പെണ്‍ലോകമെന്നാല്‍ സ്വപ്നലോകമാണെന്ന് ആരാണ് പറഞ്ഞത്?


By ഗീതാഞ്ജലി.പി.എസ്.

9 min read
Read later
Print
Share

ഒറ്റക്ക് നടത്തിയ ആദ്യ യാത്ര, ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം..ഈ ലോകം എന്റേതുകൂടിയാണെന്നും എനിക്കതിന് കഴിയുമെന്നും സ്വയം തിരിച്ചറിഞ്ഞ നിമിഷം. തനിച്ചുള്ള ആദ്യയാത്രയിലെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഇവര്‍..

മ്മളെന്നാണ് നമ്മുടേതായ രീതിയില്‍ ജീവിക്കുവാന്‍ ശീലിച്ചു തുടങ്ങിയത് ? അല്ലെങ്കില്‍ ഇപ്പോഴും അതിന്റെ ശരിയായ അര്‍ത്ഥത്തില്‍ സ്വന്തം രീതികളില്‍ അടിയുറച്ചു നിന്ന് ജീവിക്കുവാന്‍ കഴിയുന്നവരുണ്ടോ ? നിരാശാജനകമെങ്കിലും ഇല്ല എന്ന് തന്നെ പലപ്പോഴും ഉത്തരം പറയേണ്ടി വരും. നമ്മുക്ക് ചുറ്റുമുള്ളവരുടെ സൗകര്യങ്ങള്‍ കണക്കിലെടുത്തു നമ്മള്‍തന്നെ കെട്ടിപ്പടുത്ത മനോഹരമായ നുണകളുടെ കോട്ടയ്ക്കുള്ളില്‍ ആത്മാവില്‍ അരക്ഷിതത്വം പേറി നടക്കാന്‍ വിധിക്കപ്പെട്ടവരെക്കുറിച്ചറിയുമോ? സ്വാതന്ത്ര്യമെന്നാല്‍ ഇന്ത്യാ മഹാരാജ്യത്തിനു കിട്ടിയ സ്വാതന്ത്ര്യം എന്ന് സമമിട്ടെഴുതുന്നവര്‍ !

ചിരിക്കുമ്പോള്‍ വാപൊത്തിച്ചിരിക്കണമെന്നും പെണ്ണായാല്‍ അടക്കവും ഒതുക്കവും വേണമെന്നും അംഗനവാടിയില്‍ പോയിത്തുടങ്ങുന്ന കാലം മുതല്‍ തന്നെ കേട്ടുവളര്‍ന്ന തലമുറയാണ് എന്റേത്. കസേരമേല്‍ കാല്‍ കയറ്റിയിരിക്കരുതെന്നും കാലാട്ടി കടം കയറ്റരുതെന്നും കാലുകളടുപ്പിച്ചിരിക്കണമെന്നും കാല്‍വിരല്‍ കൊണ്ട് കളം വരയ്ക്കണമെന്നും കാല്‍ നോക്കി നടക്കണമെന്നും ചില പെണ്‍നിയമങ്ങളുണ്ടായി! - പെണ്ണുങ്ങളായാല്‍ ജലം പോലെയാകണമെന്നും ഏതു പാത്രത്തില്‍ പകരുന്നുവോ അതെ പാത്രത്തിന്റെ രൂപത്തിലായിത്തീരണമെന്നും ഒരിക്കലും അഗ്‌നിയായി ജ്വലിക്കുവാന്‍ ശ്രമിക്കരുതെന്നും എന്റെ പൂര്‍വ്വികര്‍ അവരുടെ പിന്‍ഗാമികളെ ബോധ്യപ്പെടുത്തി ഉള്ളിലാളുന്ന സ്വാതന്ത്ര്യദാഹത്തിന്റെ അഗ്‌നിയെ പുറമേയ്ക്ക് ജലമായിത്തീര്‍ന്നവര്‍ കെടാതെ സൂക്ഷിച്ചു.അതിന്റെ കനലുകളുടെ ഇത്തിരിവെട്ടം പുതുതലമുറയിലേയ്ക്ക് പകരുവാന്‍ സാധിച്ചവര്‍ ഫെമിനിച്ചികളെന്നു വാഴ്ത്തപ്പെട്ടവരായി വാഴ്ത്തപ്പെട്ടവരുടെ ലോകത്തേയ്ക്ക് കല്ലുവെച്ച നുണകളുടെ കോട്ടകള്‍ തകര്‍ത്തു പുതിയ കൂടുമാറ്റങ്ങളുണ്ടായി. അങ്ങനെയങ്ങനെ ഒറ്റയ്ക്കും കൂട്ടായും സ്വാതന്ത്ര്യ പ്രഖ്യാപനങ്ങളുണ്ടായി. അറിയുമോ ? ഒരുവള്‍ സ്വന്തം അസ്തിത്വത്തെ തിരിച്ചറിയുവാന്‍ ആരംഭിച്ചാല്‍ ഇത്തരം കാര്യങ്ങളൊന്നും കൈപ്പിടിയിലൊതുങ്ങില്ല.

