Photo: twitter.com|Dir_Education
കോവിഡ് വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുകയാണ്. സമൂഹത്തിലെ എല്ലാ വിഭാഗത്തിലുള്ളവരും ഒത്തൊരുമയോടെയാണ് ഈ പോരാട്ടത്തിന് മുൻനിരയിൽ നിൽക്കുന്നത്. ഇതിനിടയിൽ ധാരാളം നന്മയുടെ വാർത്തകളും നമ്മൾ കേൾക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഡൽഹിയിൽ നിന്നുള്ള കൊച്ചുമിടുക്കി അനുഷ്കയുടേത്. പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അനുഷ്ക തന്റെ സമ്പാദ്യം മുഴുവനും കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി നൽകിയാണ് മാതൃകയായത്.
വസുന്ധര എൻക്ലേവിലെ ഗവൺമെന്റ് ഗേൾസ് സീനിയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ കൊമേഴ്സ് വിദ്യാർത്ഥിയാണ് അനുഷ്ക്ക. ഡൽഹി വിദ്യാഭ്യാസ ഡയറക്ടറേറ്റാണ് വിദ്യാർത്ഥിനിയുടെ നന്മ നിറഞ്ഞ പ്രവൃത്തിയെക്കുറിച്ച് ട്വീറ്റ് ചെയ്തത്. ; ചിലരുടെ ചെറിയ നന്മ പോലും ലോകത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കും എന്ന ക്യാപ്ഷനോടെയാണ് ട്വീറ്റ്. അനുഷ്കയുടെ ഈ പ്രവൃത്തി ഒരുപാട് ആളുകൾക്ക് പ്രചോദനമാകുമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് കുറിക്കുന്നു. നിരവധിപ്പേർ അനുഷ്കയെ അഭിന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
കോവിഡ് വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളും അവരാൽ കഴിയുന്ന തരത്തിലുള്ള സഹായങ്ങൾ ചെയ്യുന്നത് വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ തമിഴ്നാട്ടിൽ രണ്ടാം ക്ലാസുകാരൻ സൈക്കിൾ വാങ്ങാനായി സ്വരൂപിച്ച പണം കോവിഡ് പ്രതിരോധത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത് വാർത്തയിൽ നിറഞ്ഞിരുന്നു. കേരളത്തിലും നിരവധി കുട്ടികൾ തങ്ങളുടെ സമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമ്മാനിച്ചിട്ടുണ്ട്.
Content Highlights:Delhi School Student Donates Life Savings for Covid Relief