ഇതാ ഒരു മനുഷ്യന്‍!


By രാജി തമ്പി

5 min read
Read later
Print
Share

സാര്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 'പേര് വിളിച്ചാല്‍ മതി. എന്റെ മൂത്ത മകളുടെ പ്രായമാണ് ആ കുട്ടി' എന്ന് മറുപടി പറഞ്ഞത് അദ്ദേഹമാണ്. പറയുക മാത്രമല്ല അവസാനം വരെ ആ വാത്സല്യം എനിക്ക് തന്നിട്ടുമുണ്ട്.

പ്രേംനസീറിനൊപ്പം ശ്രീകുമാരൻ തമ്പിയും രാജി തമ്പിയും

ന്റെ ബാല്യകൗമാരങ്ങളില്‍ മനസ്സില്‍ പതിഞ്ഞിരുന്ന പ്രേംനസീറിന് ശ്രീകൃഷ്ണന്റെയും ശ്രീരാമന്റെയുമൊക്കെ രൂപമായിരുന്നു. വീട്ടിലെ ചുവരില്‍ തൂക്കിയിട്ടിരുന്ന കലണ്ടറുകളില്‍നിന്നും ചില വീടുകളിലെ പൂജാമുറികളില്‍ ചില്ലിട്ട് സൂക്ഷിച്ചിരുന്ന ചിത്രങ്ങളില്‍ നിന്നുമൊക്കെ പകര്‍ന്നുകിട്ടിയ രൂപം! അന്നൊക്കെ ധാരാളം പുരാണചിത്രങ്ങള്‍ നിര്‍മിക്കപ്പെടുമായിരുന്നു. ഭക്തകുചേല, കൃഷ്ണകുചേല, ശ്രീരാമപട്ടാഭിഷേകം, സീത, സത്യഭാമ അങ്ങനെ ധാരാളം ചിത്രങ്ങള്‍. അതിലൊക്കെ തന്നെ സ്ഥിരം ശ്രീകൃഷ്ണനും ശ്രീരാമനുമൊക്കെ പ്രേംനസീറായിരുന്നു. അങ്ങനെ കണ്ട് കണ്ട് ആ രൂപമായിരുന്നു പെട്ടെന്ന് മനസ്സില്‍ തെളിയുക!

പിന്നീട് കൗമാരക്കാലമൊക്കെ പതുക്കെ കഴിഞ്ഞുപോയപ്പോഴാണ് അദ്ദേഹത്തിലെ 'നടനെ' തിരിച്ചറിയാന്‍ തുടങ്ങിയത്. അക്കാലത്ത് സിനിമാ നിര്‍മാണം പൂര്‍ണമായും മദ്രാസിലായിരുന്നു. താരങ്ങള്‍ ശരിക്കും വിണ്ണില്‍ തന്നെ. കേരളത്തിലേക്ക് എപ്പോഴെങ്കിലും ഒരു പുറംവാതില്‍ ചിത്രീകരണത്തിന് വന്നാലായി. അഥവാ കുടുംബത്തെ കൂടെ കൂട്ടാത്തവര്‍ വീട്ടിലേക്ക് വരുമ്പോള്‍! ഇങ്ങനെയൊക്കെ അന്നത്തെ എല്ലാ പ്രസിദ്ധ താരങ്ങളും കേരളത്തെ സംബന്ധിച്ച് അതിഥികളായിരുന്നു. അവരെയൊക്ക കാണുക കൂടെ നിന്ന് 'സെല്‍ഫി' എടുക്കുക എന്നതൊക്കെ ചിന്തിക്കാന്‍ പോലും സാധ്യമായിരുന്നില്ല.

സാധാരണക്കാര്‍ക്ക് തികച്ചും അപ്രാപ്യമായിരുന്നു സിനിമാമേഖല. ഞാന്‍ ഡിഗ്രി രണ്ടാം വര്‍ഷം പഠിക്കുമ്പോള്‍ (യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം) ഞങ്ങളുടെ ആര്‍ട്സ് ക്ലബ് ഉദ്ഘാടനം ചെയ്യാന്‍ പ്രേംനസീറാണ് വരുന്നതെന്നറിഞ്ഞപ്പോഴുണ്ടായ സന്തോഷവും അത്ഭുതവും ഇന്നും ഓര്‍ത്തെടുക്കാന്‍ പറ്റുന്നുണ്ട്. വല്ലപ്പോഴും ഉള്ള ഒരു ബസ്സാണ് വീട്ടില്‍ നിന്ന് കോളേജിലേക്ക് വരാനുള്ള വാഹനം. അത് മിക്കപ്പോഴും സമയത്തിനൊന്നുമാവില്ല താനും. അന്നത്തെ ദിവസം പതിവ് ബസ്സ് വന്നതേയില്ല. ചുരുക്കം ബസ്സ് കിട്ടി ഞാന്‍ വി.ജെ.ടി. ഹാളിന്റെ ഗേറ്റ് കടന്നതും അദ്ദേഹം ഉദ്ഘാടനം കഴിഞ്ഞ് കാറില്‍ പുറത്തേക്ക് പോയതും ഒരേസമയം! മിന്നായം പോലെ ഒന്നു കണ്ടു. അങ്ങനെ ഒരു ദുഃഖപര്യവസായിയായ സംഭവമായിപ്പോയി അത്.

ഇന്നത്തെപ്പോലെ 'സ്റ്റാര്‍നൈറ്റ്സി'ന്റെ പെരുമഴക്കാലമായിരുന്നില്ല അന്ന്. എന്തെങ്കിലും ഒരു നല്ല കാര്യത്തിന്റെ ധനസമ്പാദനത്തിനൊക്കെയാവും താരങ്ങള്‍ ഒത്തുകൂടുക. അങ്ങനെ ഏതോ ഒരാവശ്യത്തിനായി ആ സമയത്ത് കൊല്ലത്ത് ഒരു സ്റ്റാര്‍ നൈറ്റ് നടക്കുകയുണ്ടായി. സത്യന്‍, പ്രേംനസീര്‍, ഷീല, അടൂര്‍ ഭാസി അങ്ങനെ അന്നത്തെ എല്ലാ പ്രമുഖതാരങ്ങളും പങ്കെടുത്ത ഒരു താരനിശ. എന്റെ ചേച്ചിയുടെ ഭര്‍ത്താവ് കെ.എസ്. ചന്ദ്രന്‍ അന്ന് കേരളശബ്ദം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരാണ്. പ്രസ്സിന് ഇങ്ങനെയുള്ള താരനിശകള്‍ക്ക് പാസ്സ് ഉണ്ടാവും.

സിനിമയോടും പാട്ടിനോടുമൊക്കെ എനിക്കുള്ള ആരാധന അറിയാവുന്ന ചേച്ചി ചേട്ടനോട് പറഞ്ഞു- 'രാജിയെ കൂടി കൊണ്ടുപോകൂ, അവള്‍ക്കൊരു സന്തോഷമാകട്ടെ' എന്ന്. സത്യത്തില്‍ ചേച്ചിയും സിനിമയുടെയും പാട്ടിന്റെയുമൊക്കെ കടുത്ത ആരാധികയാണ്. ചേട്ടന്‍ ഏതായാലും എന്നെ കൊണ്ടുപോയി. നല്ല അടുപ്പമുള്ള ഒരു കുടുംബത്തോടൊപ്പം ഇരുത്തി. കുറച്ചകലെയാണ് സ്റ്റേജ്. ഇന്നത്തെ പോലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ഒന്നും അന്നില്ല. അതുകൊണ്ട് കഷ്ടിച്ച് അവരെയൊക്കെ മനസ്സിലാവും എന്നല്ലാതെ നല്ലപോലെ ഒന്നും കാണുമായിരുന്നില്ല. മണ്ണിലേക്കിറങ്ങിവന്ന ആകാശതാരങ്ങളെ കാണാന്‍ കൂടിയ ജനസമുദ്രത്തിന്റെ ആഹ്ളാദശബ്ദങ്ങള്‍ ഒരു വശത്ത്. അങ്ങനെ ആ ശ്രമവും പാളിപ്പോയി എന്നു തന്നെ പറയണം.

.

കാലം നമുക്കായി കാത്തുവെച്ചിരിക്കുന്ന അത്ഭുതങ്ങള്‍, സന്തോഷങ്ങള്‍, സങ്കടങ്ങള്‍ ഇവയെല്ലാം തന്നെ പ്രവചനാതീതമാണ്. അതുതന്നെ എന്റെ കാര്യത്തിലും സംഭവിച്ചു. വിവാഹിതയായി ഞാന്‍ മദിരാശിയിലെത്തുന്നു. വിലയ്ക്കുവാങ്ങിയ വീണ എന്ന ചിത്രത്തിന്റെ റെക്കോഡിംഗ് വേളയിലാണെന്നു തോന്നുന്നു ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നത്. 'അച്ഛനെ എനിക്ക് നന്നായി അറിയാം' എന്ന് പറഞ്ഞത് ഞാന്‍ വ്യക്തമായി ഓര്‍ക്കുന്നു. പിന്നീട് പടങ്ങളുടെ പ്രിവ്യൂ പ്രദര്‍ശനങ്ങള്‍ക്ക് അദ്ദേഹം അപൂര്‍വമായി വരുമ്പോള്‍!

അടുത്തഘട്ടം എന്നു പറയുമ്പോള്‍ അദ്ദേഹം ഞങ്ങളുടെ ചിത്രങ്ങളില്‍ അഭിനയിക്കുന്ന സമയമാണത്. ചേട്ടന്‍ നിര്‍മിച്ചതും സംവിധാനം ചെയ്തതുമായി എത്രയോ ചിത്രങ്ങള്‍. അദ്ദേഹത്തിന്റെ അഭിനയത്തെപ്പറ്റിയൊന്നും പറയാന്‍ ഞാന്‍ മുതിരുന്നില്ല. നല്ല സ്‌ക്രിപ്റ്റും നല്ല സംവിധായകരും ഉള്ളപ്പോഴൊക്കെ അദ്ദേഹത്തിലെ അതുല്യ നടന്‍ വെളിയില്‍ വന്നിട്ടുണ്ട്. തീര്‍ച്ചയായും മഹാനടന്‍ തന്നെയായിരുന്നു നസീര്‍ സാര്‍.

എന്റെ മകന്‍ അഭിനയിക്കുന്ന ചിത്രങ്ങളുടെ ചില ലൊക്കേഷനിലൊക്കെ ഞാനും മകളും പോകുമായിരുന്നു. അല്ലാതെയും ചിലപ്പോള്‍ ചേട്ടന്‍ ഡയറക്ട് ചെയ്യുന്ന പടങ്ങളാണെങ്കിലും പോയിട്ടുണ്ട്. ഒരിക്കല്‍ അങ്ങനെയാരു സമയത്ത് ഏതോ ഒരു ആര്‍ട്ടിസ്റ്റ് (നടി) എന്നോട് 'ഞാനെന്താ വിളിക്കേണ്ടത്, ചേച്ചി എന്നാണോ' എന്ന് ചോദിച്ചു. സാര്‍ ഇതു കേള്‍ക്കുന്നുണ്ടായിരുന്നു. 'പേര് വിളിച്ചാല്‍ മതി. എന്റെ മൂത്ത മകളുടെ പ്രായമാണ് ആ കുട്ടി' എന്ന് മറുപടി പറഞ്ഞത് അദ്ദേഹമാണ്. പറയുക മാത്രമല്ല അവസാനം വരെ ആ വാത്സല്യം എനിക്ക് തന്നിട്ടുമുണ്ട്. എന്റെ മക്കള്‍ക്കും. മമ്മി (സാറിന്റെ ഭാര്യയെ ഞങ്ങളൊക്കെ അങ്ങനെയാണ് വിളിക്കുന്നത്) യും മക്കളെല്ലാവരുമായും നല്ല സ്നേഹബന്ധമായിരുന്നു എനിക്ക്. അവരെല്ലാവരും തന്നെ പെരുമാറ്റത്തില്‍ നസീര്‍ സാര്‍ പുലര്‍ത്തിവരുന്ന അന്തസ്സ് അതുപോലെ കാത്തുസൂക്ഷിച്ചവരാണ്.

പ്രേംനസീറിന്റെ കുടുംബം
പ്രേംനസീറിന്റെ കുടുംബം

കണ്ണന് (മോന്‍) കാറുകളോട് വലിയ ഭ്രമമായിരുന്നു. അന്നുള്ള എല്ലാ കാറുകളുടെയും ബ്രാന്‍ഡൊക്കെ കാണാപാഠമായിരുന്നു. സാറിന് ഇതറിയാമായിരുന്നു. ഞങ്ങളുടെ വീടിനടുത്തെങ്ങാനും ഷൂട്ടിംഗ് ഉണ്ടെങ്കില്‍ അദ്ദേഹം വീട്ടില്‍ വരും. എന്നിട്ട് മോനെ ചൂണ്ടി ഡ്രൈവറോട് പറയും. 'ഞാനിവിടെയിരിക്കാം. നീ ഇവനെ ആ കാറില്‍ കയറ്റി ഒന്നു ചുറ്റിയടിച്ചിട്ട് വരൂ' എന്ന്. അത് ചിലപ്പോ അദ്ദേഹം പുതിയതായി വാങ്ങിയ കാറായിരിക്കും. ഒരിക്കല്‍ യാദൃശ്ചികമായി അങ്ങനെ കയറിയപ്പോള്‍ കുടിക്കാനായി ലൈംജ്യൂസ് കൊടുത്ത ഒരു ഗ്ലാസ് ഉണ്ട്. പുറത്തെല്ലാം ഗോള്‍ഡന്‍ ഡിസൈന്‍ ഉള്ള നല്ല ഭംഗിയുള്ള ഒരു ഗ്ലാസ്. ഞങ്ങള്‍ക്ക് ഒരു കുടുംബ സുഹൃത്ത് വിദേശത്തുനിന്ന് വന്നപ്പോള്‍ സമ്മാനിച്ചതായിരുന്നു. അതുവരെ ഉപയോഗിച്ചിരുന്നില്ല. അന്നു തന്നെ 'നസീര്‍ ഗ്ലാസ്' എന്ന് പേരിട്ട് ഭദ്രമായി മാറ്റിവെച്ചു അത്. പിന്നെ ഒന്നോ രണ്ടോ പ്രാവശ്യം ഇതുപോലെ അപ്രതീക്ഷിതമായി വന്നപ്പോള്‍ സാറിന് ഉപയോഗിക്കാന്‍ മാത്രമേ അതെടുത്തിട്ടുള്ളൂ.

ഞങ്ങള്‍ക്ക് സ്വന്തമായി ഒരു ഫ്ളാറ്റ് ഉണ്ടാകുംവരെ കുറെയധികം വാടകവീടുകളില്‍ മാറി മാറി താമസിച്ചിട്ടുണ്ട്. അങ്ങനെയുള്ള ഏതോ ഒരു മാറ്റത്തിനിടയില്‍ സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ വന്നവര്‍ ആരോ ആ 'സ്വര്‍ണ ഗ്ലാസ്' അപഹരിച്ചു. ഇന്നും അതെനിയ്ക്ക് ഒരു വിഷമമുള്ള കാര്യമാണ്.

മോന്‍ 'ഇരട്ടിമധുരം' എന്ന ചിത്രത്തില്‍ നസീര്‍ സാറിന്റെ മകനായി അഭിനയിച്ചിട്ടുണ്ട്. അതു കാരണം ഷൂട്ടിങ്ങിനൊക്കെ ഇടയ്ക്ക് ഞാനും പോകുമായിരുന്നു. അങ്ങനെയുള്ള ഒരു ദിവസം ഉച്ചയ്ക്ക് ആഹാരം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ സാര്‍ എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'ചോറാണല്ലേ ഇഷ്ടം' പെട്ടെന്നൊരു ചോദ്യം. ഞാന്‍ ആദ്യം ഒന്നമ്പരന്നു. 'അതെ സാര്‍' 'അതൊന്ന് കുറച്ചിട്ട് ഉച്ചയ്ക്ക് ഒരു രണ്ടു ചപ്പാത്തിയും രണ്ട് ചിക്കന്‍ പീസും കഴിക്കാന്‍ നോക്കൂ, അധികം തടിവെക്കില്ല'. ആദ്യ കാലത്ത് എന്നെ കണ്ടിട്ടുള്ള സാറിന് എന്റെ 'പൊണ്ണത്തടി'യിലേക്കുള്ള യാത്ര മനസ്സിലായി. അതാണ് സ്നേഹപൂര്‍വ്വം അങ്ങനെ പറഞ്ഞത്. 'ഞാന്‍ ചിക്കനും മട്ടനും ഒന്നും കഴിക്കാറില്ല സാര്‍' മടിച്ചുമടിച്ചാണ് ഞാന്‍ മറുപടി പറഞ്ഞത്. സാര്‍ ചിരിച്ചു. 'ചോറു തന്നെ വേണമെന്ന് അല്ലേ' ഒന്നു കൂടി ഭംഗിയായി ഒന്നു ചിരിച്ചു അദ്ദേഹം. നേരത്തെ ഞാന്‍ പറഞ്ഞ കാലത്തിന്റെ കണക്ക് അറിയുകയായിരുന്നു ഞാന്‍. ഒരിക്കല്‍ കാണാന്‍ പോലും പറ്റാത്ത നിരാശയില്‍ മടങ്ങിപ്പോന്നു. ഇന്ന് അദ്ദേഹം ഒരു മകളോടെന്നപോലെ എന്റെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുന്നു. ഈശ്വരന് നന്ദി പറഞ്ഞുപോയി.

ഞങ്ങളുടെ ആദ്യത്തെ ചിത്രമായ 'ചന്ദ്രകാന്തം' ഉള്‍പ്പെടെ ഒന്നുരണ്ട് പടങ്ങളില്‍ നസീര്‍ സാറിന്റെ ചെറുപ്പം അഭിനയിക്കാനും കണ്ണന് ഭാഗ്യമുണ്ടായിട്ടുണ്ട്. വൈകുന്നേരങ്ങളില്‍ മദിരാശിയിലാണ് ഷൂട്ടിങ്ങെങ്കിൽ അദ്ദേഹത്തിന്റെ വീട്ടില്‍നിന്ന് ചായയ്ക്ക് എന്തെങ്കിലും ലഘുഭക്ഷണം കൊടുത്തുവിടും. സാര്‍ അതൊന്നു നോക്കും. പേരിനൊന്ന് കഴിച്ചെങ്കിലായി. ബാക്കി സെറ്റിലുള്ളവര്‍ക്കാണ്. അത് കണക്കാക്കിയായിരിക്കും മമ്മി കൊടുത്തുവിടുക.

Premnaseer
അവസാനമായി ഞാന്‍ അദ്ദേഹത്തെ കണ്ടത് ഒരു ചിത്രത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് പോയപ്പോഴാണ്. ഞാനും ചേട്ടനും മക്കളും. ഞങ്ങള്‍ നാലുപേരും ഉണ്ടായിരുന്നു. എന്റെ മകളോടും അദ്ദേഹത്തിന് വലിയ വാത്സല്യമായിരുന്നു. 'അഹാ വരണം വരണം നാലുപേരുമുണ്ടല്ലോ. ഒരുമിച്ച് കാണാന്‍ പറ്റിയല്ലോ സന്തോഷമായി' എന്നാണ് അന്ന് അദ്ദേഹം പറഞ്ഞത്. കാലത്തിന്റെ എന്നപോലെ ദൈവത്തിന്റെയും കണക്കുകൂട്ടലുകള്‍ നമുക്കറിയില്ലല്ലോ. അല്ലെങ്കില്‍ രണ്ടുമൊന്നല്ലേ. പിന്നീട് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായില്ല. ജീവനില്ലാത്ത അവസ്ഥയില്‍ കാണാന്‍ ശക്തിയില്ലായിരുന്നു. നസീര്‍ സാര്‍ ഇനിയില്ല എന്ന സത്യം ഉള്‍ക്കൊള്ളാന്‍ തന്നെ ഒരുപാട് നാളുകള്‍ വേണ്ടിവന്നു.

മമ്മി മരിച്ചപ്പോള്‍ ഞാന്‍ പോയിരുന്നു. ഒരസുഖവുമില്ലാതെ പെട്ടെന്നുള്ള സുഖമരണമായിരുന്നു. എന്തോ ഒരു വിശേഷദിവസമായിരുന്നതിനാല്‍ മക്കളെല്ലാവരും അവിടെയുണ്ടായിരുന്നു. മമ്മിയെ പള്ളിയിലേക്ക് കൊണ്ടുപോയ ശേഷമാണ് ഞാന്‍ പോന്നത്.

ആദ്യമായി ആ വീട്ടില്‍ വരുന്ന ചിലരെല്ലാം അതിശയം അടക്കാന്‍ ശ്രമിക്കുന്നത് ഞാന്‍ കണ്ടു. 'ഇതോ മലയാളത്തിലെ സൂപ്പര്‍സ്റ്റാറിന്റെ വീട്' എന്ന്. ഒരു സാധാരണ ഇരുനില വീട്. വളരെ സാധാരണമായ വീട്ടുപകരണങ്ങള്‍. നിറയെ മരങ്ങള്‍ ചുറ്റും വെച്ചുപിടിപ്പിച്ചിട്ടുണ്ട്. പിറകില്‍ ഒരു ചെറിയ ഔട്ട് ഹൗസ്. തീര്‍ന്നു പ്രേംനസീറിന്റെ വാസസ്ഥലത്തിന്റെ മോടികള്‍. മമ്മി കൂടി പോയശേഷം കുട്ടികള്‍ അത് ഫ്ളാറ്റ് നിര്‍മ്മിക്കാന്‍ ഒരു ആവശ്യക്കാരന് വിറ്റു. ഒരു കരാറിന്‍മേല്‍. ഫ്ളാറ്റിന് പ്രേംനസീറിന്റെ പേരിടണം. വാങ്ങിയവര്‍ അതനുസരിച്ചു. മഹാലിംഗപുരം അയ്യപ്പക്ഷേത്രത്തിനു സമീപമുള്ള ആ വഴിയിലൂടെ പോകുമ്പോള്‍ ആളുകള്‍ ഇന്നും ഫ്ളാറ്റ് ചൂണ്ടിക്കാട്ടി പറയാറുണ്ട്. ഇവിടെയായിരുന്നു പ്രേംനസീറിന്റെ വീട്.

ഞങ്ങള്‍ പി. ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക് ഒരു സ്വീകരണം ഒരുക്കിയപ്പോള്‍ ആദ്യവസാനം ഒരു കാരണവരെപ്പോലെ കൂടെ നിന്നു അത് ഭംഗിയാക്കാന്‍. പിന്നീട് മകളുടെ വിവാഹം പോലെയുള്ള ജീവിതത്തിലെ പ്രധാന ചടങ്ങുകള്‍ നടന്നപ്പോഴൊക്കെ ഓര്‍ത്തിട്ടുണ്ട്, ഇപ്പോള്‍ നസീര്‍ സാര്‍ ഉണ്ടായിരുന്നെങ്കില്‍!

ജീവിതത്തില്‍ നമുക്ക് മടുപ്പ് തോന്നാത്ത ചിലതുണ്ട്. കടല്‍ കണ്ടുകൊണ്ടിരിക്കുക, നമുക്ക് ഇഷ്ടമുള്ള ഒരു പാട്ട് കേട്ടുകൊണ്ടിരിക്കുക, കൊച്ചു കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കത കണ്ടുകൊണ്ടിരിക്കുക അങ്ങനെ ഓരോരുത്തരുടെ അഭിരുചിക്കനുസരിച്ചുള്ള പലതും!

എന്നാല്‍ പ്രേംനസീറിനെക്കുറിച്ച് എത്ര പറഞ്ഞാലും കേട്ടാലും തലമുറകള്‍ മാറിവന്നിട്ടും മലയാളിക്ക് മടുക്കില്ല. താന്‍ വളരുന്നതിനൊപ്പം കൂടെയുള്ളവരെയും വളര്‍ത്താന്‍ ശ്രമിച്ച അപൂര്‍വ്വ വ്യക്തിത്വം. പെട്ടെന്നൊരു ദിവസം ഈ ലോകം വിടേണ്ടിവന്നപ്പോള്‍ അദ്ദേഹത്തിന്റെ വയസ്സ് വെറും 62. ഒന്നുണ്ട് - മലയാളിയുടെ മനസ്സില്‍ നസീര്‍ സാറിന് നിത്യഹരിത യൗവ്വനം! നിറഞ്ഞ സൗന്ദര്യം. മനസ്സിന്റെ നന്മകൊണ്ടും ഉച്ചനീചത്വമില്ലാത്ത സൗമ്യമായ പെരുമാറ്റം കൊണ്ടും എപ്പോഴെങ്കിലും മാത്രം ഉണ്ടായേക്കാവുന്നതാണെങ്കിലും നമുക്ക് ധൈര്യമായി ചൂണ്ടിക്കാണിക്കാം പ്രേംനസീറിനെ- ഇതാ ഒരു മനുഷ്യന്‍!

Content Highlighst: Raji Thampi Column Mukhangal Mudrakal

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Sathyan Anthikadu

2 min

ത്യാഗരാജൻ മാഷ് പറഞ്ഞു: ലാൽ അവിടെയുണ്ടല്ലോ, കൊറിയോഗ്രഫി അവൻ ചെയ്‌തോളും

May 21, 2023


Pinarayi

2 min

UDF എന്ന ദുരന്തം അവസാനിപ്പിച്ചു തുടങ്ങിയതാണ്; ഏഴ് വര്‍ഷം ഒരു വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല- പിണറായി

May 20, 2023


biden modi

1 min

'താങ്കള്‍ ഞങ്ങള്‍ക്ക് വലിയ തലവേദനയാണ്; മോദിയുടെ ജനപ്രീതിയില്‍ അത്ഭുതംകൂറി ബൈഡനും അല്‍ബനീസും

May 21, 2023