ഒരിക്കലും മടുക്കാത്തത് അത്രയേറെ ഭംഗിയും..പട്ടുസാരികള്‍ക്ക് മാത്രമുള്ള പ്രത്യേകതയാണ്. ആയിരങ്ങളും ചിലപ്പോള്‍ ലക്ഷങ്ങളും വിലകൊടുത്ത് വാങ്ങുന്നവ. എന്നാല്‍ സൂക്ഷിച്ച് ഉപയോഗിച്ചില്ലെങ്കില്‍ കൊതി തീരുമുമ്പേ ഉപേക്ഷിക്കേണ്ടി വരും.
തികച്ചും പ്രകൃതിദത്തമായ നാരുകളായതിനാല്‍ പട്ട് ഉപയോഗിക്കുമ്പോഴും സൂക്ഷിക്കുമ്പോഴും അല്പം കൂടുതല്‍ ശ്രദ്ധ വേണം.
സില്‍ക്ക് സാരികള്‍ ഡ്രൈ വാഷ് ചെയ്യുന്നതാണ് നല്ലത്. ക്രേപ് സില്‍ക്ക്, ഹാന്‍ഡ് ബ്രൊക്കേഡുകള്‍ എന്നിവ ഡ്രൈക്ലീന്‍ ചെയ്യാം.
പട്ടുസാരി കഴുകുന്നെങ്കില്‍ ആദ്യത്തെ മൂന്നുതവണ സോപ്പ് ഉപയോഗിക്കരുത്. നല്ല തണുത്ത വെള്ളത്തില്‍ കഴുകാം. മറ്റുളള തുണികള്‍ക്കൊപ്പം കഴുകാതിരിക്കുക.
സാരി മുഴുവനായും വെള്ളത്തില്‍ മുക്കി കഴുകിയെടുക്കരുത്. ബോഡിയും പല്ലുവും ബോര്‍ഡറും പ്രത്യേകം കഴുകിയെടുക്കാം. കഴുകുന്ന സമയത്ത് വെള്ളത്തില്‍ ഒരു തുള്ളി കണ്ടീഷണര്‍ ചേര്‍ക്കാം. തുണിയുടെ മൃദുത്വം നിലനിര്‍ത്താന്‍ ഇത് നല്ലതാണ്. ശേഷം തണലില്‍ ഉണക്കിയെടുക്കാം.
സോപ്പിന് പകരം ഏതെങ്കിലും പ്രോട്ടീന്‍ ഷാംപൂ ഉപയോഗിക്കാം. മൈല്‍ഡ് ആയ ഷാംപൂവിനൊപ്പം ഏതാനും തുള്ളി നാരങ്ങാ നീര് കൂടി ചേര്‍ത്തോളൂ. വീര്യം കുറഞ്ഞ ഷാംപൂവും ഡിറ്റര്‍ജന്റും നോക്കി തിരഞ്ഞെടുക്കണം. സാധാരണ ഡിറ്റര്‍ജന്റുകളില്‍ അടങ്ങിയിട്ടുള്ള ക്ലോറിന്‍ ബ്ലീച്ച് പട്ടിനെ കേടുവരുത്തും.
കറകള്‍ പറ്റിയാല്‍ ആ ഭാഗം മാത്രം പെട്രോളും നനുത്ത ബ്രഷും ഉപയോഗിച്ച് വൃത്തിയാക്കാം.
സാരി അധികനേരം വെള്ളത്തില്‍ കുതിര്‍ത്ത് വെക്കരുത്. പൊതുവേ മൃദുവായ മറ്റീരിയലുകള്‍ക്ക് ഹാന്‍ഡ് വാഷ് തന്നെയാണ് നല്ലത്. ചൂടുവെളളവും ബ്രഷും വേണ്ടേ വേണ്ട. ബ്രഷിന്റെ ഉപയോഗം സാരിയുടെ ജരിക പെട്ടെന്ന് കേടുവരുന്നതിന് കാരണമാകും
Content Highlights: Indian Traditional Wear, Silk Saree, Saree care