അങ്ങനെ ഒരു ജന്മം മുഴുവന്‍ ജലമായുറയാന്‍ വിധിക്കപ്പെട്ട ഒരു പെണ്‍കുട്ടി സ്വാതന്ത്ര്യത്തിന്റെ പാത കിനാവ് കാണുവാന്‍ തുടങ്ങുകയായിരുന്നു. നിലനില്‍പ്പിനു വേണ്ടിയുള്ള ജീവിത സമരങ്ങള്‍ക്കിടയില്‍ അത്തരമൊരു യാത്ര അനിവാര്യമായിരുന്നു. ഉന്മാദവും വിഷാദവും അവളുടെ ചിന്തകളില്‍ നിന്ന്, ഓര്‍മ്മകളില്‍ നിന്ന് വലിച്ചുറ്റിയെടുത്തു നിരന്തരം വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്ന ഒറ്റവാക്കാണ് സ്വാതന്ത്ര്യം. നുണകളുടെ പറുദീസയിലെ രാജകുമാരിയായി ജീവിക്കുവാന്‍ എളുപ്പമെന്നും ഉള്ളിലെ അരക്ഷിതാവസ്ഥ മറികടക്കലിന് 'അതിജീവനം 'എന്ന പേരുകൂടിയുണ്ടെന്നും ആ പെണ്‍കുട്ടി സ്വയം ബോധ്യപ്പെടുത്തുവാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു.സായാഹ്നങ്ങളില്‍ ജനാലച്ചില്ലുകള്‍ക്കിടയിലൂടെ പച്ചയും ചുവപ്പും നീലയുമായി. മാര്‍ബിള്‍ നിലത്തു പതിക്കുന്ന വെയില്‍പ്പാളിയില്‍ നോക്കിയിരിക്കെ ഇനിയൊരിക്കലും ജലമായി ജീവിക്കുവാന്‍ സാധിക്കുകയില്ലെന്നും പല പാത്രങ്ങളില്‍ പല രൂപത്തില്‍ ജീവിക്കുകയില്ലെന്നും ഒരൊറ്റ വെളിച്ചമായി, അഗ്‌നിയായി ജ്വലിച്ചു തീരുമെന്നും പ്രതിജ്ഞയെടുത്ത ആ പെണ്‍കുട്ടി ഞാനായിരുന്നു.

സ്വയം വെളിച്ചം പുറപ്പെടുവിക്കാന്‍ കഴിവുള്ളവളായിരിക്കുന്നിടത്തോളം കാലം ചുറ്റുമുള്ളവരുടെ ഇത്തിരിവെട്ടത്തിനു ചുറ്റും ഞാനെന്തിന് പറന്നു നടക്കണമെന്നും അവരുടെ ആളിക്കത്തലുകളില്‍ ചിറകു കരിഞ്ഞു മനസ്സ് തകര്‍ന്നു തളര്‍ന്നു വീഴണമെന്നും ഞാന്‍ ചിന്തിച്ചു. അത് എന്നെത്തന്നെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചു ഞാന്‍ പലതവണ പരാജയപ്പെട്ടു. അങ്ങനെയാണ് സ്വതന്ത്രയാകുക എന്നതിനേക്കാള്‍ അതിനുള്ള ധൈര്യമാര്‍ജ്ജിക്കുക എന്നതാണ് പ്രധാനമെന്ന് ഞാന്‍ കണ്ടെത്തിയത്.

ധൈര്യമാര്‍ജ്ജിക്കുവാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം ഒരു യാത്രയല്ലേ എന്ന ചിന്തയിലാണ് ആദ്യമായി എനിക്കറിയാത്തൊരിടത്തേയ്ക്ക് എന്നെയറിയാത്ത ആളുകളുള്ള ഒരു പുതിയ സ്ഥലത്തേയ്ക്ക് യാത്ര ചെയ്യുന്നതിനെപ്പറ്റി ഞാന്‍ ചിന്തിച്ചത്. ചിദംബരം എന്റെ സ്വപ്നങ്ങളില്‍ നിറഞ്ഞു നിന്നൊരിടമാണ്. പക്ഷെ ആദ്യയാത്ര അത്രയും ദൂരത്താക്കാതെ കുറച്ചു കൂടി അടുത്തുള്ളാരിടം എന്ന തീരുമാനത്തിലെത്തി. എന്റെ യാത്ര ഒരിക്കലും രാവിലെ പോയി വൈകുന്നേരം തിരികെ വരുന്ന ഒന്നാവരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അങ്ങനെയാണ് കന്യാകുമാരിയിലെ സൂര്യാസ്തമയം കാണാം എന്ന മോഹം ഉള്ളില്‍ കയറിയത്. യാത്ര പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട്് ഉപയോഗിച്ചാവണം എന്ന നിര്‍ബന്ധവും ഉണ്ടായിരുന്നു. അങ്ങനെ താമസിക്കാനൊരു സ്ഥലം ഏര്‍പ്പാടാക്കുക എന്ന ബോധം പോലുമില്ലാതെ ആരെയും കൂടെക്കൂട്ടാതെ ആരോടും പറയാതെ ഞാനെന്റെ ആദ്യ ഏകാന്ത യാത്രയ്‌ക്കൊരുങ്ങി.

തിരുവനന്തപുരം നഗരത്തോട് എനിക്കെന്നും പ്രണയമായിരുന്നു. എന്റെ ജീവിതത്തിലെ മനോഹരമായ പല നിമിഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച നഗരം. ഇത്തരമൊരു യാത്രയ്ക്ക് തയ്യാറെടുക്കുമ്പോള്‍ ഞാന്‍ പത്രപ്രവര്‍ത്തകയാകാന്‍ മോഹിച്ച് പ്രസ് ക്ലബ് വിദ്യാര്‍ത്ഥിനിയായി അലഞ്ഞു തിരിയുന്ന കാലഘട്ടമാണ്. എന്തൊക്കെയോ ആകണമെന്ന് ധരിച്ച് ഒന്നുമാകാതെ പോകുമോയെന്ന് ഭയന്ന്, ആത്മവിശ്വാസം ആത്മനിന്ദയ്ക്ക് വഴിമാറിയ കാലഘട്ടം. എന്റെ ആത്മവിശ്വാസം വീണ്ടെടുക്കലിന്റെ ഭാഗം കൂടിയായിരുന്നു ആ യാത്ര. ഈ ലോകം എനിക്ക് കൂടിയുള്ളതാണ്. ഞാനും ഇതിന്റെ ഭാഗമാണെന്ന് ഉറക്കെ ചിന്തിച്ചു കൊണ്ടുള്ള യാത്ര. അങ്ങനെ ഒരു പ്രഭാതത്തില്‍ പ്രസ്സ് ക്ലബ്ബിലേക്കെന്നു പറഞ്ഞു ഒരു ഷോള്‍ഡര്‍ ബാഗുമായി ഞാന്‍ വീട് വിട്ടിറങ്ങി.

ലക്ഷ്യം നാഗര്‍കോവില്‍. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് നാഗര്‍കോവില്‍ ബസ് ഉണ്ടെന്ന് അറിയാമായിരുന്നു. അങ്ങനെ ബസില്‍ കയറി നാഗര്‍കോവിലിലേക്ക് ടിക്കറ്റ് എടുത്തു. എപ്പോഴത്തെയും പോലെ കെ എസ് ആര്‍ ടി സി ബസിന്റെ ജനാലയ്ക്കരികിലുള്ള സീറ്റില്‍ ബാഗു മടിയില്‍ വച്ച് പുറത്തെ വരണ്ട പകലിലേയ്ക്ക് നോക്കി ഞാനിരുന്നു. ഹോസ്റ്റലിലേക്കാണോ എന്ന കണ്ടക്ടറുടെ ചോദ്യത്തില്‍ മറുപടി പറയാതെ അലസമായിപ്പറക്കുന്ന മുടിയിഴകളൊതുക്കി ഞാന്‍ മാനം നോക്കിയിരുന്നു. ബസ് മാര്‍ത്താണ്ഡത്ത് എത്തുമ്പോള്‍ ഒന്ന് രണ്ടു വിദ്യാര്‍ഥികള്‍ കയറി. അവരുടെ സംസാരത്തില്‍ നിന്ന് അവര്‍ പദ്മനാഭപുരം കൊട്ടാരത്തിലേക്കാണെന്നും ക്‌ളാസ് കട്ട് ചെയ്തുള്ള പോക്കാണെന്നും മനസ്സിലായി. എന്നാല്‍ എന്തുകൊണ്ട് അവിടെയിറങ്ങിക്കൂടാ എന്ന ചിന്ത എന്റെ മനസ്സില്‍ വന്നു. മണിച്ചിത്രത്താഴില്‍ ശോഭന നാഗവല്ലിയായി മാറുന്ന നൃത്തരംഗം അവിടെ ചിത്രീകരിച്ചതാണെന്നു ഞാന്‍ ഏതോ സിനിമാ മാസികയില്‍ വായിച്ചിരുന്നു. അങ്ങനെ ' ഏയ്ത് കൊച്ചേ ഇത് നാഗര്‍കോവിലല്ല തക്കലയാ ' എന്ന കണ്ടക്ടറുടെ നിലവിളിയെ നോക്കി ചിരിച്ചു കൊണ്ട് ഞാന്‍ തക്കല ബസ് സ്റ്റാന്‍ഡില്‍ ചാടിയിറങ്ങി. 'ഓ ഇത് പോക്ക് കേസെങ്ങാണ്ടാ ' എന്ന അയാളുടെ സദാചാരരോഷത്തിനു നേരെ പുച്ഛച്ചിരി ചിരിക്കാനുള്ള ധൈര്യം വന്നതോര്‍ത്ത് ഞാന്‍ പദനാഭപുരം പാലസിലേയ്ക്ക് ഒരു ഓട്ടോ വിളിച്ചു.

പാലസ് കണ്ടിറങ്ങുമ്പോള്‍ ഉച്ച തിരിഞ്ഞിരുന്നു .വിശപ്പ് അതിന്റെ പരകോടിയിലെത്തിയപ്പോള്‍ ഭക്ഷണം കഴിച്ചിട്ട് യാത്ര തുടരാമെന്ന് തീരുമാനിച്ചു തിരികെ തക്കലയിലെത്തി ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. മറ്റൊരു ബസില്‍ കയറി നാഗര്‍കോവിലിലേയ്ക്ക് യാത്ര തുടര്‍ന്നു. ഇത്തവണ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ബസാണ് കിട്ടിയത്. ആ ബസില്‍ യാത്ര ചെയ്യുമ്പോള്‍ ജയന്റ് വീലില്‍ കയറിയ അനുഭവമായിരുന്നു. ആരോടും പറയാതെയുള്ള എന്റെയീപോക്ക് ഒടുക്കത്തെപ്പോക്കാവുമോ എന്ന് ഞാന്‍ ഭയന്നു. ഒരു കാര്യം എടുത്തുപറയേണ്ടതാണ്. ആ ബസിലെ കണ്ടക്ടറുടെ പെരുമാറ്റം. അങ്ങേയറ്റം വിനയകുലീനനായി അയാള്‍ ടിക്കറ്റ് തന്നു. അത്രയും ഭവ്യത കാട്ടേണ്ട കാര്യമുണ്ടായിരുന്നില്ലെന്ന് എന്തിലും ആദ്യം കുറ്റം കാണുന്ന ശരാശരി മലയാളിയായി ഞാന്‍ നെറ്റിചുളിച്ചു. നാഗര്‍കോവിലില്‍ വൈകുന്നേരം നാലുമണിക്ക് മുന്‍പേയെത്തി. ബാഗും തോളില്‍ തൂക്കി ഞാന്‍ കന്യാകുമാരി ബസ് കിട്ടുമോ എന്നന്വേഷിച്ചു നടന്നു. അപ്പോഴാണ് എന്നെ കുഴപ്പിക്കുന്ന ആ പ്രശ്‌നം ഉണ്ടായത്. എല്ലാ ബസിലും തമിഴിലാണ് സ്ഥലപ്പേര് എഴുതിയിരുന്നത്. ഞാനാണെങ്കില്‍ ഒരു മലയാളശിങ്കം!

അടുത്ത് കണ്ട ഒരു തമിഴന്‍ ചെക്കനോട് ഏതാണ് കന്യാകുമാരി ബസെന്ന് അന്വേഷിച്ചു. ഒരല്‍പം സംശയത്തോടെ അവന്‍ പച്ചനിറത്തിലുള്ള ഒരു ബസ് ചൂണ്ടിക്കാട്ടി. ഞാന്‍ നന്ദി പറഞ്ഞു ബസിനരികിലേയ്ക്ക് നടന്നു. ഇടയ്ക്ക് വെറുതെയൊന്നു തിരിഞ്ഞു നോക്കുമ്പോള്‍ പഴയ ചെക്കന്റെയടുത്ത് എന്നെ നോക്കി നില്‍ക്കുന്ന മറ്റൊരുവനെക്കൂടി കണ്ടു. ഞാന്‍ ബസ് ചോദിക്കുമ്പോള്‍ ഇവനില്ലാരുന്നല്ലോ എന്ന എന്റെ സംശയം ' പറഞ്ഞുതന്നത് ശരിയാണോ' എന്ന ചിന്തയിലെത്തി. ബസിനടുത്തേയ്ക്കു പോകാതെ അടുത്ത് കണ്ട കടയിലെ കച്ചവടക്കാരനോട് കന്യാകുമാരി ബസ് ഇതാണോ? ആ പയ്യന്‍ ഇതാണ് എന്നാണ് പറഞ്ഞത് എന്ന് മനഃപൂര്‍വ്വം അവന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി ഞാന്‍ അന്വേഷിച്ചു. എന്റെയാ പ്രവൃത്തി അവനെയും കൂട്ടുകാരനെയും ഭയപ്പെടുത്തിയെന്നു തെളിയിച്ച് അവര്‍ ഒന്നുമറിയാത്തവരെപ്പോലെ തിരിഞ്ഞു നടന്നു.

ബസ് കന്യാകുമാരിയിലേക്കു തന്നെയായിരുന്നു, പക്ഷേ പുറപ്പെടാന്‍ വൈകും. ഒരു പത്തു മിനിട്ടു നിന്നാല്‍ മറ്റൊരു ബസ് വരുമെന്ന് കടക്കാരന്‍ പറഞ്ഞു. അതനുസരിച്ച് ഞാന്‍ അയാളുടെ കടയുടെ ഉള്ളില്‍ ഒരു സ്റ്റൂളില്‍ സ്ഥലം പിടിക്കുകയും കന്യാകുമാരിയില്‍ ആദ്യമായി പോകുകയാണോ എന്ന 'അപകടം' പിടിച്ച അയാളുടെ ചോദ്യത്തിന് 'അല്ല എപ്പോഴും ഓഫീസില്‍ വണ്ടിയിലാണ് പോകുന്നത് ഇന്നാദ്യമായാണ് ബസില്‍' എന്നും മറുപടി പറഞ്ഞു. എന്താണ് ജോലി എന്ന ചോദ്യത്തിന് പത്രപ്രവര്‍ത്തകയാണ് എന്ന എന്റെ മറുപടി കേട്ട് കൂടുതലൊന്നും ചോദിയ്ക്കാന്‍ നില്‍ക്കാതെ അയാള്‍ വായിച്ചു കൊണ്ടിരുന്ന സായാഹ്നപത്രത്തിലേയ്ക്ക് മുഖം പൂഴ്ത്തി. അങ്ങനെയാണ് പത്രപ്രവര്‍ത്തക എന്ന മേല്‍വിലാസത്തില്‍ ഞാന്‍ ശോഭിക്കുമെന്ന് ഒരാത്മവിശ്വാസം എനിക്ക് തോന്നിത്തുടങ്ങിയത് !

കന്യാകുമാരിയിലേക്കുള്ള ബസ് വന്നു. ഇടിച്ചുകയറി ഇരിക്കാനൊരു ജനാലവശം തന്നെ ഞാന്‍ കണ്ടുപിടിച്ചു. പുറത്തെ കാഴ്ചകളിലേക്ക് ആഹ്‌ളാദപൂര്‍വ്വം നോക്കിയിരിക്കുമ്പോഴാണ് എവിടെ താമസിക്കും എന്ന ബോധോദയം എനിക്കുണ്ടായത്. ഒരുപിടിയും കിട്ടാത്ത ആ ചോദ്യത്തിനുത്തരം കണ്ടെത്തി യാത്രയുടെ രസം കളയണ്ടെന്നും എത്തുമ്പോള്‍ തോന്നുന്ന പോലെ ചെയ്യാമെന്നും ഞാന്‍ തീരുമാനിച്ചു. ബസിറങ്ങി നടക്കുമ്പോള്‍ ഠഠഉഇ യുടെ ഒരു താമസസ്ഥലം കണ്ടെത്തി. നേരം സന്ധ്യ കഴിഞ്ഞിരുന്നു .ഇരുട്ടുവീണ വഴിയിലൂടെ ഒരു ഇറക്കമിറങ്ങി റിസപ്ഷന്‍ എവിടെയാണ് എന്നറിയാതെ ഞാന്‍ നടന്നു. നടക്കുമ്പോള്‍ ഇടതു വശത്ത് റെസ്റ്റോറന്റ് എന്ന ബോര്‍ഡുകണ്ടു .അവിടെ കയറി ചോദിക്കാമെന്നുറച്ച് ഞാന്‍ മുന്നോട്ടു നടന്നു. വാതില്‍ തള്ളിത്തുറക്കുമ്പോള്‍ ചുവന്ന വെളിച്ചത്തിന്റെ ഒരു മായികലോകമായിരുന്നു മുന്നില്‍ ആദ്യം ആരെയും കണ്ടെത്താന്‍ എനിക്ക് സാധിച്ചില്ല. പിന്നെ ഒരു നിഴല്‍ പോലൊരുവന്‍ മേശയുടെ പിന്നിലിരിക്കുന്നത് ഞാന്‍ കണ്ടു. എവിടെയാണ് റിസപ്ഷന്‍ എന്ന എന്റെ ഉറക്കെയുള്ള അന്വേഷണത്തില്‍ ഒരു നിമിഷം അയാള്‍ ഞെട്ടി. പിന്നെ എനിക്ക് താഴേയ്ക്കുള്ള വഴിയിലൂടെ പോകുവാന്‍ നിര്‍ദ്ദേശം തന്നു. അങ്ങനെ ഞാന്‍ റിസപ്ഷനില്‍ എത്തിപ്പെട്ടു. ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി ഒരു ഷോള്‍ഡര്‍ബാഗ് മാത്രം തൂക്കി ഒരു യാത്രികയുടെ കെട്ടുംമട്ടുമൊന്നുമില്ലാതെ ചെന്നുകയറി ചോദിച്ചാല്‍ ആരാണ് മുറി തരിക? പ്രത്യേകിച്ച് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനം.

എന്തായാലും പത്രപ്രവര്‍ത്തക നമ്പര്‍ അവിടെയും ഇറക്കാന്‍ ഞാന്‍ നിര്‍ബന്ധിതയായി. അതിന് കരുത്തു പകരാന്‍ ഞാന്‍ കലക്ടറേറ്റിനടുത്തെ അഡ്വക്കേറ്റ് ജയകുമാറിന്റെ അനന്തരവള്‍ ആണെന്നും തട്ടിവിട്ടു (എന്റെ അനുജത്തിയ്ക്ക് കോളേജ് അഡ്മിഷന്‍ ലഭിയ്ക്കാന്‍ സഹായിച്ചത് അദ്ദേഹമാണ്). ആ പേര് ഓര്‍മ വന്നതില്‍ ഞാനെന്നെത്തന്നെ അഭിനന്ദിച്ചു. എന്തായാലും തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെങ്കില്‍ മുറി തരാമെന്ന് അയാള്‍ സമ്മതിച്ചു. എപ്പോഴും പേഴ്‌സില്‍ കരുതാറുള്ള എന്റെ ഇലക്ഷന്‍ ഐഡന്റിറ്റി കാര്‍ഡ് ഞാന്‍ കാണിച്ചു. വിലാസമെഴുതുമ്പോള്‍ ഞാന്‍ തപ്പിത്തടയുന്നുണ്ടോ എന്ന സംശയത്തില്‍ അയാള്‍ എന്നെത്തന്നെ നോക്കിക്കൊണ്ടേയിരുന്നു. ഒരുപക്ഷേ ഞാനൊരു പോക്ക് കേസാണെന്നോ , നിരാശാ കാമുകിയായി ലോഡ്മ മുറിയില്‍ ആത്മഹത്യ ചെയ്യുവാന്‍ വന്നതാവുമെന്നോ, വീട് വിട്ടിറങ്ങിപ്പോന്നവളെന്നോ അയാള്‍ ഭയന്നിരുന്നിരിക്കും!

രാവിലെ സൂര്യോദയം കാണാന്‍ പോകണമെന്നും എത്ര മണിക്കാണെന്നും കന്യാകുമാരീ ദേവിയെ തൊഴാന്‍ ഡ്രസ്സ് കോഡ് ഉണ്ടായെന്നുമുള്ള എന്റെ അന്വേഷണത്തിലാണ് അയാള്‍ ഒരല്‍പം മസിലുപിടിത്തം വിട്ടത്. രാത്രി ഭക്ഷണം വേണമെങ്കില്‍ നേരത്തെ ഓര്‍ഡര്‍ ചെയ്യണമെന്ന അയാളുടെ നിര്‍ദ്ദേശത്തില്‍ കയ്യില്‍ ഭക്ഷണം കരുതിയിട്ടുണ്ട് ഒരു ബ്ലാക്ക് കോഫി കിട്ടാന്‍ വഴിയുണ്ടോയെന്ന് ഞാന്‍ ആത്മവിശ്വാസത്തിന്റെ ഉച്ചിയില്‍ കയറിനിന്നു ചോദിച്ചു. അത് പത്തുമിനിറ്റിനകം മുറിയില്‍ എത്തിക്കാമെന്ന് അയാള്‍ പറഞ്ഞു. കീ എടുത്തുമുറി കാണിച്ചു തുറന്നു തന്ന് അയാള്‍ പോയി. ഞാന്‍ കതക് അടച്ചു പൂട്ടി ബാഗു മുറിയുടെ മൂലയിലെ കസേരയില്‍ വലിച്ചെറിഞ്ഞ് ബെഡിനു മേലെ ചാടിക്കയറി കുത്തിമറിഞ്ഞു. പൊടുന്നന്നെ എനിക്ക് അമ്മയെ ഓര്‍മ്മ വന്നു. എന്നെ കാണാതെ അമ്മ പരിഭ്രമിക്കുമെന്ന് ഞാന്‍ ഭയന്നു. സത്യം പറഞ്ഞാല്‍ 'അമ്മ കൂടുതല്‍ ഭയപ്പെട്ടേക്കുമെന്നു തോന്നിയതിനാല്‍ അമ്മയെ ഫോണില്‍ വിളിച്ച് പ്രസ്‌ക്ലബ്ബില്‍ കൂടെയുള്ള ഷീബയോടൊപ്പം ഞാന്‍ കന്യാകുമാരിയിലാണെന്ന് പറഞ്ഞു.' അമ്മ അമ്പരന്നു. കാര്യം വന്നിട്ട് പറയാമെന്നും പേടിക്കാനൊന്നുമില്ലെന്നും അമ്മയെ ബോധ്യപ്പെടുത്തി ഞാന്‍ സമാധാനത്തോടെ ഫോണ്‍ വച്ചു. നാഗര്‍കോവില്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് വാങ്ങിയ ബ്രഡ്ഡും കട്ടന്‍കാപ്പിയും കഴിച്ച് കുളിച്ചു വസ്ത്രം മാറി ഞാന്‍ നീണ്ടു നിവര്‍ന്നു കിടന്നു.

എന്റെ ജീവിതത്തില്‍ അത്രയും സന്തോഷത്തോടെ ആത്മവിശ്വാസത്തോടെ, സ്വാതന്ത്ര്യബോധത്തോടെ ഞാന്‍ ഉറങ്ങിയിട്ടേയില്ല. എന്നെപ്പോലെ കടുത്ത അരക്ഷിതാവസ്ഥ പേറി നടക്കാന്‍ വിധിക്കപ്പെട്ടവര്‍ ഇത്തരം ചെറിയ സാഹസികതകള്‍ (അത് എന്നെ സംബന്ധിച്ചൊരു സാഹസിക യാത്ര ആയിരുന്നു) ചെയ്യണമെന്നും അത്തരം യാത്രകളില്‍ ജീവിതം നല്‍കുന്ന അതിശയങ്ങളില്‍ അതിജീവനപാഠങ്ങള്‍ എഴുതിച്ചേര്‍ക്കണം.

പുലര്‍ച്ചെ എഴുന്നേറ്റ് സൂര്യോദയം കാണാന്‍ പോയി. കുറച്ചു ദൂരം നടക്കുവാനുണ്ടായിരുന്നു. രാത്രിയിലെപ്പോഴോ ചെറിയ മഴ പെയ്തിരുന്നു. മഴയുടെ ഈറനണിഞ്ഞ തെരുവിലൂടെ ഞാന്‍ ഉന്മേഷവതിയായി നടന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ സൂര്യോദയം കണ്ടു ഉദയ സൂര്യനെനോക്കി ആര്‍ക്കൊക്കെയോ ഒപ്പം ആര്‍പ്പുവിളിച്ചു. കന്യാകുമാരീദേവിയെ കണ്ടു. തിരികെ ഹോട്ടലില്‍ വന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു കഴിച്ചു. പിന്നീട് റിസപ്ഷനില്‍ ഇരുന്ന തമ്പിദുരെ എന്ന മനുഷ്യനോട് സലാം പറഞ്ഞ് പണമടച്ച് തിരികെ നടന്നു.

വീണ്ടും തെരുവിലൂടെ ഒന്ന് നടക്കണമെന്ന് എനിക്ക് തോന്നി. ഞാന്‍ വെറുതെ ബാഗ് തോളില്‍ തൂക്കി അലഞ്ഞു തിരിഞ്ഞു. അപ്പോഴാണ് വിവേകാനന്ദപ്പാറയിലേക്ക് ബോട്ട് സര്‍വീസ് ഉണ്ടെന്ന് ഞാന്‍ അറിഞ്ഞത്. കൗണ്ടറില്‍ ചെന്ന് ടിക്കറ്റെടുത്ത് പാറയിലെത്തി. തിരുവള്ളുവരുടെ കൂറ്റന്‍ പ്രതിമ കണ്ണിമയ്ക്കാതെ നോക്കിനിന്നു. പിന്നീട് വിവേകാന്ദനെ കണ്ടു. അവിടെയുള്ള ധ്യാനമുറിയില്‍ ഒരുമണിക്കൂറോളം ശാന്തമായിരുന്നു പലതിനെക്കുറിച്ചും ചിന്തിച്ചു .ആ ഇരുപ്പില്‍ ജീവിതത്തോട് എനിക്ക് അതിയായ സ്‌നേഹം തോന്നി. ഞാന്‍ അഗ്‌നിയായി മാറിയിരിക്കുന്നുവെന്നും അതിന്റെ ചൂട് സാവകാശം. വളരെ സാവകാശം എന്റെ ശരീരത്തില്‍ വ്യാപിക്കുന്നുവെന്നും ഞാന്‍ തിരിച്ചറിഞ്ഞു. ഏകാന്ത യാത്രകളാണ് എന്റെയുള്ളില്‍ കനലുകള്‍ നിറയ്ക്കുകയെന്ന കണ്ടെത്തലില്‍ ഞാന്‍ തികച്ചും പഴയതായിപ്പോയ നുണകളുടെ കൊട്ടാരത്തില്‍ നിന്നിറങ്ങി നടന്നു. ഇനിയൊരിക്കലും അതിന്റെ വാതിലുകള്‍ തുറന്നു തിരികെക്കയറുകയില്ലെന്നും ഉന്മാദത്തിന്റെയോ വിഷാദത്തിന്റെയോ കൊടുമുടികയറിയാലും എന്റെ സ്വാതന്ത്ര്യബോധം കൈവിടുകയില്ലെന്നും ഞാന്‍ എന്നോട് തന്നെ പറഞ്ഞു.

നാഗര്‍കോവിലിലേക്കുള്ള ബസിലിരിക്കുമ്പോള്‍ തലയ്ക്കകത്തു മിന്നാമിനുങ്ങുകള്‍ മിന്നിപ്പറന്നു. ഇനി കടന്നു വരാനിരിക്കുന്ന പ്രതിസന്ധികളെ ആത്മവിശ്വാസം കൊണ്ട് തോല്‍പ്പിക്കണമെന്നുറച്ചു. നാഗര്‍കോവിലില്‍ നിന്ന് തിരുവനന്തപുരത്ത് എത്തുമ്പോള്‍ നേരം നന്നേയിരുട്ടിയിരുന്നു. തമ്പാനൂര്‍ ബസ്സ്റ്റാന്‍ഡില്‍ നിന്ന് വീട്ടിലേയ്ക്ക് എത്താന്‍ പിന്നെയും ദൂരമുണ്ടായിരുന്നു. ഇരുട്ട് വീണ സ്ഥിതിയ്ക്ക് ഫാസ്റ്റ്പാസഞ്ചറിലോ സൂപ്പര്‍ ഫാസ്റ്റിലോ കയറി ആറ്റിങ്ങല്‍ എത്താമെന്ന് തീരുമാനിച്ച് യാത്രാക്ഷീണം നിറഞ്ഞ ശരീരവുമായി ഞാന്‍ സ്റ്റാന്‍ഡിന്റെ ഒരറ്റത്ത് നിന്നു.

എട്ടുമണിക്ക് ശേഷമുള്ള തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡ്..ഇന്നത്തെപ്പോലെയായിരുന്നില്ല അന്ന്. ഒറ്റയ്‌ക്കൊരു പെണ്‍കുട്ടി നിന്നാല്‍ അവള്‍ക്കു ചുറ്റും കുറെയധികം കണ്ണുകളും ചിരികളും ഉണ്ടാകും. അങ്ങനെ ചില നോട്ടങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഞാന്‍ ഒരു ഇരുമ്പ് കസേരയിലിരുന്ന് ഡയറി എടുത്തു തുറന്ന് എഴുതാന്‍ തുടങ്ങി. എന്റെയടുത്ത് ഒരു സ്ത്രീ വന്നിരുന്നു. ആശ്വാസത്തില്‍ ഞാന്‍ ഡയറി മടക്കിവച്ചു. തലനിറയെ കനകാംബരപ്പൂ ചൂടി വലിയ പൊട്ടുതൊട്ട് ഒഴുകി വീഴുന്ന വോയില്‍ സാരിത്തുമ്പു വലിച്ചിട്ട് അവള്‍ എന്നെ നോക്കി. ഞാന്‍ മൃദുവായി ചിരിക്കുവാന്‍ ശ്രമിച്ചു. അവള്‍ ചുണ്ടിന്റെ കോണിലൂടെ ഒരു ചിരിവരുത്തി എനിക്ക് പോകേണ്ട സ്ഥലം ചോദിച്ചു. പിന്നീട് ആ സ്ഥലത്തേക്കുള്ള ബസ്സ് വന്നാല്‍ എത്രയും പെട്ടെന്ന് കയറിപ്പൊയ്‌ക്കൊള്ളാന്‍ ഉപദേശിച്ചു. അവള്‍ വന്നിരുന്ന നേരം മുതല്‍ ചിലര്‍ ഞങ്ങളിരുന്ന ഇരുമ്പു കസേരകളെ ചുറ്റിപ്പറ്റി നില്ക്കാന്‍ തുടങ്ങിയിരുന്നു. അതിന്റെ അസ്വസ്ഥത മറയ്ക്കുവാന്‍ ഞാന്‍ അവളോട് സംസാരിക്കുവാന്‍ തുടങ്ങി. സംസാരത്തില്‍ വീട്,കുടുംബം ഒക്കെ കടന്നു വന്നു. അവള്‍ക്കൊരു അനിയനാണെന്നും അവന് 'ഹാര്‍ട്ടിന് സൂക്കേടാണെന്നും ' ഇടയ്ക്ക് അവള്‍ പറഞ്ഞു. എട്ടാം ക്‌ളാസില്‍ പഠിത്തം നിര്‍ത്തിയവള്‍. കിഴക്കേക്കോട്ട ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് ബിസിനസ് തുടങ്ങിയത് എന്നുകേട്ട് 'എന്ത് ബിസിനസ്സ്' എന്ന് ഞാന്‍ അന്ധാളിച്ചു. അതിനവള്‍ ഉറക്കെ ചിരിച്ചപ്പോഴാണ് അവളുടെ വായയുടെ കോണിലൊതുക്കിയ മുറുക്കാന്‍ തുണ്ട് ഞാന്‍ കണ്ടത്. 'കൊച്ചു പൊയ്‌ക്കോ ,ഇവിടെ രാത്രി അധികനേരം നില്‍ക്കണ്ട എന്ന് ' അവളെന്നെ വീണ്ടും ഉപദേശിച്ചു. സ്റ്റാന്‍ഡില്‍ എത്തിയൊരു കൊല്ലം ഫാസ്റ്റ് ചൂണ്ടി 'ദാണ്ട ബസ്' എന്ന് കരുതലുള്ളവളായി.

ഞാന്‍ യാത്രപറഞ്ഞെഴുന്നേറ്റു ബിസിനരികിലേയ്ക്ക് നടന്നു. അന്നേരമൊരുവന്‍ പുറത്ത് കാറുണ്ട് എന്നടക്കം പറഞ്ഞെടുത്തു വന്നു . 'അണ്ണാ കൊച്ചു പോട്ട് ' എന്ന് പിന്നില്‍ നിന്നും വോയില്‍സാരിക്കാരി ഉറക്കെ വിളിച്ചു പറഞ്ഞത് കേട്ട് അയാള്‍ ജാള്യതയോടെ പിന്മാറി. ഞാന്‍ അയാളെ രൂക്ഷമായി നോക്കി സാവകാശം നടന്നു. ബസിലിരിക്കുമ്പോള്‍ കനകാംബരം ചൂടിയ നീളന്മുടിപ്പിന്നലുമായി ഒരുവള്‍ തലയുയര്‍ത്തി അയാള്‍ക്കൊപ്പം നടക്കുന്നത് കണ്ടു. ആ നടത്തവും ഒരുതരം സ്വാതന്ത്ര്യപ്രഖ്യാപനമാണ് എന്ന് അന്നേരമെനിക്ക് ബോധ്യമായി. പെണ്ണിന്റെ ഏതുചലനത്തെയും പകല്‍ വെളിച്ചത്തില്‍ സദാചാരക്കണ്ണുകള്‍ കൂര്‍പ്പിച്ചു നോക്കുകയും രാവുമയങ്ങുമ്പോള്‍ ശൃംഗാരക്കണ്ണുകളുമായി അതിനെ പിന്തുടരുകയും ചെയ്യുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന് ഒരിക്കലും ദഹിക്കാത്ത സ്വാതന്ത്ര്യ പ്രഖ്യാപനം .

യാത്രയുടെ അവസാനം ചുളിവ് വീണ, ബസിലെ ഓയില്‍ പുരണ്ട കറുത്ത വസ്ത്രവും മുഷിഞ്ഞ ഷോള്‍ഡര്‍ ബാഗുമായി വീട്ടിലേക്ക് കയറി ഞാന്‍ കിതച്ചുനിന്നു. നേരത്തെ വീട്ടില് പറയാതെ യാത്രക്കിറങ്ങിത്തിരിച്ചതിനും താമസിച്ച് വീട്ടില്‍ ചെന്നുകയറിയതിനും പ്രതീക്ഷിച്ച പോലെ അമ്മയുടെ ശകാരം കിട്ടി. ഷീബയുടെ വീട്ടില്‍ ചോദിക്കാനും പറയാനും ആരുമില്ലേ എന്ന ചോദ്യത്തിനൊടുവില്‍ ഞാനൊറ്റയ്ക്കാണ് പോയതെന്ന എന്റെ വെളിപ്പെടുത്തലില്‍ അമ്പരന്ന് അമ്മ വാക്കുകള്‍ നഷ്ടപ്പെട്ടു നിന്നു. എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ എന്നു തുടങ്ങിയ അമ്മയുടെ അടുത്ത റൗണ്ട് ശകാരം , 'ഞാന്‍ പോയി സുരക്ഷിതയായി തിരികെ വന്നു.ഒരു പെണ്‍കുട്ടിയ്ക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആരെയും ഭയക്കേണ്ട കാര്യമില്ല'എന്ന ഡയലോഗില്‍ ഞാന്‍ അവസാനിപ്പിച്ചു.

കണ്ണാടിയ്ക്കുമുന്നില്‍ പാറിപ്പറന്ന തലമുടിയുമായി നില്‍ക്കുമ്പോള്‍ ലോകം പിടിച്ചടക്കിയ സന്തോഷത്തില്‍ ഞാന്‍ കണ്ണുനിറഞ്ഞു ചിരിച്ചു. കരച്ചിലും ഒരുതരത്തില്‍ സ്വാതന്ത്ര്യ പ്രഖ്യാപനമാണ്. ഞാന്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്നും എനിക്ക് സ്വന്തമായൊരിടമുണ്ടെന്നും തിരിച്ചറിഞ്ഞു. പെണ്‍ലോകമെന്നാല്‍ സ്വപ്നലോകമാണെന്ന് ആരാണ് പറഞ്ഞത്? യാഥാര്‍ഥ്യബോധത്തോടെ സ്വപ്നം കാണലും ഒരുതരം സ്വാതന്ത്ര്യ പ്രഖ്യാപനമാണ്.

എന്നിടം, നിന്നിടം,നമ്മളിടം...അങ്ങനെയങ്ങനെ ഒന്നിച്ചു നില്‍ക്കാം നമുക്ക്. സ്വാതന്ത്ര്യബോധമുള്ള അതുറക്കെ പ്രഖ്യാപിക്കുവാന്‍ ധൈര്യപ്പെടുന്ന ഒരു പെണ്‍തലമുറ ഉയര്‍ന്നു വരും വരേയ്ക്കും !

Content Highlights: first Solo trip; Geethanjali Shares her experience of an adventurous solo trip

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram