സുജാതയുടെ അമ്മ ലക്ഷ്മി ദേവി
അമ്മ.. പറയാന്‍, എഴുതാന്‍ എന്തെളുപ്പം അല്ലേ- പക്ഷേ അതിന്റെ വ്യാപ്തി അളക്കാന്‍ ശ്രമിച്ചിട്ടുള്ള സാഹിത്യകാരന്മാരായാലും ചിത്രകാരന്മാരായാലും പുതിയ വാക്കുകള്‍, വര്‍ണങ്ങള്‍ കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. പിറന്നുവീണിട്ട് ദിവസങ്ങള്‍ മാത്രമായ പിഞ്ചുകുഞ്ഞായാലും അത് ഒന്ന് കരഞ്ഞാല്‍ അതിന് വിശക്കുന്നു, ഉറക്കം വരുന്നു, എന്തോ വേദനയുണ്ട്, കയ്യിലെടുക്കാനാണ് എന്നെല്ലാമുള്ള കൃത്യമായ കാരണങ്ങള്‍ ഒരു സ്റ്റെതസ്‌കോപ്പിന്റെയും സഹായമില്ലാതെ അമ്മ കണ്ടുപിടിക്കും. അവിടെ തുടങ്ങുന്നു ഒരമ്മയുടെ ശ്രദ്ധ! കരുതല്‍! മനസ്സില്‍ ഇടംപിടിച്ച കുറച്ച് അമ്മമാരെ ക്യാപ്സൂള്‍ രൂപത്തില്‍ ഒന്നവതരിപ്പിക്കാന്‍ ശ്രമിക്കയാണ് ഞാന്‍- സ്ഥലപരിമിതി കൊണ്ട് മാത്രം.
അമ്മ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇന്നറിയുന്ന ഗായികയായ സുജാത ഉണ്ടാവുമായിരുന്നില്ല
രണ്ട് പ്രശസ്ത പിന്നണി ഗായികമാരെ മലയാളത്തിന്, തെന്നിന്ത്യയ്ക്ക് ലഭിക്കാന്‍ പ്രധാന കാരണക്കാരിയായ ഒരമ്മയെക്കുറിച്ചാണ് ഈ കുറിപ്പ്. ആ അമ്മയെക്കുറിച്ച് ഒരുമാതിരി എല്ലാ കാര്യങ്ങളും എനിക്കറിയാമെങ്കിലും മകളായ സുജാതയുടെയും കൊച്ചുമകളായ ശ്വേതയുടെയും വാക്കുകള്‍ തന്നെ ഇവിടെ ഉപയോഗിക്കുകയാണ്. 'ഇന്ന് ഞാന്‍ എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍ - പാട്ടിലായാലും ജീവിതത്തിലായാലും- അതിന്റെ ഒരേയൊരു കാരണം എന്റെ അമ്മയുടെ മകളായി ജനിച്ചു എന്നുള്ളതാണ്- സുജാത! ചെറുപ്പത്തിലെ തന്നെ അച്ഛന്‍ നഷ്ടപ്പെട്ടെങ്കിലും ഒരു നിമിഷം പോലും ആ കുറവ് ഞാനറിഞ്ഞിട്ടില്ല. അമ്മ എന്നെ അതറിയിച്ചിട്ടില്ല- കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ പാട്ടുപഠിക്കുന്നതിലുള്ള തെറ്റുകള്‍ അമ്മ തിരുത്തിത്തരുമായിരുന്നു. പിന്നെ അത് ജീവിതമാര്‍ഗമായപ്പോഴും മാറ്റമൊന്നുമില്ല. പാടിയത് ശരിയായില്ല എന്ന് അമ്മയ്ക്ക് തോന്നിയാല്‍ നന്നായില്ല എന്നു തന്നെ പറയും. വിവാഹശേഷം ഇന്നുവരെ ഞാനും മോഹനും സന്തോഷമായിട്ടിരിക്കുന്നുവെങ്കില്‍ അതിന്റെ എല്ലാ ക്രഡിറ്റും അമ്മയ്ക്കുള്ളതാണ്. ശ്വേത ജനിച്ചശേഷം അമ്മ ഒരുപാട് ബുദ്ധിമുട്ടിയിട്ടുണ്ട്. പ്രോഗ്രാമുകള്‍ക്കും മറ്റുമായി ചിലപ്പോള്‍ എനിക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരും. അപ്പോള്‍ മോഹന്റെ കാര്യങ്ങളും മോളുടെ കാര്യങ്ങളും ഒരുമിച്ച് നോക്കണമായിരുന്നു. ഒരുപാട് ശ്രദ്ധയും സമയവും ആവശ്യമുള്ള ഒരു പ്രൊഫഷനും കുടുംബവും കൂടി ഒറ്റയ്ക്ക് നോക്കിനടത്താനുള്ള കഴിവ് എനിക്കുണ്ടായിരുന്നില്ല. വീട്ടുജോലിക്ക് ആളെ കിട്ടുമായിരിക്കും. പക്ഷേ കുഞ്ഞിന്റെ കാര്യം! ഒട്ടും ആശങ്കപ്പെടാതെ എനിക്ക് യാത്ര ചെയ്യാനും പാടാനും കഴിഞ്ഞത് അമ്മ വീട്ടിലുണ്ടല്ലോ എന്ന ധൈര്യം കൊണ്ടാണ്.'
ബന്ധങ്ങള്‍ പോറലേല്‍ക്കാതെ നിലനിര്‍ത്തണമെന്ന് പഠിപ്പിച്ചത് അമ്മയാണ്. എന്റെ സംഗീതജീവിതത്തില്‍ പണത്തേക്കാള്‍ പ്രാധാന്യം ഞാന്‍ ബന്ധങ്ങള്‍ക്ക് കൊടുത്തിട്ടുള്ളതും ഈ വാക്കുകള്‍ മനസ്സിലുള്ളതുകൊണ്ടാണ്. കള്ളം പറയരുത് എന്ന നിര്‍ബന്ധം അമ്മയ്ക്ക് ഉണ്ടായിരുന്നു. ചിലപ്പോള്‍ ചില നിര്‍ദോഷമായ കള്ളങ്ങള്‍ പറയേണ്ടി വന്നിട്ടുള്ളതൊഴിച്ചാല്‍ അതും ഞാന്‍ പരമാവധി പാലിച്ചിട്ടുണ്ട്.
എനിക്കൊരു മാനേജര്‍ ഒന്നും ഉണ്ടായിരുന്നില്ല. കിട്ടുന്ന കാശ് അമ്മയെ ഏല്പിക്കും. അതാണ് പതിവ്. ശ്വേത വിവാഹിതയായി അശ്വിന്‍ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നപ്പോഴാണ് അമ്മയിലെ 'ദീര്‍ഘദര്‍ശി'യെ ഞങ്ങള്‍ക്ക് മനസ്സിലായത്. ഒരു രൂപ പോലും പാഴാക്കാതെ ബുദ്ധിപൂര്‍വ്വം അത് കൈകാര്യം ചെയ്തവിധം ബിസിനസ് മാനേജ്മെന്റ് ഒക്കെ പഠിച്ചവരെപ്പോലെയാണെന്നാണ് അശ്വിന്റെ പക്ഷം. വീടു നോക്കുന്നതിനൊപ്പം ഇതും ശ്രദ്ധിച്ചു എന്ന് പറയുന്നത് ഒട്ടും നിസ്സാര കാര്യമല്ല.

അമ്മ വളരെ ബോള്‍ഡ് ആയിട്ടുള്ള ഒരാളാണ്. ആത്മീയത സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച ഒരാള്‍. ഒരുപാട് നാമം ജപിക്കുന്നതും പൂജകള്‍ ചെയ്യുന്നതുമൊന്നും ഞാന്‍ കണ്ടിട്ടില്ല. അതൊക്കെ ഞാന്‍ മോഹന്റെ അമ്മേടടുത്തുനിന്നാണ് പഠിച്ചിരിക്കുന്നത്. ഭഗവദ്ഗീത പറയുംപോലെ നമ്മുടെ കര്‍മ്മമാണ് ഈശ്വര സേവ എന്ന് ജീവിച്ച് തെളിയിച്ച ഒരു സ്പെഷ്യല്‍ സ്ത്രീയാണ് അമ്മ. ഒരു കാര്യം ഉറപ്പിച്ച് പറയാം. ഈ അമ്മ ഇല്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഇന്നറിയുന്ന സുജാത, പ്രത്യേകിച്ച് പാട്ടിന്റെ കാര്യത്തില്‍- ഉണ്ടാവുമായിരുന്നില്ല.
''അമ്മൂമ്മയെക്കുറിച്ച് പറയാനാണെങ്കില്‍ ഞാനിങ്ങനെ പറഞ്ഞുകൊണ്ടേയിരിക്കും രാജി അമ്മായീ. ഞാന്‍ ശരിക്കും ഒരമ്മൂമ്മക്കുട്ടിയാണ്. കുഞ്ഞിലേ മുതല്‍. അന്നൊക്കെ ഉറക്കത്തില്‍ നിന്നെഴുന്നേല്പിച്ച് പല്ല് ബ്രഷ് ചെയ്യിക്കുന്നതില്‍ തുടങ്ങും. യൂണിഫോം ഇടീക്കുന്നതും ഹോം വര്‍ക്ക് ചെയ്യിക്കുന്നതും പഠിപ്പിക്കുന്നതും എല്ലാം അമ്മൂമ്മ. സ്‌കൂളില്‍ ക്രാഫ്റ്റ് വര്‍ക്ക്സ് ചെയ്യാനുണ്ടാവും. 'അമ്മൂമ്മേ എനിക്ക് നാളെ ഒരു സണ്‍ഫ്ളവര്‍ ആയിട്ടുവേണം സ്‌കൂളില്‍ പോവാന്‍ട്ടോ' എന്ന് പറഞ്ഞിട്ട് ഞാന്‍ ഉറങ്ങാന്‍ പോവും. അമ്മൂമ്മ രാത്രി ഇരുന്ന് ചാര്‍ട്ട് പേപ്പറൊക്കെ വെട്ടി കളര്‍ ചെയ്ത് രാവിലെയാകുമ്പോഴേക്ക് സണ്‍ഫ്ളവര്‍ റെഡിയാക്കി വെയ്ക്കും. നല്ല രീതിയില്‍ ഒരു വിദ്യാഭ്യാസം എനിക്കുണ്ടായിട്ടുണ്ടെങ്കില്‍ അമ്മൂമ്മ മാത്രമാണ് അതിന്റെ കാരണം'' - ശ്വേതയുടെ വാക്കുകള്‍.
ഞാന്‍ സിനിമയിലൊക്കെ പാടാന്‍ തുടങ്ങിയപ്പോഴും അമ്മ തിരക്കുള്ള ഗായിക തന്നെ ആയിരുന്നല്ലോ. പക്ഷേ അപ്പോള്‍ അമ്മൂമ്മയുടെ 'ശബ്ദസംരക്ഷണം' എന്നിലേക്കു തിരിഞ്ഞു. രാത്രി റെക്കോഡിംഗ് കഴിഞ്ഞ് സ്വല്പം ലേറ്റായി വന്നാല്‍ എനിക്കുള്ള കഞ്ഞി (അമ്മൂമ്മയ്ക്കേ അറിയൂ അതിന്റെ കൂട്ടൊക്കെ) റെഡിയാക്കി ഹോട്ട് പായ്ക്കില്‍ ടേബിളില്‍ വെച്ചിട്ടുണ്ടാവും. കല്ല്യാണം കഴിഞ്ഞു. എനിക്കും ഒരു മോളായി. ശ്രേഷ്ഠ. ഇന്നും ഞാന്‍ രാവിലെ പുറത്തുപോകുമ്പോള്‍ 'അമ്മൂമ്മാ എനിക്ക് രണ്ട് പേനാ വേണം വാങ്ങിപ്പിച്ച് വച്ചേക്കണേ', 'അമ്മൂമ്മാ ദാ ഈ മരുന്ന് ഒന്ന് വാങ്ങിപ്പിച്ചേക്കണേ' അങ്ങനെ കുറെ ലിസ്റ്റ് കൊടുത്തിട്ട് പോകും, എല്ലാവരുമുണ്ടെങ്കിലും മോളെ താഴത്തെ നിലയില്‍ താമസിക്കുന്ന അമ്മൂമ്മയുടെയടുത്ത് കൊണ്ടുവിട്ടിട്ട് 'അമ്മൂമ്മാ ദാ ശ്രേഷ്ഠ നില്‍ക്കുന്നു ട്ടോ' എന്ന് പറഞ്ഞിട്ട് പോകും.എന്റെ ലോകം നന്നായിരിക്കുന്നതിന്റെ ഒരു പ്രധാന കാരണം അമ്മൂമ്മയുടെ കരുതല്‍ തന്നെ. അമ്മൂമ്മയില്ലാത്തൊരു ലോകം വെറുതെയെങ്കിലും എനിക്കാലോചിക്കാന്‍ വയ്യ.
ഇനി എന്റേതായി രണ്ട് വരി എഴുതിക്കോട്ടെ. തിരുക്കൊച്ചിയുടെ ആദ്യത്തെ മുഖ്യമന്ത്രി ആയിരുന്ന പറവൂര്‍ ടി.കെ. നാരായണപിള്ളയുടെ മകള്‍ക്ക് തന്റെ ഇരുപതുകളില്‍ തന്നെ ജീവിതപങ്കാളിയെ നഷ്ടമായപ്പോള്‍ തീര്‍ച്ചയായും മറ്റൊരു നല്ല വിവാഹം തന്നെ സാധ്യമായിരുന്നു. മകള്‍ക്ക്, മകളുടെ മകള്‍ക്ക്, ദാ ഇപ്പോള്‍ അവളുടെയും മകള്‍ക്ക് മാത്രമായി ഒരു ജീവിതം! ദേവിചേച്ചി തിരഞ്ഞെടുത്തത് അതാണ്. നിറഞ്ഞ മനസ്സോടെ! തെളിഞ്ഞ മുഖത്തോടെ! ആരും ഇതൊന്നും അറിയണമെന്നുമില്ല ചേച്ചിക്ക്. വളരെ ഒതുങ്ങിയ ജീവിതം, പൊതുവേദികളിലൊന്നും പ്രസിദ്ധരായ മക്കളുടെ കൂടെ ചേച്ചിയെ ആരും കണ്ടിട്ടില്ല. ചെന്നൈയില്‍ വന്നപ്പോള്‍ മുതലുള്ള അടുപ്പമാണ് ഞങ്ങള്‍ തമ്മില്‍! ഞാന്‍ ഒരുപാട് ബഹുമാനിക്കുന്ന- ആരാധിക്കുന്ന ഒരു വ്യക്തിത്വം! സ്നേഹിക്കുകയും.
Content Highlights: Raji thampi Mukhangal Mudrakal share about memories of singer sujatha's Mother