Representative Image Photo: Gettyimages.in
തിരുവനന്തപുരം.
ഡിസംബർ 25,1978
പ്രിയങ്കരിയായ മിഹ്റിൻ,
ക്രിസ്തുമസ് പരീക്ഷയുടെ തിരക്കായതിനാൽ കുറെ ദിവസം എഴുതാൻ പറ്റിയില്ല.പിണങ്ങല്ലേ പെൺകുട്ടീ..പരീക്ഷ നന്നായി എഴുതി എന്നു പറയുന്നതിനേക്കാൾ മോശമായിപ്പോയി എന്നതാണ് സത്യം. മത്സരങ്ങൾ,കലാപരിപാടികൾ എന്നൊക്കെ പറഞ്ഞ് നടന്ന് ക്ലാസ്സ് കുറെ മിസ്സ് ആയിട്ടുണ്ട്..അതൊക്കെ പഠിച്ചെടുക്കണം.കൂട്ടുകാരികൾ നോട്ട്സ് ഒക്കെ എഴുതി തന്നിട്ടുണ്ട്. എനിക്ക് വായിക്കാൻ പറ്റിയിട്ടില്ല..സമയക്കുറവും ഈയിടെ പിടി കൂടിയിരിക്കുന്ന ഒരു വല്ലാത്ത തലവേദനയും പഠനത്തെ ബാധിച്ചു..തലവേദന മൈഗ്രൈൻ ആണത്രേ..കുറെ ഡോക്ടർമാരെ കണ്ടു. എന്തൊക്കയോ മരുന്നുകൾ തന്നിട്ടുണ്ട്. അതൊക്കെ കഴിച്ചാൽ ഉറക്കം വരും. പഠിത്തം മുടങ്ങും. അങ്ങനെ അങ്ങനെ ഓരോ കാര്യങ്ങൾ.
ക്രിസ്തുമസ് രാത്രിയിലാണ് നിനക്ക് എഴുതുന്നത്. ഇവിടെ ക്രിസ്തുമസ് ആഘോഷം തുടങ്ങുന്നത് ഡിസംബർ ആദ്യം നക്ഷത്രം തൂക്കുന്നതോടെയാണ്.. നാട്ടിലെ ഏറ്റവും വലിയ നക്ഷത്രം ഞങ്ങളുടെ വീട്ടിലാണ് ഇടുന്നത്. എന്റെ അമ്മാവന്മാരും കൂട്ടുകാരും ചെറിയ റീപ്പറുകളും പേപ്പറും കൊണ്ടു വലിയ സ്റ്റാർ ഉണ്ടാക്കും. വശങ്ങളിൽ നിറമുള്ള കടലാസ് കൊണ്ടു കിന്നരികൾ വച്ചു പിടിപ്പിക്കും. അകത്ത് ബൾബ് ഒക്കെയിട്ട് ഒരുപാട് പൊക്കമുള്ള താന്നിമരത്തിന്റെ ഏറ്റവും പൊക്കമുള്ള കൊമ്പ് നോക്കി കെട്ടിതൂക്കും.എവിടെ നിന്നു നോക്കിയാലും ഞങ്ങളുടെ നക്ഷത്രം കാണും.
ഞങ്ങളുടെ അയല്പക്കത്ത് താമസിക്കുന്നത് ഒരു ക്രിസ്ത്യൻ കുടുംബമാണ്. അവർ ക്രിസ്തുമസിന് 25 ദിവസം നോമ്പ് എടുക്കും. അവിടുത്തെ കുട്ടികൾ രാജനും സാലിയും ഞങ്ങളുടെ കൂട്ടുകാർ ആണ്. അവരുടെ കൂടെ കൂടി ഞങ്ങളും നോമ്പെടുക്കും, മീനും മുട്ടയും ഇറച്ചിയും ഒക്കെ വേണ്ടെന്നു വയ്ക്കും.
സാലി പഠിക്കുന്നത് കോൺവെന്റ് സ്കൂളിൽ ആണ്. അവിടെ ക്രിസ്തുമസ്സിനു മുൻപുള്ള 25 ദിവസവും ഓരോ പുണ്യപ്രവർത്തി ചെയ്യിക്കും. സ്കൂളിന്റെ ഏതെങ്കിലും കോണിൽ ഓരോ ദിവസവും ഓരോ കാര്യം എഴുതി തൂക്കിയിടും. എല്ലാ കുട്ടികളും അത് ചെയ്യും. സാലി പറയുന്നത് കേട്ട് പുണ്യപ്രവർത്തി ചെയ്യുന്നത് കൂടാൻ ഞങ്ങളും ചേരും.
സന്ധ്യ കഴിഞ്ഞാൽ പിന്നെ കരോൾ പാട്ടുകാർ വരും. മുന്നിൽ സാന്റാക്ലാസ് കാണും. വലിയ വയർ ഒക്കെ ഉള്ള സാന്റാക്ലാസ്. പിന്നാലെ പാട്ടുകൾ പാടുന്നവർ കൊട്ടും പാട്ടുമായ . നാട്ടിലെ കുറെ പിള്ളേരും കൂടെ വരും. എനിക്ക് അവർ പാടുന്ന പാട്ടുകളിൽ ഏറ്റവും ഇഷ്ടം 'ജിങ്കിൾ ബെൽസ് ജിങ്കിൾ ബെൽസ് അങ്കിൾ സാന്റാക്ലാസ്സ് ' എന്ന പാട്ടാണ്.
ക്രിസ്തുമസ് പുൽക്കൂട് ഉണ്ടാക്കുവാൻ സാലിയും രാജനും ഞങ്ങളെയും കൂട്ടും. വൈക്കോൽ കൊണ്ടു വീട് ഉണ്ടാക്കി അതിൽ ഉണ്ണീശോ പുല്ല് നിരത്തിയാണ് പുൽക്കൂട് ഉണ്ടാക്കുന്നത്.
ഉണ്ണിയേശുവിന്റെയും മാതാവിന്റെയും പിതാവിന്റെയും ആട്ടിടയന്മാരുടെയും ആട്, ഒട്ടകം തുടങ്ങിയ മൃഗങ്ങളുടെയും കൊച്ചു പ്രതിമകൾ നിരത്തി വയ്ക്കും. നിറമുള്ള കടലാസുകൾ കൊണ്ട് പുൽക്കൂട് അലങ്കരിക്കും. ക്രിസ്തുമസ് മരം ഉണ്ടാക്കാൻ അപ്പുറത്തെ വീട്ടിലെ ചേട്ടന്മാരും എന്റെ അമ്മാവന്മാരും ഒക്കെ കൂടി ദൂരെ എവിടെയോ പോയി മരച്ചില്ലകൾ കൊണ്ടു വരും. അതിനെയും വർണ്ണകടലാസ് കൊണ്ട് അലങ്കരിക്കും. ബൾബുകളും തൂക്കിയിടും.
ക്രിസ്തുമസ് രാത്രി അവരൊക്കെ പള്ളിയിൽ പോകും.ഞങ്ങൾ ആകാശത്ത് നോക്കി ഉണ്ണി യേശു പിറക്കുന്ന നേരം ആയോ എന്നൊക്കെ പറഞ്ഞു ഇരിക്കും. ക്രിസ്തുമസ്സിനു സാലിയുടെ അമ്മയും അമ്മൂമ്മയും ഉണ്ടാക്കുന്ന ഭക്ഷണം ആണ് മുഖ്യ വിഷയം. എന്തെല്ലാമാണെന്നോ ക്രിസ്തുമസ്സിനു ഉണ്ടാക്കി തരാറ്. കേക്ക്,ഹൽവ പലതരം ഇറച്ചികറികൾ ഒക്കെ കൊണ്ടു തരും. അതൊക്കെ കഴിച്ചു ചുറ്റുപാടുമുള്ള കുട്ടികളുടെ ഒപ്പം കൂട്ടുകൂടി കളിച്ചു ക്രിസ്തുമസ് ആഘോഷിച്ചു തളർന്നാണ് നിനക്കെഴുതാൻ ഇരുന്നത്. രാത്രിയുടെ ഏതോ യാമമായിരിക്കുന്നു.ഭൂമിയും ഭൂമിയുടെ സന്തതികളും ഉറക്കമായിക്കഴിഞ്ഞു. ഞാൻ ഉണർന്നിരിക്കുന്നത് നിന്നോടൊപ്പം ആയതു കൊണ്ട് ചുറ്റുപാടുമുള്ള നിശ്ശബ്ദത മനോഹരം ആയി തോന്നുന്നു. കൂരിരുട്ടിൽ കുറച്ച് മിന്നാമിന്നികൾ പറന്നു നടക്കുന്നുണ്ട്. രാത്രിയുടെ ചന്തം ഈ ഇരുട്ടാണ് അല്ലേ. മിഹ്റിൻ നിനക്ക് രാത്രികളെ സ്നേഹിക്കാൻ കഴിയാറുണ്ടോ. ഇവിടെ എന്റെ ഈ നാട്ടിൻപുറത്ത് രാത്രി കട്ടിപിടിച്ച ഇരുട്ടാണ്, രാത്രി ശരിക്കും രാത്രിയാണ്. രാത്രി എഴുതാനും വായിക്കാനും ചിന്തിക്കാനും സ്നേഹത്തിൽ നിറയാനും ഒക്കെ എന്ത് രസമാണ്.
എന്റെ പൊന്നു മിഹ്റിൻ, ഞാനിവിടെ ഇരുന്ന് ഓർക്കുന്നത് എന്താണ് എന്നറിയുമോ? ജിവിതം എന്തൊരു വിസ്മയമാണെന്ന്.. നിന്നെ പോലെ മനസ്സ് നിറഞ്ഞ് സ്നേഹിക്കുന്ന ഒരു കൂട്ടുകാരിയെ കിട്ടികഴിഞ്ഞാൽ ജീവിതത്തിനു കൈവരുന്ന പൂർണ്ണത. ഞാൻ ഇവിടെ നിന്നെ ഓർത്തിരിക്കുമ്പോൾ നിനക്കെന്നെ ഓർക്കാതെ പറ്റില്ലല്ലോ.
സ്നേഹമേ, കാണാതെ കേൾക്കാതെഈ അകലങ്ങളെല്ലാം സ്നേഹത്തിന്റെ മാലാഖ ഒരിക്കൽ നമുക്ക് വേണ്ടി ഇല്ലാതാക്കും. അപ്പോൾ നിന്റെ നാട്ടിലെ ഇസ്മോയിൽ സോമോനി മലനിരകളിലെ താഴ് വരകളിലും ഇവിടുത്തെ ശംഖും മുഖം കടൽപ്പുറത്തും ഒക്കെ നമ്മൾ കൈകോർത്ത് നടക്കും. പ്രതീക്ഷിക്കാൻ നീയുള്ളത് കൊണ്ട് ജീവിതം കെങ്കേമം..
ആനന്ദമായിരിക്കൂ..
നിന്റെ ബീന
Content Highlights: K A Beena share her memories about childhood Christmas