ടിലേയ്ക്ക് തിരിച്ചു പോകാന്‍ അവള്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ മടക്കയാത്രക്കിടയില്‍ ബാലന്‍സ് നഷ്ടപ്പെട്ട് വീഴുകയും പരിക്കു പറ്റുകയും ചെയ്തു. ആ അനുഭവം തന്റെ യാത്രകള്‍ അവസാനിപ്പിക്കേണ്ടതായിരുന്നു എന്നും എന്നാല്‍ പിന്തിരിയാന്‍ തയാറാകാതെ മുന്നോട്ട് തന്നെ പോയി എന്നും പര്‍വീന്ദര്‍ പറഞ്ഞു. എല്ലാ യാത്രകളും വെല്ലുവിളികളാണ് എന്നാല്‍ എല്ലായിപ്പോഴും മാലാഖയേ പോലെ ഒരാള്‍ തന്നെ രക്ഷിക്കാന്‍ വരും. നമ്മളെ വിട്ടു കൊടുത്തു കൊണ്ട് ഈശ്വരനില്‍ വിശ്വസിക്കുക. ഉറപ്പായും ആ ശക്തി നിങ്ങളെ രക്ഷിക്കും തനിക്കുണ്ടായ അനുഭവത്തില്‍ നിന്ന് അവള്‍ പറയുന്നു. മരിക്കുമെന്ന് ഉറപ്പുള്ള ജീവിതം വെറുതെ ജീവിക്കാതെ പൂര്‍ണതയോടെ ജീവിക്കുക പര്‍വീന്ദര്‍ പറഞ്ഞു. വീല്‍ ചെയറില്‍ ആയവര്‍ക്ക് തനിച്ച് യാത്ര ചെയ്യുന്നവര്‍ക്ക് പര്‍വീന്ദര്‍ ഉപദേശം നല്‍കുന്നുണ്ട്.
നിങ്ങള്‍ വീല്‍ചെയറില്‍ ജീവിക്കുന്ന ആളാണെങ്കില്‍ തനിച്ചു യാത്ര ചെയ്യാന്‍ ആത്മവിശ്വസം ഇല്ലെങ്കില്‍ തുടക്കത്തില്‍ സുഹൃത്തുക്കളുടെ കൂടെ യാത്ര ചെയ്യുക. ആദ്യയാത്രകള്‍ക്കായി വീല്‍ചെയര്‍ യാത്രകരോട് വളരെ സൗഹാര്‍ദപരമായി ഇടപെടുന്ന ദുബായിയോ ഓസ്‌ട്രേലിയയോ തിരഞ്ഞെടുക്കുക. യാത്ര ചെയ്യാന്‍ കഴിയും എന്ന ആത്മവിശ്വാസം വന്നു കഴിഞ്ഞാല്‍ തനിച്ചു യാത്ര ചെയ്യുക. വിദേശയാത്രയില്‍ ഭാഷ ഒരു പ്രശ്‌നമാണെങ്കിലും നിയന്ത്രണമില്ലാതെ ലഭിക്കുന്ന ഇന്റര്‍നെറ്റ് സൗകര്യത്തിലൂടെ ട്രാന്‍സലേഷന്‍ ആപ്പുകള്‍ ഉപയോഗപ്പെടുത്തി ഈ പ്രശ്‌നം അതിജീവിക്കാന്‍ സാധിക്കും. യാത്ര വേളയില്‍ എപ്പോഴും എമര്‍ജന്‍സി നമ്പറുകള്‍ കൈയില്‍ കരുതണം. പ്രത്യേകിച്ച് നിങ്ങള്‍ ആയിരിക്കുന്ന പ്രദേശത്തെ വില്‍ചെയര്‍ റിപ്പയര്‍ ചെയ്യുന്നവരുടേത്. എല്ലാ സമയത്തും പവര്‍ ബാങ്ക് സൂക്ഷിക്കുക. പണത്തേക്കാള്‍ പ്രധാനമായി കാര്‍ഡ് കരുതണം എന്നും പര്‍വീന്ദര്‍ പറയുന്നു. അംഗപരിമിതരെ സഹായിക്കാനായി ഒരു ബ്ലോഗ് തുടങ്ങാനുള്ള ശ്രമത്തിലാണ് താന്‍ ഇപ്പോള്‍ എന്ന് ബെറ്റര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പര്‍വീന്ദര്‍ പറയുന്നു.
Content Highlights: 23 Countries, 6 Continents: Amazing Woman Travels The World Alone In Her Wheelchair!