യാത്ര വലിയ പാഷന്‍ ആയി കൊണ്ടുനടക്കാത്ത ആളാണ് ഞാന്‍. കേരളത്തിന് പുറത്ത് പല ഇടങ്ങളിലും പോകുമ്പോള്‍ ഭക്ഷണം, വെള്ളം, ടോയ്‌ലറ്റ്, വൃത്തി, തുടങ്ങിയ പല കാര്യങ്ങള്‍ എന്നെ അലട്ടാറുണ്ട്. അതുകൊണ്ടുതന്നെ ഒരു യാത്രാപ്രേമി അല്ലെന്നാണ് സ്വയം വിമര്‍ശനാത്മകമായി മനസ്സിലാക്കിയിട്ടുള്ളത്. പക്ഷേ ഓരോ യാത്രയും നമ്മെ അനുഭവത്തിന്റെ ഉരകല്ലില്‍ ഉരച്ചുരച്ച് പുതിയ മനുഷ്യരാക്കി മാറ്റും എന്നത് ഞാന്‍ നടത്തിയ ചുരുക്കം ചില യാത്രകള്‍ പഠിപ്പിച്ച പാഠമാണ്. തിരിഞ്ഞുനോക്കുമ്പോള്‍ ജീവിതത്തിലെ ഓരോ ഘട്ടത്തിലും യാത്രകള്‍ അനിവാര്യമായിരുന്നു എന്ന് മനസ്സിലാക്കുന്നു.
വീട് എന്ന വളരെ സ്വസ്ഥമായ ഒരു അവസ്ഥയില്‍ നിന്ന് ആദ്യത്തെ യാത്ര വേണ്ടി വന്നത് മൂന്നാം വയസ്സില്‍ നഴ്‌സറിയിലേക്കാണ്. പക്ഷേ എന്റെ വീടിന്റെ ഒരതിര് നഴ്‌സറിയാണ്. സുജാതടീച്ചര്‍ വന്ന് മുറിയൊക്കെ അടിച്ചുവാരി വെള്ളം കൊണ്ടുവച്ച് പ്രാര്‍ഥന തുടങ്ങുമ്പോള്‍ ഒരോട്ടത്തിന് നഴ്‌സറിയിലെത്താം. പതിനൊന്നുമണിക്ക് ചായ കുടിക്കാനും ഉച്ചയ്ക്ക് ചോറ് കഴിക്കാനും വീട്ടിലേക്ക് ഒരോട്ടത്തിന്റെ ദൂരം. അഞ്ചാം വയസ്സില്‍ സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ അതിലും വിശേഷം. ക്ലാസ് തുടങ്ങുന്നതിനുള്ള ബെല്‍ അടിച്ചാല്‍ വീട്ടില്‍ നിന്ന് ഇറങ്ങിയാല്‍ ടീച്ചര്‍ സ്റ്റാഫ് റൂമിൽ നിന്ന് ക്ലാസില്‍ എത്തുമ്പോഴേക്കും എനിക്കും ക്ലാസില്‍ എത്താം. വീട്ടില്‍ നിന്ന് രണ്ടുമിനിട്ട് നടന്നാല്‍ സ്‌കൂളായി. പത്താംക്ലാസ് വരെയുള്ള ജീവിതം ഇങ്ങനെ ലാസ്റ്റ് ബെല്ലുമായി ബന്ധപ്പെട്ട റോഡില്‍ കൂടിയുള്ള തിടുക്കപ്പെട്ട നടത്തമായിരുന്നു. ചിരപരിചിതരുടെ വീടുകള്‍, മിഠായി വാങ്ങാന്‍ കയറിയാല്‍ ഒറ്റുകൊടുക്കപ്പെടുന്ന അച്ഛന്റെ പരിചിതരുടെ കടകള്‍, തൊണ്ണൂറുശതമാനവും അച്ഛനെ അറിയുന്നതും അയല്‍ക്കാരും ഒക്കെ ആയ അധ്യാപകര്‍. നിലത്തുനോക്കി നടന്നുതീര്‍ത്ത രണ്ടുമിനിട്ടിന്റെ പെരുക്കപ്പട്ടിക പോലെ നീണ്ട പത്തുവര്‍ഷങ്ങള്‍.
അതേ സ്‌കൂളില്‍ പ്ലസ്ടു ഉണ്ടായിട്ടും പലവിധ കാരണങ്ങളാല്‍ വീട്ടില്‍ നിന്നും അരമണിക്കൂറിനടുത്ത് ബസ് യാത്ര ഉള്ള മണത്തണ സ്‌കൂളിലാണ് പ്ലസ്ടു പഠിച്ചത്. അപ്പോഴാണ് ബസ് യാത്ര തുടങ്ങുന്നത്. രവിലെ ഭക്ഷണം കഴിച്ചും കഴിക്കാതെയും ബസ് പിടിക്കാനുളള ഓട്ടങ്ങള്‍. 50 പൈസ പാസ് കൊടുത്തുള്ള ഞെങ്ങി ഞെരുങ്ങി യാത്രകള്‍, ബസ് ഇറങ്ങി സ്‌കൂളിലേക്കുള്ള നടത്തം. പല ഇടങ്ങളില്‍ വരുന്ന പുതിയ കുറേയേറെ സുഹൃത്തുക്കള്‍. ആ നാട്ടില്‍ കൂടിയുള്ള അലഞ്ഞുതിരിഞ്ഞുനടത്തങ്ങള്‍, ചെറുകിട പ്രേമങ്ങള്‍. ഓരോ ദിവസത്തെയും യാത്രകള്‍ക്കും പഠനത്തിന്റെ അസ്വസ്ഥതകളെ മായ്ച്ചുകളയുന്ന തരം മധുരം. പിന്നീട് അതിലും കൂടുതല്‍ ദൂരത്തിലേക്കുള്ള ഡിഗ്രി പഠനത്തിനായുള്ള യാത്രകള്‍. അങ്ങനെ തിരിഞ്ഞുനോക്കുമ്പോള്‍ എന്റെ യാത്രകള്‍ നഴ്‌സറി പഠനം തൊട്ടു പിജി വരെ വ്യാസം കൂടി കൂടി വരുന്ന വൃത്തങ്ങള്‍ പോലെ അടുക്കി അടുക്കി വരച്ചതാണെന്ന് തോന്നാറുണ്ട്.
വീട്ടുകാരുടെ കൂടെ, സുഹൃത്തുക്കളുടെ കൂടെ, പാര്‍ടണറുടെ കൂടെ ഒക്കെ പല ഇടങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഒറ്റയ്ക്ക് ഒരു യാത്ര എന്നത് സംഭവിച്ചത് 2015 ഡിസംബറിലായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി ഒരു അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുക്കാന്‍ ഒഡിഷയിലേക്ക് പോകേണ്ടി വന്നു. കാഞ്ഞങ്ങാട് നിന്ന് ബാംഗ്ലൂര്‍ വരെ ബസിനും ബാംഗ്ലൂര്‍ നിന്ന് ഭുവനേശ്വര്‍ വരെ ഫ്‌ലൈറ്റിനും. അയ്യോ ഞാനെങ്ങനെ ഒറ്റയ്ക്ക് പോകും എന്ന ചിന്തയേ ഉണ്ടായിരുന്നില്ല. പക്ഷേ ചില ആശങ്കകള്‍ മാറി നില്‍ക്കുന്നുമുണ്ടായിരുന്നില്ല. ഒന്ന്, മുജേ ഹിന്ദി മാലൂം നഹി എന്നതിനപ്പുറത്ത് ഹിന്ദിയുടെ എബിസിഡി അറിയില്ല എന്നതായിരുന്നു. മറ്റൊന്ന് ഫ്‌ലൈറ്റില്‍ യാത്ര ചെയ്ത് പരിചയവും പോര. ഭുവനേശ്വര്‍ വിമാനത്താവളത്തില്‍ നിന്ന് ഏതാണ്ട് ഒന്നരമണിക്കൂര്‍ യാത്ര ഉണ്ടായിരുന്നു സെമിനാര്‍ നടക്കുന്ന ഇടത്തേക്ക്. കെട്ട്യോനും കൂടെ ഉണ്ട് എന്ന് എന്റെ വീട്ടില്‍ കള്ളം പറഞ്ഞായിരുന്നു യാത്ര.
ബാംഗ്ലൂര്‍ എയര്‍പോര്‍ട്ടിലെ അസംഖ്യം വാതിലുകള്‍ക്ക് മുന്നില്‍ പകച്ചു നിന്ന എന്നെ എനിക്കിപ്പോഴും കാണാം. ആദ്യമായി യാത്ര ചെയ്തതിന്റെ അങ്കലാപ്പ് പുറത്ത് കാണിക്കാതെ വലിയ ട്രാവല്‍ ബാഗും പുറത്തുതൂക്കി, പലരോടും സംശയനിവാരണം നടത്തി ഞാന്‍ ഫ്‌ലൈറ്റില്‍ എത്തിപ്പെട്ടു. രണ്ടുപേരുടെ മധ്യത്തിലായിരുന്നു സീറ്റ്. മധ്യവയസ്‌കരായ എലീറ്റ് ആയ ജാഡ തെണ്ടികള്‍. അവര്‍ രണ്ടും സീറ്റ് പിന്നിലോട്ട് ചായ്ച്ച് ഉറങ്ങുകയോ വായിക്കുകയോ ചെയ്തു. ഫൈ്‌ലറ്റില്‍ കൂടെ ഉണ്ടായിരുന്ന എല്ലാവരും തന്നെ അവര്‍ക്കിഷ്ടമുള്ള എന്തൊക്കെയോ വളരെ റിലാക്‌സ്ഡ് ആയി ചെയ്തുകൊണ്ടിരുന്നു. ഞാനാവട്ടെ ആ മൂന്നുമണിക്കൂര്‍ നേരവും ഈ സീറ്റ് എങ്ങനെ പിന്നിലേക്ക് ചായ്ക്കാം എന്ന് ആലോചിച്ച് കുത്തിയിരുന്നു. മേഘങ്ങളെ കണ്ടുകൊണ്ടിരുന്നു. ഭുവനേശ്വര്‍ എയര്‍പോര്‍ട്ടില്‍ എത്തിയതിന് ശേഷം അവിടെ നിന്ന് കട്ടക്കിലേക്ക് വൈകുന്നേരം ആറുമണി സമയത്ത് നടത്തിയ ടാക്‌സി യാത്ര ആണ് ജീവിതത്തിലെ ഏറ്റവും പേടിച്ച സന്ദര്‍ഭം. അയാള്‍ക്ക് ആകെ അറിയാവുന്നത് ഹിന്ദി, എനിക്കറിയാത്തതും ഹിന്ദി. വണ്ടിയില്‍ കയറിയ ഉടനെ വണ്ടീടെ നമ്പര്‍ കെട്ട്യോന് മെസേജ് ചെയ്തു. വല്ലോം പറ്റിയാല്‍ ഒരു തുമ്പുവേണ്ടേ.
അറിയാത്ത സ്ഥലങ്ങളിലൂടെ, ഞാന്‍ ഇംഗ്ലീഷിലും അയാള്‍ ഹിന്ദിയിലുമായി പലതും പറഞ്ഞുകൊണ്ട് ഇരുട്ടിത്തുടങ്ങുമ്പോള്‍ ഒരു മണിക്കൂറിലധികം നീണ്ട ആ യാത്ര എന്നെ എങ്ങനെയൊക്കെ മാറ്റിമറിച്ചിട്ടുണ്ട് ഉള്ളാലെ എന്നത് ഇന്നും ഓര്‍ക്കാറുണ്ട്. പല സമയത്തും അയാള്‍ എന്നെ അതോ രഹസ്യകേന്ദ്രത്തിലേക്കാണ് കൊണ്ടുപോകുന്നത് എന്ന് ഭയന്ന്, എന്നാല്‍ ഭയം അശേഷം പുറത്തുകാട്ടാതെ കെട്ട്യോനെ വിളിച്ച് ചിരിച്ചുകൊണ്ട് ആശങ്കകള്‍ പറഞ്ഞുകൊണ്ടിരുന്നു. വഴിയിലെവിടെയേലും വെച്ച് അയാളുടെ ഒന്നോ രണ്ടോ കൂട്ടുകാര്‍ വന്ന് വണ്ടിയില്‍ കയറുമെന്ന് ഭയന്നു. ഒന്നുമുണ്ടായില്ല. കട്ടക്കിലെ ബോംബെ ഇന്‍ ഹോട്ടലില്‍ കൊണ്ടിറക്കി ചിരിച്ചുകൊണ്ട് സലാം പറഞ്ഞു പുള്ളി പോയി.
സെമിനാര്‍ നടക്കുന്ന രാവണ്‍ ഷാ യൂണിവേഴ്‌സിറ്റിയിലേക്ക് പത്തുമിനിട്ട് നടക്കാനുണ്ട്. വൈകുന്നേരം ഏഴുമണിക്കുള്ള ഉദ്ഘാടനത്ത് വേണ്ടി റൂമിലെത്തി ഫ്രഷ് ആയ ഉടനെ ഇറങ്ങി. എല്ലാവരും മുന്നേ എത്തിച്ചേര്‍ന്നതിനാല്‍ അവിടേക്കുള്ള യാത്രയിലും ഞാന്‍ ഒറ്റക്കായി. ഓട്ടോ കിട്ടുമോ എന്ന് റിസപ്ഷനില്‍ അന്വേഷിച്ചപ്പോള്‍ 'മാഡം, ഈ മാര്‍ക്കറ്റ് ക്രോസ് ചെയ്താല്‍ യൂണിവേഴ്‌സിറ്റി എത്തി' എന്ന് അവര്‍ പറഞ്ഞതനുസരിച്ച് നടക്കാന്‍ തീരുമാനിച്ചു. നിറയെ ഇരുട്ട് വീണ, പശുക്കള്‍ നിറഞ്ഞ ഊടുവഴി. വഴിയോരക്കച്ചവടക്കാരും പാന്‍ ചവച്ചുതുപ്പിക്കൊണ്ടിരിക്കുന്ന പുരുഷാരവും നിറഞ്ഞ ഈ വഴിയിലൂടെ നടക്കുമ്പോള്‍ പത്തുമിനിട്ടല്ല, പത്ത് കിലോമീറ്ററാണ് നടക്കുന്നതെന്നും ഈ വഴി ഒരിക്കലും നടന്നുതീരില്ലെന്നും എനിക്ക് തോന്നി. ഉളളില്‍ അടിയുറച്ച പല പൊതുബോധങ്ങളുടെയും ആകെ തുക.
തിരിച്ച് പത്തുമണിക്ക് ഹോട്ടലിലേക്ക് അതെ മാര്‍ക്കറ്റ് റോഡ് ക്രോസ് ചെയ്തു വരുമ്പോള്‍ ഞാന്‍ മറ്റൊരാളായിരുന്നു. സെമിനാറിന്റെ ടൈറ്റ് ഷെഡ്യൂള്‍ കാരണം പുറംകാഴ്ചകള്‍ അധികമൊന്നും കാണാന്‍ കഴിഞ്ഞില്ല. പക്ഷേ നാലാം ദിവസം ഞാന്‍ മടങ്ങുമ്പോഴേക്ക് ഇതല്ല ഇതിനപ്പുറവും ചാടിക്കടക്കും ഈ കെ.കെ.ജോസഫ് എന്ന ഒരു തരം ഈസിനെസ്സ് മനസ്സിന് വന്നുകഴിഞ്ഞിരുന്നു. അങ്ങോട്ട് ഭുവനേശ്വറില്‍ നിന്ന് കട്ടക്കിലേക്ക് ടാക്‌സി വിളിച്ചുപോയ ഞാന്‍ തരിച്ചുപോകുമ്പോള്‍ കട്ടക്കില്‍ നിന്ന് ലോക്കല്‍ ട്രെയിന്‍ കയറി ഭുവനേശ്വറില്‍ പോയി. ഒറ്റയ്ക്ക് യാത്ര ചെയ്ത് തഴക്കവും പഴക്കവും വന്ന ആളെപോലെ എയര്‍പോര്‍ട്ടിലെ കാര്യങ്ങളെല്ലാം ചെയതു. ഫ്‌ലൈറ്റില്‍ കയറി സീറ്റ് അഡ്ജസ്റ്റ് ചെയ്തു. കണ്ണടച്ച് വെറുതെ കിടന്നു. പുറത്ത് പഞ്ഞിക്കെട്ടുകള്‍ പോലെ ഒഴുകി നടന്നിരുന്ന മേഘങ്ങളെ പോലെ എന്റെ മനസ്സും ഈസിയായി ഉള്ളില്‍ ഒഴുകി നടക്കുന്നത് അറിയാനുണ്ടായിരുന്നു.
യാത്രകള്‍ സ്വാതന്ത്ര്യത്തിലേക്കുള്ള വാതായനങ്ങളാണെന്ന ക്ലീഷേ ഡയലോഗിനുമപ്പുറത്ത് മറ്റുപലതുമാണ് ഒരു യാത്ര. നിങ്ങള്‍ സ്ഥലം കാണാന്‍ പോകുന്നോ, ജോലി സംബന്ധമായി പോകുന്നോ, മറ്റേതെങ്കിലും ആവശ്യങ്ങള്‍ക്ക് പോകുന്നോ, ലക്ഷ്യത്തിന് ഉപരിയായി ആ യാത്ര തന്നെയാണ് നമ്മെ പുതിയൊരാളാക്കുന്നത്. പലവിധ അനുഭവങ്ങളിലൂടെ, മനുഷ്യരിലൂടെ, പ്രതിസന്ധികളിലൂടെ നമ്മെ പുതിയ മനുഷ്യരാക്കി ഉരുവപ്പെടുത്തുന്നതിലും പരുവപ്പെടുത്തുന്നതിലും യാത്രകള്‍ക്കുള്ള പങ്ക് ഒട്ടും നിസ്സാരമല്ല.
Content highlights: My first solo trip experience by Maneesha Narayanan