'ടിക്കറ്റിന് പൈസ കൊടുക്കാന്‍ ഒരു ഇരുപത് രൂപ കടം തരുമോ?'; ജീവനുള്ളിടത്തോളം മറക്കാനാവില്ല ആ യാത്ര


സുജാത ദേവി

4 min read
Read later
Print
Share

തിനെട്ട് വയസിലാണ്. ഡിഗ്രി ഫസ്റ്റ് ഇയര്‍.

അതിന് മുന്‍പും പല പല യാത്രകള്‍ - കൂടെയുള്ള ആളുകള്‍ മാറുമെന്ന് മാത്രം - അച്ഛന്‍, ഏട്ടന്‍മാര്‍ കൂട്ടുകാരികള്‍ -ഇത് എനിക്ക് തനിച്ച് പോയേ പറ്റൂ. അച്ഛന്‍ ഐ.സി.യു.വിലാണ്. ഏട്ടന്മാരുണ്ടവിടെ, എന്തൊക്കെയോ ടെസ്റ്റുകള്‍ പറഞ്ഞിട്ടുണ്ട്.

'രാവിലെ 7.20 മുതല്‍ 7.30-വരെയുള്ള സമയത്തെത്തിയാലേ അച്ഛനെ ഒരു നോക്ക് കാണിക്കൂ', ഏട്ടന്‍മാര്‍ എന്നെ പറ്റിക്കുകയായിരിക്കുമോ? പിന്നെന്തിനായിരിക്കും ടെസ്റ്റുകള്‍. ഇഞ്ചി വിറ്റ പണം 18,000- രൂപ കിട്ടിയിട്ടുണ്ട്. ഏട്ടന് റീ-ഇന്‍ബേഴ്‌സ്‌മെന്റ് ഉണ്ട്. എന്നാലും നാളെ ടെസ്റ്റിന് മുമ്പ് പണം അടക്കണം.

അമ്മക്ക് ചുമയും പനിയും. സഹായിയെയും അമ്മയെയും വീട്ടിലാക്കി. 'ഇന്ന് പോകണ്ട നാളെ രാവിലെ ആരെയെങ്കിലും കൂട്ടിപ്പോകാം' എന്ന് അമ്മ പറഞ്ഞത് കേട്ടുനില്‍ക്കാനുള്ള മന: സാന്നിധ്യം ഉണ്ടായില്ല. എന്റെ പൊന്നച്ഛനാണ് ഐ.സി.യുവില്‍. കല്‍പറ്റ ഹോസ്പിറ്റലില്‍ നിന്ന് മൊബൈല്‍ ആംബുലന്‍സില്‍ ഏട്ടന്റെ നിര്‍ബന്ധപ്രകാരം ഡിസ്ചാര്‍ജ് ചെയ്ത് കോഴിക്കോട് കൊണ്ടുപോയതാണ്. എനിക്കവിടെ എത്തി അച്ഛനെ കണ്ടേ പറ്റൂ. മൂന്ന് മണിക്കാണ് വിവരം വിളിച്ചു പറയുന്നത്. പെട്ടെന്നൊരുങ്ങി. അത്യാവശ്യ സാധനങ്ങളും അച്ഛന്റെ ഡ്രസ്‌, തോര്‍ത്തുകള്‍ പിന്നെയുമെന്തൊക്കെയോ എടുത്ത് വയ്ക്കുന്നതിനിടയില്‍ അമ്മ ചോദിച്ചു കൊണ്ടേയിരുന്നു. 'സമയം വൈകുന്നു നീ യൊറ്റയ്ക്ക് പോകുമോ.?'

ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല. വയനാട്ടിലെ ചീരാല്‍ എന്ന സ്ഥലത്ത് നിന്നും ഒരു പെണ്‍കുട്ടി വൈകുന്നേരം നാലുമണിക്ക് കോഴിക്കോടേക്ക് പുറപ്പെടുകയാണ്. അടുത്ത വീട്ടിലെ ആരെയെങ്കിലും കൂട്ടി പോകാന്‍ അമ്മയുടെ നിര്‍ബന്ധം.
രാത്രി അവിടെയെത്തി അവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട്. ഇന്നത്തെപ്പോലത്തെ സാഹചര്യമല്ലല്ലോ.

4 മണിക്ക് ബസ്സില്‍ കയറി. അര മണിക്കൂര്‍ സുല്‍ത്താന്‍ ബത്തേരിക്ക്.

'ച്ഛേ, ഈ ബസ്സെന്താ ഇഴയുന്നത്! '

ബത്തേരി ഇറങ്ങിയ ഉടനെ ഒരു കോഴിക്കോട് ബസ്‌കിട്ടിയ സീററില്‍ ചാടിക്കേറി ഇരുന്നു. സൂപ്പര്‍ഫാസ്റ്റാണ്. നിമിഷങ്ങള്‍ക്കകം ബസ്ഫുള്ളായി. ബസ് അരമണിക്കൂര്‍ കൊണ്ട് കല്‍പറ്റയും പിന്നിട്ട് വൈത്തിരിയിലേക്ക് കുതിക്കുകയാണ്. കണ്ടക്ടര്‍ മുന്നില്‍ നിന്നും ടിക്കറ്റ് കൊടുത്ത് വരുന്നു.

'ഒരു കോഴിക്കോട്' - കണ്ടക്ടര്‍ ടിക്കറ്റ് തന്നു
ബാഗ് തുറന്ന് പൈസയെടുക്കുകയാണ്. പൈസ 17,000- ഉണ്ട്. ശ്രദ്ധിച്ചെടുക്കണം ബാഗ് വളരെ ശ്രദ്ധിച്ചാണ് തുറന്നത്. പേഴ്‌സ് വീണുപോകരുത്.
'ഈശ്വരാ! പേഴ്‌സെവിടെ?' ശരീരത്തില്‍നിന്നും ഒരു വിറയല്‍.

വീട്ടിലെ മേശപ്പുറത്തിരിക്കയാണ് പേഴ്‌സ്. വീട്ടുചെലവിന് ഇറങ്ങാന്‍ നേരം ആയിരം രൂപ എടുത്ത് വെക്ക് എന്ന് അമ്മയോട് നിര്‍ബന്ധിച്ചിരുന്നു. അമ്മ തിരിച്ചു തന്ന പേഴ്‌സ് മേശപ്പുറത്താണ്. ബത്തേരി വരെ പ്രൈവറ്റ് ബസിനുള്ള ചില്ലറ ചുരുട്ടി കൈയില്‍ പിടിച്ചിരുന്നു. പുറത്തെ നല്ല മഴയിലും ബസ്സിനകത്ത് ഞാന്‍ വിയര്‍ത്തു കുളിച്ചു. 'തിരിച്ചു പോയാലോ.? '

ബത്തേരി കോഴിക്കോട് ടിക്കറ്റ് കൈയില്‍ വിയര്‍പ്പില്‍ നനഞ്ഞൊട്ടി. 'ഈശ്വരാ എന്ത് ചെയ്യും?'
തിരിച്ചു പോകണമെങ്കിലും പൈസ വേണമല്ലോ. പോരെങ്കില്‍ നല്ല മഴയും. ബത്തേരി കോഴിക്കോട് ടിക്കറ്റ് കൈയിലിരുന്ന് അലിയുകയും ചെയ്തു. ഒരു നിമിഷം ബോധം നഷ്ടപ്പെട്ടേക്കുമെന്ന് തോന്നി. ലോകപരിചയം അധികമില്ലാത്ത ആ പെണ്‍കുട്ടി കനത്ത് പെയ്യുന്ന മഴയിലും കട്ട കുത്തി വരുന്ന ഇരുട്ടിലും ആരോരും തുണയില്ലാതെ... അച്ഛന്‍ ഐ.സി.യു.വില്‍ ജീവന് വേണ്ടി പൊരുതുന്നതുകൂടി ആലോചിച്ചപ്പോള്‍ കണ്ണ് നിറഞ്ഞ് വന്നു.

അര നിമിഷം. സീറ്റിലും ചുറ്റും നോക്കി. അഞ്ച് കന്യാസ്ത്രീകള്‍ കൈയ്യില്‍ ജപമാലയിലെ മുത്തുകള്‍ ഓരോന്നായി എണ്ണി എന്തോ ഉരുവിടുന്നു

'ഒരുപകാരം ചെയ്യോ.?'പ്രാര്‍ത്ഥനയ്ക്ക് തടസമായ മുഖഭാവത്തോടു കൂടി അവരെന്നെ ഒന്ന് നോക്കി.
'ഞാന്‍ പേഴ്‌സ് എടുക്കാന്‍ മറന്നു പോയി.
അച്ഛന്‍ ഐ.സി.യുവിലാണ്.
എനിക്ക് ടിക്കറ്റിന് പൈസ കൊടുക്കാന്‍ ഒരു ഇരുപത് രൂപ കടം തരുമോ?
എവിടെയാണെങ്കിലും ഞാനെത്തിച്ചു തരാം'

'എന്താ പറഞ്ഞത്?' തൊട്ടടുത്തിരുന്ന കന്യാസ്ത്രീ ഒന്ന് കൂടി ചോദിച്ചു.

ഞാന്‍ ആവര്‍ത്തിച്ചു -'ഞാന്‍ പേഴ്‌സ് എടുക്കാന്‍ മറന്നു.
അച്ഛന്‍ ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ ഐ.സി.യു.വിലാണ്.
ടിക്കറ്റ് തന്നു.
പൈസ കൊടുത്തിട്ടില്ല.'
അപ്പോഴേക്കും പിറകിലെ സീറ്റിലെ 3 പേരും ഇടപെട്ടു.
'ഇങ്ങനെയെത്ര തട്ടിപ്പുകാരെ കണ്ടിരിക്കുന്നു?'
'...........
...........
..........'


തുടര്‍ന്നുളള സംഭാഷണങ്ങളില്‍ സാധാരണ നിലയില്‍ എന്റെ സംയമനം നഷ്ടപ്പെടേണ്ടതാണ്. 'മതി നിര്‍ത്ത്.' എന്റെ ശബ്ദം പൊങ്ങി.

ഇതേ സമയം തന്നെ വിയര്‍പ്പില്‍ കുളിച്ച കൈ കൊണ്ട് ഞാനെന്റെ ബാഗില്‍ തിരയുകയാണ്. മുന്‍പ് ചെയ്ത യാത്രകളുടെ ബാക്കി ചില്ലറകളും - പോക്കറ്റ്മണി - വിഷുക്കൈനീട്ടം തുടങ്ങി ആ പ്രായത്തിനിടയ്ക്ക് ബാക്കിയായ ചില്ലറകളെല്ലാം ഞാനെന്റെ പത്ത് വിരലുകള്‍ കൊണ്ട് സശ്രദ്ധം തോണ്ടിയെടുത്തു. ബാഗിന്റെ മുക്കിലും മൂലയിലും എന്റെ വിരലുകള്‍ പലവട്ടം സഞ്ചരിച്ചു. ഈ സമയത്ത് കണ്ടക്ടര്‍ ബള്‍ബിന്റെ വെളിച്ചത്തില്‍ ആളുകളുടെ എണ്ണമെടുത്തു കൊണ്ട് മുന്നോട്ടും പിന്നോട്ടും നടക്കുന്നുണ്ട്. ചില്ലറ വളരെ കൃത്യമായി എണ്ണി തിട്ടപ്പെടുത്തി. വീണ്ടും ഒന്നു കൂടി എണ്ണി.വീണ്ടും തിരിച്ചും മറിച്ചും.

'എന്നിട്ടും തികയുന്നില്ലല്ലോ ഈശ്വരാ.' പതിനേഴര രൂപയാണെന്നാണ് ഓര്‍മ. കണ്ടക്ടര്‍ക്ക് കൈമാറി. ചില്ലറ കണ്ടപ്പോള്‍ കണ്ടക്ടര്‍ നന്നായി എന്ന ഒരു ചിരിയാവണം ചിരിച്ചു.

ബാക്കി ആറര രൂപയുണ്ട്. വീണ്ടും വിയര്‍ക്കാന്‍ തുടങ്ങി. സ്റ്റാന്‍ഡില്‍ നിന്നും ബേബി മെമ്മോറിയലിലേക്ക് 10 രൂപ വേണം. മിനിമം ചാര്‍ജ്. രാത്രി, പരിചയമില്ലാത്ത സ്ഥലം. മിനിമം കൊടുക്കാന്‍ തന്നെയില്ല. അയാള്‍ ചിലപ്പോള്‍കൂടുതല്‍ ചോദിച്ചേക്കാം. ചിന്തകള്‍ കാട്കയറാന്‍ തുടങ്ങി.

ചിന്തകളില്‍ ആകുലതകള്‍ നിറഞ്ഞു. എങ്ങനെ ബേബി മെമ്മോറിയലില്‍ ഓട്ടോ വിളിക്കാതെ എത്തും? അതിനുള്ള പണമെവിടെ?
നടന്നുപോകാന്‍ ഒന്നാമത് വഴിയറിയില്ല. പോരാത്തതിന് രാത്രിയും. ആശുപത്രിയിലേക്ക് വിളിച്ചാല്‍ വന്നു കൂട്ടിക്കൊണ്ടുപോകാന്‍ നമ്പറില്ല. വീട്ടിലേക്ക് വിളിക്കുന്നത് മാത്രമേയുള്ളൂ. അച്ഛന് നാളത്തെ ടെസ്റ്റുകള്‍...

പേഴ്‌സ് മേശപ്പുറത്ത് കാണുമ്പൊഴുള്ള അമ്മയെ ഓര്‍ത്തു നോക്കി. അവിടെ നടക്കുന്നതെന്താണാവോ.?
മൊബൈലില്ലാത്ത കാലം.
ആകപ്പാടെ കലങ്ങിയ മനസ്സ്.
ഒരു നിമിഷത്തെ ഓര്‍മപ്പിശക്.

ബസ് ഇതിനകം സ്റ്റാന്‍ഡിലെത്തി.കണ്ട് പരിചയമുള്ള ആരെങ്കിലും ബസ്സിലുണ്ടോ?ആരുടേയും മുഖം പരിചയമില്ല. ബസ് അടുപ്പിക്കാന്‍ സ്ഥലമില്ലാത്തത് കൊണ്ടോ എന്തോ ഇറങ്ങിക്കോളൂ എന്ന് വിളിച്ചു പറയുന്നത് കേട്ടപ്പോള്‍ സ്റ്റാന്‍ഡ് എത്തി എന്ന് മനസിലായി.ആളുകള്‍ ഇടിച്ച് ഇറങ്ങാന്‍ തുടങ്ങി. സിസ്റ്റേഴ്‌സിന് പുറകെ ഞാനും ഇറങ്ങാന്‍ തയ്യാറായി.

'ചീരാലിലെ അച്ചുവേട്ടന്റെ മോളല്ലെ?'
'ങേ?'
കണ്ടക്ടറാണ്.
'അതെ.'
'എവിടെപ്പോകുന്നു?'
'അച്ഛന്‍ ഹാര്‍ട്ട് അറ്റാക്ക് ആയി ബേബി മെമ്മോറിയലിലുണ്ട്.'
'അയ്യോ അറിഞ്ഞില്ല കേട്ടോ.' ഞാനിറങ്ങി താഴെ എത്തിയതും ഞൊടിയിടയില്‍ ബസ് ഡബിള്‍ ബെല്ലടിച്ചു
ഈശ്വരാ ഇയാളെന്നെ നേരത്തെ
തിരിച്ചറിയാതിരുന്നതെന്താ?

സ്റ്റാന്‍ഡിന് പുറത്ത് മങ്ങിയ വെളിച്ചത്തില്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന ഓട്ടോറിക്ഷകള്‍. ഞാന്‍ പതര്‍ച്ച പുറത്ത് കാണിക്കാതെ ഒരു ഓട്ടോയ്ക്ക് നേരെ നടന്നു.അയാള്‍ ഓട്ടോ എടുക്കാന്‍ തയ്യാറായി ഇന്നത്തെപ്പോലെ ഇന്റര്‍വ്യൂ ഒന്നും ഉണ്ടായില്ല

'ചേട്ടാ.'

അയാള്‍ നോക്കി. 'എന്റെ കൈയ്യില്‍ ആറര രൂപയേയുള്ളൂ
എന്റെ അച്ഛന്‍ ഐ.സി.യു.വിലാണ് ബേബി മെമ്മോറിയലില്‍.
ബത്തേരി നിന്ന് പുറപ്പെട്ടപ്പോള്‍ തിരക്കില്‍ പേഴ്‌സ് എടുക്കാന്‍ മറന്നു.'

മറുപടി കാത്ത്, ഇന്റര്‍വ്യൂ കാത്ത് നിന്ന എന്നെ ഞെട്ടിച്ചു കൊണ്ട്

'കയറ്'

കയറി - ബേബി മെമ്മോറിയലിന്റെ മുറ്റത്ത് ഓട്ടോ നിന്നു.കൈയ്യില്‍ ഭദ്രമായി ചുരുട്ടിപ്പിടിച്ചിരുന്ന ആറര രൂപ നീട്ടി.
'വേണ്ട കൈയ്യില്‍ വെച്ചോ, എന്തെങ്കിലും ആവശ്യം വരും. ഇല്ല എന്റെ ഏട്ടന്‍മാരും അയല്‍ക്കാരുമൊക്കെ ഇവിടെയുണ്ട്.' പൈസ കൊടുത്തു.

നന്ദി എന്നോ Thanks എന്നോ ഉള്ള വാക്കുകളുടെ അര്‍ത്ഥം എത്രമാത്രം ചെറുതാണ് എന്നറിഞ്ഞു. ആ വാക്കുകളൊക്കെ നിഘണ്ടുവിലിരിക്കട്ടെ.

പതുക്കെ മുന്നോട്ടാഞ്ഞ് ബ്രേക്കില്‍ പിടിച്ചിരിക്കുന്ന ആ കൈയ്യില്‍ മൃദുവായി ഞാനൊന്ന് തൊട്ടു. ആത്മാവിന്റെ അടിത്തട്ടില്‍ നിന്നും ഒരു പൂ വിരിയുമ്പോലെയുള്ള മനോഹരമായ ഒരു ചിരി എന്റെ മുഖം നിറഞ്ഞുനിന്നു.
'ശരി. പോട്ടെ.?'
നിറഞ്ഞ ആ ചിരിയും ആത്മവിശ്വാസവുമായി ഞാന്‍ ഏട്ടനരികിലെത്തി. ബാക്കിയെല്ലാം ഫോണിലൂടെ ഏട്ടന്‍ തന്നെ പരിഹരിച്ചു. ദീര്‍ഘകാലം വീണ്ടും അച്ഛനോടൊത്ത്.

ആദ്യ യാത്ര തന്ന ആത്മവിശ്വാസം.
പിന്നീടെത്രയെത്ര യാത്രകള്‍..
എന്തെല്ലാം പാഠങ്ങള്‍..
എന്തെല്ലാം അനുഭവങ്ങള്‍..

എന്നാലും ആ യാത്ര ജീവനുള്ളിടത്തോളം മറക്കാനാവില്ല.


writer is..സുജാത ദേവി, മുന്‍ സീനിയര്‍ ലെക്ചര്‍, ഡിസ്ട്രിക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജുക്കേഷന്‍ ആന്‍ഡ് ട്രെയിനിങ്, കോഴിക്കോട്

Content highlights: Sujatha Devi Shares her experience of an adventurous solo trip

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram