ഋഷി കപൂറിനെയും രാജ് കപൂറിനെയും മിഹ്‌റിന്‍ ഇഷ്ടപ്പെട്ടിരുന്നു,ബോബിയിലെ പാട്ടുപാടി അവള്‍ നൃത്തംചെയ്തു


കെ.എ ബീന

4 min read
Read later
Print
Share

മിഹ്റിന്‍ മാത്രമല്ല, റഷ്യന്‍ കൂട്ടുകാരൊക്കെ തന്നെ ബോബി സിനിമയുടെയും, ഋഷികപൂറിന്റെയും ആരാധകരായിരുന്നു

ഋഷി കപൂർ, രാജ് കപൂർ

തിരുവനന്തപുരം,
ഏപ്രില്‍ 15

പ്രിയമുള്ള മിഹ്റിന്‍,

ഒരുപാട് സമാധാനത്തോടെയാണ് നിനക്കെഴുതുന്നത്. ആറു മാസമായി രാപകല്‍ എന്നെ അലട്ടിയിരുന്ന പുസ്തകമെഴുത്ത് പൂര്‍ത്തിയായി. എന്നു മാത്രമല്ല പ്രസിദ്ധീകരിക്കാന്‍ പറ്റുമോ എന്ന് ചോദിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയക്കുകയും ചെയ്തു. വിശദമായി പറയാം. ഏപ്രില്‍ ആദ്യ ആഴ്ച തന്നെ റഷ്യന്‍ യാത്രാ അനുഭവങ്ങള്‍ എഴുതി തീര്‍ത്തു. അച്ഛന്റെ കൂട്ടുകാരന്‍ സുകുമാരന്‍ സാറിന് വായിക്കാന്‍ കൊടുത്തു. സാര്‍ വളരെ നല്ല അഭിപ്രായം പറഞ്ഞു. അമ്മ വായിച്ചിട്ട് ഒരുപാട് ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞു. അവര്‍ രണ്ടുപേരും പറഞ്ഞത് ഇത് ബാലയുഗം, ബാലഭൂമി മാസികകള്‍ക്ക് കൊടുക്കാന്‍ പറ്റില്ലെന്നാണ്. ഒന്നാമത് മാറ്റര്‍ ഒരുപാടുണ്ട്. രണ്ട്, കുട്ടികളുടെ മാസികകള്‍ക്ക് ചേര്‍ന്ന എഴുത്തല്ല ഞാന്‍ എഴുതിയിരിക്കുന്നതെന്ന്. സത്യം മിഹ്റിന്‍, എനിക്ക് കരച്ചില്‍ വന്നു. ഞാന്‍ ക്ലാസിലൊക്കെ പറഞ്ഞതാ 'ബാലയുഗ' ത്തില്‍ പ്രസിദ്ധീകരിക്കുമെന്ന്. ക്ലാസ്സിലെ മിക്ക കുട്ടികളും ബാലയുഗം വായിക്കും. അവരൊക്കെ കാത്തിരിക്കുകയായിരുന്നു. ഇനിയിപ്പോള്‍ എന്തു ചെയ്യും എന്ന് ഓര്‍ക്കുമ്പോള്‍ അമ്മ പറഞ്ഞു ''മാതൃഭൂമി ആഴ്ചപ്പതിപ്പിന് അയച്ചുനോക്കാം'' എന്ന്. ഞങ്ങളുടെ വീട്ടില്‍ പണ്ടുമുതലേ 'മാതൃഭൂമി' വരുന്നുണ്ട്. അമ്മ കൃത്യമായി വായിക്കും. ഇപ്പോള്‍ ഞാനും. അത് മലയാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാരികയാണ്. എന്നെപ്പോലെ കുട്ടികള്‍ക്ക് എഴുതാന്‍ പറ്റുന്നതൊന്നുമല്ല. എന്നാലും അയച്ചു നോക്കാം എന്ന് അമ്മയും അങ്ങനെ ചെയ്യാന്‍ സുകുമാരന്‍ സാറും പറയുമ്പോള്‍ എനിക്കും തോന്നി ഒരു കൈ നോക്കാമെന്ന്. കാര്‍ബണ്‍ പേപ്പര്‍ വച്ച് ഒരു കോപ്പി എടുത്ത് സൂക്ഷിച്ചിട്ട് വേണം അയയ്ക്കാനെന്ന് സാര്‍ പറഞ്ഞു. പക്ഷേ അത്രയും വീണ്ടും എഴുതാന്‍ - എനിക്കോര്‍ക്കാന്‍ വയ്യ. ഞാന്‍ കോപ്പിയൊന്നും എടുക്കാന്‍ നിന്നില്ല. എല്ലാം കൂടി ഒരു കവറിലിട്ട് ''പത്രാധിപര്‍, മാതൃഭൂമി ആഴ്ചപ്പതിപ്പ്, കോഴിക്കോട്'' എന്ന് മേല്‍വിലാസമെഴുതി രജിസ്റ്റേര്‍ഡ് പോസ്റ്റ് ആയി അയച്ചു. അവര്‍ പ്രസിദ്ധീകരിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല. തിരിച്ചയച്ചു തന്നാല്‍ 'ജനയുഗം' വാരികയ്ക്ക് അയച്ചുനോക്കാം എന്നാണ് അമ്മ പറയുന്നത്. മാതൃഭൂമി പത്രാധിപര്‍ വായിച്ച് ചുരുട്ടിക്കൂട്ടി കളയുമോ എന്നാണ് എന്റെ പേടി. വലിയ വലിയ എഴുത്തുകാര്‍ എഴുതുന്ന വാരികയാണത്. ങാ കാത്തിരിക്കാം. പിന്നെ മിഹ്റിന്‍ കൊച്ചേ എന്റെ പുസ്തകത്തില്‍ നിന്നെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. വായിക്കണോ?

''ക്യാമ്പില്‍ വച്ച് പരിചയപ്പെട്ടതില്‍ എന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കുട്ടിയായിരുന്നു 'മിഹ്റിന്‍'. അതിസുന്ദരിയായ ഈ പെണ്‍കുട്ടി 'താഷ്‌കിസ്ഥാന്‍' റിപ്പബ്ലിക്കുകാരിയായിരുന്നു. കറുത്തു നീണ്ട മുടി മറ്റ് റഷ്യന്‍ പെണ്‍കുട്ടികളെ അപേക്ഷിച്ച് മിഹ്റിന്റെ സവിശേഷതയായിരുന്നു. മെലിഞ്ഞ് ഇളം റോസ് നിറത്തോടു കൂടിയ മിഹ്റിന് കാഴ്ചയില്‍ ഇന്ത്യയില്‍ കുട്ടികളോട് സാദൃശ്യമുണ്ടായിരുന്നു. മിഹ്റിന്‍ ഏഴാം ക്ലാസിലാണ് പഠിച്ചിരുന്നത്. പക്ഷെ, എന്നോളം തന്നെ പ്രായം അവള്‍ക്കുണ്ടായിരുന്നു. ഏഴ് വയസ്സ് വരെ കിന്റര്‍ഗാര്‍ട്ടണില്‍ പഠിക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. 'മെഹ്റുന്നീസ' എന്നാണ് മിഹ്റിന്റെ യഥാര്‍ത്ഥ പേര്.

നിഷ്‌ക്കളങ്കയായ ആ പെണ്‍കുട്ടിയെ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല. മിഹ്റിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് സംഭവങ്ങളാണ് ബോബി സിനിമ കാണാന്‍ കഴിഞ്ഞതും ഇഷ്ടതാരമായ ഋഷികപൂറിനെ റഷ്യ സന്ദര്‍ശനവേളയില്‍ കാണാന്‍ കഴിഞ്ഞതും. മിഹ്റിന് ബോബിയിലെ എല്ലാ പാട്ടുകളും പാടാന്‍ കഴിഞ്ഞിരുന്നു. അതിനൊത്ത് ചുവടുവെച്ച്‌ അവള്‍ നൃത്തം ചെയ്യുമായിരുന്നു. ഋഷികപൂറിനെയും രാജ്കപൂറിനെയും ഈ കുട്ടി വളരെ ഇഷ്ടപ്പെട്ടിരുന്നു. ഋഷി കപൂര്‍ റഷ്യ സന്ദര്‍ശിച്ചവേളയില്‍ എടുത്ത ഒരു ഫോട്ടോയുടെ ബാഡ്ജ് രൂപം ഈ കുട്ടി നിധിപോലെ സൂക്ഷിക്കുന്നു. (മിഹ്റിന്‍ മാത്രമല്ല, റഷ്യന്‍ കൂട്ടുകാരൊക്കെ തന്നെ ബോബി സിനിമയുടെയും, ഋഷി കപൂറിന്റെയും ആരാധകരായിരുന്നു.) ഋഷി കപൂറിന്റെയും രാജ്കപൂറിന്റെയും അഡ്രസും ഫോട്ടോകളും അയച്ചുകൊടുക്കാന്‍ മിഹ്റിന്‍ എന്നോട് അഭ്യര്‍ത്ഥിച്ചു.

നന്നായി താഷ്‌ക്കിസ്ഥാനി നൃത്തം ചെയ്തിരുന്ന മിഹ്റിന് ഞാന്‍ അല്‍പ്പം ഇന്ത്യന്‍ നൃത്തച്ചുവടുകളും പഠിപ്പിച്ചുകൊടുത്തു. ഒരിന്ത്യന്‍ ഗ്രാമീണ പെണ്‍കിടാവിന്റെ ശാലീനത ഞാനവളില്‍ കണ്ടു. ഞങ്ങള്‍ ഒരുമിച്ചു നടന്നു. കളിച്ചു. ആഹാരം കഴിച്ചു. ആത്മാര്‍ത്ഥ സുഹൃത്തുക്കളായി. ദ്വിഭാഷികളുടെ സഹായത്തോടെ അന്യോന്യം മനസ്സിലാക്കി. ആഴ്ചതോറുമെത്തുന്ന മിഹ്റിന്റെ അമ്മയുടെ കത്തുകളുടെ സാരാംശം ആംഗ്യത്തിലൂടെ എനിക്ക് പറഞ്ഞുതരാന്‍ മിഹ്റിന്‍ ശ്രമിക്കുമായിരുന്നു. എന്നെപ്പറ്റി മിഹ്റിനെഴുതിയ എഴുത്തിനുവന്ന മറുപടിയില്‍ ആ അമ്മ എനിക്കഭിവാദനം ആശംസിച്ചിരുന്നു.ചുറ്റും കാണുന്ന വസ്തുക്കള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും പറയേണ്ട വാക്കുകള്‍ മിഹ്റിന്‍ എന്നോട് ചോദിച്ചെഴുതിയെടുക്കുമായിരുന്നു. ഇന്ത്യയെക്കുറിച്ചും, ഇന്ത്യയിലെ കുട്ടികളെക്കുറിച്ചുമൊക്കെ അറിയാന്‍ മിഹ്റിന്‍ ഉത്സുകയായിരുന്നു. ''

women
മിഹ്റിന്‍

നിന്നെക്കുറിച്ച് എഴുതുമ്പോള്‍ എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. സങ്കടം കൊണ്ടും സന്തോഷം കൊണ്ടും. നിന്നെ പിരിഞ്ഞതിലുള്ള സങ്കടം. നിന്നെ നിന്റെ സ്നേഹത്തെപ്രതിയുള്ള സന്തോഷം. നിനക്കറിയുമോ, പ്രാര്‍ത്ഥനകളിലൊക്കെ നീയുണ്ട്. അല്ലെങ്കില്‍ പ്രാര്‍ത്ഥനകളൊക്കെ നിനക്കുവേണ്ടി കൂടിയാണ്. നീയുള്ള ഭൂമിയില്‍ ജീവിക്കുന്നതിന്റെ ആനന്ദം - ദൂരെ ദൂരെ ആ മലയോരങ്ങളെ ഞാന്‍ സ്വപ്നം കാണുന്നത് നീയറിയാറുണ്ടോ?നമ്മള്‍ ഒരുമിച്ചായിരുന്ന നാളുകളില്‍ നിന്ന് നമ്മള്‍ അകലങ്ങളില്‍ ആയിപ്പോയ ഇക്കാലത്തിലേക്ക് സ്നേഹം കടന്നുവരുന്നത് കാറ്റായും കിനാവായും നിന്റെ കത്തുകളായിട്ടുമാണ്.

സ്നേഹിക്കുന്നവരെ ബന്ധിക്കുന്ന ആ കാണാച്ചരട് - അത് വിശ്വാസവും, തൃപ്തിയും കൊണ്ട് നിര്‍മ്മിച്ചതാണ് എന്നെനിക്ക് തോന്നാറുണ്ട്. ഞാനിവിടെയിരുന്ന് നിന്നെ ഓര്‍ക്കുമ്പോള്‍ നീയും എന്നെ ഓര്‍ക്കുകയാവും എന്ന് ഞാന്‍ കരുതും. നീ പുഞ്ചിരിക്കുമ്പോള്‍, പൊട്ടിച്ചിരിക്കുമ്പോള്‍ എന്നിലേക്ക് എത്തിച്ചേരുന്നതുപോലെ ഞാന്‍ നിറയാറുണ്ട്. ഇതൊക്കെ നമ്മുടെ ജീവന്റെ പുസ്തകത്തില്‍ നമ്മളിവിടെ കടന്നുവരുന്നതിന് മുമ്പ് തന്നെ കുറിച്ചിട്ടിരുന്ന കാര്യങ്ങളായിരിക്കും. നീയെന്നാല്‍ ഞാന്‍ തന്നെയാണെന്ന് അല്ലെങ്കില്‍ ഞാന്‍ നീ തന്നെയാണെന്നൊക്കെ ചില നേരത്ത് തോന്നും. എന്റെ പ്രിയമേ, എന്റെ ഹൃദയത്തില്‍ നീയുള്ളതു കൊണ്ട് തൃപ്തി എന്ന വാക്കിന് എത്ര വലിയ അര്‍ത്ഥമാണെന്ന് ഞാനറിയുന്നു.

പിരിയുമ്പോള്‍ നിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നുവെന്ന് ഞാനെന്റെ പുസ്തകത്തിലെഴുതി. നോക്ക്, അതെഴുതുമ്പോഴും എന്റെ കണ്ണുകള്‍ നിറഞ്ഞു. ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെടുമെങ്കില്‍ വായിക്കുന്നവര്‍ നിന്നെ മറക്കില്ല. എന്റെ മനസ്സില്‍ നീ നിറഞ്ഞു നില്‍ക്കുന്നത് അവര്‍ കാണും. നമുക്ക് കാത്തിരിക്കാം അല്ലെ. 'പ്രസിദ്ധീകരിക്കാം' എന്നൊരു വാക്ക്. അതൊരു വലിയ വാക്കാണ് മിഹ്റിന്‍. 'മാതൃഭൂമി ആഴ്ചപ്പതിപ്പ്' മലയാളത്തിലെ വലിയ എഴുത്തുകാര്‍ എഴുതുന്ന പ്രസിദ്ധീകരണമാണ്, ഒരു സ്‌കൂള്‍ കുട്ടിക്ക് അവിടെയെന്ത് കാര്യം എന്ന് ആരും ചോദിച്ച് പോവും. എന്നിട്ടും ഞാന്‍ പ്രതീക്ഷിക്കുകയാണ്. നിന്നെ വീണ്ടും കണ്ടുമുട്ടുമെന്ന് പ്രതീക്ഷിക്കുന്നതുപോലെ.

നിന്റെ ബീന.

Content Highlights: K A beena Shares her memories about Mihrin, big fan of Rishi Kapoor

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram