നീ പ്രസവിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഞാന്‍ സ്വപ്‌നം കണ്ടു, മാധേട്ടന്റെ കണ്ണുകളുള്ള സുന്ദരിക്കുട്ടി


By ഗിരിജാ വാര്യര്‍

5 min read
Read later
Print
Share

അന്ന്, എന്റെയും ഉഷയുടെയും മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും തുടരുന്നു. അതിന് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് എനിക്ക് തറപ്പിച്ചുതന്നെ പറയാന്‍ കഴിയും.

വര- മദനൻ

ധുവിന്റെ, പേടിപ്പെടുത്തുന്ന, ഒരു ആശുപത്രിവാസത്തിനുശേഷമുള്ള ഒരു ചെക്കപ്പിനിടയില്‍, ഇന്ദിരേച്ചിയുടെ ആശുപത്രിയുടെ വരാന്തയില്‍വെച്ചാണ്, ഞാന്‍ ഉഷയെ പരിചയപ്പെടുന്നത്. എന്റെ കൈയില്‍ മധു. നേരേമുന്നിലുള്ള കസേരയില്‍ മധുവിന്റെ അതേ പ്രായത്തിലുള്ള ഒരു ആണ്‍കുഞ്ഞുമായി നല്ല ഐശ്വര്യമുള്ള ഒരു സ്ത്രീ. ഇന്ദിരേച്ചിയുടെ ആശുപത്രിയില്‍ മാനേജര്‍ ദാസടക്കം എല്ലാവരും പരിചയക്കാരായതുകൊണ്ട്, മാധേട്ടന്‍ അവരിലാരെയോ കാണാന്‍വേണ്ടി പോയിരിക്കുന്നു.

കുറച്ചുകഴിഞ്ഞപ്പോഴേക്കും ദാസും മാധേട്ടനും നല്ല ഉയരത്തിലുള്ള ഒരു മനുഷ്യനുമായി വരാന്തയിലൂടെ നടന്നുവരുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ ഉയരം ഞാന്‍ ശ്രദ്ധിച്ചിരിക്കുമ്പോഴാണ്, മാധേട്ടന്‍ പരിചയപ്പെടുത്തുന്നത്, ''ഇത് സുരേന്ദ്രന്‍ സാര്‍. ഹിന്ദു കോളേജിലെ പ്രൊഫസറാണ്''എന്ന്. സുരേന്ദ്രന്‍ സാര്‍ എന്ന, മാധേട്ടന്റെ സുഹൃത്തിനെപ്പറ്റി ഞാന്‍ ധാരാളം കേട്ടിട്ടുണ്ടായിരുന്നു. ഞങ്ങളുടെ മലയാളി അസോസിയേഷന്‍ 'മിത്ര'ത്തിന്റെ വാര്‍ഷികത്തിനുവേണ്ടി മാധേട്ടനും സുരേന്ദ്രന്‍ സാറും ഒരുമിച്ച് ഒരു നാടകത്തില്‍ അഭിനയിക്കുന്നുണ്ടെന്നും കേട്ടിരുന്നു. ആളെ കാണുന്നത് ആദ്യമായിട്ടാണെന്നു മാത്രം. ഉടനെ സുരേന്ദ്രന്‍ സാര്‍ എന്റെ മുന്നിലെ കസേരയിലിരുന്നിരുന്ന സ്ത്രീയെയും പരിചയപ്പെടുത്തി: ''ഇത് എന്റെ ഭാര്യയാണ്, ഉഷ...''അന്ന്, എന്റെയും ഉഷയുടെയും മുഖത്തു വിരിഞ്ഞ ആ പുഞ്ചിരി ഇന്നും തുടരുന്നു. അതിന് ഒരു മങ്ങലുമേറ്റിട്ടില്ലെന്ന് എനിക്ക് തറപ്പിച്ചുതന്നെ പറയാന്‍ കഴിയും.

അതിന്റെ തൊട്ടടുത്തയാഴ്ചതന്നെ ഉഷ ഞങ്ങളുടെ വീട്ടില്‍ വന്നു. ഇടവഴിത്തലയ്ക്കല്‍ മോട്ടോര്‍സൈക്കിളിന്റെ ശബ്ദം കേട്ട് ഗേറ്റിനടുത്തുചെന്ന് എത്തിനോക്കുമ്പോള്‍ ഇടവഴിയിലൂടെ ചിരിച്ചുകൊണ്ട് കേറിവരുന്നു, ഉഷ. കൈയില്‍ മോന്‍ ദീപുവുമുണ്ട്. ഉഷയെയും മോനെയും അവിടെ ഇറക്കിവിട്ട്, തിരിച്ചുപോകാന്‍ തുടങ്ങുന്ന സുരേന്ദ്രന്‍ സാര്‍... അങ്ങനെ, ഒരുതരം ഔപചാരികതയുമില്ലാതെ തുടങ്ങിയ ഞങ്ങളുടെ സൗഹൃദം...

ഉഷ, ഞങ്ങളുടെ വീട്ടില്‍ എത്രനേരം ഉണ്ടാകുമെന്നോ സുരേന്ദ്രന്‍ സാര്‍ ഉഷയെ തിരിച്ചുവിളിക്കാന്‍ എപ്പോള്‍ എത്തുമെന്നോ ഒന്നും ഞങ്ങള്‍ക്കിടയില്‍ ഒരു സംസാരവിഷയമേ ആവാറില്ല. ഏതോ പൂര്‍വജന്മബന്ധം പോലെയുള്ള ഒരടുപ്പമായിരുന്നു, ഞങ്ങള്‍ക്കിടയില്‍.
പിന്നീടതൊരു പതിവായിമാറി. ഞായറാഴ്ചകളിലെ സായാഹ്നം ഞങ്ങളിലാരുടെയെങ്കിലുമൊരാളുടെ വീട്ടില്‍ കൂടുകയെന്നത് ഒരു പതിവായി.

ഇന്ദിരേച്ചിയുടെ ആശുപത്രിയുടെ മുന്നില്‍, ദാസ് നടത്തുന്ന 'കൃഷ്ണാ മെഡിക്കല്‍' സിനു മുന്നിലെ ബദാം മരച്ചുവട്ടിലാണ് മാധേട്ടന്റെയും സുരേന്ദ്രന്‍ സാറിന്റെയും മറ്റു സുഹൃത്തുക്കളുടെയും സായാഹ്നസംഗമം. അവിടത്തെ യോഗം പിരിഞ്ഞ് അവരെത്തുമ്പോള്‍ ഞങ്ങളുടെയും കൊച്ചുവര്‍ത്തമാനങ്ങള്‍ക്ക് ഒരു വിരാമമാവും. പിന്നീട്, അവരവരുടെ താവളങ്ങളിലേക്ക്.

ആയിടക്കാണ് ഉഷയ്ക്ക് ദിവ്യയും ഞങ്ങള്‍ക്ക് മഞ്ജുവും ജനിക്കുന്നത്. ദിവസവ്യത്യാസമേ അവര്‍ തമ്മിലുണ്ടായിരുന്നുള്ളൂ. ആ ഗര്‍ഭകാലം മുഴുവന്‍ ഞാനും ഉഷയും ഞങ്ങളുടെ വ്യാക്കൂണുകള്‍ തീര്‍ക്കുന്നത് ഒരുമിച്ചായിരുന്നു. മഞ്ജുവിനെ പ്രസവിക്കുന്നതിനു മുന്‍പുതന്നെ എനിക്ക് എന്റെ അമ്മയെ നഷ്ടപ്പെട്ടിരുന്നു. ആ ഗര്‍ഭകാലത്ത്, ഉഷയുടെ പ്രസവത്തിനായി നാഗര്‍കോവിലിലേക്കു വന്ന ഉഷയുടെ അമ്മ, എന്റെകൂടി രുചിതാത്പര്യങ്ങള്‍ക്കനുസരിച്ച് പാചകംചെയ്തുതന്നിരുന്ന വിഭവങ്ങളുടെ സ്വാദുകള്‍ ഇന്നും നാവില്‍ തങ്ങിനില്‍ക്കുന്നു. ഒരുകാര്യത്തില്‍ മാത്രമേ എനിക്ക് അവരോട് സ്വല്പം പരിഭവം തോന്നിയിരുന്നുള്ളൂ. ഉഷയുടെ വയറു കാണുമ്പോള്‍ അവര്‍ പറയും, ഉഷ പ്രസവിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞിനെയാണെന്ന്. എന്റെ വയറിന്റെ ലക്ഷണം കണ്ടിട്ട്, ഞാന്‍ പ്രസവിക്കാന്‍ പോകുന്നത് ആണ്‍കുഞ്ഞിനെയാണെന്നും പറയും അവര്‍. മധുവിനുതാഴെ ഒരു പെണ്‍കുഞ്ഞിനെ സ്വപ്‌നം കണ്ട്, അവള്‍ക്കൊരു പേരും കണ്ടുവെച്ച എനിക്കും മാധേട്ടനും അത് കേള്‍ക്കുമ്പോള്‍ അല്പം നിരാശയൊക്കെ തോന്നുമായിരുന്നു. പാവം, ഉഷയുടെ അമ്മയോട് അല്പം നീരസവും. കുഞ്ചേച്ചി മാത്രം, അന്ന് കൊല്‍ക്കത്തയില്‍നിന്നെഴുതി: 'നീ പ്രസവിക്കാന്‍ പോകുന്ന പെണ്‍കുട്ടിയെ ഞാന്‍ സ്വപ്‌നം കണ്ടു...ട്ടോ. മാധേട്ടന്റെതുപോലെ കണ്ണുകളുള്ള ഒരു സുന്ദരിക്കുട്ടിയെ.' കുഞ്ചേച്ചി എഴുതിയ ആ എഴുത്ത് ഞാന്‍ വീണ്ടും വീണ്ടും വായിച്ച് കൊതിതീര്‍ക്കുമായിരുന്നു.

കാത്തിരിപ്പിനൊടുവില്‍ ഉഷ പ്രസവിച്ചു. വെളുത്തുതുടുത്ത ഒരു പെണ്‍കുഞ്ഞിനെ, ദിവ്യയെ. ആശുപത്രിക്കിടക്കയില്‍ ഉഷയുടെ സമീപത്തു കിടക്കുന്ന സുന്ദരിക്കുഞ്ഞിനെ നോക്കി, ഞാന്‍ പ്രസവിക്കുന്നതും ഒരു പെണ്‍കുഞ്ഞായിരിക്കാന്‍ വേണ്ടി ശുചീന്ദ്രത്ത് ഹനുമാന് ഒരു വടമാല ചാര്‍ത്തിക്കൊള്ളാം എന്നു പ്രാര്‍ഥിക്കുകയും ചെയ്തു. എന്തായാലും, ദിവസങ്ങള്‍ക്കുശേഷം ഞാന്‍ പ്രസവിച്ചതും പെണ്‍കുഞ്ഞിനെത്തന്നെ. അന്ന് ഇന്നത്തെപ്പോലെ ഫോണ്‍ സൗകര്യമില്ലാത്തതുകൊണ്ട്, ഞാന്‍ പ്രസവിച്ച ഉടനെതന്നെ മാധേട്ടനെ ഉഷയുടെ വീട്ടിലേക്ക് വിടുകയായിരുന്നു. ഉഷയുടെ അമ്മയോട്, എനിക്ക് പെണ്‍കുഞ്ഞുണ്ടായ വിവരം പറയാന്‍.

വിവരമറിഞ്ഞപ്പോള്‍ ഉഷയുടെ അമ്മയ്ക്കും സന്തോഷമായി, ''ഗിരിജയുടെ ആഗ്രഹംപോലെതന്നെ ആയീലോ'' എന്നും പറഞ്ഞ്.
എന്തായാലും, എന്റെ അതേ പ്രായത്തില്‍ ഉഷയും മധുവിന്റെ അതേ പ്രായത്തില്‍ ദീപുവും മഞ്ജുവിന്റെ അതേ പ്രായത്തില്‍ ദിവ്യയും ആയതുകൊണ്ടാണോ എന്തോ, ഞങ്ങളുടെ കൂട്ടുകെട്ട് ഒരു സൗഹൃദത്തിലുപരി അങ്ങനെ വളര്‍ന്നുകൊണ്ടേയിരുന്നു. പല ദേശങ്ങളിലൂടെയും പല ചങ്ങാത്തങ്ങളിലൂടെയുമൊക്കെ കടന്നുപോയിട്ടും അത് ഇന്നും അതേപടി തുടര്‍ന്നുപോകുന്നതില്‍ പലര്‍ക്കും അസൂയതന്നെയുണ്ടെന്നു തോന്നിയിട്ടുണ്ട്, പലപ്പോഴും.

ഞങ്ങളുടെ കൂട്ടുകെട്ടിന് ഒരു വെറും സൗഹൃദത്തിന്റെ പരിവേഷം മാത്രമല്ലായിരുന്നു എന്നുതന്നെയാണ് എനിക്കു തോന്നുന്നത്. ഉഷയുടെ ബന്ധുക്കളെല്ലാം എന്റെയും ബന്ധുക്കളായി. ഉഷയുടെ അമ്മയോ ചേച്ചിയോ ചേച്ചിയുടെ മക്കള്‍ ശ്രീയോ ദീപ്തിയോ ഒന്നും എന്നെ വേറെ ഒരാളായി കണ്ടിട്ടേയില്ല. കൈയെത്തുന്ന അകലത്തില്‍ ഒരുപറ്റം മധുരബന്ധങ്ങള്‍. ദീപുവിനും ദിവ്യക്കുമൊക്കെ ഗിരിജ ആന്റിയോട്, ഇന്നും ഒരു പ്രത്യേക കരുതല്‍തന്നെയാണ്.

തീന്‍മേശയില്‍ കുറച്ചു വിഭവങ്ങളേ ഉള്ളൂവെങ്കിലും അത് എല്ലാവര്‍ക്കും ഒരേപോലെ വിളമ്പിയെത്തിക്കാനുള്ള കഴിവ് ഉഷയുടെ ഒരു പ്രത്യേകതയാണ്. അതുകൊണ്ട് ഞങ്ങള്‍ക്ക് എപ്പോള്‍വേണമെങ്കിലും കേറിച്ചെല്ലാന്‍ നല്ല ധൈര്യമായിരുന്നു, ഉഷയുടെ വീട്ടില്‍. അന്നൊന്നും ഫോണ്‍ സൗകര്യമില്ലാത്തതുകൊണ്ട്, ഞങ്ങള്‍ക്കൊക്കെ പത്രമിടുന്ന പയ്യന്‍ 'മണി'യായിരുന്നു, ഞങ്ങളുടെ സന്ദേശവാഹകന്‍. വാരാന്ത്യങ്ങളില്‍ ഡാന്‍സ്‌ക്ലാസ് കഴിഞ്ഞാല്‍, ഉഷയുടെ വീട്ടിലാണോ അതോ ഞങ്ങളുടെ വീട്ടിലാണോ ആ ആഴ്ചത്തെ ക്യാമ്പെന്ന് അങ്ങനെയാണു തീരുമാനമാവുന്നത്.

ആര്‍ക്കെങ്കിലും അസുഖം വന്ന് ആശുപത്രിയിലാവുമ്പോഴോ വീടുകളില്‍ എന്തെങ്കിലും പുതുക്കിപ്പണികള്‍ നടക്കുമ്പോഴോ ഒക്കെ ഞങ്ങള്‍ പരസ്പരം ആശ്രയമാകാറുണ്ടെന്നതാണ് വാസ്തവം. ഇപ്പോഴും ഞങ്ങളെല്ലാം ഒത്തുചേരുമ്പോള്‍, അക്കാലത്തെ, കുട്ടികളുടെ വിഡ്ഢിത്തങ്ങളും തമാശകളും തന്നെയാവും സംസാരവിഷയം.

ഉഷയിപ്പോള്‍ പന്തളത്താണ് സ്ഥിരം താമസം. നാഗര്‍കോവിലിലേക്കുള്ള യാത്രയ്ക്കിടെ അവിടെ ഒന്നോ രണ്ടോ ദിവസത്തെ 'ഇറക്കിപ്പൂജ'. അവിടന്ന് ഉഷയെയും കൂട്ടി, തിരുവനന്തപുരത്ത്, ഉഷയുടെ മോള്‍ ദിവ്യയുടെ അടുത്തേക്ക്. അവിടന്ന് ദിവ്യയും മോനുമായി നാഗര്‍കോവിലിലേക്ക്. കഴിവതും മഞ്ജുവിന്റെ ഒഴിവനുസരിച്ചാണ്, ഇത്തരം യാത്രകള്‍ ആസൂത്രണം ചെയ്യപ്പെടാറുള്ളത്. കാരണം, അവള്‍ ഏറെയാസ്വദിക്കുന്ന ചുരുക്കം ചില യാത്രകളിലൊന്നാണത്. അവളുടെ, തിരക്കിട്ട പരിപാടികള്‍ക്കിടയില്‍ അവളോടൊപ്പം എല്ലാം മറന്നുല്ലസിക്കാന്‍ കിട്ടുന്ന മൂന്നോ നാലോ ദിവസങ്ങള്‍, അതുമാത്രമായിരുന്നു എന്റെയും മാധേട്ടന്റെയും ലക്ഷ്യം.

നാഗരാജാ കോവിലിനു മുന്‍പില്‍ കളിപ്പാട്ടം വില്‍ക്കുന്ന താത്തയുടെ കൈയില്‍നിന്ന്, പ്രായം നോക്കാതെ, കളര്‍ കണ്ണടയും പീപ്പിയും വാങ്ങും മഞ്ജുവും ദിവ്യയും. വണ്ടിയില്‍ അന്ധന്മാരെപ്പോലെ, ആ കളര്‍ക്കണ്ണടയും ധരിച്ചാവും പിന്നത്തെ യാത്ര. പീപ്പി കേടാവുന്നതുവരെ ഊതിക്കൊണ്ടിരിക്കുകയെന്നതാവും അവരുടെ ലക്ഷ്യം. ഉഷയുടെ ചേച്ചിയുടെ മകള്‍ ശ്രീയുടെ അതിഥിയായി കൂടംകുളം ബീച്ചിലും, പിന്നീട് വട്ടക്കോട്ടൈ ബീച്ചിലും സൈ്വര്യമായി അര്‍മാദിക്കും. നാഗര്‍കോവിലിലെ, തിരക്കേറിയതാണെങ്കിലും, വീതികുറഞ്ഞ റോഡിലെ 'രാമലക്ഷ്മിയില്‍'നിന്ന് മസാല ചിപ്‌സും തിരുനെല്‍വേലി ഹല്‍വയും കിലോക്കണക്കിനു വാങ്ങിക്കൂട്ടും മാധേട്ടന്‍. അതെല്ലാം കഴിയുമ്പോഴാവും, സെലിന്‍ കുമാരി ടീച്ചറുടെ വക സ്‌നേഹസത്കാരം. അത് ഉടനെയൊന്നും അങ്ങനെ അവസാനിപ്പിക്കാന്‍ തീരെ ഉദ്ദേശ്യമില്ലാത്തപോലെ, നീണ്ടുനീണ്ടു പോകും. എത്ര സത്കരിച്ചാലും ടീച്ചര്‍ക്ക് തൃപ്തിയാവില്ല, പ്രത്യേകിച്ച് മഞ്ജുവിനെ. മറ്റുള്ളവരുടെയൊക്കെ വീടുകളില്‍ ഒന്നു തലകാണിക്കാനുള്ള സമയം മാത്രമേ ബാക്കിയുണ്ടാവൂ.

അങ്ങനെ എത്രയെത്ര കന്യാകുമാരി ,നാഗര്‍കോവില്‍ യാത്രകള്‍, നാഗര്‍കോവിലില്‍നിന്നു പോന്നശേഷം, ഓരോ വര്‍ഷവും. ഞങ്ങള്‍ എപ്പോഴെങ്കിലും പന്തളം വഴി എങ്ങോട്ടെങ്കിലും പോവുമ്പോള്‍ വീട്ടില്‍ കേറിയില്ലെങ്കില്‍ ഉഷയ്ക്ക് വലിയ പരിഭവമാണ്. സമയക്കുറവിന്റെ കാര്യം ചൂണ്ടിക്കാണിച്ചാല്‍, ഞങ്ങള്‍ പന്തളത്തുകൂടി കടന്നുപോകുന്ന കൃത്യം സമയത്ത്, ഉഷ ഞങ്ങള്‍ക്കുള്ള പൊതിച്ചോറുമായി റോഡിലെത്തും. ഞങ്ങളുടെ കാര്യത്തില്‍ അത്രയെങ്കിലും ഒരു പങ്ക് വേണമെന്ന് ഉഷയ്ക്ക് നിര്‍ബന്ധമാണ്. എന്തായാലും ഉഷയാന്റിയുടെ പൊതിച്ചോറു കഴിക്കാനുള്ള ഒരവസരവും ഞങ്ങളാരും, പ്രത്യേകിച്ച് മഞ്ജു, പാഴാക്കാറില്ല.

ആറ്റുകാല്‍ പൊങ്കാലയ്ക്കുവേണ്ടിയും ഇങ്ങനെ യാത്രകള്‍ പതിവാണ്. വര്‍ഷങ്ങളോളം നാഗര്‍കോവിലില്‍ താമസിച്ചിട്ടും ഒരുവര്‍ഷം പോലും ആറ്റുകാലില്‍ പൊങ്കാലയിട്ടിട്ടില്ലാത്ത ഞാന്‍, നാഗര്‍കോവിലില്‍നിന്നു പോന്നശേഷം എല്ലാവര്‍ഷവും പൊങ്കാലയിടാനെത്തും. പൊങ്കാലയുടെ തലേദിവസം നാഗര്‍കോവിലിലേക്ക്. അവിടന്ന് പിറ്റേന്ന് കൂട്ടുകാരെല്ലാവരുംകൂടി ഒരു വാടകവണ്ടിയില്‍ ആറ്റുകാലിലേക്ക്. പൊങ്കാലയിട്ട്, തിരിച്ച് നാഗര്‍കോവിലിലേക്ക്. അവിടന്ന് തിരിച്ച് പുള്ളിലേക്ക്. അന്നൊക്കെ ഉഷയും കുടുംബവും നാഗര്‍കോവിലില്‍ത്തന്നെയായിരുന്നു, താമസം.

ഉഷ, നാട്ടില്‍ താമസമാക്കിയതിനുശേഷം ആറ്റുകാല്‍ പൊങ്കാലയ്ക്കുവേണ്ടി ഒത്തുകൂടുന്നത്, തിരുവനന്തപുരത്ത്, ദിവ്യയുടെ വീട്ടിലായെന്നു മാത്രമായി വ്യത്യാസം. ദിവ്യയുടെ ഭര്‍ത്താവിന്റെ അമ്മയും അംബികാമ്മയും ദിവ്യയുടെ നാത്തൂന്‍ ലക്ഷ്മിയുമൊക്കെ എന്റെ ചങ്ങാതിച്ചങ്ങലയിലെ പുതിയ കണ്ണികളായി. പക്ഷേ, ഇപ്പോള്‍ രണ്ടുവര്‍ഷമായി, ഇത്തരം യാത്രകള്‍ക്കായി മുന്നിട്ടിറങ്ങുന്ന മാധേട്ടന്‍ കൂടെയില്ല. അതൊരു വല്ലാത്ത ശൂന്യതയായി മിക്കപ്പോഴും അനുഭവപ്പെടുന്നുണ്ടെങ്കിലും, ആ സാന്നിധ്യം എപ്പോഴും കൂടെയുള്ളതുകൊണ്ടായിരിക്കും, എന്റെ പതിവുകളെല്ലാം ഇന്നും അനുസ്യൂതം തുടരുന്നത്. മാധേട്ടനും എന്നും എന്റെ താത്പര്യങ്ങള്‍ക്കുതന്നെയാണല്ലോ മുന്‍തൂക്കം കൊടുത്തിരുന്നത്. ഇത്തവണ ഈ യാത്രയില്‍ ഞാന്‍ തനിച്ചേയുള്ളൂ. മഞ്ജു തിരുവനന്തപുരത്ത്. ഞങ്ങള്‍ തിരുവനന്തപുരത്തെത്തുമ്പോള്‍, അവിടന്ന് ഞങ്ങളുടെ കൂടെ ചേരും.

ഇവിടെയിതാ, ഇപ്പോള്‍, റോഡരികിലെ കടകളുടെ പരസ്യങ്ങളില്‍ പന്തളത്തിന്റെ മുഖമുദ്രകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരിക്കുന്നു. ഉഷയുടെ സാമീപ്യത്തിന്റെ ചൂരും ചൂടുമൊക്കെ എനിക്കനുഭവപ്പെടുന്നുണ്ടിപ്പോള്‍. എം.സി. റോഡില്‍നിന്ന് ഇടവഴിയിലേക്കിറങ്ങുമ്പോള്‍ ഉഷയുടെ ഫോണ്‍കോള്‍,'എവിടെയെത്തി' എന്ന ചോദ്യവുമായി. ഉഷയ്ക്കും അക്ഷമ തുടങ്ങിയിരിക്കുന്നു. ഇടവഴിത്തലയ്ക്കല്‍ തലയുയര്‍ത്തി, ഉഷയുടെ സാമ്രാജ്യം. അതിന്റെ മുഖമുദ്രയായി, വീട്ടുമുറ്റത്തെ കിണറ്റിന് അലങ്കാരമായി, ചിന്നംവിളിക്കുന്ന ആനയുടെ തുമ്പിക്കൈയിലെ താമരപ്പൂ.

വീടിനു മുന്‍വശത്തുതന്നെ നില്‍പ്പുണ്ട് ഉഷ. വരാന്തയില്‍ ചാരുകസേരയില്‍ സുരേന്ദ്രന്‍ സാര്‍. അടുക്കളയോടുചേര്‍ന്നുള്ള വരാന്തയില്‍, ഞങ്ങളൊക്കെ ചെല്ലുന്നുണ്ടെന്നറിഞ്ഞാല്‍ വഴിക്കണ്ണുമായി കാത്തിരിക്കാറുള്ള, സുരേന്ദ്രന്‍ സാറിന്റെ അമ്മയുടെ കസേര ശൂന്യമായിക്കിടക്കുന്നു. മാസങ്ങള്‍ക്കുമുന്‍പ് മരിച്ച ആ അമ്മ അവിടത്തെ നിറസാന്നിധ്യംതന്നെയായിരുന്നു. പുഞ്ചിരിയോടെ ഇറങ്ങിവന്നു, ഉഷ. ഇവിടെ ആ പുഞ്ചിരി പതിയെ എന്നിലേക്കും പടരുന്നു.

നിലാവെട്ടം, മുന്‍ അധ്യായങ്ങള്‍ വായിക്കാം

(ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്)

Content Highlights: Girija Warrier open up about her best friend Usha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram