'എന്നെ ആരെങ്കിലും തട്ടിക്കൊണ്ടുപോയാലോ?'


രഞ്ജിനി ശ്രീഹരി

4 min read
Read later
Print
Share

ത്താംക്ലാസ് പരീക്ഷ കഴിഞ്ഞതിന്റെ ആലസ്യത്തിലങ്ങനെ ഒരു പൂമ്പാറ്റയെപ്പോലെ തൊടിയിലെ പൂക്കളോടും കിളികളോടും കഥകള്‍ പറഞ്ഞും വീട്ടുകാര്യങ്ങളിലമ്മയെ സഹായിച്ചും ചുമ്മാ പാറിപ്പറന്ന് നടക്കുന്നതിനിടയിലൊരു വൈകുന്നേരമാണ് അപ്രതീക്ഷിതമായി ആ ഫോണ്‍കോള്‍ വന്നത്, ആരെങ്കിലും ഉടനെ കോയമ്പത്തൂര്‍ക്ക് ചെല്ലണമെന്നും പറഞ്ഞ്..!

അമ്മയും അച്ഛനും സീരിയസ് ആയിട്ട് എന്തൊക്കെയോ പ്‌ളാന്‍ ചെയ്യുന്നത് കണ്ട് മെല്ലെയൊന്ന് തലയിട്ട് ചെവികൂര്‍പ്പിച്ചു നോക്കിയതും , അമ്മയുടെ വക തലയ്‌ക്കൊരു കൊട്ട്.... കുട്ടികള്‍ക്ക് കേള്‍ക്കാനായ് അവരൊന്നും പറയുന്നില്ലാത്രേ.ഓഹോ, രാവിലെ മുറ്റമടിക്കാനും പാത്രം കഴുകാനും തുണി തിരുമ്പാനും ഒക്കെ ഈ കുട്ടിയെ വേണം. എന്തേ, അപ്പോഴൊന്നും ഞാന്‍ കുട്ടിയാണെന്ന് തോന്നൂല്ലേ ആവോ?

കുറച്ച് നേരം കഴിഞ്ഞ് അച്ഛനെന്നെ വിളിച്ച്, നിനക്ക് തനിയെ കോയമ്പത്തൂര് വരെ പോകാമോയെന്ന് ചോദിച്ചു.
'ഞാനോ, ഒറ്റയ്‌ക്കോ.അച്ഛാ ഞാന്‍ കുട്ടിയല്ലേ!
ദേ, കുറച്ചു മുന്‍പ് അമ്മ അത് പറഞ്ഞതല്ലേയുള്ളൂ.' നിഷ്കളങ്കയായി ഞാൻ ചോദിച്ചു.

'വയസ്സ് 15 കഴിഞ്ഞതേയുള്ളുവെങ്കിലും നിന്നെ കണ്ടാലൊരു 18 ഒക്കെ തോന്നും.പെണ്ണിനെ കെട്ടിച്ചു വിടാറായി.'
'ഓ കണക്കായ്‌പ്പോയി.' കറക്ട് ടൈമില് വന്നങ്ങ് ഗോളടിച്ചോളും, എന്റെ നേരാങ്ങള

അതേയ് അച്ഛന്‍ കാര്യം പറയുന്നുണ്ടോ വേഗം. ഞാൻ ഗൗരവക്കാരിയായി.

'നിനക്കിനിയും ഒരു മാസമുണ്ടല്ലോ റിസള്‍ട്ട് വരാന്‍. ഇവിടെ വെറുതെ നടന്നു സമയം കളയുവല്ലേ, നീ ഒരാഴ്ച കോയമ്പത്തൂര് പോയി ഏട്ടന്റെയും ഏട്ടത്തിയമ്മയുടെയും കൂടെ നില്‍ക്കൂ. അവളിപ്പോ ഗര്‍ഭിണിയുമാണല്ലോ. നീ അവിടെപ്പോയാലതവര്‍ക്കൊരു സഹായവുമാകും.'

അപ്പോ അതാണ് കാര്യം.കുറച്ചു മുമ്പ് വിളിച്ചത് ഏട്ടനാണ്, ഈ അവസ്ഥയില്‍ വീട്ടിലൊരു സഹായത്തിന് എന്നെ അവിടേക്കയക്കാനുള്ള ചരടുവലി ആയിരുന്നു!

'നിങ്ങളല്ലേ എപ്പോഴും പറയാറ്, ഞാന്‍ കുട്ടിയാന്ന്. പിന്നെങ്ങനെ തനിയെ അത്ര ദൂരം ഞാനൊറ്റയ്ക്ക്?' ഞാൻ വീണ്ടും നിഷ്കു അഭിനയിച്ചു.

'അഞ്ചാറ് മണിക്കൂറ് നേരത്തെ യാത്രയല്ലേയുള്ളൂ. രാവിലെ 7മണിയുടെ ട്രെയിനില്‍ കയറിയ ഉച്ചയ്ക്ക് അവിടെയെത്താലോ. സ്റ്റേഷനിലവര്് കാത്തു നില്ക്കാന്ന് പറഞ്ഞിട്ടുണ്ട്. നീ അത്യാവശ്യം വേണ്ടതൊക്കെയെടുത്ത് വെച്ച് റെഡിയാവൂ.'

ബാഗൊക്കെ യാന്ത്രികമായി പാക്ക് ചെയ്യുകയായിരുന്നു. ഇതുവരെ തനിച്ച് ഇത്രേം ദൂരം പോയിട്ടില്ലാ. 'എന്നെയാരേലും തട്ടിക്കൊണ്ട് പോയാലോ?' ആത്മഗതം കുറച്ചുറക്കെ ആയിപ്പോയി

'ഓ, പിന്നേ. എങ്കീ അവര് തെണ്ടിയത് തന്നെ. നിന്നെയെങ്ങാനും തട്ടിക്കൊണ്ട് പോയാ അരമണിക്കൂറ് കൊണ്ട് നിന്നെ അതേ സ്ഥലത്ത് തിരികെ ഇട്ടിട്ട് അവര് ഞങ്ങളെ രണ്ടു തെറിയും വിളിച്ചിട്ട് ഓടിപ്പോകും.' പിന്നേം ഏട്ടന്‍.

'നിനക്ക് എന്റെ കൂടെ വരാന്‍ പറ്റില്ലാന്നല്ലേ പറഞ്ഞേ. എങ്കീ ഇടയ്ക്കിടെ ഇങ്ങനെ വന്നു ചൊറിഞ്ഞു ഗോളടിക്കണ്ടാട്ടോ. ഞാനൊന്നു തിരിച്ചു വരട്ടേ, ഇതിനൊക്കെ ചേര്‍ത്ത് തരുന്നുണ്ട്. തിരിച്ചു വരാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചോളൂ, അതായിരിക്കും നല്ലത്. നീയ്യൊക്കെ എന്റെ ഏട്ടന്‍ തന്നെയാണോന്ന് സംശയിക്കേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്കാര്‍ക്കും ഒരു ടെന്‍ഷനൂല്ലെ.. ശ്ശെടാ!'

രാവിലെ അച്ഛന്റെ കൂടെ വീട്ടീന്ന് ഇറങ്ങുമ്പോ ഇന്നലെ വരെ ഉള്ളിലുണ്ടായിരുന്ന ആ കുട്ടിത്തം എന്നെവിട്ട് പോയതുപോലെ. ആശങ്കകളും ഭയവും ഉത്കണ്ഠയുമൊക്കെ മറച്ചുപിടിച്ച് യാത്ര പറഞ്ഞു!

നല്ല തിരക്ക് കാരണം ട്രെയിനില്‍ കയറിയ ഉടനെ എനിക്ക് സീറ്റ് കിട്ടിയില്ല. അന്നൊന്നും ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്ന പതിവൊന്നുമില്ലല്ലോ. ജനറല്‍ കംപാര്‍ട്ട്‌മെന്റായത്‌കൊണ്ട് ഓരോ സ്റ്റേഷനിലും ആളുകളിറങ്ങുന്നതും കയറുന്നതും നോക്കി നിന്നു.കോഴിക്കോട് എത്തിയപ്പോ കുറേപ്പേരിറങ്ങി, ജനാലയ്ക്കരികിലുള്ള സീറ്റ് തന്നെ എനിക്ക് കിട്ടി?

ചുറ്റും നോക്കി.പലതരം ആളുകള്‍!
ആരോടും അധികം സംസാരിക്കാനൊന്നും നില്‍ക്കണ്ടായെന്നും ഒറ്റയ്ക്ക് ആദ്യമായിട്ടാണെന്നോ ഭാവിക്കരുതെന്നുമൊക്കെ രാത്രി ഏട്ടന്റെ വക സ്‌പെഷ്യല്‍ ക്‌ളാസ്സ് ഉണ്ടായിരുന്നതുകൊണ്ട് ആരേയും നോക്കാതെ ഗൗരവത്തില്‍ പുറത്തെ കാഴ്ചകളും കണ്ടിരുന്നു.

ഒന്‍പതുമണിയൊക്കെ ആയപ്പോ ചെറുതായി വിശക്കാന്‍ തുടങ്ങി.ബാഗില്‍ നിന്നും അമ്മ പൊതിഞ്ഞു തന്ന ദോശയും ചമ്മന്തിയും വെള്ളവും പുറത്തെടുത്തു വെച്ചു. ഒരു മൂത്രശങ്ക പോലെ. ഈശ്വരാ ഞാന്‍ പെട്ട് ? ടോയ്ലെറ്റില്‍ പോകുമ്പോ എന്റെ ബാഗ് ആരേലും അടിച്ച് മാറ്റിയാ, എന്റെ വിന്‍ഡോ സീറ്റ് ആരേലും കൈയ്യേറിയാ.നൂറായിരം ചിന്തകളങ്ങനെ മുഖത്ത് ചിന്നിച്ചിതറി ഓടിമറയുന്നത് കണ്ടിട്ടാണെന്ന് തോന്നുന്നു മുന്നിലെ സീറ്റിലിരുന്ന ചേച്ചി 'കുട്ടിക്ക് മൂത്രമൊഴിക്കണേല്‍ പോയ്‌ക്കോളു. ബാഗ് ഞാന്‍ നോക്കിക്കോളാ'മെന്ന് പറഞ്ഞു.

കേട്ടപാതി ഞാനോടി. പിന്നല്ല, ഇതൊക്കെയെങ്ങനെ പിടിച്ചിരിക്കാനാന്ന്. ടോയ്ലെറ്റില്‍ നിന്നും പുറത്തു വരുമ്പോ ഒരിക്കല്‍ക്കൂടി ഞാനൊന്ന് വലിയ ആളായപോലെ തോന്നി. ഇത് വരെ യാത്രകളിലൊക്കെ എനിക്ക് കാവലായി ആരെങ്കിലുമൊക്കെയുണ്ടായിരുന്നല്ലോ. അതെ, ഞാന്‍ പോലുമറിയാതെ ഞാന്‍ വലിയ ആളായത്‌ പോലെ. തിരിച്ചു സീറ്റില്‍ വന്നിരിക്കുമ്പോ അതുവരെ കൂട്ടിനുണ്ടായിരുന്ന ഭയം മാറി മുന്നിലെ ചേച്ചിയോട് മുഖത്ത് നോക്കി ചിരിക്കാനൊക്കെ കഴിഞ്ഞു. പേരെന്താണ്, എവിടേക്കാണ്, എന്താണേതാണെന്നൊക്കെയുള്ള ചേച്ചിയുടെ ചോദ്യങ്ങള്‍ക്ക് പതറാതെ ആദ്യമായാണ് ഇങ്ങനെ പോകുന്നതെന്ന സൂചന പോലും നല്‍കാതെ മറുപടി നല്‍കി വീണ്ടും പുറത്തേ കാഴ്ചകളില്‍ മിഴിയൂന്നി.

ഷൊര്‍ണ്ണൂരെത്തിയതും എല്ലാവരും ചായയും പഴംപൊരിയും വാങ്ങി കഴിക്കുന്നതും നോക്കിയിരുന്നു. പഴംപൊരി കഴിക്കണമെന്നുണ്ട്, പക്ഷെ പുറത്ത് നിന്നും ഒന്നും വാങ്ങിക്കഴിക്കരുതെന്ന അമ്മയുടെ ശക്തമായ വാണിംഗ് ഓര്‍ത്തപ്പോ..വേണ്ടാ, ഇനി അതൊക്കെ വാങ്ങിക്കഴിച്ച് വയറ് കേടായാലത് മതി വയറ് നിറച്ച് കിട്ടാന്‍! 'കുട്ടീ. ഇത് കഴിച്ചോളൂ'യെന്നും പറഞ്ഞു ആ ചേച്ചി രണ്ട് പഴംപൊരി എന്റെ നേര്‍ക്ക് നീട്ടി. ആദ്യമൊന്ന് മടിച്ചെങ്കിലും അവരുടെ നിര്‍ബ്ബന്ധത്തിന് വഴങ്ങി ഒടുവില്‍, ശ്ശോ.. വേണ്ടിയിരുന്നില്ലായെന്നൊക്കെ അഭിനയിച്ച് അതില്‍ നിന്നും ഒരു പഴംപൊരി ഞാനെടുത്തു. ഹോ... ഒടുക്കത്തെ ടേസ്റ്റ്. രണ്ടെണ്ണവും എടുക്കായിരുന്നു. ഇനി പറഞ്ഞിട്ടെന്താ, പോയ ബുദ്ധി തിരികെ കിട്ടില്ലാലോ.

ഏകദേശം 12 മണിയോടെ പാലക്കാട് ജംഗ്ഷനെത്തി. ട്രെയിന്‍ കാലിയായ പോലെ. മുന്നിലെ സീറ്റിലിരുന്ന ചേച്ചിയും അവിടെ ഇറങ്ങി. ഇനിയങ്ങോട്ട് ശരിക്കും ഒറ്റയ്ക്ക്. വല്ലാത്തൊരു സ്വാതന്ത്ര്യം തോന്നിയോ? ആരും കൂട്ടില്ലാതെ, നിയന്ത്രണങ്ങളില്ലാതെ, സ്വയം സൂക്ഷിച്ചും ശ്രദ്ധിച്ചും വീട് വിട്ടു ഇത്രേം ദൂരം വന്നിരിക്കുന്നു. എനിക്കെന്നെ നോക്കാനറിയാമെന്നും വെറുമൊരു പൊട്ടിയായ കുട്ടിയല്ലാ ഞാനിപ്പോയെന്നും ഉറക്കെ പറയണംന്ന് തോന്നി, അമ്മയും ഏട്ടനും മുന്നിലുണ്ടായിരുന്നില്ലാലോ അതിന്.

കഞ്ചിക്കോടെത്തിയപ്പോ കുറേ തമിഴ് സ്ത്രീകളും കുട്ടികളും കയറി. കയറിയിരുന്നതും അവര്‍ മുറുക്ക്, പൊരിയും കടലവറുത്തതും ഒക്കെ കഴിക്കാന്‍ തുടങ്ങി. 'പാപ്പാ എടുത്തുക്കോ' എന്നും പറഞ്ഞു അവരിലൊരു അക്ക എനിക്ക് മുറുക്കെടുത്തു തന്നു. വേണ്ടാ, ഇപ്പോ കഴിച്ചാ വീട്ടിലെത്തിയിട്ട് ചോറ് കഴിക്കാനാവില്ലാ. കോയമ്പത്തൂര്‍ എത്താറായല്ലോ! എനിക്ക് അപരിചിതമായ ഭാഷ സംസാരിക്കുന്നവരാണ് ചുറ്റും. ഒരത്യാവശ്യം വന്നാ ഇവരോടെങ്ങനെ പറയുമെന്ന് ചിന്തയോ ഭയമോ എന്തിന് അപരിചിതത്വം പോലും തോന്നുന്നില്ല!

ഇല്ലാ, തീരെ പേടി തോന്നുന്നില്ല. ഞാനും ഇവരിലൊരാളാണ്, ഇത് വരെ ഞാന്‍ കാണാതിരുന്ന പുറംലോകത്തെ കാഴ്ചകളും ആളുകളും എന്നെയുമവരിലൊരാളാക്കിയിരിക്കുന്നു. അച്ഛനെപ്പോലെ, ഏട്ടന്മാരെപ്പോലെ എനിക്കും ഒറ്റയ്ക്ക് പേടികൂടാതെ സഞ്ചരിക്കാനായിരിക്കുന്നു. വീട് വിട്ട് തനിച്ചൊരുപാട് ദൂരം ഞാനെത്തിയിരിക്കുന്നു. വീണ്ടും പുറത്തേക്ക് നോക്കിയിരുന്നു.... വാളയാര്‍ ചുരവും കടന്ന് തമിഴ്‌നാട്ടിലേക്ക്.

Content Highlights: My first solo trip experience by Renjini Sreehari

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram