ലോറിയുടെ ചില്ലിനും മഴയുടെയും ഇടയിലൂടെ ആ വീട് ഞാന്‍ നോക്കിക്കണ്ടു, ആകാംക്ഷയോടെ...


9 min read
Read later
Print
Share

എന്തായാലും, എനിക്ക് ഇന്നും ഓര്‍ക്കാതിരിക്കാനാവില്ല, വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഓടാമ്പല്‍ നീക്കി, ചേര്‍ത്തടച്ച വാതില്‍ തള്ളിത്തുറക്കുമ്പോള്‍ മൂക്കിലേക്കടിക്കുന്ന ഒരു പാവം ചന്ദനത്തിരിയുടെ മണം

വര: മദനൻ

മുഖത്തു പുരട്ടുന്ന ഈ ക്രീമിന്,തൃപ്പൂണിത്തുറയിലെ വാടകവീടിന്റെ ഗന്ധമാണ്, ഒട്ടും രൂക്ഷമല്ലാതെ, വീണ്ടും വീണ്ടും ആസ്വദിക്കാന്‍ തോന്നുന്ന ഒരു പാവം ചന്ദനത്തിരിയുടെ മണം.

ഈ മണം ആസ്വദിച്ചുകൊണ്ടാണു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒറ്റമുറിയുള്ള സ്വാമിയുടെ വാടകവീടിന്റെ വാതിലുകള്‍ ചേര്‍ത്തടച്ച് തണുത്ത പ്രഭാതങ്ങളി ,അലക്കിയ കഞ്ഞിമുക്കി തേച്ച മുണ്ടും വേഷ്ടിയും ഉടുത്ത് ചക്കംകുളങ്ങര ക്ഷേത്രത്തിലേക്ക് യാത്രയാവാറുള്ളത്.

സ്വാമിയുടെ വീട്ടില്‍ നിന്ന് ഇറങ്ങിയ ഉടനെയുള്ള ഗണപതികോവിലിലും പിന്നെ ചക്കംകുളങ്ങര ശിവക്ഷേത്രത്തിലും വിസ്തരിച്ചു തൊഴുതു മടങ്ങുമ്പോള്‍ സൂര്യന്‍ ഉദിച്ചുയരുന്നതേ ഉണ്ടാവൂ. ഇളം കാറ്റുമേറ്റ് അങ്ങനെ നടക്കുമ്പോള്‍ എന്നും മനസ്സില്‍ തോന്നും, എന്തെന്നില്ലാത്ത ഒരു ആനന്ദം. അത് എന്താണെന്ന് എനിക്ക് ഇപ്പോഴും പറയാന്‍ കഴിയില്ല. ഒരുപാടുവര്‍ഷം തമിഴ്‌നാട്ടില്‍ താമസിച്ചശേഷം തിരിച്ചു സ്വന്തം വീട്ടില്‍ എത്തി കാ നീട്ടി വിസ്തരിച്ച് ഒന്നു ഇരിക്കുന്നതുപോലെ ഒരു സുഖം. തമിഴ്‌നാട്ടില്‍ആയിരുന്നപ്പോള്‍ എപ്പോഴൊക്കെയോ കണ്ടിരുന്ന ഒരുസ്വപ്‌നം കയ്യകലത്തില്‍എത്തിയപോലെ ഒരു തോന്ന .

കാല്‍പാദങ്ങള്‍ക്കുമുകളില്‍ ഉരസുന്ന അലക്കിത്തേച്ച മുണ്ടിന്റെ മര്‍മ്മരം ഒരു സാന്ത്വനമായി തോന്നും. തിരിച്ച് സ്വാമിയുടെ വീടിന്റെ ഗേറ്റ് കടക്കുമ്പോഴേ മുകളില്‍ ജനാലക്കല്‍ വീട്ടുടമസ്ഥ മാമിയുടെ തല കാണാം.
''ഭാഗ്യവതി. ഇത്രനേരത്തേ അമ്പലത്തി പോയിട്ടു വന്ന്വോ?''
''വേഗം പോയിട്ടു വന്നു, മാമീ. മാധേട്ടനും മഞ്ജുവിനും ഒക്കെ രാവിലെ ചോറും കൊണ്ടു പോണ്ടതല്ലേ''
മാമിയോട് കുശലം പറഞ്ഞ്, താഴെ വീടിന്റെ ചേര്‍ത്തടച്ച വാതിലിന്റെ ഓടാമ്പല്‍ നീക്കി, തള്ളിത്തുറക്കുമ്പോള്‍ മാത്രം ഉറക്കത്തില്‍ നിന്ന് കണ്ണുമിഴിക്കുന്ന അച്ഛനും മോളും. അകത്തുകേറുമ്പോള്‍ മൂക്കിലേക്ക്ആ പഴകിയ വീടിന്റെയും ഒരു പാവം പാവം ചന്ദനത്തിരിയുടെയും നേര്‍ത്ത ഗന്ധം ഒഴുകിവരും. ആ ഒറ്റമുറിയില്‍ തുടങ്ങുന്ന ഒരു ദിവസത്തിനുപോലും എന്നെ സംബന്ധിച്ചിടത്തോളംവിരസത ഉണ്ടായിരുന്നില്ല എന്നതാണു സത്യം.

നാഗര്‍ കോവിലില്‍ നിന്ന് ജോലിസംബന്ധമായി തൃപ്പൂണിത്തുറയില്‍ വന്നപ്പോള്‍ ഞങ്ങള്‍ അനുഭവിച്ചതുപോലെ ഒരു നിസ്സഹായാവസ്ഥ മറ്റാരും അനുഭവിച്ചിട്ടുണ്ടാവില്ല. കൊച്ചിയില്‍ ജോലിയാണെങ്കിലും താമസിക്കാന്‍ ഒരു വാടകവീട് മഞ്ജുവിനെ ചേര്‍ത്ത സ്‌കൂളിന്റെ അടുത്ത്, തൃപ്പൂണിത്തുറയിലാണ് മാധേട്ടന്‍ കണ്ടെത്തിയത്. സ്വാമിയുടെ വീട് അഡ്വാന്‍സ് കൊടുത്ത് ബുക്ക് ചെയ്തിരുന്നതാണെങ്കിലും തര്‍ക്കത്തില്‍ കിടക്കുന്ന വീടായതുകൊണ്ട്‌സ്വാമിക്ക് അവസാനനിമിഷത്തില്‍ വാക്ക് മാറേണ്ടിവന്നു. അത്, നാഗര്‍കോവിലിലേക്ക് വിളിച്ചറിയിക്കാന്‍ ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യം ഇല്ലായ്കയും ബ്രോക്കര്‍മാരുടെ അനാസ്ഥയും കാരണം ഞങ്ങള്‍ തല്‍ക്കാലം പെരുവഴിയിലായെന്നു പറഞ്ഞാല്‍ മതിയല്ലോ.

ഈ വിവരങ്ങളൊന്നും അറിയാതെ അപ്പോഴേക്കും നാഗര്‍ കോവിലില്‍ നിന്ന് വീട്ടുസാധങ്ങള്‍ കയറ്റിവന്ന ലോറിയി ത്തന്നെ സാഹസികമായി ഞങ്ങള്‍ തിരിച്ചുകഴിഞ്ഞിരുന്നു, തൃപ്പൂണിത്തുറയിലേക്ക്. ഡ്രൈവര്‍ക്കു പിന്നിലെ നീളന്‍ സീറ്റില്‍ പുതിയ ഒരു നാട്ടിലെ ജീവിതം സ്വപ്‌നം കണ്ടുകൊണ്ട് ഒരു പുതുമയുള്ള യാത്ര. ജനിച്ച നാടും കൂട്ടുകാരും ഒക്കെ നഷ്ടപ്പെടുന്ന സങ്കടത്തില്‍ കരഞ്ഞു തളര്‍ന്നുറങ്ങുമ്പോള്‍ മഞ്ജുവിന് ചെറിയ പനിയും പല്ലുവേദനയും തുടങ്ങിയിരുന്നു. പുറത്താണെങ്കില്‍ തകര്‍ത്തുപെയ്യുന്ന മഴ.

ഇരമ്പിക്കുതിച്ച്, തമിഴന്‍ലോറി പുലര്‍ച്ചെ സ്വാമിയുടെ വീടിനുമുന്നില്‍ എത്തുമ്പോഴും,നിര്‍ത്താന്‍ ഭാവമില്ലാത്തതുപോലെ ലോറിക്ക്പുറത്ത് നീട്ടിക്കരയുന്ന ഇടവപ്പാതി.

ഗേറ്റില്‍ത്തട്ടി വിളിക്കുമ്പോള്‍ മഴയത്ത് കുടയുമായെത്തിയ വാച്ച്മാന്‍ ഭാസ്‌കരമാമനു സംശയം. തമിഴന്‍ ലോറിയില്‍ വന്നിരിക്കുന്നത് കള്ളന്മാരാണോന്ന്. കോളിങ്ങ്‌ബെല്ലടിച്ച് ഭാസ്‌കരമാമന്‍ സ്വാമിയെ ഉണര്‍ത്തുമ്പോള്‍ ലോറിയുടെ ചില്ലിനും മഴയുടെയും ഇടയിലൂടെ ആ വീടു ഞാന്‍ നോക്കിക്കണ്ടു ആകാംക്ഷയോടെ....
പക്ഷേ സ്വാമി ഉറക്കച്ചടവില്‍എഴുന്നേറ്റ് വന്നപ്പോഴാണു അറിയുന്നത് വീട്തര്‍ക്കത്തിലായതുകാരണം വാടകയ്ക്ക് കൊടുക്കാന്‍ പറ്റില്ലെന്ന് ബ്രോക്കര്‍മ്മാരെ അറിയിച്ചിരുന്ന കാര്യവും അവര്‍ ആ വിവരം ഞങ്ങളെ അറിയിക്കാത്ത കാര്യവും.
എന്തുചെയ്യണം എന്നറിയാതെ ലോറിയിലിരുന്ന് കരഞ്ഞില്ലെന്നേ ഉള്ളൂ. മടിയി പല്ലുവേദനയും പനിയുമായി തളര്‍ന്നുറങ്ങുന്ന മഞ്ജു.
സ്വാമിയ്ക്കു പിന്നാലെ മാമിയും വിവരം അറിഞ്ഞ് താഴെയെത്തി. പിന്നീട് സ്വാമിയും മാമിയുമായി മാധേട്ടന്‍ എന്തൊക്കെയാണു സംസാരിച്ചതെന്ന് അറിഞ്ഞുകൂടാ. മാധേട്ടന്‍ വന്ന് ഞങ്ങളോട് ലോറിയില്‍ നിന്ന് താഴെ ഇറങ്ങാന്‍ പറഞ്ഞു. ഉറക്കത്തില്‍ നിന്ന് ഞെട്ടിയുണര്‍ന്ന മഞ്ജുവിനെ താഴെ ഇറക്കുമ്പോള്‍ കുടയുമായി വന്ന് മാമി അവളെ, കുടക്കീഴി ചേര്‍ത്തു പിടിച്ച്അകത്തേക്ക് കൊണ്ടുപോയി. പിന്നീട്, അവര്‍ താമസിക്കുന്ന വീടിന്റെ മുകളിലെ നിലയിലേക്കും. ഒരു പരിചയവുമില്ലാത്ത അവളെ മാമി പനിക്കുള്ള ഒരു മരുന്നു കൊടുത്ത് സ്വന്തം മകള്‍ മഞ്ജുവിന്റെ തന്നെ പ്രായമുള്ള ചിത്രയുടെ കൂടെ കിടത്തിയുറക്കി. അപ്പോഴൊക്കെ, എന്റെ മനസ്സില്‍ മാമിക്ക് ഒരു ദേവതയുടെ രൂപം ഉടലെടുക്കുകയായിരുന്നു.

എന്റെയും മാധേട്ടന്റെയും പ്രാര്‍ത്ഥന കൊണ്ടോ എന്തോ, നേരം വെളുക്കുമ്പോഴേക്ക് മാമിയും സ്വാമിയും കൂടി ഒരു തീരുമാനത്തിലെത്തി. വേറെ ഒരു വീട് കിട്ടുന്നതുവരെ താഴത്തെ ഒറ്റമുറിയില്‍ ഞങ്ങള്‍ക്ക് താമസിക്കാം എന്ന് കരാറായി. തര്‍ക്കക്കാരെ സ്വാമി എങ്ങനെ നേരിട്ടു എന്ന് ഞങ്ങള്‍ മനപ്പൂര്‍വ്വം അന്വേഷിച്ചതേ ഇല്ല.

നേരം വെളുത്തപ്പോഴാണു ഞാന്‍ ആ വീടിന്റെ പൂര്‍ണ്ണരൂപം കാണുന്നത്. ഒരു ഭാര്‍ഗ്ഗവീനിലയം പോലെ പരന്നു കിടക്കുന്ന ഒരു പഴയ വീട്. തര്‍ക്കത്തില്‍ പെട്ട വസ്തുവായതുകൊണ്ടാവും, ജീര്‍ണ്ണതയിലേക്ക് ചാഞ്ഞുനില്‍ക്കുന്ന ഒരു രണ്ടുനില വീട്. വീടിന്റെ പകുതിഭാഗത്ത് 'ബോബിന്‍' നിര്‍മ്മാണ ഫാക്റ്ററി. പകല്‍ മുഴുവന്‍ ബഹളം വെയ്ക്കുന്ന യന്ത്രങ്ങള്‍. ബോബിന്‍ എന്ന വസ്തു ഞാന്‍ അതു വരെ കണ്ടിട്ടും കേട്ടിട്ടും ഇല്ലായിരുന്നു. വസ്ത്രനിര്‍മാണ രംഗത്ത് ഉപയോഗിക്കുന്ന വസ്തുവാണത്രെ. മരംകൊണ്ട്‌യന്ത്രത്തില്‍ കടഞ്ഞെടുക്കുന്ന നല്ല ഭംഗിയുള്ള ബോബിന്‍ എന്തായാലും എനിക്ക് ഇഷ്ടമായി. ഞങ്ങള്‍ക്ക് വിധിച്ചുകിട്ടിയ ഒറ്റമുറിക്ക് പഴയ തരം ഓടാമ്പലുകളൊക്കെയായി കരഞ്ഞു തുറക്കുന്ന നാലു വാതിലുകള്‍ ആയിരുന്നു. ഒന്നു മുന്‍ വശത്തേക്ക്, ഒന്ന് ബാത് റൂമിലേക്ക്, ഒന്ന് ഫാക്ടറിയിലേക്ക്, പിന്നൊന്ന് ഒരിക്കലും തുറക്കാത്ത പിന്‍ വശത്തേക്ക്. പൊളിഞ്ഞുതുടങ്ങിയ മൂന്നുജനലുകളില്‍ ഒന്ന് ഫാക്ടറിയിലെ തൊഴിലാളികള്‍ താമസിക്കുന്ന മുറിയിലേക്കും. വീടിന്റെ മുന്‍വശത്ത്, വലിയ തകര ഷെഡ്ഡില്‍ ഫാക്ടറിയിലേക്ക് ആവശ്യമായ മരത്തടികള്‍.

വര: മദനന്‍
വര: മദനന്‍

ആ മരത്തടികളുടെ കൂടെ, നാഗര്‍കോവിലി നിന്ന് ലോറിയില്‍ എത്തിച്ച മിക്ക സാധനങ്ങളും പൂട്ടിവെച്ചു. ഒറ്റമുറിയി അത്യാവശ്യമുള്ള സാധനങ്ങള്‍ മാത്രം ഇറക്കിവെച്ച്, വീടൊരുക്കുമ്പോഴാണ്, നാഗര്‍കോവിലില്‍സുഹൃത്തും അയ ക്കാരിയുമായിരുന്ന പ്രസന്നയുടെ ഓര്‍മ്മ വന്നത്. പ്രസന്ന ഇവിടെ,തൃപ്പൂണിത്തുറയി ഏതോ കോവിലകത്തെ ആണെന്നറിയാം. ഉടനെത്തന്നെ സ്വാമിയുടെ വീട്ടിലെ ഫോണില്‍ നിന്ന് പ്രസന്നയെ വിളിച്ച് സംസാരിച്ചപ്പോഴാണ് അറിയുന്നത് പ്രസന്നയുടെ അമ്മയും അച്ഛനും ഒക്കെ സ്വാമിയുടെ വീടിന്റെ തൊട്ടടുത്തു തന്നെയാണ് താമസം എന്ന്.പ്രസന്ന വീട്ടിലേക്കു വിളിച്ചു പറഞ്ഞ ഉടനെത്തന്നെ, ആദ്യം പ്രസന്നയുടെ അച്ഛന്‍ തമ്പുരാനും പിന്നെ അമ്മത്തമ്പുരാട്ടിയും സ്വാമിയുടെ വീട്ടിലേക്ക് എത്തി. ഞങ്ങളുടെ ദയനീയത കണ്ടിട്ടാവണം, തമ്പുരാന്റെ വാടകയ്ക്ക് കൊടുക്കാന്‍ വേണ്ടി മരാമത്ത് നടക്കുന്ന കോവിലകത്തിന്റെ പണി തീര്‍ന്നാലുടന്‍ കോവിലകത്തിന്റെ ഒരു ഭാഗം ഞങ്ങള്‍ക്ക് വാടകയ്ക്ക് തരാം എന്ന് തമ്പുരാന്റെയും തമ്പുരാട്ടിയുടെയും വാഗ്ദാനം ഉണ്ടായത്.

ഒട്ടും സ്വകാര്യതയില്ലാത്ത സ്വാമിയുടെ ആ കൊച്ചുവീടിനോട്, പക്ഷേ ഞങ്ങള്‍ എല്ലാവരും പെട്ടെന്ന് ഇഴുകിച്ചേര്‍ന്നു. അടുപ്പത്ത് കൂട്ടാന്‍ തിളയ്ക്കുമ്പോള്‍ മുകളില്‍ നിന്ന് മാമി വിളിച്ചുപറയും അത് എന്തു കൂട്ടാനാണെന്ന്. ജനലിനപ്പുറം ഫാക്ടറിയിലെ ജീവനക്കാര്‍ പാചകം ചെയ്യുന്ന മീന്‍ വറുത്തതിന്റെയും കോഴിക്കറിയുടെയും മണം ജനലിന്റെ പഴുതിലൂടെ അങ്ങനെ അരിച്ചിറങ്ങി വരും.

മഞ്ജുവിനായിരുന്നു, ഏറ്റവും സന്തോഷം. എന്തെങ്കിലും കാര്യത്തിന് അവളെ വഴക്ക് പറയാന്‍ തുടങ്ങുമ്പോഴേക്കും മാമിയും ചിത്രയും ഇടപെടും. പിന്നെ എനിക്കാവും കുറ്റം.

മാധേട്ടന്‍, ജോലി കഴിഞ്ഞു നേരത്തെ എത്തുന്ന ദിവസങ്ങളില്‍ പൂര്‍ണ്ണത്രയീശന്റെ അമ്പലത്തിലും അതിനടുത്തുള്ള പ്രസന്നയുടെ അച്ഛന്റെ മരാമത്തുപണി നടക്കുന്ന കോവിലകത്തും ഒരു സന്ദര്‍ശനം. അത് ഒരു പതിവായി. രാത്രികളില്‍, മുകളിലുള്ളവര്‍ക്കും താഴെയുള്ളവര്‍ക്കും ഉപയോഗിക്കാവുന്ന വരാന്തയി സ്വാമിയും മാമിയും, ചിത്രക്കുട്ടിയും പിന്നെ ഞങ്ങളും കൂടെ ഒരു വട്ടമേശ സമ്മേളനം. ഭാസ്‌കരമാമന്‍ ഷെഡിലെ കയറുവരിഞ്ഞ കട്ടിലില്‍ ഇരുന്ന് അന്നത്തെ വിശേഷങ്ങള്‍ പങ്കുവെയ്ക്കും. അതും ഒരു സ്ഥിരം പതിവായി. അതിന്റെ കൂടെ അത്താഴപ്പുറമേ ഞാനും മാധേട്ടനും മാമിയും കൂടി ഒരു മൂന്നുംകൂട്ടലും നാട്ടുവര്‍ത്തമാനങ്ങള്‍ അവിടെ അതിനിടയില്‍ അങ്ങനെ ചിതറി വീഴും.

രാത്രിയില്‍ സ്വാമിയും മാമിയും വരാന്തയി നിന്ന് പുറത്തേക്കുള്ള വാതിലുകള്‍ അടച്ച് മുകളിലേക്ക് പോകുന്ന സമയത്തു മാത്രമേ, വരാന്തയില്‍ നിന്നുള്ള ഞങ്ങളുടെ വാതിലുകള്‍ അടച്ചിടാറുള്ളൂ.

ഇടയ്ക്ക് മാമി തന്നെ സ്വയം സങ്കടപ്പെടും,''നിങ്ങള്‍ക്ക് ഇങ്ങനെ ഒരു ഒറ്റമുറിയി ഇടുങ്ങി താമസിക്കേണ്ടി വരുന്നുണ്ടല്ലോ ,ന്ന്'' -അപ്പോഴൊക്കെ ഞങ്ങള്‍ മാമിയെ ഓര്‍മ്മിപ്പിയ്ക്കും. ഒരു പരിചയവുമില്ലാത്ത ഈ നാട്ടില്‍, ഞങ്ങള്‍ ഒരു ലോറിയില്‍ വന്നിറങ്ങിയ ആ ഇടവപ്പാതിയിലെ കൊച്ചു വെളുപ്പാന്‍കാലത്തെപ്പറ്റി. ഒരു പരിചയവുമില്ലാത്ത ഞങ്ങളെ, ഏതോ പൂര്‍വ്വജന്മബന്ധം പോലെ ചേര്‍ത്തുപിടിച്ച സ്വാമിയെയും മാമിയെയും പറ്റി.

ഞാനും മാധേട്ടനും ഒരിക്കലും നാഗര്‍ കോവിലില്‍ താമസിച്ചിരുന്ന വലിയ വീടിനെക്കുറിച്ചോ സൗകര്യങ്ങളെക്കുറിച്ചോ മാമിയോട് സംസാരിച്ചിട്ടേ ഇല്ല. മാമി ഞങ്ങളോടും അതിനെപ്പറ്റി ഒന്നും സംസാരിക്കാറില്ല.

ഞങ്ങളുടെ ഒരുപാടു ബന്ധുക്കള്‍, തൃപ്പൂണിത്തുറയില്‍ ഉണ്ടെന്ന് അറിയാമായിരുന്നെങ്കിലും എവിടെയൊക്കെയാണെന്ന് ഒരു ബോധവും ഉണ്ടായിരുന്നില്ല. പറഞ്ഞുവന്നപ്പോള്‍ എല്ലാവരും ചുറ്റുവട്ടത്തുതന്നെയാണെന്ന് കണ്ടു പിടിച്ചുതന്നത് പ്രസന്നയുടെ അച്ഛന്‍ തമ്പുരാന്‍ തന്നെയായിരുന്നു. കുഞ്ചിവല്യമ്മയുടെ മക്കള്‍ ഉണ്ണ്യേട്ടനും,ശാന്തേട്ത്തിയും,ശങ്കരന്‍ കുട്ട്യേട്ടനും, ഒക്കെ. പ്രസന്നയുടെ വീടിന്റെ ഏകദേശം എതിര്‍വശത്തുതന്നെ ആയിരുന്നു ശങ്കരന്‍ കുട്ട്യേട്ടനും,സുഭദ്രേട്ത്തിയും താമസിച്ചിരുന്നത്. കൊട്ടാരം പോലെയുള്ള വലിയ വീട്, പത്മാലയം. വീടിന്റെ മുകള്‍ നിലയില്‍ വാടകയ്ക്കു താമസിക്കുന്നത് മഞ്ജു പഠിക്കുന്ന ചിന്മയ സ്‌കൂളിലെത്തന്നെ ഗീതടീച്ചറും കുടുംബവും. മഞ്ജുവിന്റെ കലാപരമായ ഓരോ നേട്ടങ്ങള്‍ അറിയുമ്പോഴും ശങ്കരന്‍ കുട്ട്യേട്ടനായിരുന്നു ഏറ്റവും അഭിമാനം, മഞ്ജു, തന്റെ അനന്തരവള്‍ ആണെന്നു പറയാന്‍. സുഭദ്രേട്ത്തിക്കും മഞ്ജുവിനെപ്പറ്റി പറയാന്‍ നൂറു നാവാണ്, ഇപ്പോഴും. എന്തു സഹായത്തിനു വേണമെങ്കിലും എപ്പോള്‍ വേണമെങ്കിലും ഓടിയെത്തുമായിരുന്നു, ശങ്കരന്‍ കുട്ട്യേട്ടന്‍.

കുറച്ചുദൂരെ മാറി, കുഞ്ചിവല്യമ്മയുടെ തറവാടായ കൃഷ്ണവിലാസില്‍ ഉണ്ണ്യേട്ടനും, ചേട്ത്തിയമ്മയും പിന്നെ ശാന്തേട്ത്തിയും മണ്യേട്ടനും. ഇവിടുത്തെയൊക്കെ ഓരോ വിശേഷത്തിനും ഞങ്ങളുടെ സാന്നിധ്യം കൂടി വേണമെന്നുള്ള അവരുടെ ആഗ്രഹം എന്തുകൊണ്ടാണാവോ എന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്. ശാന്തേട്ത്തിയുടെ മക്കള്‍ സഞ്ജീവും സതീഷും ചേര്‍ന്ന് സൈനിക് സ്‌കൂളില്‍നിന്ന് അവധിക്ക് വരുമ്പോഴൊക്കെ മധുവിനെ 'കൃഷ്ണവിലാസി'ലെ കുളത്തില്‍ നീന്തല്‍ പഠിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്.
അവിടത്തെ ഓരോ വിശേഷത്തിനും കുഞ്ചിവല്യമ്മയുടെ മക്കളില്‍ മിക്കവരെയും കാണുന്നതുകൊണ്ട്, എല്ലാവരുമായും നല്ല അടുപ്പമായിരുന്നു.

ഓപ്പ്മാന്‍ എന്ന് ഞങ്ങളൊക്കെ വിളിക്കുന്ന മാധേട്ടന്റെ അമ്മാമനും പൊന്നമ്മായിയും ഞങ്ങളുടെ അടുത്തുതന്നെയായിരുന്നു താമസം. മകള്‍ ദിവ്യയുടെ ഭര്‍ത്താവ് തിരുവില്വാമലയില്‍ എന്റെ കൂടെ പഠിച്ച ഉണ്ണി ആയിരുന്നു. അതുകൊണ്ട് അവരുമായുള്ള അടുപ്പത്തിന് എപ്പോഴും ഒരു ഗൃഹാതുരത്വം കൈ വന്നിരുന്നു.

മാധേട്ടന്റെ ചേച്ചിയുടെ മകള്‍ രാധയും ഭര്‍ത്താവ്,ബാബുവും വളരെ അടുപ്പമുള്ളവരായിരുന്നു. കുറച്ച് അകലെയാണെങ്കിലും,രാധയായിരുന്നു, ഷോപ്പിങ്ങിനും, അമ്പലങ്ങളില്‍ പോകാനും ഒക്കെ എനിക്ക് കൂട്ട്. ചിലദിവസങ്ങളില്‍ ഞങ്ങളില്‍ ആരുടെയെങ്കിലും ഒരാളുടെ വീട്ടില്‍ പാചക പരീക്ഷണങ്ങളാവും, അരങ്ങേറുക.

അവരുടെയൊക്കെ വലിയ വീടുകളില്‍ പോകുമ്പോഴും,അവര്‍ തിരിച്ച്, ഞങ്ങളുടെ കൊച്ചുവീട്ടിലേക്ക് സന്ദര്‍ശനത്തിനു വരുമ്പോഴും ആദ്യമൊക്കെ ഒരു വിഷമം തോന്നിയിരുന്നു. പിന്നെ പിന്നെ, അത് ഒരു ശീലമായി. ഒഴിവുദിവസങ്ങളില്‍ മരാമത്തുപണികള്‍ നടക്കുന്ന പ്രസന്നയുടെ കോവിലകത്തേക്കുള്ള സന്ദര്‍ശനവും കുറഞ്ഞുവന്നു. സ്വാമിയുടെ കൊച്ചുവീടുമായി അത്രയും ഇഴുകിച്ചേര്‍ന്നിരുന്നു അപ്പോഴേക്ക് ഞങ്ങള്‍ എല്ലാവരും.

ഞങ്ങള്‍ കേരളത്തിലേക്ക് താമസമാക്കിയതിന്റെ സന്തോഷം പങ്കിടാന്‍ മാധേട്ടന്റെ അമ്മയും, ചിറ്റശ്ശിയും, വല്യമ്മയുടെ മക്കളും, കുഞ്ഞൂട്ടേട്ടനും, ബോംബേയി നിന്ന് തങ്കച്ചേച്ചിയും ഒക്കെ ആ കുഞ്ഞുവീട്ടിലേക്ക് വിരുന്നെത്തിയിരുന്നു. മാമിയുടെ വീട്ടിലേക്ക് വരുന്ന അവരുടെ ബന്ധുക്കളും എല്ലാവരും കൂടി എത്തുമ്പോള്‍, പലപ്പോഴും ഒരു തുറന്ന പുസ്തകം പോലെയാവും, ഞങ്ങളുടെ ആ കൊച്ചുവീട്. ഒരു ഒളിവും മറയുമില്ലാത്ത കുറേ ദിവസങ്ങള്‍.

ചില ദിവസങ്ങളില്‍ വൈകുന്നേരം മാമിയുടെ കൂടെ ചിത്രയേയും മഞ്ജുവിനേയും കൂട്ടി നടക്കാനിറങ്ങും. നാഗര്‍ കോവിലില്‍ നിര്‍ത്തിവെക്കേണ്ടിവന്ന നൃത്തപഠനം തുടരാനായി ഒരു നല്ല ഗുരുവിനെ അന്വേഷിച്ചായിരുന്നു, മിക്കവാറും നടത്തം. ഒടുവില്‍ കണ്ടെത്തുക തന്നെ ചെയ്തു, ഒന്നല്ല, മൂന്നു പേരെ.. ദേവി ടീച്ചറെയും, വേണു മാഷെയും, ഗോപിമാഷെയും ഒക്കെ അങ്ങനെയാണു മഞ്ജുവിനു ഗുരുക്കന്മാരായി കിട്ടിയത്.

വെളുപ്പിനേ 7 മണിക്ക് എത്തണം, ദേവി ടീച്ചറുടെ ക്ലാസിന്. അടുക്കളജോലിയൊക്കെ നേരത്തേ തീര്‍ത്ത് മാധേട്ടനും മഞ്ജുവിനുമുള്ള ഉച്ചഭക്ഷണം പാത്രത്തിലാക്കിവെച്ച് അവളെയും കൊണ്ട് ദേവി ടീച്ചറുടെ വീട്ടിലെത്തുമ്പോള്‍ ടീച്ചറുടെ വീടിന്റെ പടിപ്പുര തുറന്നിട്ടുണ്ടാവില്ല. മുട്ടിവിളിച്ചാല്‍ ടീച്ചറുടെ അമ്മ ഒരു നിറഞ്ഞചിരിയൊടെ ഓടിവന്ന് വാതി തുറക്കും. പിന്നെ ടീച്ചര്‍ റെഡിയാവുന്നതുവരെ വീടിന്റെ വരാന്തയിലെ തിണ്ണയില്‍ തപസ്സ്. മഞ്ജുവിന്റെ ഉറക്കം തൂങ്ങുന്ന കണ്ണുകള്‍ കാണുമ്പോള്‍ വിഷമം തോന്നും. വൈകി വന്ന് ചേര്‍ന്നതുകൊണ്ട്അവള്‍ക്കു ക്‌ളാസ്സ് എടുക്കാന്‍ ടീച്ചര്‍ക്ക് വേറെ സമയം ഇല്ലാതിരുന്നത്‌കൊണ്ടാണ് അത്രയും നേരത്തെ ക്‌ളാസ് വെച്ചിരുന്നത്. പക്ഷേ, ടീച്ചര്‍ ചിരിച്ചുകൊണ്ട് അകത്തുനിന്ന് ഇറങ്ങി വരുമ്പോള്‍ അവളുടെ ഉറക്കമെല്ലാം പമ്പ കടക്കും. പിന്നെ ഭരതനാട്യത്തിന്റെ താക്കങ്ങളും ചൊല്ലുകളും അവിടെ പെയ്തിറങ്ങുകയായി.

ഗോപിമാഷെ പരിചയപ്പെട്ടതും ഒരു കഥ തന്നെ. എറണാകുളത്തെ ഒരു മല്‍സരവേദിയുടെ അണിയറയില്‍ വെച്ചാണ് മേക്കപ്മാന്‍ പിഷാരടി മാഷും സഹായി നളിനിയും കൂടെ ഗോപിമാഷെ പരിചയപ്പെടുത്തിയത്. അപ്പോള്‍ത്തന്നെ മോളെ പഠിപ്പിക്കാമോ എന്ന് ഞാന്‍ ചോദിക്കുകയും ചെയ്തു ഗോപി മാഷോട്. പക്ഷേ, മാഷ് തീര്‍ത്തുപറഞ്ഞു, പറ്റില്ലെന്ന്. തീരെ സമയമില്ലത്രെ. അതു വലിയൊരു വേദനയായി മനസ്സില്‍തങ്ങി നില്‍ക്കുമ്പോഴാണു മ സരം മുഴുവന്‍ കണ്ടശേഷം ഗോപിമാഷ് വീണ്ടും അണിയറയി എത്തുന്നത്.

നേരെ ഓടിവന്ന് മഞ്ജുവിനെ ചേര്‍ത്തുനിര്‍ത്തിക്കൊണ്ട് അദ്ദേഹം തന്നെ ഇങ്ങോട്ട് പറയുകയായിരുന്നു..,ഞാന്‍ പഠിപ്പിച്ചോളാം മോളെ എന്ന്. അങ്ങനെ ശനിയും ഞായറും ദിവസങ്ങളി ,കൊച്ചിയിലെ ഫൈന്‍ ആര്‍ട്ട്‌സ് ഹാളി ഗീതോപദേശം പോലുള്ള മനോഹര ഇനങ്ങളും പലയിനം നാടോടിനൃത്തങ്ങളും അവള്‍ക്ക് സ്വായത്തമായി.

ഉള്ള് ശുദ്ധമാണെങ്കിലും ഇത്തിരി ഗൗരവം ഭാവിക്കുന്ന വേണുമാഷും അവളുടെ ഗുരു ആയി. കുച്ച്പ്പുടിയുടെ തനതായ ചടുലതയുടെ ബാലപാഠങ്ങള്‍ പകര്‍ന്നുകൊടുത്തത് അദ്ദേഹം തന്നെ.

പിന്നീടെന്നോ ഒരു ദിവസം പ്രസന്നയുടെ അച്ഛന്‍ തമ്പുരാന്‍ ഇങ്ങോട്ട് വന്നു പറയുകയായിരുന്നു, വീടുപണി തീര്‍ന്ന വിവരം. എപ്പോള്‍ വേണമെങ്കിലും പോയി അവിടെ കേറിത്താമസിക്കാമെന്നായപ്പോള്‍, മനസ്സില്ലാമനസ്സോടെ സ്വാമിയുടെ വീട്ടില്‍ നിന്ന് ഇറങ്ങുകയായിരുന്നു. മാമിക്കും അത് വല്യൊരു വേദനയായി. എവിടെനിന്നോ വന്നെത്തി അവരുടെ ജീവിതത്തിന്റെ തന്നെ ഭാഗമായി മാറിയതുപോലെയായിരുന്നു മാമിക്ക് ഞങ്ങള്‍.

അങ്ങനെ ഒരു ദിവസം,ഞങ്ങളുടെ പൂട്ടിക്കെട്ടിവെച്ച ഒരുപാടു സാധനങ്ങളും അത്യാവശ്യത്തിനുമാത്രം പുറത്തിറക്കിയ കുറച്ച് വീട്ടുസാധങ്ങളുമായി വീണ്ടും ഒരു പറിച്ചുനടീല്‍. പ്രസന്നയുടെ അച്ഛന്റെ കോവിലകത്തേക്ക്.
അവിടത്തെ വലിയ പറമ്പിന്റെ മതിലിനോടു ചേര്‍ന്ന് പ്രസിദ്ധമായ കളിക്കോട്ട.സായംസന്ധ്യകളി കഥകളിയുടെ കേളികൊട്ട് ഉയര്‍ന്നുപൊങ്ങും.

പറമ്പിനു നടുക്ക് തെളിഞ്ഞ വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുളം. അത്യാവശ്യം ചില പകല്‍സമയങ്ങളില്‍, കുളപ്പുരയിലെ കല്‍പ്പടവില്‍ ഒറ്റക്കിരിക്കാന്‍ തോന്നാറുണ്ട്. കല്‍പ്പടവിലിരുന്ന് എന്തെങ്കിലും തിന്നാന്‍ ഇട്ടു കൊടുക്കുമ്പോള്‍ മാത്രം തലപൊക്കിയെത്തുന്ന പരല്‍ മീനുകളെക്കാണാന്‍ നല്ല രസമാണ്.

മതിലിനോടുചേര്‍ന്ന് വെളിയില്‍ '''കിഷാത്''ന്റെ ലൈബ്രറി...-വൈകുന്നേരങ്ങളില്‍ ശബ്ദായമാനമാകുന്ന, അവിടുന്നുള്ള കാരംസിന്റെയും ടേബിള്‍ ടെന്നീസിന്റെയും ഒക്കെ ശബ്ദങ്ങള്‍ സുപരിചിതമായി ദിവസങ്ങള്‍ക്കകം....-കോവിലകത്തിന്റെ പറമ്പിലൂടെ,നടന്നാല്‍ ഒരു കൊച്ചു ഗേറ്റ് ഉണ്ട്. അതുവഴിപോയാല്‍ റോഡ് ചുറ്റിവളയാതെ നേരെ പൂര്‍ണ്ണത്രയീശന്റെ അമ്പലത്തിനുമുന്നിലെത്താം.

വര: മദനന്‍
വര: മദനന്‍

വെളുപ്പാന്‍ കാലത്ത് ഇളംകാറ്റേറ്റ് അമ്പലത്തിലേക്ക് ഒരു നടത്തം. അമ്പലമുറ്റത്ത് കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന മഞ്ഞുതുള്ളിയുടെ കുളിര്‍മ്മയുള്ള മണ ത്തരികള്‍. അമ്പലനടയ്ക്കല്‍ നിന്ന് ഒന്നു രണ്ടു വരി കീര്‍ത്തനം. ധന്യമാകുന്ന ദിവസങ്ങളായിരുന്നു, അവ...
അവിടെ താമസമാക്കിയപ്പോഴും, മിക്കവാറും ദിവസങ്ങളില്‍ മാമിയുടെ വീട്ടിലേക്ക് സന്ദര്‍ശനം പതിവുണ്ട്. ഞങ്ങള്‍ താമസിച്ചിരുന്ന ആ ഒറ്റമുറി, അപ്പോഴൊക്കെ അടച്ചിട്ടിരിക്കുകയാവും. അതൊന്നു തള്ളിത്തുറന്ന്, അതിനുള്ളിലെ മണം ആസ്വദിക്കുംഞാന്‍. അതൊക്കെ കാണുമ്പോള്‍ മാമി കുലുങ്ങിച്ചിരിക്കും.
'' മത്യായില്ല്യാ,ല്ലേ, ജയിലില്‍ കിടന്നിട്ട്?''
അതിനു മറുപടി എനിക്കു ഒരിക്കലും പറയാനുണ്ടാവാറില്ല. മാമിക്ക് അതൊന്നും അറിയാത്തതും അല്ലല്ലോ..
അതിനൊക്കെ ശേഷം ഇപ്പോള്‍ വര്‍ഷങ്ങള്‍ കടന്നുപോയിരിക്കുന്നു. മാധേട്ടന്റെ ജോലിമാറ്റങ്ങള്‍ക്കനുസരിച്ച്, തൃപ്പൂണിത്തുറയില്‍ നിന്നും കണ്ണൂര്‍ക്കും, അവിടുന്നു പിന്നെ സ്ഥിരമായി പുള്ളിലേക്കും ഞങ്ങളുടെ വേരുകള്‍ പറിച്ചുനടപ്പെട്ടു.

ഇപ്പോഴും പല ആവശ്യങ്ങള്‍ക്കായി രണ്ടുമാസം കൂടുമ്പോഴെങ്കിലും കൊച്ചിയി എത്തുമ്പോള്‍ മിക്കവാറും ഒരു തൃപ്പൂണിത്തുറ സന്ദര്‍ശനം പതിവാണ്. ആദ്യം നേരെ മാമിയുടെ വീട്ടിലേക്ക്, അവിടുന്ന് ഒന്നുകില്‍ പ്രാതല്‍, അതുമല്ലെങ്കി ഉച്ചഭക്ഷണം. അത് മാമിക്ക് നിര്‍ബ്ബന്ധമാണ്. അല്ലെങ്കില്‍ ഒരു ദാക്ഷിണ്യവും ഇല്ലാതെ പിണങ്ങുകയും ചെയ്യും, മാമി. അതിനുശേഷം എല്ലാ ബന്ധുവീടുകളിലും പ്രസന്നയുടെ അച്ഛന്‍ തമ്പുരാന്റെ അടുത്തും ഒരു സന്ദര്‍ശനം. പഴയ ആ ഇടവപ്പാതിരാത്രിയും ഒരു തമിഴന്‍ ലോറിയും ഒക്കെ ഞങ്ങള്‍ക്കിടയില്‍ അപ്പോള്‍ ഒരു തമാശയായി കേറിവരും.

ഇപ്പോള്‍ അവിടെ സംഗതികളൊക്കെ മാറിയിരിക്കുന്നു. മാമിയുടെ വീടിനുമുന്നിലെ ദ്രവിക്കാന്‍ തുടങ്ങിയ തകരഷെഡ്ഡും, ഷെഡ്ഡില്‍ ഭാസ്‌കരമാമനും, എപ്പോഴും ബഹളമുണ്ടാക്കുന്ന ബോബിന്‍ ഫാക്ടറിയും ഒന്നും ഇപ്പോഴില്ല. പകരം മാമിയുടെ വീടിനുചുറ്റും, പറമ്പില്‍ നിറയെ പുത്തന്‍ വീടുകള്‍. മാമിതാമസം താഴെ ഒറ്റമുറിയിലേക്ക് മാറ്റിയിരിക്കുന്നു. വീടിന്റെ മുകള്‍ ഭാഗം ഇടയ്ക്ക് വാടകയ്ക്ക് കൊടുത്തു തുടങ്ങി. മാധേട്ടന്‍ ഞങ്ങളെയൊക്കെ വിട്ടുപോകുന്നതിനു കുറച്ചുദിവസം മുന്‍പേ തന്നെ സ്വാമി മരണപ്പെട്ടു. പഴയതു പോലെത്തന്നെ തര്‍ക്കം തീരാത്ത മാമിയുടെ വീട്, ഇപ്പോഴും ജീര്‍ണ്ണാവസ്ഥയില്‍ത്തന്നെ.

നന്മയുടെ പ്രതീകങ്ങളായ പ്രസന്നയുടെ അച്ഛന്‍ തമ്പുരാനും അമ്മത്തമ്പുരാട്ടിയും ഇഹലോകവാസം വെടിഞ്ഞിരിക്കുന്നു. പ്രസന്ന, തൃപ്പൂണിത്തുറയില്‍ സ്ഥിരതാമസമാക്കിയിരിക്കുന്നു.

എന്തായാലും, എനിക്ക് ഇന്നും ഓര്‍ക്കാതിരിക്കാനാവില്ല, വര്‍ഷങ്ങള്‍ക്കുമുന്‍പുള്ള ഓടാമ്പല്‍ നീക്കി, ചേര്‍ത്തടച്ച വാതില്‍ തള്ളിത്തുറക്കുമ്പോള്‍ മൂക്കിലേക്കടിക്കുന്ന ഒരു പാവം ചന്ദനത്തിരിയുടെ മണം. അത് ഓര്‍ക്കാന്‍ വേണ്ടി മാത്രമാണു ഞാന്‍ ഇന്നും, മുഖത്തുപുരട്ടാന്‍ ഈ ക്രീം തന്നെ ഇപ്പോഴും ഉപയോഗിക്കുന്നത്..

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlights: Girija warrier share her memories about Thrippunithura home, Women

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram