വര- മദനൻ
''ഹലോ..ഗിരിജയല്ലേ''
'' അതേലോ..''
'' ഊണു കഴിഞ്ഞ്വോ''
''ഇപ്പൊ കഴിഞ്ഞേള്ളൂ''
''എന്താ കൂട്ടാന്‍''
''മൊളകുവര്‍ത്ത പുളി''
'' കൂടെ വെള്ളപ്പയര്‍ മെഴുക്ക്വെരട്ടി ഇണ്ടാക്കീല്ല്യേ! അതോ, മുരിങ്ങേടെല ഉപ്പേര്യോ?''
''മുരിങ്ങേടെല ഉപ്പേര്യാ''
''ഇവ്‌ടെ ഇന്നു കൊപ്പക്കായ മൊളോഷ്യോം മാങ്ങാച്ചമ്മന്തീം ആയിരുന്നു''
''കൊത്യാവ്ണ്ടല്ലോ, അമ്മുച്ചേച്ച്യേ''
''വൈന്നേരം വന്നോളോ..വേണെങ്ക്യേ കൊണ്ടോവാം. ഒരു കാര്യം,ണ്ട്. ത്തിരി മൊളകുവര്‍ത്തപുളി ഒരു പാ
ത്രത്തിലാക്കീട്ടേയ്, ങ്ക്ടും എടുത്തോളോ, ട്ടോ...''
അങ്ങനെസംസാരിക്കാന്‍ അമ്മുച്ചേച്ചിക്കേ കഴിയുള്ളൂ...
ബന്ധം പറഞ്ഞുവന്നാല്‍, അമ്മുച്ചേച്ചി, മാധേട്ടന്റെ വല്യമ്മയുടെ മകളാണ്. എങ്കിലും, സ്വന്തം സഹോദരിമാരെക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യവും, ഒരു പ്രത്യേക അടുപ്പവുമാണ്, അമ്മുച്ചേച്ചിയോട്, മാധേട്ടന്റെ വീട്ടില്‍ എല്ലാവര്‍ക്കും.
എന്തായാലും, വിവരം കേള്‍ക്കേണ്ട താമസം, വൈകുന്നേരമാകുമ്പോഴേക്കും തിരുവുള്ളക്കാവിലേക്ക് പോകാന്‍ റെഡിയാവുകയായി. മാധേട്ടന്‍ ആവും ആദ്യം ഇറങ്ങുക. പിന്നാലെ കൊച്ചു തൂക്കുപാത്രത്തില്‍ മുളകുവര്‍ത്തപുളിയുമായി ഞാനും. തിരുവുള്ളക്കാവില്‍ അമ്പലത്തില്‍ തൊഴുത്, അവിടുത്തെ സഭകൂടലും കഴിഞ്ഞ്, നേരെ അമ്മുച്ചേച്ചിയുടെ വാര്യത്തേക്ക്... അപ്പോഴേക്കും ഇരുട്ട് പരന്നു തുടങ്ങിയിരിക്കും... അവിടെ ചെല്ലുമ്പോള്‍, മിക്കവാറും, അമ്മുച്ചേച്ചിയുടെ മരുമകന്‍ പ്രസാദ് പിറ്റേദിവസത്തേക്കുള്ള കൂട്ടാന്‍ കഷ്ണം നുറുക്കുകയാവും. പ്രസാദ് അങ്ങനെയാണ്. തലേദിവസം രാത്രി തന്നെ പച്ചക്കറികള്‍ ഒക്കെ നുറുക്കി വെയ്ക്കും. അത് മൂപ്പരുടെ അവകാശം പോലെയാണ്. ആ പണി വേറെ ആര്‍ക്കും വിട്ടുകൊടുക്കില്ല. വായില്‍ മുറുക്കാനും ഇട്ട് ആസ്വദിച്ച് അങ്ങനെ കഷ്ണം നുറുക്കുന്നത് കാണാന്‍ തന്നെ ഒരു രസമാണ്...നാക്കില മുറിച്ചതിനു മുകളിലെ മുട്ടിപ്പലകയില്‍ വെച്ച് അളന്നുമുറിച്ചതുപോലുള്ള മത്തങ്ങയുടെയും ചേനയുടെയും പടറ്റുകായയുടെയും മുരിങ്ങക്കായയുടെയും കയ്പക്കയുടെയും കാരറ്റിന്റെയും കഷ്ണങ്ങള്‍. അവ വിളിച്ചോതും, പിറ്റേന്നത്തെ അവിടത്തെ കൂട്ടാന്റെ വിവരം. ''ഓ...നാളെ അമ്മുച്ചേച്ചിക്ക് അവിയലും രസവും, ആണല്ലേ, കൂട്ടാന്‍''
''അവിടെ പുള്ളിലെന്താ നാളെ കൂട്ടാന്‍?''
''നാളെ ഉള്ളിസ്സാമ്പാറും, മാങ്ങാപ്പെരക്കും ണ്ടാക്കണംച്ചിട്ടാ... ഉപ്പേര്യൊന്നും വെക്ക്ണില്ല്യ. പപ്പടം പൊട്ടിച്ചു വറക്കും...അത്രന്നെ.''
''മാങ്ങാപ്പെരക്ക്ന്ന് തിരുവില്വാമലയില്‍ പറഞ്ഞാ മതി, ട്ടോ..ഞങ്ങക്ക് ഇവിടെ അത് പച്ചക്കടുമാങ്ങ്യാ...''
കര്‍ക്കടക മാസമാണെങ്കില്‍, വിഭവവൈവിധ്യങ്ങളൊക്കെ വേറെയാവും... തലേദിവസം രാത്രിതന്നെ അമ്മുച്ചേച്ചിയുടെ വിളി വരും.
''നാളെ മുപ്പെട്ടു വെള്ള്യാഴ്ചാണുട്ടോ. ചേമ്പിന്‍ തണ്ടും, പത്തിലയും ഒക്കെ റെഡ്യാക്കീല്ല്യേ''
''ഉവ്വ്,അമ്മുച്ചേച്ചീ... നാളെ പത്തില്യോണ്ട് ഉപ്പേര്യാ... തകര മാത്രം കിട്ടീല്ല്യാ.'' ''മുപ്പെട്ട് വെള്ള്യാഴ്ച ആയിട്ട്, നാളത്തേക്ക്, മൈലാഞ്ചി ഒക്കെ ഏര്‍പ്പാടാക്കീട്ടില്ലേ...''
''അതൊക്കെ അരച്ച്, നാളെ ഷീജ വരുമ്പോള്‍ കൊണ്ടുവരും.''
''ഇനീപ്പോ ചൊവ്വാഴ്ച, ചേമ്പിന്റെ തണ്ടു,ത്തിരി മോരൊഴിച്ച് കൂട്ടാന്‍ വെച്ചോളൂ... പത്തെല അവിടെ ഇല്ല്യാച്ചാല്‍ ഇവിടുന്നു കൊണ്ടോയ്‌ക്കോളൂ... ഇഷ്ടം മാതിരിണ്ട്, വ്‌ടെ''
ഇടിച്ചക്കക്കാലമാണെങ്കില്‍ പിന്നെ പറയണ്ട...
''ഇടിച്ചക്ക ഉപ്പേരി വെയ്ക്കുമ്പോ, നല്ലോണം വെളിച്ചെണ്ണ ഒഴിച്ചോളൂ, ട്ടോ... ഇല്ല്യാച്ചാല്‍ 'അമ്മാ'ന്ന് പറയാന്‍ പറ്റില്ല... ചുണ്ട് ഒട്ടിപ്പിടിക്കും.'' അങ്ങനെ, അമ്മുച്ചേച്ചിയുടെ തമാശകളും, സ്‌നേഹം പകരുന്ന കരുതലുകളും ഏറെ...
കര്‍ക്കടകത്തില്‍ ഞങ്ങളുടെ നാട്ടില്‍ ഉണ്ടാക്കുന്ന തവിട്ടടയും, ഉലുവാദോശയും അമ്മുച്ചേച്ചിക്ക് ഏറെ ഇഷ്ടമായിരുന്നു. ഉണ്ടാക്കുമ്പോഴൊക്കെ അതിന്റെ ഒരു വീതം അമ്മുച്ചേച്ചിക്ക് എത്തിച്ചുകൊടുക്കാന്‍ എനിക്കും മാധേട്ടനും എന്നും ഉത്സാഹമായിരുന്നു... കാരണം ഭക്ഷണം ആസ്വദിച്ചു കഴിച്ച് അഭിപ്രായം പറയുന്നവരെ ഞങ്ങള്‍ക്ക് എന്നും ഇഷ്ടമായിരുന്നു.
''ഇങ്ങനെ ഇടയ്ക്ക് ഓരോ തിരുവില്വാമല വിഭവങ്ങള്‍ സ്വാദു നോക്കാനാ കുട്ട്യെ ഇങ്ക്ട്, തിരുവുള്ളക്കാവ് വാര്യേത്തേക്ക് കല്യാണം കഴിച്ചു കൊണ്ടു വരാന്‍ ഞാന്‍ ഇവനോട് ശുപാര്‍ശ്ശ പറഞ്ഞത്. മനസ്സിലായ്യോ...'' എന്നും പറഞ്ഞ്, ഇളകിച്ചിരിക്കും അമ്മുച്ചേച്ചി. ഞാനും മാധേട്ടനും പരസ്പരം നോക്കി ചിരിക്കും.
അമ്മുച്ചേച്ചിയുടെ വിചാരം അങ്ങനെയാണ്. തിരുവില്വാമലയില്‍നിന്ന് തിരഞ്ഞുപിടിച്ചു കൊണ്ടുവന്ന് എന്നെ, തിരുവുള്ളക്കാവ് വാര്യേത്തെ മരുമകളാക്കിയത് അമ്മുച്ചേച്ചിയാണെന്നാണ് വാദം...പണ്ടൊക്കെ നടക്കുമായിരുന്ന മാറ്റക്കല്യാണത്തിലൂടെ, മാധേട്ടന്റെ ചേട്ടനും, അനിയത്തിയും എന്റെ അച്ഛന്റെ വാര്യേത്തെ മരുമകനും മരുമകളുമായ സമയത്താണ്, അമ്മുച്ചേച്ചിയെ പരിചയപ്പെടുന്നത്. മാധേട്ടന്റെ അനിയത്തിയുടെ കൂടെ, അച്ഛന്റെ വാര്യത്തേക്ക് വിരുന്നുവന്നതായിരുന്നു അമ്മുച്ചേച്ചി. കഴുത്തിനോടു ചേര്‍ന്നുകിടക്കുന്ന വീതികൂടിയ അഡ്ഡിയലും രണ്ടുവരി മണിമാലയും കൈയില്‍ സ്വര്‍ണവളകളുമൊക്കെ ഇട്ട് സുന്ദരിയായ അമ്മുച്ചേച്ചി. അത്ര പ്രായമൊന്നുമില്ലെങ്കിലും ഇടയ്ക്കിടെ വെറ്റില മുറുക്കുന്ന ശീലമുള്ള, വെള്ളവസ്ത്രം മാത്രം ധരിക്കുന്ന അമ്മുച്ചേച്ചി. ഇന്ദിരേട്ത്തിയുടെകൂടെ വിലസിനടന്നിരുന്ന എന്നെ അടുത്തുപിടിച്ചിരുത്തി പാട്ടുകള്‍ പാടിച്ചു. കുറേ വര്‍ത്തമാനവും പറഞ്ഞു. മനയ്ക്കലെ കുളത്തില്‍ എന്റെയും ഇന്ദിരേട്ത്തിയുടെയും കൂടെ കുളിക്കാന്‍ വന്നപ്പോള്‍ എന്റെ കയ്യില്‍ വൃത്തിയുള്ള വെളുത്ത തോര്‍ത്ത് കണ്ടപ്പോള്‍ അമ്മുച്ചേച്ചിയുടെ മുഖം വിടര്‍ന്നത് എന്തിനാണാവോ എന്ന് ഞാന്‍ ഓര്‍ത്തതുപോലുമില്ല. എന്റെ കയ്യില്‍ വെളുത്ത തോര്‍ത്തുമുണ്ട് കണ്ടപ്പോള്‍ അമ്മുച്ചേച്ചി ഊറിച്ചിരിച്ചുകൊണ്ട് പറഞ്ഞത് ഇന്നും എനിക്കോര്‍മ്മയുണ്ട്....''അവിടേം ഒരാള്‍ക്ക് നല്ലോണം വെളുത്ത തോര്‍ത്തേ ഇഷ്ടള്ളൂ''ന്ന്. അതാര്‍ക്കാണെന്ന് ഞാന്‍ ചോദിച്ചില്ല. അവിടെ ഒരു കല്യാണാലോചന രൂപപ്പെടുന്നതും അത് മാധേട്ടനു വേണ്ടിയാണെന്നും ഞാന്‍ അറിഞ്ഞില്ല.
മാധേട്ടന്റെ ചേട്ടന്റെയും മാധേട്ടന്റെ അനിയത്തിയുടെയും ഒരേ വേദിയിലുണ്ടായ കല്യാണത്തിന് ഞാന്‍ ഉടുത്തിരുന്ന സാരിയുടെ അതേ റോസ്‌നിറമുള്ള ഷര്‍ട്ടിട്ട്, ദൂരെ മാറി നിന്ന് എന്നെ ശ്രദ്ധിക്കുന്ന ചെറുപ്പക്കാരന്‍... അതുകൊണ്ടുമാത്രമാണോ എന്തോ, തുടങ്ങിയ പരിചയം. കല്യാണത്തിരക്കില്‍ത്തന്നെ രണ്ടോ മൂന്നോ പ്രാവശ്യം ഉണ്ടായ സൗഹൃദ സംഭാഷണങ്ങള്‍. അതിന്റെ അനുരണനങ്ങള്‍
പിന്നീട് ഒരു കല്യാണാലോചനയായി അമ്മുച്ചേച്ചിയുടെ ശുപാര്‍ശയുമായി രംഗത്തെത്തുന്നതിനുമുന്‍പു തന്നെ എന്റെയും മാധേട്ടന്റെയും മനസ്സില്‍ മൊട്ടിട്ട ഒരു മോഹപ്പൂ വേറെ ആരും കണ്ടിരുന്നില്ലല്ലോ.എന്തായാലും ഞങ്ങളുടെ കല്യാണത്തിനുശേഷം തിരുവുള്ളക്കാവില്‍ ചെല്ലുമ്പോഴൊക്കെ, പ്രായവ്യത്യാസം ഉണ്ടെങ്കിലും, അമ്മുച്ചേച്ചി എനിക്ക് നല്ലൊരു കൂട്ടായിരുന്നു.
പണ്ടൊക്കെ പുള്ളില്‍ നിന്ന് തിരുവുള്ളക്കാവിലേക്കും തിരിച്ചും ഉള്ള യാത്രകള്‍ ഇത്ര എളുപ്പമായിരുന്നില്ല.രണ്ടോ മൂന്നോ ബസ്സ് കേറിയിറങ്ങണം. അതുകൊണ്ട്, തിരുവുള്ളക്കാവില്‍ രണ്ടുദിവസത്തെയെങ്കിലും താമസമുണ്ടാവും ഒരു യാത്രയില്‍. അടുത്തുള്ള അമ്പലങ്ങളിലും ബന്ധുവീടുകളിലും ഒക്കെ പോകാന്‍ അമ്മുച്ചേച്ചി കൂടെ വരും. അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോഴും അമ്മുച്ചേച്ചി തന്നെയാണ് കൂടെ ഉണ്ടാവുക. അങ്ങനെ ഒരിക്കല്‍ അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകുമ്പോഴാണ് അമ്മുച്ചേച്ചി ആ വെളുത്ത തോര്‍ത്തുമുണ്ടിന്റെ കഥ പറയുന്നത്. മാധേട്ടന്റെ ഏറ്റവും നിര്‍ബ്ബന്ധമുള്ള ഒരു ആഗ്രഹമായിരുന്നൂത്രെ, കല്യാണം കഴിച്ചുകൊണ്ടുവരുന്ന കുട്ടി മുഷിഞ്ഞ തോര്‍ത്ത് ഉപയോഗിക്കുന്നവള്‍ ആവരുതെന്ന്. എന്നെ ആദ്യം അടുത്തു പരിചയപ്പെടുമ്പോള്‍, ഞാന്‍ ഉപയോഗിച്ചിരുന്ന വെളുത്ത തോര്‍ത്തുമുണ്ട് കണ്ടപ്പോഴുണ്ടായ അമ്മുച്ചേച്ചിയുടെ ആ കള്ളച്ചിരിയുടെ ഗൂഢാര്‍ഥം അന്നാണ് മനസ്സിലായത്. എന്തായാലും അവസാനം വരെയും വെളുത്ത തോര്‍ത്ത് മാധേട്ടന് ഒരു നിര്‍ബ്ബന്ധം തന്നെ ആയിരുന്നു...
തിരുവുള്ളക്കാവില്‍ രണ്ടുദിവസത്തെ താമസത്തിനിടയില്‍, ചേര്‍പ്പ് ഡേവിസണിലോ, ആണ്ടവറിലോ ഒരു സിനിമ ഉറപ്പാണ്. മാധേട്ടന്‍ നാട്ടില്‍ വന്നാല്‍ എല്ലാവരും ഒരുമിച്ച് ഒരു സിനിമ കാണാന്‍ പോക്ക്, അത് അമ്മുച്ചേച്ചിയുടെ ഒരു അവകാശം പോലെ ആയിരുന്നു. മാധേട്ടന്റെ അമ്മയ്ക്കും സിനിമാക്കമ്പമുള്ളതുകൊണ്ട് സെക്കന്റ് ഷോ ആണെങ്കിലും എല്ലാവരും കൂടി ആഘോഷമായി നടന്നുതന്നെയാണ് പോകുക. രാത്രി മാത്രം അടുക്കളപ്പണി ഒഴിയുന്ന കളപ്പുരയിലെ കുഞ്ഞേച്ചിയെയും, ശാന്തച്ചേട്ത്ത്യമ്മയെയും ഞങ്ങള്‍ നിര്‍ബ്ബന്ധിച്ച് കൂടെക്കൂട്ടും.
അമ്മുച്ചേച്ചിയുടെ ഭര്‍ത്താവ് ഈച്ചരേട്ടന്‍ പോലീസിലായിരുന്നു.തൊട്ടടുത്തൊക്കെ വീടുകള്‍ ഉണ്ടെങ്കിലും അമ്മുച്ചേച്ചിക്ക് രാത്രിയായാല്‍ അത്യാവശ്യം പേടിയാണ്. ഈച്ചരേട്ടനു രാത്രി ഡ്യൂട്ടിയാണെങ്കില്‍ പറയുകയും വേണ്ട. ഈച്ചരേട്ടനു രാത്രി ഡ്യൂട്ടിയുള്ള ദിവസം, വൈകുന്നേരം തന്നെ ഈച്ചരേട്ടന്റെ ഒരു പഴയ ചെരുപ്പ് പടിക്കെട്ടിനരികില്‍ കൊണ്ടു വെക്കും. ഈച്ചരേട്ടന്‍ വീട്ടിനകത്ത് ഉണ്ടെന്ന് പതുങ്ങിവരുന്ന കള്ളന്‍മാര്‍ വിചാരിച്ചോട്ടെ എന്നാണ് അമ്മുച്ചേച്ചിപറയുക.
തിരുവുള്ളക്കാവില്‍ താമസിച്ചു പഠിക്കുന്നതുകൊണ്ട് രാത്രി അമ്മുച്ചേച്ചിക്ക് കൂട്ട് കിടക്കാന്‍ മാധേട്ടനും വല്യമ്മയുടെ മകന്‍ ഉണ്ണ്യേട്ടനും എത്തും.കുറേനേരം ഉമ്മറത്തിരുന്ന് വര്‍ത്തമാനം പറഞ്ഞ് അമ്മുച്ചേച്ചി മെല്ലെ അകത്തുകേറി വാതിലടയ്ക്കും. മാധേട്ടനും ഉണ്ണ്യേട്ടനും കിടക്കാനുള്ള പായകള്‍ പുറത്തേക്കിടും. പിന്നെ ജനലില്‍ക്കൂടിയാണ് അമ്മുച്ചേച്ചിയുടെ സംസാരം. ''മാധവനും ഉണ്ണീം പേടിക്കണ്ടാട്ടോ. അമ്മുച്ചേച്ചി അകത്തുണ്ട്. ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതി.''
ഒരിക്കല്‍ അമ്മുച്ചേച്ചിക്ക് ക്ഷീണം മാറാന്‍ വേണ്ടി മാധേട്ടനും ഉണ്ണ്യേട്ടനും കൂടി ടോണിക് വാങ്ങിച്ചുകൊടുത്ത കഥയും (കു)പ്രസിദ്ധമാണ്.ടോണിക് കയ്യില്‍ കിട്ടേണ്ട താമസം, ഒറ്റവലിക്ക് പകുതിയോളം അകത്താക്കി. ക്ഷീണം വേഗം മാറാന്‍ വേണ്ടിയാണത്രെ. മാധേട്ടനും ഉണ്ണ്യേട്ടനും തിരിച്ച് ഗേറ്റ് തുറന്ന് പുറത്തിറങ്ങുമ്പോഴേക്കും അകത്തുനിന്ന്, അമ്മുച്ചേച്ചിയുടെ നിലവിളി. അവര്‍ അകത്തെത്തുമ്പോഴേക്കും, വെട്ടിയിട്ട പോലെ അമ്മുച്ചേച്ചി ഒരു വീഴ്ചയും.
ഇതൊക്കെ മാധേട്ടന്റെയും ഉണ്ണ്യേട്ടന്റെയും വക ബഡായികളാണോ എന്നും അറിയില്ല. അക്കാര്യത്തില്‍ രണ്ടുപേരും ഒട്ടും മോശക്കാരല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ, അവര്‍ ഇതൊക്കെ പറഞ്ഞു കളിയാക്കുമ്പോള്‍ അമ്മുച്ചേച്ചിക്ക് അത് നന്നേ രസിക്കും. ഉണ്ണിവയര്‍ കുലുക്കി ആസ്വദിച്ചു ചിരിക്കുകയും ചെയ്യും.
അമ്മുച്ചേച്ചിക്ക് ഇടയ്‌ക്കൊക്കെ, തിരുവുള്ളക്കാവില്‍ നിന്ന് ഒരു യാത്ര പതിവാണ്, പുള്ളിലേക്ക്.പുള്ളില്‍ വന്നാല്‍ മൂന്നുനാലുദിവസം കഴിഞ്ഞാലേ തിരുവുള്ളക്കാവിലേക്ക് മടങ്ങൂ. അച്ഛനോടും വല്ലിച്ചനോടും അഞ്ഞയോടും അമ്മയോടും ഒക്കെ വാചകമടിച്ച് അങ്ങനെ കൂടും. അച്ഛന്റെയും അഞ്ഞയുടെയും ഒക്കെ മുറുക്കാന്‍ ചെല്ലം പങ്കിടും. അമ്മുച്ചേച്ചി വന്നിട്ടുണ്ടെന്നറിഞ്ഞാല്‍,അയല്‍പക്കത്തെ സരോമയും, വിശാല്‍മയും ഒക്കെ ഉച്ചയൂണ് കഴിഞ്ഞ് നേരത്തെയെത്തും സഭ കൂടാന്‍. തളത്തിന്റെ നടുക്ക് മുറുക്കാന്‍ ചെല്ലത്തില്‍ വെറ്റിലക്കീറുകളും നീറ്റടക്കയും പുകയിലക്കഷ്ണങ്ങളും ചുണ്ണാമ്പുമൊക്കെ'ടപ്പേ'ന്ന് തീര്‍ന്നുകൊണ്ടിരിക്കും. വെറ്റിലയ്ക്കും അടക്കയ്ക്കും ഒന്നും ഒരു ക്ഷാമവും ഇല്ലാഞ്ഞിട്ടും എന്തിനാണ് എല്ലാവരും വെറ്റില കഷ്ണങ്ങളാക്കി കഴിക്കുന്നത് എന്ന് അതിശയിച്ചിട്ടുണ്ട് പലപ്പോഴും.
വെറ്റില, അരുമയായി മൂന്നോ നാലോ ഒക്കെയായി കീറും. അത് തുടച്ചുവൃത്തിയാക്കി ഇടത്തേ ഉള്ളംകയ്യില്‍ വെച്ച് ശ്രദ്ധാപൂര്‍വ്വം ചുണ്ണാമ്പ് തേച്ചു പിടിപ്പിക്കും. പിന്നീട് ആ വെറ്റിലക്കീറ് മെല്ലെ വായിലേക്ക് ഒതുക്കി വെയ്ക്കും. മേമ്പൊടിയായി , നേരിയതായി അരിഞ്ഞ നീറ്റടക്കയുടെ ചീളുകള്‍. അത് ഒന്ന് ചവച്ചു കഴിയുമ്പോള്‍ ചെറുതായരിഞ്ഞ പുകയിലക്കഷ്ണങ്ങള്‍ തുണി പിഴിയുന്നപോലെ വളച്ച്, ചെറുതാക്കി മുറിക്കും. ഒന്നു തിരുമ്മി അതും വായിലേക്ക്. ഇത് എല്ലാം മുറുക്കി തീരുന്നത് വരെ, വലത്തേ കയ്യിന്റെ ചൂണ്ടുവിരല്‍ത്തുമ്പത്ത് ഒരല്‍പം ചുണ്ണാമ്പുണ്ടാവും... അടയ്ക്ക കൂടിപ്പോയാല്‍, ക്രമീകരിക്കാന്‍. കൊച്ചുകഷ്ണങ്ങളാക്കിയ നീറ്റടയ്ക്കാച്ചീളുകള്‍ ചെല്ലത്തില്‍ സ്റ്റോക്ക് വേറെയും ഉണ്ടാവും. ചുണ്ണാമ്പ് കൂടിപ്പോയാല്‍ പ്രയോഗിക്കാന്‍. സരോമയും അമ്മുച്ചേച്ചിയും ഒക്കെ അങ്ങനെ മുറുക്കുന്നത് കാണുമ്പോള്‍ കൂടെ കൂടാന്‍ ഒരു കൊതിയൊക്കെ തോന്നും. പുകയില ഇല്ലാതെ വെറുതെ മൂന്നും കൂട്ടും. മാധേട്ടന്റെ അമ്മയ്ക്ക് പക്ഷെ,ഇതിലൊന്നും കമ്പമില്ല. ഇടയ്‌ക്കൊക്കെ ഓരോ നുള്ള് മൂക്കിപ്പൊടി...അതിനോടായിരുന്നു, മൂപ്പര്‍ക്ക് ഭ്രമം...
എല്ലാവര്‍ക്കും കാല്‍നീട്ടിയോ, ചുമരില്‍ ചാരിയോ, അതുമല്ലെങ്കില്‍ ചമ്രം പടിഞ്ഞോ ഒക്കെയാണ് ഇരിക്കാന്‍ ഇഷ്ടമെങ്കിലും അമ്മുച്ചേച്ചിക്ക്, തലയ്ക്ക് കൈകൊടുത്ത് ചെരിഞ്ഞ് കിടക്കാനാണ് ഇഷ്ടം. എത്രനേരം വേണമെങ്കിലും അങ്ങനെ കിടക്കും. ആരെങ്കിലും എന്തെങ്കിലും കാര്യമായ തമാശകള്‍ പറയുമ്പോള്‍ മാത്രം രസം മൂത്ത് എണീട്ടിരുന്ന് വെറ്റിലക്കറയുള്ള പല്ലുകള്‍ കാട്ടി ''നാരായണാ. എനിക്ക് വയ്യ ചിരിക്കാന്‍''എന്നു പറഞ്ഞ് തൊഴുത് പൊട്ടിച്ചിരിക്കും. പിന്നെ വീണ്ടും കിടക്കും, അനന്തശയനം പോലെ.
ഓണക്കാലത്തെ നാലു ദിവസങ്ങളില്‍ എന്നെങ്കിലും ഒരു ദിവസം അമ്മുച്ചേച്ചി പുള്ളില്‍ എത്താതിരിക്കില്ല. കൂടെ, കുഞ്ഞ്യേച്ചിയോ ശാന്തച്ചേട്ത്ത്യമ്മയോ അങ്ങനെ ആരെങ്കിലും ഉറപ്പായും ഉണ്ടാവും. അന്ന്, ഉച്ചയൂണിനു ശേഷം, വാര്യേത്തെ മുറ്റത്ത്, കൈകൊട്ടിക്കളി പൊടിപൊടിക്കും. അച്ഛന്‍ വലിയൊരു അലുമിനിയക്കലം നിറച്ച് ശര്‍ക്കരച്ചായയുമായി വരുന്നതു വരെ അത് നീണ്ടുപോകും. വിശാല്‍മയും സരോമയും ഒക്കെ അവനവന്റെ പ്രാഗല്‍ഭ്യങ്ങള്‍ അപ്പോഴാണ്പുറത്ത്‌കൊണ്ടുവരുക. ഇപ്പോള്‍ ഇതാ ഒരു ഓണക്കാലം കൂടി. നിറവും മണവും ഒക്കെ നഷ്ടപ്പെട്ട് മറ്റൊരു ഓണം.സ്വതവേ തന്നെ ഓണം തുടങ്ങുന്നത് ഒരു ദുഖച്ഛായയോടെ ആണ്. മക്കള്‍, ഓണത്തിന് എത്തുമ്പോള്‍ സല്‍ക്കരിക്കാന്‍ അടപ്പുള്ള വലിയ പാത്രങ്ങളില്‍ സൂക്ഷിച്ചുവെച്ച നാലുകീറിയതും വട്ടം കീറിയതുമായ വറുത്തുപ്പേരികള്‍, ചുക്കും ജീരകവും ഏലക്കയും ചേര്‍ത്തു പൊടിച്ച് പശുവിന്‍ നെയ് തൂവിയ ശര്‍ക്കര ഉപ്പേരി, പുളിയും ഉപ്പും മധുരവും എരിവും എല്ലാം സമാസമം ചേര്‍ത്ത് കുപ്പി ഭരണികളില്‍ സൂക്ഷിച്ച പുളിയിഞ്ചി, തേങ്ങ നല്ലപോലെ ചുവക്കെ വറുത്ത്‌പൊടിച്ച ചമ്മന്തിപ്പൊടി... അങ്ങനെ എന്റെ അമ്മയുടെ വക എല്ലാ രുചികളും കരുതിവെച്ച്, ഒരു ഓണത്തലേന്നാണ് അമ്മ, ഞങ്ങളെയൊക്കെ വിട്ടു പോയത്.
ആ ഒരു നൊമ്പരം, എന്നും ഓര്‍മിപ്പിക്കത്തക്കവിധം ഒരു പായല്‍ പോലെ ഓണക്കാലത്തെ പൊതിഞ്ഞ് അങ്ങനെ കിടക്കും. ആ നഷ്ടബോധങ്ങളില്‍ അമ്മുച്ചേച്ചി എന്നും ഒരു സാന്ത്വനം ആകാറുണ്ട്.
ഓര്‍ക്കാന്‍ മടിക്കുന്ന ആ പഴയ ഓണക്കാലത്തിന്റെ കയ്പുരസം മറക്കാന്‍ വേണ്ടി, ഓണത്തിന്റെ രണ്ടുമൂന്നു ദിവസം മുന്‍പു തന്നെ അമ്മുച്ചേച്ചിയെ ഫോണില്‍ വിളിച്ചു തുടങ്ങും.
''അമ്മുച്ചേച്ചി കായ വറുത്തില്ലേ?''
''മൂന്നു നാലു ദിവസം മുന്‍പേ വറുത്തു.''
''വട്ടനും നാലുകീറിയതും ഉണ്ടാവും,ല്ലേ.''
''ഉം..ശര്‍ക്കരുപ്പേരീം ണ്ടാക്കി. ഇക്കൊല്ലം വറത്തത് അസ്സലായിണ്ട്‌ട്ടോ'' പിന്നെ ഒരു രഹസ്യം പോലെ ശബ്ദം താഴ്ത്തി പറയും...
''അംബികയ്‌ക്കേയ്, അതിനൊക്കെ നല്ല കൈപ്പുണ്യാ...''
സ്വന്തം മകള്‍ അംബികയെ എല്ലാക്കാര്യത്തിലും നല്ല മതിപ്പാണ് അമ്മുച്ചേച്ചിക്ക്. പക്ഷേ, അക്കാര്യം ശബ്ദം താഴ്ത്തിയേ, അമ്മുച്ചേച്ചി എല്ലാവരോടും പറയൂ. അംബികയ്ക്ക് ഗമ കൂടണ്ടാ എന്നു വിചാരിച്ചിട്ടാണോ അങ്ങനെ മെല്ലെ പറയുന്നത് എന്ന് മാധേട്ടന്‍ ഇടയ്ക്ക് ചോദിക്കുന്നത് കേള്‍ക്കാം.
''ദിവസോം കായത്തൊലി തന്ന്യാവും, ഉപ്പേരി,ല്ലേ?''
''എന്താ സംശ്യം? കായ വര്‍ത്ത ഉരുളീലന്നെ കായത്തൊലി അങ്ക്ട് മൊരിയിച്ചാല്‍,ണ്ടല്ലോ... പിന്നെ കൂട്ടാനൊന്നും വേണ്ട. ഇറുക്കിക്കുഴച്ചങ്ങനെ ഉണ്ണാം ഒരു ഇടങ്ങഴിഅരി ചോറ്''
''അവിടുത്തെ ഉപ്പേരി വറവൊക്കെ കഴിഞ്ഞില്ല്യേ? എത്ര നേന്ത്രക്കുല വറുത്തു? കുട്ട്യോളൊക്കെ വരില്ല്യേ ഓണത്തിന്?''
പുളിയിഞ്ചിയുടെയും നാരങ്ങാക്കറിയുടെയും രുചികള്‍ പുള്ളില്‍നിന്ന് തിരുവുള്ളക്കാവിലേക്കും അവിടുന്ന് തിരിച്ചും ഫോണിലൂടെയും അല്ലാതെയും ഒക്കെ ഒഴുകും.
അമ്മുച്ചേച്ചി, അങ്ങനെ നൂറുകൂട്ടം വിശേഷങ്ങള്‍ ഒറ്റശ്വാസത്തില്‍ പങ്കുവെയ്ക്കുമ്പോള്‍, പതിയെ, ഒരു ഓണാന്തരീക്ഷമൊക്കെ മനസ്സില്‍ നാമ്പെടുത്തുതുടങ്ങും.
''പക്ഷേ, അമ്മുച്ചേച്ചിയും മാധേട്ട
നും ഒക്കെ എന്നും ഓണമാഘോഷിക്കുന്ന നാട്ടിലേക്ക് യാത്രയായിട്ട് വര്‍ഷങ്ങളായിരിക്കുന്നു.ഇപ്പോള്‍, ഇതാ ഒരു ഓണക്കാലം കൂടി. നിറവും മണവും ഒക്കെ നഷ്ടപ്പെട്ട്, നാലുപേരെ ഒന്നിച്ചു കാണാന്‍ പോലും ഉള്ള സാഹചര്യമില്ലാതെ മറ്റൊരു ഓണം. തുണിക്കടകളില്‍ പോയി തിക്കിത്തിരക്കി ഓണക്കോടികള്‍ വാരിക്കൂട്ടുന്നതിനുപകരം വീട്ടില്‍ പറന്നെത്തുന്ന കുത്താമ്പുള്ളിയുടെയും ബാലരാമപുരത്തിന്റെയും ഓണ്‍ലൈന്‍ ഓണക്കോടികള്‍. ഓണ വിശേഷങ്ങളും വിഭവവൈവിധ്യങ്ങളും പങ്കുവെക്കാന്‍ ഫോണ്‍ വിളികള്‍.
''ഹലോ..ഗിരിജേട്ത്ത്യമ്മ അല്ലേ''
''അതേലോ.''
''അംബികയാണ്. എന്തൊക്കെയാ വിശേഷം''
''സുഖം. ഓണൊക്കെ ആയീലോ''
''ഉപ്പേരി വറവൊക്കെ കഴിഞ്ഞ്വോ''
''ഇന്നലെ വറുത്തു വെച്ചു. അവിടെ എന്തൊക്ക്യായി ഒരുക്കം?''
''പുളീഞ്ചീം നാരങ്ങാക്കറീം ഒക്കെ ണ്ടാക്കി. ഇനി നാളെ കുറുക്കുകാളന്‍ വെയ്ക്കാം ന്ന് വിചാരിക്കുണൂ''
ഫോണിന്റെ അങ്ങേത്തലക്കല്‍, അമ്മുച്ചേച്ചിക്കു പകരം, മകള്‍ അംബിക.ജീവിതനദി അങ്ങനെ വീണ്ടും ഒഴുകിക്കൊണ്ടേയിരിക്കുന്നു.
കൊറോണയെ പുറത്തുനിര്‍ത്തി, ഓണം, ഇതാ വീണ്ടും വിരുന്നുവന്നിരിക്കുന്നു. നിറവും മണവും ഒക്കെ നമ്മള്‍ തന്നെ കണ്ടെത്തേണ്ടിയിരിക്കുന്നു എന്നുമാത്രം.
(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)
Content Highlights: Girija warrier share her memories about AmmuChechi and Onam