മഞ്ജു വാര്യരും മധു വാര്യരും| ഫയൽ ചിത്രം
ഊണ് മേശയില്‍ വിഭവങ്ങളൊക്കെ നിരത്തിവെച്ച് തിരിഞ്ഞപ്പോഴാണ്, മധുവിന്റെ വക ചാഞ്ഞും ചെരിഞ്ഞും ഉള്ള ഒരു ഫോട്ടോയെടുപ്പ്. നോക്കുമ്പോള്‍ ചമ്മന്തിപ്പൊടിയുടെ പാത്രമാണ് ഫോക്കസ്. ബാക്കി വിഭവങ്ങളുടെ പാത്രങ്ങളൊക്കെ നീക്കി വെച്ച്, ഒരു സ്പെഷല്‍ ഫോട്ടോയെടുപ്പ്.
യു.എസ്സിലുള്ള ശ്രീജിത്തിന് അയക്കാനാണത്രെ. എനിക്ക് ചിരിയാണ് വന്നത്. പാവം, ശ്രീജിത്തിന് ഞാനുണ്ടാക്കുന്ന ചമ്മന്തിപ്പൊടി പണ്ടേ ഇഷ്ടമാണ്. പണ്ട്, സൈനിക് സ്‌കൂളില്‍ പഠിക്കുമ്പോഴും ഇപ്പോള്‍ അവധിക്ക് നാട്ടില്‍ വരുമ്പോഴും ഒക്കെ അതാണ് ശ്രീജിത്ത് എന്നോട് ആവശ്യപ്പെടാറ്. അതും അല്ലെങ്കില്‍, ലീവില്‍ വരുമ്പോഴൊക്കെ വാണിയെയും കുട്ടികളെയും കൂട്ടി ഇവിടെ എത്താറുമുണ്ട്. അപ്പോഴൊക്കെ ഒരു പാക്കറ്റ് ചമ്മന്തിപ്പൊടി അത് ഒരു അവകാശമായി ശ്രീജിത്ത് ചോദിച്ചുവാങ്ങിയിരിക്കും. മധു ഇവിടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും ശ്രീജിത്തിന് അത് ഒരു പ്രശ്നമേ ആവാറില്ല.
''പാവം, കിട്ടും ട്ടോ. അവനു അവിടിരുന്നു കൊതിക്കാനല്ലേ പറ്റൂ. ഇങ്ങനെ കൊതിപ്പിക്കാന്‍ പാടില്ല്യാ, ട്ടോ''
പറഞ്ഞു തീരുന്നതിനു മുന്‍പ് ശ്രീജിത്തിന്റെ മറുപടിയെത്തി
''ആന്റീ.. അവനു ചമ്മന്തിപ്പൊടി അധികം കൊടുക്കണ്ടാ, ട്ടോ. ബാക്കി എടുത്ത് ഇപ്പൊത്തന്നെ ഫ്രിഡ്ജില്‍ വെച്ചോളൂ. ഞാന്‍ വരുമ്പോ എടുക്കാം. ചമ്മന്തിപ്പൊടിയുടെ പടം കണ്ടപ്പൊഴേ എനിക്കു മനസ്സിലായി, അവന്‍ പുള്ളില്‍ ഉണ്ടെന്ന്.''
അപ്പോഴേക്കും മധു മറ്റു വിഭവങ്ങളുടെയും പടം ഇടുകയായി. വാട്സാപ്പിലൂടെത്തന്നെ അതിനൊക്കെയുള്ള മറുപടി, മുഷ്ടി ചുരുട്ടിയുള്ള ഇടിയായും, കോടിയ മുഖങ്ങളായും വന്നുകൊണ്ടേ ഇരുന്നു.., യു.എസ്സില്‍ നിന്ന്.

അല്ലെങ്കിലും, മധുവിന്റെ കൂട്ടുകാര്‍ എല്ലാവരും അങ്ങനെത്തന്നെയാണ്. എല്ലാവര്‍ക്കും ഇവിടെ ഞാനുണ്ടാക്കുന്ന ഓരോ വിഭവങ്ങളുടെയും രുചികള്‍ നന്നായി അറിയാം. മധു ഇവിടെ ഉള്ളപ്പോഴൊക്കെ അവരും ആരെങ്കിലുമൊക്കെ ഇവിടെ കാണും. മധുവിന് സൈനിക് സ്‌കൂളില്‍ ചേര്‍ന്നതിനു ശേഷം കിട്ടിയ ഒരുപാട് സൗഹൃദങ്ങളില്‍ ഒന്നു മാത്രമാണ് ഈ പറഞ്ഞ ഒറ്റപ്പാലത്തുകാരനായ ശ്രീജിത്ത്. അങ്ങനെ ഒരുപാട് കുഞ്ഞുമനസ്സുകളില്‍ എനിക്കും ആ അവസരത്തില്‍ കേറിപ്പറ്റാന്‍ കഴിഞ്ഞതില്‍ എന്നും സന്തോഷം തോന്നാറുണ്ട്. കാരണം അവര്‍ ഒക്കെ ഇന്നും ആ ബന്ധം നിലനിര്‍ത്തുന്നതില്‍ താല്‍പര്യം കാണിക്കുന്നു. അവരുടെ ഓരോ സന്തോഷങ്ങളും അപ്പപ്പോള്‍ ഞങ്ങളുമായി പങ്കുവെയ്ക്കുന്നു.
അഞ്ചാംക്ലാസില്‍ പഠിക്കുമ്പോഴാണ് എന്‍ട്രന്‍സ് എഴുതി മധു സൈനിക് സ്‌കൂളില്‍ പ്രവേശനം നേടുന്നത്. സംസ്ഥാനതലത്തില്‍ നടത്തുന്ന പ്രവേശനപരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയാണ് അവന്‍ അവിടത്തെ വിദ്യാര്‍ഥിയായത്. അവിടുത്തെ വിദ്യാഭ്യാസം അവന്‍ സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്തതാണെങ്കിലും അവിടെ ചേരാനുള്ള ദിവസം അടുക്കുന്തോറും അവനും ഞങ്ങള്‍ക്കും ആധിയായിത്തുടങ്ങി. അതുവരെ ഒരുദിവസം പോലും അവനെ വിട്ടു നിന്നിട്ടില്ലാത്തതുകൊണ്ട് എനിക്കും മാധേട്ടനും മഞ്ജുവി
നും ഒക്കെ വിഷമം തോന്നിത്തുടങ്ങി. വീട്ടിലെ അന്തരീക്ഷത്തില്‍ നിന്ന് പട്ടാളച്ചിട്ടയിലേക്കുള്ള അവന്റെ പറിച്ചുനടീല്‍ എനിക്ക് സങ്കല്‍പിക്കാന്‍ പോലും കഴിയുമായിരുന്നില്ല. എന്തായാലും അങ്ങോട്ട് പോകുന്നതിന്റെ രണ്ടാഴ്ച മുന്‍പാണ് സൈനിക്സ്‌കൂളിലെ ഓഫീസ് സൂപ്രണ്ട് ഭാസ്‌കരവാരിയര്‍ ഞങ്ങളുടെ ഒരു ബന്ധുവാണെന്ന് അറിയുന്നത്. അത് വലിയ മനസ്സമാധാനമായിരുന്നെങ്കിലും, നല്ല ചിട്ടയുള്ള വിദ്യാഭ്യാസത്തിനുവേണ്ടിയാണ് അവന്‍ പോകുന്നതെന്ന് അറിയാമായിരുന്നെങ്കിലും, എന്തിനെന്നില്ലാത്ത ഒരു ആകാംക്ഷയായിരുന്നു മനസ്സില്‍.
ഒടുവില്‍, അവനെ സൈനിക് സ്‌കൂളില്‍ കൊണ്ടുവിടേണ്ട ദിവസം ഞങ്ങളെല്ലാവരും കൂടെത്തന്നെയാണ് യാത്രയായത്. ആദ്യം ഭാസ്‌കരേട്ടന്റെ ക്വാര്‍ട്ടേഴ്സിലും, പിന്നീട്, മധുവിന് മറ്റു കുട്ടികളുടെ കൂടെ താമസിക്കാനുള്ള വള്ളത്തോള്‍ ഹൗസിലും കൊണ്ടുചെന്നാക്കുമ്പോള്‍ ഭാസ്‌കരേട്ടനും കൂടെ ഉണ്ടായിരുന്നു. ഭാസ്‌കരേട്ടന്റെ ആളായതുകൊണ്ടാവും 'വള്ളത്തോള്‍ ഹൗസിന്റെ' ഭരണാധികാരിയായ ശര്‍മ്മ സാര്‍ അവനെ ചേര്‍ത്തുനിര്‍ത്തി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. ആദ്യമൊക്കെ വലിയ ഉഷാറിലായിരുന്നുവെങ്കിലും ഞങ്ങള്‍ക്ക് തിരിച്ചു നാഗര്‍ കോവിലിലേക്ക് പോരേണ്ട സമയമായപ്പോഴേക്ക് മധുവിന്റെ ഭാവമൊക്കെ മാറിത്തുടങ്ങി. ഞങ്ങളെപ്പോലെത്തന്നെ മക്കളെ കൊണ്ടുവന്നാക്കാന്‍ എത്തിയ വേറെയും അച്ഛനമ്മമാര്‍ മക്കളെ തനിയെ വിടാന്‍ മടിച്ച് അങ്ങനെ നി ക്കുന്നുണ്ടായിരുന്നു. ഞങ്ങളുടെ തൊട്ടടുത്തു നിന്നിരുന്ന ഒറ്റപ്പാലത്തുകാരായ ഒരു ശിവരാമന്‍ നായരും ഭാര്യ വത്സലയും, അവരുടെ മോന് വേണ്ട ഉപദേശങ്ങള്‍ നല്‍കിത്തീരാതെ നില്‍ക്കുമ്പോഴാണു ഞങ്ങള്‍ തമ്മില്‍ പരിചയപ്പെടുന്നത്. അവരുടെ മകന്‍ ശ്രീജിത്ത്... മഞ്ജുവിനെപ്പോലെത്തന്നെ കരയാന്‍ വെമ്പിനില്‍ക്കുന്ന ശ്രീജിത്തിന്റെ അനിയത്തിക്കുട്ടിയും കൂടെ ഉണ്ടായിരുന്നു. മധുവിനു അനുവദിച്ച കട്ടിലിന്റെ താഴെ അവന്റെ അത്യാവശ്യ സാധനങ്ങളടങ്ങിയ സ്യൂട്കേസ് ഒതുക്കി വെച്ചുകൊടുക്കുമ്പോള്‍, സങ്കടം അടക്കാന്‍ എനിക്ക് നന്നേ പാടുപെടേണ്ടിവന്നു.

ബാഗില്‍ നിന്ന്, വാട്ടര്‍ബോട്ടില്‍ എടുത്ത് അല്‍പം അകലെയുള്ള ടാപ്പി നിന്ന് വെള്ളമെടുക്കാന്‍ മധുവും ശ്രീജിത്തും കൂടി നടന്നുപോകുന്ന രംഗം ഇന്നും ഓര്‍മ്മയുണ്ട്. അവിടെ തുടങ്ങിയ അവരുടെ സൗഹൃദം ഇന്നും അതേപടി തുടരുന്നു. ഞങ്ങളുടെ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും ഇന്നും അതേപോലെത്തന്നെ.
അന്ന്, 2438 എന്ന് നമ്പറിട്ട തന്റെ കട്ടിലിനരികില്‍ രാത്രിയില്‍ കുടിക്കാനുള്ള വെള്ളവും കരുതിവെച്ച് സ്വയം പര്യാപ്തനായി എന്ന് ഞങ്ങളെ ബോധ്യപ്പെടുത്തി നിന്ന മധുവിന്റെ രൂപം ഒരിക്കലും മറക്കില്ല എന്ന് മാധേട്ടന്‍ എപ്പോഴും പറയുമായിരുന്നു. അന്ന്, ആദ്യമായി സ്വന്തം ചേട്ടനെ വേറൊരിടത്തു വിട്ടുപോകുന്ന ഒരു കുഞ്ഞനിയത്തിയുടെ നനഞ്ഞ കണ്ണുകള്‍ എനിക്കും കണ്ടില്ലെന്നു നടിക്കാനേ ആയുള്ളൂ. കാരണം, അപ്പോഴേക്കും എന്റെ കണ്ണുകളിലും കണ്ണീരിന്റെ പാട വീണു തുടങ്ങിയിരുന്നു.
എന്തായാലും, പിന്നീട് നാഗര്‍കോവിലില്‍ ആയതിനാലും, ഭാസ്‌കരേട്ടനും, കുടുംബവും സൈനിക് സ്‌കൂളിലെ ക്വാര്‍ട്ടേഴ്സില്‍ ഉള്ളതുകൊണ്ടും എല്ലാ വാരാന്ത്യങ്ങളിലും ഞങ്ങള്‍ അവിടത്തെ നിത്യസന്ദര്‍ശകരായി. ഞങ്ങള്‍ അവിടെ എത്തിയെന്നറിഞ്ഞാല്‍ മധു ഓടിയെത്തും, പുതിയ കൂട്ടുകാരുമൊത്ത്. മഞ്ജുവിനു അപ്പോള്‍ പറഞ്ഞറിയിക്കാനാവാത്ത സന്തോഷമാവും. ചേട്ടനും അനിയത്തിയും കുറേ നേരം ചേര്‍ന്നിരുന്ന് എന്തൊക്കെയോ വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കേള്‍ക്കാം. അവന്റെ പുതിയ കൂട്ടുകാര്‍, സ്വന്തം അച്ഛനെയും അമ്മയെയും കാണുന്നതുപോലെ, ഞങ്ങളെ കണ്ണു മിഴിച്ച് നോക്കും. കാരണം അവര്‍ക്കൊന്നും എല്ലാ വാരാന്ത്യങ്ങളിലും മക്കളെ കാണാന്‍ എത്താന്‍ പറ്റുന്നില്ലല്ലോ. മധുവിനു വേണ്ടി, വീട്ടിലുണ്ടാക്കിയ അവനിഷ്ടമുള്ള പലഹാരങ്ങളുടെ പൊതികളൊക്കെ, ഭാസ്‌കരേട്ടന്റെ ക്വാര്‍ട്ടേഴ്സില്‍ വെച്ചുതന്നെ പൊളിച്ച് പങ്ക് വെക്കും. കാരണം താമസിക്കുന്നിടത്തു കൊണ്ടുപോയാല്‍ ആര്‍ക്കും ഒന്നും കിട്ടിയെന്നു വരില്ല.
പുളിയുറുമ്പിന്റെ നിറത്തില്‍വറുത്തുപൊടിച്ച ചമ്മന്തിപ്പൊടി ഒരു പലഹാരമല്ലെങ്കിലുംഅവര്‍ക്കിടയില്‍ അതിനായിരുന്നു ഏറെ ഡിമാന്റ്. അന്നും ഇന്നും...വീട്ടില്‍ നിന്ന് കൊണ്ടുവരുന്ന പലഹാരങ്ങള്‍ ഒളിപ്പിച്ചുവെച്ച്, ആര്‍ക്കും കൊടുക്കാതെ ഹാളിലെ ലൈറ്റ് അണയ്ക്കുമ്പോള്‍ നിവര്‍ത്തിയിട്ട കൊതുകുവലയ്ക്കു കീഴിലിരുന്ന്, കറുമുറേ തിന്നുന്ന വിരുതന്മാരും ഉണ്ടത്രെ. ശബ്ദവും കൊതിപ്പിക്കുന്ന മണവും സഹിക്കാന്‍ വയ്യാണ്ടാവുമ്പോള്‍ ആരെങ്കിലും പോയി ലൈറ്റിടും. എല്ലാവരും കൂടെ പങ്കിട്ടെടുക്കുകയും ചെയ്യും.

ഭാസ്‌കരേട്ടന്റെ ഒരുപാട്, സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഒക്കെ മക്കളും അവിടെ പഠിക്കുന്നുണ്ടായിരുന്നു. അവരും, മിക്കവാറും വാരാന്ത്യങ്ങളില്‍ മക്കളെ കാണാന്‍ എത്തും. അങ്ങനെ ഞങ്ങളുടെ സുഹൃദ് വലയം ഒന്നുകൂടെ വലുതായി. എന്നാലും സ്വന്തം മക്കള്‍ക്കുവേണ്ടി മാത്രമായി കൊണ്ടുവന്ന ചക്കപ്പഴം പോലുള്ള വിഭവങ്ങള്‍ ആരും കാണാതെ ക്വാര്‍ട്ടേഴ്സിലെ ഒരു മുറിയുടെ മൂലയ്ക്കിരുത്തി സ്വന്തം മക്കളുടെ മാത്രം വായിലേക്ക് വെച്ചുകൊടുക്കുമ്പോള്‍ അത് കണ്ടില്ലെന്നുതന്നെ നടിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, മൂക്ക് അത് അനുസരണക്കേട് കാട്ടുകതന്നെയാണു പതിവ്. അതൊക്കെ, തമാശയായി പിന്നീട് സുഹൃദ്സംഭാഷണത്തിനിടയി കേറിവരാറുമുണ്ട്.
പെരിങ്ങോട്ടുകരക്കാരന്‍ സംഗീത്, മാര്‍ത്താണ്ഡത്തുനിന്നുള്ള ബോബി, തിരുവനന്തപുരത്തെ ശ്രീജിത്ത്, ഇരിട്ടിക്കാരനായ ഡെലിന്‍, കരുനാഗപ്പിള്ളിയി നിന്നുള്ള അരുണ്‍ ഇവരൊക്കെ മധുവിന്റെ കൂട്ടുകാരി പെടും. സൈനിക് സ്‌കൂളിലെ കമ്പൗണ്ടറുടെ മകന്‍ അജയ്രാജ് മധുവിന്റെ പ്രിയപ്പെട്ട മറ്റൊരു കൂട്ടുകാരനായിരുന്നു. ഭാസ്‌കരേട്ടന്റെ ക്വാര്‍ട്ടേഴ്സ് കൂടാതെ മധുവിന് എപ്പോഴും കേറിച്ചെല്ലാവുന്ന മറ്റൊരു ആശ്രയമായിരുന്നു അവരുടെ ക്വാര്‍ട്ടേഴ്സും. എല്ലാവരും ഇന്ന് പല മേഖലകളില്‍ തിളങ്ങുന്നവര്‍.
എന്തായാലും, വളരെപ്പെട്ടെന്നു തന്നെ മധു സൈനിക്സ്‌കൂളിലെ അന്തരീക്ഷവുമായി ഇണങ്ങിച്ചേര്‍ന്നു. അതുകൊണ്ടുതന്നെ ഞങ്ങളുടെ ആഴ്ച തോറുമുള്ള സൈനിക്സ്‌കൂള്‍ സന്ദര്‍ശനങ്ങളുടെ എണ്ണം കുറഞ്ഞുവന്നു. പക്ഷേ, സ്വതവേ ഉള്ള അവന്റെ കുറുമ്പുകള്‍ക്ക് കിരീടം വെച്ചുതുടങ്ങിയപ്പോള്‍ മുന്‍പത്തേപ്പോലെത്തന്നെ ഇടയ്ക്കൊക്കെ അവിടത്തെ പ്രിന്‍സിപ്പാളുമായുള്ള സന്ധിസംഭാഷണങ്ങള്‍ക്കായി സമയം കണ്ടെത്തേണ്ടി വന്നു മാധേട്ടന്.
സൈനിക് സ്‌കൂളിനു ശേഷം മധുവിന്റെ സൗഹൃദങ്ങളില്‍ പലതും കണ്ണൂരായിരുന്നു. ഇവരില്‍ ജുനിത്, ഒരു ബാഡ്മിന്റണ്‍ കോച്ചായിരുന്നു. വീട്ടില്‍ വന്നാല്‍ എല്ലാ കാര്യത്തിലും എന്നെ സഹായിക്കും. അടുക്കളയില്‍ കൂടെ നിന്ന് കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കും. പുറത്ത് ഗാര്‍ഡനി ആണെങ്കില്‍ അവിടെയും കൂടെ എത്തും. മീന്‍ വളര്‍ത്തിയിരുന്ന കുളത്തില്‍ മീനിന്റെ കൂടെ വളരുന്ന മാക്രിക്കുഞ്ഞുങ്ങളെ കണ്ടെത്തി നശിപ്പിക്കലായിരുന്നു അവന് ഹോബി തന്നെ. എല്ലാ വിഷമഘട്ടങ്ങളിലും മധു ഞങ്ങളുടെ കൂടെ എത്തുന്നതുവരെ മധുവിന് പകരക്കാരനായി നില്‍ക്കാന്‍ ജുനിത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പ്രമോദാണെങ്കിലും അങ്ങനെത്തന്നെ 'ഭയങ്കര സ്നേഹമാണ്' മധു എന്നെ കംപ്യൂട്ടര്‍ ഉപയോഗിക്കാന്‍ പഠിപ്പിക്കുമ്പോള്‍, ഞങ്ങള്‍ തമ്മില്‍ അടിവരെ നടക്കുമെന്ന ഘട്ടം വന്നപ്പോള്‍, കൂടെ ഉണ്ടായിരുന്ന പ്രമോദ് ഇടപെട്ട് സൗമ്യമായി ഓരോ കാര്യങ്ങളും വിസ്തരിച്ച് പഠിപ്പിച്ചുതന്നു. ഏതൊരുകാര്യവും ഒരിക്കല്‍ പറഞ്ഞുതന്നാല്‍ ഉടന്‍ അത് മനസ്സിലാക്കിയില്ലെങ്കില്‍ മധുവിനു ദേഷ്യം വരും. എനിക്കാണെങ്കില്‍ ഒന്നും മനസ്സിലാവുകയുമില്ല, നൂറു സംശയങ്ങളും. അന്ന് പ്രമോദ് കൂടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ കംപ്യൂട്ടര്‍ ഉപയോഗമേ വേണ്ടെന്നു വെച്ചേനെ എന്ന് ഞാന്‍ തമാശയായി പറയും.
അങ്ങനെ, ഒരുപാടൊരുപാട്, സൗഹൃദങ്ങളാണ്, മധുവിന്, ലോകം മുഴുവനും എന്നു തന്നെ പറയാം. അവരെയൊക്കെ ഞങ്ങള്‍ക്കും പരിചയപ്പെടുത്തും. അതുകൊണ്ടുതന്നെ കുടുംബത്തിലെ ഒരാളെ പോലെ ആരുടെയെങ്കിലും പേരു പറഞ്ഞാല്‍ ത്തന്നെ ആ രൂപം മനസ്സിലേക്ക് ഉടന്‍ ഓടിയെത്തും.
കണ്ണൂരായിരുന്നപ്പോള്‍, സൈനിക് സ്‌കൂളിലെ വെക്കേഷന്‍ സമയത്തൊക്കെ ഇരിട്ടിയിലുള്ള മധുവിന്റെ സഹപാഠി ഡെലിന്‍, ചേട്ടനും അച്ഛനുമൊത്ത് ഇടയ്ക്കൊക്കെ വീട്ടില്‍ വരും. അധികം സംസാരിക്കില്ലെങ്കിലും നല്ല സ്നേഹവും കരുതലും ഉള്ള കുട്ടിയായിരുന്നു ഡെലിന്‍. അവധി കഴിഞ്ഞ് മധുവും ഡെലിനും ഒന്നിച്ചാണ് ട്രെയിനില്‍ തിരുവനന്തപുരത്തേക്ക് യാത്രയാവുക.
ഒരിക്കല്‍, മധുവിന്റെ സുഹൃത്ത് തിരുവന്തപുരത്തുള്ള മറ്റൊരു ശ്രീജിത്തിനെ സംവിധായകന്‍ സിബി മലയില്‍ സാര്‍ സിനിമയില്‍ അഭിനയിപ്പിച്ചു. മഞ്ജു അഭിനയിക്കുന്ന സിബി സാറിന്റെ, 'പ്രണയവര്‍ണ്ണങ്ങള്‍ ' എന്ന സിനിമയുടെ ലൊക്കേഷനി മധുവിന്റെ കൂടെ വന്നതായിരുന്നു, ശ്രീജിത്. പിന്നെ കൂട്ടുകാരുടെ ഇടയില്‍ ശ്രീജിത്തിന് പുതിയ വിശേഷണം കൂടിയായി, സിനിമാനടന്‍ ശ്രീജിത്ത്.
മധുവിന്റെ സൈനിക്സ്‌കൂള്‍ ജീവിതത്തില്‍ ഭാസ്‌കരേട്ടനും പത്മേടത്തിയും വഹിച്ച പങ്ക് ഒട്ടും ചെറുതല്ല. മധുവിന് എന്ത് പ്രശ്നം ഉണ്ടായാലും, മധു എന്ത് പ്രശ്നം ഉണ്ടാക്കിയാലും ഭാസ്‌കരേട്ടന്റെ ഓഫീസിലെ മേശപ്പുറത്തെ ഫോണാണ് ആദ്യം ശബ്ദിക്കുക. കാരണം മധുവിന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്നു ഭാസ്‌കരേട്ടന്‍. അതിനുശേഷമാണ് വിവരം ഞങ്ങള്‍ അറിയുക. അപ്പോഴേക്കും അവിടെ പ്രശ്നങ്ങള്‍ ഏകദേശം തീര്‍ത്തുകാണും. ഭാസ്‌കരേട്ടന്‍ തന്നെ. എന്താവശ്യം ഉണ്ടെങ്കിലും മധുവോ ഞങ്ങളോ ക്വാര്‍ട്ടേഴ്സിലേക്ക് ഓടിക്കയറിച്ചെല്ലുമ്പോള്‍, വലിയൊരു സാന്ത്വനമായിരുന്നു പത്മേട്ത്തി. പാവം ഭാസ്‌കരേട്ടനും പത്മേടത്തിയും ഇന്ന് നമ്മളെയൊക്കെ വിട്ടുപോയിരിക്കുന്നു.
കഴിഞ്ഞ വര്‍ഷം സൈനിക് സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ഥി സംഗമം മധുവിന്റെ ബാച്ചിന്റെ വകയായിരുന്നു. ലോകം മുഴുവന്‍ വ്യാപിച്ചുകിടക്കുന്ന, സൗഹൃദവൃക്ഷത്തിന്റെ വേരുകള്‍, രണ്ടുമൂന്നു ദിസത്തേക്കാണെങ്കിലും സൈനിക് സ്‌കൂള്‍ എന്ന തായ്വേരന്വേഷിച്ച് തിരിച്ചെത്തി അന്ന്. അവിടെ പണ്ട് ചേട്ടനെ സൈനിക് സ്‌കൂളില്‍ വിട്ടിട്ടുപോകുമ്പോള്‍ തുളുമ്പുന്ന കണ്ണുകളോടെ നോക്കിനിന്ന അനിയത്തി മുഖ്യാതിഥിയായി എത്തി. മധുവിന്റെയും കൂട്ടുകാരുടെയും പ്രത്യേക ക്ഷണപ്രകാരം ആ പഴയ കൂട്ടുകാരുടെ സംഗമം കണ്ട് ആസ്വദിക്കാന്‍ ഞാനും.
ആകാരം കൊണ്ടു മാത്രം വളര്‍ന്ന പണ്ടത്തെ കുറേ ബാല്യങ്ങളെ ഞാന്‍ വീണ്ടും അവിടെ കണ്ടു. അവരുടെയൊക്കെ ഭാര്യമാര്‍ക്ക് ഞാനും മഞ്ജുവും ഒന്നും പുതുമുഖങ്ങളായിരുന്നില്ല. മാധേട്ടന്റെ അസാന്നിധ്യം അവര്‍ പോലും അനുഭവിച്ചറിഞ്ഞതുപോലെ തോന്നി. ആ തിരക്കിനിടയിലും 'ഞങ്ങള്‍ പുള്ളിലേക്ക് വരുന്നുണ്ട്, ട്ടോ ആന്റീ' എന്ന് പലരുടെയും വക ഓര്‍മ്മപ്പെടുത്തലുകള്‍ ഉണ്ടായി. 'ചമ്മന്തിപ്പൊടി റെഡിയാക്കിവെച്ചോളൂ' എന്ന് ഒറ്റപ്പാലം ശ്രീജിത്ത്. വേറൊരാള്‍ക്ക് മാമ്പഴപ്പുളിശ്ശേരി, ഇനിയൊരാള്‍ക്ക് ദോശയും ഉള്ളിച്ചമ്മന്തിയും, പിന്നൊരാള്‍ക്ക് ചക്ക വരട്ടീത്.. അങ്ങനെ കൊച്ചുകുഞ്ഞുങ്ങളെപ്പോലെ അവരുടെ ഡിമാന്റുകളുടെ എണ്ണം കൂടിക്കൂടിവരുന്നത് കേള്‍ക്കാന്‍ നല്ല സുഖമുണ്ടായിരുന്നു.
മധുവിന്റെ കൂടെ കപ്പലില്‍ ജോലിചെയ്തിരുന്ന, മറ്റൊരു കൂട്ടുകാരനും വേറൊരു ശ്രീജിത്ത് ആയിരുന്നു. കോട്ടയത്തുകാരന്‍ ശ്രീജിത്ത്. ചിരിക്കുമ്പോള്‍ കണ്ണുകള്‍ ചിമ്മിയടയ്ക്കുന്ന ശ്രീജിത്ത്. നാട്ടില്‍ വരുമ്പോള്‍, ഇടയ്ക്കൊക്കെ, അച്ഛനെയും അമ്മയെയും ഒക്കെ കൂട്ടി ഞങ്ങളുടെ അടുത്തെത്തും. ശ്രീജിത്തിന്റെ അച്ഛനും അമ്മയും ഒക്കെ ഗോവയില്‍ വലിയ ഉദ്യോഗസ്ഥരായിരുന്നു. എപ്പോഴും ഞങ്ങളെയൊക്കെ അങ്ങോട്ടു ക്ഷണിക്കുമായിരുന്നു. ഇനിയും അങ്ങനെ ഒരു യാത്ര ഉണ്ടായിട്ടില്ലെന്നു മാത്രം. ഇപ്പോള്‍,അവരൊക്കെ ഗോവ വിട്ട് കോട്ടയത്ത് താമസമാക്കുകയും ചെയ്തിരിക്കുന്നു.
ലക്കിടിയിലുള്ള ഗിരീഷിനെ ഓര്‍ക്കുമ്പോള്‍ എന്നും ഒരു വിഭവസമൃദ്ധമായ തീന്‍മേശയും ഒരു ചെത്ത് സ്റ്റൈല്‍ മോട്ടോര്‍ സൈക്കിളും ആണ് ഓര്‍മ്മ വരിക. ചെന്നൈയില്‍ ഐ.എച്ച്.എമ്മില്‍ മധുവിന്റെ ക്ലാസ്മേറ്റും റൂം മേറ്റും ഒക്കെ ആയിരുന്നു ഗിരീഷ്. മഞ്ജുവിന്റെ സിനിമയുടെ ആവശ്യങ്ങള്‍ക്കായി ചെന്നൈയില്‍ പോകുമ്പോള്‍ രാത്രികാലങ്ങളില്‍ സിനിമയുടെ ജോലികളൊക്കെ തീരുമ്പോള്‍ വെറുതെ കറങ്ങാന്‍ ഇറങ്ങും. അവിടെ അന്നൊന്നും മഞ്ജുവിനെ കണ്ടാല്‍ ആരും തിരിച്ചറിയുമായിരുന്നില്ല.

മധുവിന്റെ ബൈക്കിന്റെ പുറകില്‍ മഞ്ജുവും, ഗിരീഷിന്റെ ബൈക്കിനു പുറകില്‍ ഞാനും. സിനിമാക്കമ്പനിയുടെ വാഹനങ്ങളെ ഒന്നും ആശ്രയിക്കാറേ ഇല്ല. മോശമില്ലാത്ത ഒരു ഹോട്ടലില്‍ ഒരു തമിഴ്നാട് ടിഫന്‍, പിന്നെ ഒരു തമിഴ് സിനിമ.
അതിനുശേഷം ഗിരീഷ് കൊച്ചിയില്‍ ഒരു വലിയ ഹോട്ടലിന്റെ മേലധികാരി ആയപ്പോള്‍,അവിടെയും ഞങ്ങള്‍ എത്തിയിരുന്നു. ഞങ്ങള്‍ക്കു വേണ്ടി ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണമേശയ്ക്കരികേ ഒന്നും കഴിക്കാനാകാതെ ഇരുന്നു അന്ന് മാധേട്ടന്‍. തീരെ ഭക്ഷണം കഴിക്കാന്‍ പറ്റാത്ത ദിവസങ്ങളായിരുന്നു അന്നൊക്കെ മാധേട്ടന്.
അസുഖത്തിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെ ദിനങ്ങള്‍. പാവം ഗിരീഷ്, മാധേട്ടനെ ചേര്‍ത്തുപിടിച്ച് സ്നേഹപൂര്‍വ്വം ചോദിച്ചറിഞ്ഞു, എന്ത് വിഭവമാണ് കഴിക്കാന്‍ ഏറ്റവും ഇഷ്ടമെന്ന്. അതനുസരിച്ച് അവിടുത്തെ സ്പെഷല്‍ ഷെഫിനെ ഏര്‍പ്പാടാക്കി. നിമിഷങ്ങള്‍ക്കകം ഒരു പ്ലേറ്റ് നിറയെ ആവി പറക്കുന്ന ബോണ്ട മാധേട്ടനുമുന്നില്‍. തളര്‍ച്ചക്കിടയിലും മാധേട്ടന്റെ കണ്ണുകള്‍ തിളങ്ങി നിന്നു. ദിവസങ്ങള്‍ക്കു ശേഷം അന്നാണ് മാധേട്ടന്‍ ആവേശപൂര്‍വ്വം ഒരു ഭക്ഷണസാധനം പ്രയാസപ്പെട്ടാണെങ്കിലും കഴിക്കുന്നത് ഞങ്ങള്‍ കണ്ടത്. അതിനുള്ള നന്ദി ഇന്നും ഗിരീഷിനോട് ഉണ്ട്. കാരണം, മാസങ്ങള്‍ക്ക്ശേഷം രുചിയറിഞ്ഞ് ഭക്ഷണം കഴിക്കുന്ന മാധേട്ടനെ ഞാനും മക്കളും അന്നാണ് കണ്‍നിറയെ കാണുന്നത്. അതിനുശേഷം വിരലിലെണ്ണാവുന്ന കുറച്ചുദിവസങ്ങളേ മാധേട്ടന്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നുള്ളൂ. വേദനിപ്പിക്കുന്ന ഓര്‍മ്മകളാണെങ്കിലും ഗിരീഷിനോടുള്ള ഒരു കടപ്പാട് അങ്ങനെ ഇന്നും ബാക്കി നില്‍ക്കുന്നു..
ഇവിടെ, ഇപ്പോഴും ഞങ്ങളുടെ അകത്തളങ്ങള്‍, മധുവും മഞ്ജുവും ഒക്കെ, കുറച്ചുദിവസങ്ങളുടെ ഒഴിവിലാണെങ്കിലും എത്തിപ്പെടുമ്പോള്‍, രണ്ടുപേരുടെയും സൗഹൃദങ്ങളും ഒന്നുരണ്ടുദിവസത്തേക്ക്, പഴയപടി സജീവമാകുന്നു. ആ പഴയ ബാല്യവസന്തങ്ങള്‍ ഡയമണ്ട് കട്സിന് വേണ്ടി, ചമ്മന്തിപ്പൊടിക്കു വേണ്ടി, പാലക്കാടന്‍ ഉള്ളിച്ചമ്മന്തി കൂട്ടി കുഴച്ച, മൊരിഞ്ഞ ദോശയുടെ ഉരുളകള്‍ക്കുവേണ്ടി, കുറുക്കുകാളനുവേണ്ടി ഒക്കെ എന്റെ അടുക്കളയില്‍ പരതുന്നു. അതുമല്ലെങ്കില്‍, മധുവോ മഞ്ജുവോ ഒക്കെ, ഇതെല്ലാം കാട്ടി ഫോണിലൂടെയാണെങ്കിലും അവരെയൊക്കെ കൊതിപ്പിക്കുന്നു. അവരുടെ പ്രതികരണങ്ങള്‍ എന്നിലും കുസൃതി നിറയ്ക്കുന്നു. അതുകൊണ്ടുതന്നെ,എനിക്കറിയാം, ഒരിക്കലും ഇങ്ങോട്ടുള്ള സന്ദര്‍ശനം അവര്‍ മാറ്റിവെയ്ക്കില്ലെന്ന്. ഞാന്‍ ഇന്നും അവര്‍ക്കൊക്കെ വേണ്ടി കാത്തിരിക്കുന്നു.
Content Highlights: Girija warrier shares childhood memories about her son Madhu and his friends, Women