അഞ്ജലീ, അഞ്ജലീ സ്മരണാഞ്ജലി


8 min read
Read later
Print
Share

പ്രിയപ്പെട്ട ബാലു സാര്‍ അങ്ങ് കണ്ടിരുന്നു, യഥാര്‍ഥ മനുഷ്യനെ. എല്ലാ ദിവസവും. നിലക്കണ്ണാടിയില്‍ നോക്കുമ്പോള്‍...

എസ്.പി. ബാലസുബ്രഹ്മണ്യം | Photo: Mathrubhumi Archives

ബ്രഹ്മാവ് അനുസ്യൂതം തന്റെ സൃഷ്ടികര്‍മ്മങ്ങള്‍ നടത്തിക്കൊണ്ടേയിരിക്കുമ്പോള്‍ ചിലപ്പോള്‍ അദ്ദേഹത്തിന് ഒരു കുസൃതി തോന്നും. ചില സൃഷ്ടികളോട് ഒരുപക്ഷാഭേദം. അങ്ങനെയുള്ളവരെ അമരത്വം നേടാനുള്ള അനുഗ്രഹം കൂടികൊടുത്താവും ഭൂമിയിലേക്കയക്കുക. ആ ഗണത്തില്‍ പെടുത്താവുന്ന ഒരാളാണ് കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് നമ്മളെ വിട്ടുപോയ എസ്.പി. ബാലസുബ്രഹ്മണ്യം. കര്‍ണാടകയിലെ ഹംപി എന്ന സ്ഥലത്ത് ഒരു പ്രസിദ്ധമായ വിട്ടാല ക്ഷേത്രമുണ്ട്. അവിടെയുള്ള 56 തൂണുകളില്‍ ഏതില്‍തൊട്ടാലും സപ്തസ്വരങ്ങളില്‍ ഒരെണ്ണം കേട്ടുകൊണ്ടിരിക്കും. അതുപോലെയാണ് എസ്.പി.ബി. എന്ന ചുരുക്കപ്പേരും ബാലു എന്ന ഓമനപ്പേരും ഉള്ള ബാലസുബ്രഹ്മണ്യത്തിന്റെ കാര്യവും. അദ്ദേഹത്തെക്കുറിച്ച് എന്തെഴുതാന്‍ തുടങ്ങിയാലും, ഏത് ഘടകത്തെക്കുറിച്ചായാലും സംഗീതം, നന്മ, മനുഷ്യത്വം, വിനയം അങ്ങനെ ഒന്നൊന്നായി മുന്നില്‍ വന്നുനില്‍ക്കും. എത്ര എഴുതിയാലും തീരാത്ത വിഷയം. അതാണ് എസ്.പി.ബി.

മുഴുവനായും സാധിച്ചില്ലെങ്കിലും ഒരേപോലെയുള്ള എഴുത്തുകളില്‍ നിന്ന് വ്യത്യസ്തമായി അദ്ദേഹവുമായി വളരെ അടുപ്പമുള്ള ചിലരുടെ അനുഭവങ്ങളിലൂടെ അദ്ദേഹത്തെ ഒന്ന് അവതരിപ്പിക്കാനുള്ള എളിയ ഒരു ശ്രമം നടത്തുകയാണ് ഞാന്‍.

ഞങ്ങളുടെ ജീവിതത്തിലെ ബാലു

1960 കളുടെ ഏകദേശം മധ്യത്തില്‍ കേരളത്തില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍ ഡിഗ്രി പഠനവും എന്‍ജീനിയറിംഗ് പഠനവും കഴിഞ്ഞ് മദിരാശിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനീയറിംഗില്‍ എ.എം.ഐ.ഇ. എന്ന കോഴ്‌സ് പഠിക്കാനെത്തുന്നു. വളരെ പ്രയാസമുള്ള ഒരു പഠനശാഖയാണത്. അതിന്റെ ആദ്യത്തെ സെക്ഷന്‍ ആദ്യ ശ്രമത്തില്‍ ജയിക്കുന്നത് ദുഷ്‌കരമായാണ് പറയപ്പെട്ടിരുന്നത്. എന്നാല്‍ ഈ ചെറുപ്പക്കാരന് അതുകഴിഞ്ഞു. കോഴ്‌സ് പൂര്‍ത്തിയാക്കി തിരിച്ചുപോയി ഗവണ്‍മെന്റ് ജോലിയിലും പ്രവേശിച്ചു. അപ്പോഴേക്കും ആന്ധ്രാപ്രദേശിലെ നെല്ലൂരില്‍ നിന്നും ഇതേ കോഴ്‌സ് പഠിക്കുവാന്‍ വേറൊരു ചെറുപ്പക്കാരന്‍ എത്തുന്നു. കോളേജില്‍ പ്രിന്‍സിപ്പല്‍ എപ്പോഴും ക്ലാസുകളില്‍ ഉദാഹരണത്തിനായി പറഞ്ഞ് പറഞ്ഞ് പഠിച്ചിറങ്ങി കേരളത്തിലേക്ക് പോയ ആള്‍ ഈ യുവാവിന്റെ മനസ്സില്‍ ഇടം നേടുന്നു. അദ്ദേഹവും കോഴ്‌സ് കഴിഞ്ഞ് തിരിച്ചുപോയി.

1966 ല്‍ ആദ്യത്തെ ആള്‍ 'കാട്ടുമല്ലിക' എന്ന മലയാള ചിത്രത്തിലെ പാട്ടുകള്‍ എഴുതിക്കൊണ്ട് സിനിമാലോകത്തേക്ക് കാലെടുത്ത് വെയ്ക്കുന്നു. ഹരിപ്പാട് ശ്രീകുമാരന്‍ തമ്പി എന്ന പേരില്‍. രണ്ടാമത്തെ ആളും 1966 ല്‍ തന്നെ 'മര്യാദ രാമണ്ണ' എന്ന തെലുങ്കു ചിത്രത്തിലൂടെ ഒരു ഗായകനായി രംഗപ്രവേശം ചെയ്യുന്നു. എസ്.പി. ബാലസുബ്രഹ്മണ്യം എന്ന പേരില്‍. മദിരാശിയില്‍ എത്തുന്ന രണ്ടുപേരും ആര്‍.കെ. ശേഖര്‍ എന്ന മ്യൂസിക് ഡയറക്ടര്‍ വഴി പരിചയപ്പെടുന്നു. ക്രമേണ മൂന്നുപേരും അടുത്ത സുഹൃത്തുക്കളാകുന്നു. ത്രിമൂര്‍ത്തികള്‍ പോലെ കഴിഞ്ഞ ഒരു കാലം. ഇതൊക്കെ എന്റെ വിവാഹത്തിനുമുമ്പ്. ഞാന്‍ മദിരാശിയിലെത്തുമ്പോള്‍ ഇവര്‍ ഉറ്റ സുഹൃത്തുക്കളായിക്കഴിഞ്ഞിരുന്നു. അന്ന് കൂട്ടത്തില്‍ തിരക്ക് ശേഖറണ്ണന് മാത്രം. എല്ലാ മ്യൂസിക് ഡയറക്ടേഴ്‌സിനും അദ്ദേഹത്തിന്റെ 'സഹായം' ആവശ്യമായിരുന്നു. ഓര്‍ക്കസ്ട്രയുടെ കാര്യത്തില്‍. പാട്ടുകളുടെ പശ്ചാത്തല സംഗീതം അദ്ദേഹത്തിന്റേതായിരുന്നു. മൂന്നുപേരും വൈകുന്നേരങ്ങളില്‍ കൂടും. ഞാന്‍ അധികതവണയൊന്നും കണ്ടിട്ടില്ല. വീടുമായി അടുപ്പം ശേഖറണ്ണന് മാത്രമായിരുന്നു. ചേട്ടന്‍ ചിത്രങ്ങള്‍ക്ക് പാട്ടുകള്‍ എഴുതുകയും ബാലു തമിഴ് ചിത്രങ്ങളില്‍ പാടുകയും ചെയ്യുന്നുണ്ടായിരുന്നു. ആദ്യത്തെ മലയാളം പാട്ട് ബാലു പാടിയത് തമ്പി ചേട്ടന്റെ രചനയില്‍ ആര്‍.കെ. ശേഖര്‍ സംഗീതം ചെയ്ത 'യോഗമുള്ളവള്‍' എന്നൊരു ചിത്രത്തിന് വേണ്ടിയാണ്. 'നീലസാഗരതീരം നിന്റെ നീര്‍മിഴിയോരം...' എന്നു തുടങ്ങുന്ന പാട്ട്. ക്രമേണ രണ്ടുപേരും അവരവരുടെ തട്ടകത്തില്‍ തിരക്കിലായി. സ്വാഭാവികമായും കണ്ടുമുട്ടലുകള്‍ക്കിടയിലുള്ള ദൂരംകൂടി. ചേട്ടന്‍ പാട്ടെഴുത്തിനൊപ്പം തിരക്കഥ, സംഭാഷണം എഴുതാനും സംവിധാനം ചെയ്യാനും തുടങ്ങി. 'മുന്നേറ്റം' എന്ന ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത ചിത്രത്തിലെ 'ചിരികൊണ്ട് പൊതിയും മൗന ദുഃഖങ്ങള്‍ ചിലരുടെ സമ്പാദ്യം' എന്ന ഗാനമാണ് പിന്നെ അദ്ദേഹം ഞങ്ങളുടെതായി പാടിയത്. ശേഖറണ്ണന്‍ ലോകം വിട്ടുപോവുകയും മറ്റ് രണ്ടുപേരും വലിയ തിരക്കുകളിലേക്ക് വീഴുകയും ചെയ്തപ്പോള്‍ വല്ലപ്പോഴുമുള്ള ഫോണ്‍വിളികളില്‍ ഒതുങ്ങി ആ സൗഹൃദം. ഞങ്ങളുടെ മകള്‍ കവിതയും ബാലുവിന്റെ മകള്‍ പല്ലവിയും ഒരേ സ്‌കൂളിലാണ് എല്‍.കെ.ജി, യു.കെ.ജി. പഠിച്ചത്. കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടാന്‍ വരുമ്പോള്‍ വല്ലപ്പോഴും കണ്ടുമുട്ടും. ഞാന്‍ സാവിത്രിയേയും (ബാലുവിന്റെ ഭാര്യ). ഞങ്ങളുടെ പിതൃതുല്യനും ഗുരുതുല്യനുമായിരുന്നു ടി.ഇ. വാസുദേവന്റെ തൊട്ടവീട്ടിലായിരുന്നു ബാലുവും കുടുംബവും താമസിച്ചിരുന്നത്. ഞങ്ങള്‍ വാസു സാറിന്റെ വീട്ടില്‍ പോകുമ്പോള്‍ ഇവരെയും കണ്ടുമുട്ടും. സംസാരിക്കും. ഇങ്ങനെയൊക്കെ മുറിയാതെ തന്നെപോയി സൗഹൃദം. അദ്ദേഹത്തിന്റെ അനിയത്തി എസ്.പി. ശൈലജയും 'യുവജനോത്സവം' എന്ന ഞങ്ങളുടെ സിനിമയില്‍ പാടിയിട്ടുണ്ട്. മൂന്നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് വൈക്കം മഹാദേവക്ഷേത്രത്തില്‍ ദേവസ്വത്തിന്റെ വകയായി ബാലുവിന് ഒരു അവാര്‍ഡ് ഉണ്ടായിരുന്നു. ദക്ഷിണാമൂര്‍ത്തി സംഗീതോത്സവത്തിന്റെ ഭാഗമായി. അത് സമ്മാനിച്ചത് തമ്പിച്ചേട്ടനാണ്. അന്ന് അദ്ദേഹം പഴയകാര്യങ്ങളെല്ലാം ഓര്‍ത്തെടുത്ത് സ്റ്റേജില്‍ സംസാരിക്കുകയുണ്ടായി. ഹൃദയസ്പര്‍ശിയായി.

വല്ലപ്പോഴും മാത്രം നമ്മുടെ കതകില്‍ മുട്ടുന്ന ഒന്നാണ് 'ഭാഗ്യം'. 'മഹാഭാഗ്യങ്ങള്‍' പ്രത്യേകിച്ചും. ഈ കൊറോണക്കാലത്ത് എനിക്കങ്ങനെ ഒന്നുണ്ടായി. ഒരു ദിവസം ചിത്ര എന്നോട് ചോദിച്ചു. 'ചേച്ചീ ഈ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പാട്ടെഴുതി തരാമോ' ഞാന്‍ അത്ഭുതപ്പെട്ടു. ഞാന്‍ ചെയ്തിട്ടില്ലാത്ത ഒരു കാര്യം. കഥകളും ലേഖനങ്ങളുമൊക്കെ എഴുതിയിട്ടുണ്ടെങ്കിലും ഞാന്‍ പാട്ടെഴുതിയിരുന്നില്ല. 'മോളേ ഞാനിതുവരെ എഴുതിയിട്ടില്ലല്ലോ', 'സാരമില്ല, ഒന്നു ശ്രമിച്ചുനോക്കൂ' എന്ന് ചിത്ര. നോക്കി, ഈശ്വരാനുഗ്രഹം ഒന്നുകൊണ്ട് മാത്രം ഒരുപാട്ട് പൂര്‍ത്തിയാക്കി ചിത്രയെ ഏല്പിച്ചു. ചിത്രയ്ക്ക് ഒരുപാടിഷ്ടായി. വളരെ നന്നായി എന്നു പറഞ്ഞു. അപ്പോള്‍ തന്നെ ശരത്തിനെ ഏല്പിച്ചു. സംഗീതം ചെയ്യാന്‍. രണ്ട് ദിവസം കഴിഞ്ഞ് എന്നെ വിളിച്ചു. 'ചേച്ചീ ഞങ്ങള്‍ നാലുപേരാണ് കേട്ടോ അത് പാടാന്‍ പോകുന്നത്. ബാലു സാര്‍, ശങ്കര്‍ മഹാദേവന്‍ സാര്‍, ഞാന്‍, ശരത്'. എന്തുപറയണമെന്നുപോലും അറിയാതെ നിന്നുപോയി ഞാന്‍. ഇത്രയ്‌ക്കൊരു വലിയരീതിയില്‍ അത് വരുമെന്നൊന്നും ഞാന്‍ കരുതിയിരുന്നില്ല. അങ്ങനെ ബാലു സാര്‍ ഞാന്‍ എഴുതിയ ചില വരികള്‍ പാടി. അത് ജനങ്ങള്‍ കേട്ടു എന്നത് എന്റെ മഹാഭാഗ്യമായി തന്നെ കരുതുന്നു. അദ്ദേഹം മാത്രമല്ല ചിത്ര, ശങ്കര്‍മഹാദേവന്‍, ശരത് എല്ലാവരും. എങ്കിലും അദ്ദേഹം ഇപ്പോഴില്ലല്ലോ എന്നത് കിട്ടിയ ഭാഗ്യത്തിന്റെ വില വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു. ചിത്ര അദ്ദേഹത്തോട് പറഞ്ഞിരുന്നു ഞാനാണ് എഴുതിയതെന്ന്. 'ഓ മിസിസ്സ് തമ്പിയും പാട്ടെഴുതുമോ' എന്ന് ചോദിച്ചത്രെ. ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്തൊരു അഭിമാന നിമിഷം. കൊറോണക്കാലത്തിറങ്ങിയ പാട്ടുകളില്‍ 'ലോകമിന്നൊരു തറവാടായ്' എന്ന ഈ പാട്ട് വലിയ ഹിറ്റായിരുന്നു എന്നതും സന്തോഷം തരുന്നു. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ഡാന്‍സ്ട്രൂപ്പുകാര്‍ ഈ പാട്ടിന് നൃത്തരൂപം കൊടുത്ത് യൂട്യൂബില്‍ അവതരിപ്പിച്ചിരുന്നു. ഒരു പുണ്യമായി മാത്രമേ എനിക്കതിനെ കാണാന്‍ കഴിയൂ. ചിത്ര എനിക്ക് നേടിത്തന്ന പുണ്യം. അങ്ങനെ പറയാനാണെനിക്കിഷ്ടം. അതാണല്ലോ സത്യവും.

ചിത്രയുടെ ചില അനുഭവങ്ങള്‍- ബാലു സാറിന്റെ ഒപ്പമുള്ള സംഗീത നിമിഷങ്ങളില്‍

ചിത്ര പറഞ്ഞിട്ടുണ്ട് ഏറ്റവും കൂടുതല്‍ യുഗ്മ ഗാനങ്ങള്‍ പാടിയിട്ടുള്ളത് ബാലു സാറുമായിട്ടാണെന്ന്. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഈ നാലുഭാഷകളിലായി. ആദ്യമെല്ലാം തെലുങ്ക് അക്ഷരങ്ങള്‍ വരെ എഴുതിക്കൊടുത്തിട്ടുണ്ട് അദ്ദേഹം ചിത്രയ്ക്ക്. ആ ബുക്ക് ഇന്നും സൂക്ഷിച്ചുവെച്ചിട്ടുണ്ട് ചിത്ര. ഉച്ചാരണപ്പിശകുകള്‍ തിരുത്തിക്കൊടുത്ത് തമിഴിലായാലും തെലുങ്കിലായാലുമൊക്കെ വാക്കുകള്‍ ശുദ്ധമായി പറയാന്‍ സാറിന്റെ സഹായം നിസ്വാര്‍ത്ഥമായി ഉണ്ടായിരുന്നെന്ന് കടപ്പാടോടെ ഓര്‍ക്കാറുണ്ട് ചിത്ര.

റെക്കോഡിംഗിന് സ്റ്റുഡിയോവില്‍ എത്തിയാല്‍ ഓര്‍ക്കസ്ട്രാ ടീമിലെ ഓരോരുത്തരുടെയടുത്തും ചെന്ന് സുഖവിവരങ്ങള്‍ അന്വേഷിച്ച് അവര്‍ക്കെന്തെങ്കിലും പ്രശ്‌നങ്ങളോ ആവശ്യങ്ങളോ ഉണ്ടോ എന്നറിഞ്ഞ ശേഷമേ അദ്ദേഹം വോയ്‌സ് റൂമില്‍ കയറുകയുള്ളത്രെ. അത് വാതില്‍ക്കല്‍ നില്‍ക്കുന്ന സെക്യൂരിറ്റിയില്‍ തുടങ്ങും.

ആരോടും വിരോധം മനസ്സില്‍ വെച്ചുകൊണ്ടിരിക്കില്ല. നല്ല പോലെ വിഷമിപ്പിച്ചിട്ടുള്ളവരാണെങ്കിലും അവരില്‍ ഒരു കഴിവുണ്ടെങ്കില്‍ അതിനെ അംഗീകരിക്കാനോ ബഹുമാനിക്കാനോ ഒരിക്കലും മടിച്ചിട്ടില്ല. മറക്കാനും പൊറുക്കാനുമുള്ള അദ്ദേഹത്തിന്റെ കഴിവ് അപാരമാണ്. അസാധാരണമാണ്.

സഹപ്രവര്‍ത്തകരില്‍ ആര്‍ക്കെങ്കിലും ഒരാവശ്യം എന്ന് വന്നാല്‍ മുന്‍പന്തിയില്‍ അദ്ദേഹമുണ്ടാവും. സംഗീതലോകത്തുള്ള ആര്‍ക്കെങ്കിലും വേണ്ടി ഒരു സഹായ കമ്മിറ്റി ഉണ്ടാക്കി അദ്ദേഹത്തെ ചെന്നുകണ്ടാല്‍ ആദ്യ സംഭാവന അദ്ദേഹത്തിന്റെതായിരിക്കും. പ്രസിദ്ധ പിന്നണി ഗായകനായിരുന്ന മലേഷ്യാ വാസുദേവന്‍ അവസാന കാലങ്ങളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്നു. അദ്ദേഹം മരിച്ചപ്പോള്‍ താമസിച്ചിരുന്ന ചെറിയ വീട്ടിലേക്ക് ആളുകള്‍ക്ക് എത്തിച്ചേരാന്‍ ബുദ്ധിമുട്ടായിരുന്നു. ബാലു സാര്‍ തന്റെ കോദണ്ഡപാണി സ്റ്റുഡിയോയുടെ ഹാളിലേക്ക് ആ ശരീരം മാറ്റി എല്ലാവര്‍ക്കും കാണാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കാനും സൗകര്യമൊരുക്കി. ചിലര്‍ അതിനെ വിലക്കി. സ്റ്റുഡിയോയില്‍ മൃതശരീരം വയ്ക്കാന്‍ പാടില്ല എന്ന്. 'അദ്ദേഹത്തെപ്പോലെ ഒരു വലിയ കലാകാരന്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ തന്നെ യാത്രയാവണം' എന്നാണ് ബാലു സാര്‍ പറഞ്ഞത്. 'മറ്റൊന്നും ഞാനിതില്‍ നോക്കുന്നില്ല' എന്നും.

ചിത്ര അദ്ദേഹത്തോടൊപ്പം ഒരു പാട് വിദേശ സംഗീത പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. (മ്യൂസിക് ഷോകള്‍). ചരണും ശൈലജയും ഒപ്പം കാണും. കോറസ് പാടുന്നവരെയൊന്നും കൊണ്ടുപോകുക എളുപ്പമുള്ള കാര്യമല്ല. രണ്ടുമാസമൊക്കെ നീണ്ടുനില്‍ക്കുന്ന കുറെയധികം പ്രോഗ്രാമുകള്‍ ഉണ്ടാവും. ചില പാട്ടുകള്‍ക്ക് കോറസ് ആവശ്യവുമായിരിക്കും. അങ്ങനെയുള്ള ഒരു പ്രോഗ്രാമില്‍ ഒന്നുരണ്ടു പാട്ടുകള്‍ക്ക് ഫീമെയില്‍ കോറസ് ആവശ്യമായി വന്നു. ശൈലജയുണ്ട്. പിന്നെ ചിത്രയും. ഒരാളായി കോറസ് പാടാന്‍ പറ്റില്ലല്ലോ. ശൈലജ റെഡിയാണെങ്കിലും. തന്നോട് ചോദിക്കാനുള്ള ബാലുവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കിയ ചിത്ര താന്‍ ശൈലജയുടെ കൂടെ പാടാം എന്ന് അദ്ദേഹത്തിനോട് പറയുകയും എല്ലാ പരിപാടികളിലും രണ്ടുപേരും കൂടി പാടുകയും ചെയ്തു. ആ ട്രിപ്പിലെ അവസാന പ്രോഗ്രാം ദിവസം വന്നെത്തി. എല്ലാവരുടെ കയ്യിലും പാടാനുള്ള പാട്ടുകളുടെ ലിസ്റ്റ് കാണും. സ്റ്റേജിന് പുറകില്‍ തങ്ങളുടെ ഊഴവും കാത്തിരിക്കും പാട്ടുകാര്‍. പാട്ടുകള്‍ ഒന്നൊന്നായി പാടിത്തീരുന്നു. പെട്ടെന്ന് 'ഉയിരേ, ഉയിരേ' എന്ന പാട്ടിന്റെ മ്യൂസിക് വായിച്ച് തുടങ്ങുന്നു ഓര്‍ക്കസ്ട്രക്കാര്‍. 'അയ്യോ ഇത് ലിസ്റ്റിലില്ലല്ലോ, ആരും പ്രാക്ടീസ് ചെയ്യുന്നതും കണ്ടില്ലല്ലോ' എന്നൊക്കെ അത്ഭുതപ്പെട്ടു ചിത്ര. എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ട് ദാ വരുന്നു ബാലു സാര്‍ സ്റ്റേജിലേക്ക്. 'ഉയിരെ' എന്ന് പാടിക്കൊണ്ട്. ഒരു ഞെട്ടലോടെയാണെങ്കിലും ചിത്രയ്ക്ക് കൂടെ ചേരേണ്ടിവന്നു. 'നാഷണല്‍ അവാര്‍ഡ്, പത്മ അവാര്‍ഡ് എല്ലാം വാങ്ങിയ വലിയ പാട്ടുകാരി നീ. എന്റെ പാട്ടുകള്‍ക്ക് കോറസ് പാടിയതിന് ഞാന്‍ ഇത്രയെങ്കിലും ചെയ്യേണ്ടേ' എന്നാണ് അദ്ദേഹം ചിത്രയോട് ചോദിച്ചത്. വികാരാധീനയായിപ്പോയി താന്‍ എന്ന് ചിത്ര. തന്നേക്കാള്‍ വളരെ ജൂനിയറായ പാട്ടുകാരന്‍ ഹരിഹരന്‍ പാടിയ പാട്ട് ഇത്ര വലിയ സദസ്സിന് മുന്നില്‍ പാടാന്‍ കാണിച്ച ആ മനസ്സിനെ നമിച്ചുപോയി ആ കുട്ടി. ഈ സംഭവം രവിമേനോന്‍ എഴുതിയിട്ടുണ്ട്. ബാലുവിനെക്കുറിച്ചുള്ള ഒന്നും തന്നെ ആവര്‍ത്തന വിരസത ഉണ്ടാക്കുന്നതല്ല എന്നതുകൊണ്ട് വായിച്ചവര്‍ക്കും വായിക്കാത്തവര്‍ക്കും വേണ്ടി ഒന്നുകൂടി വിശദമായി എഴുതിയതാണ് ഞാന്‍. പല നല്ല കാര്യങ്ങളും ചിട്ടകളും താന്‍ അദ്ദേഹത്തില്‍ നിന്ന് പഠിക്കുകയും ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തിട്ടുണ്ട് എന്ന് ചിത്ര എപ്പോഴും പറയും.

chitra
ചിത്രയും എസ്.പി.ബിയും | Photo: facebook.com/KSChithraOfficial

പാട്ടുകാരന്‍ വീട്ടുകാരനായപ്പോള്‍

വീട്ടുകാരുമൊത്ത് സമയം ചെലവഴിക്കാന്‍ ഒരുപാടിഷ്ടപ്പെട്ടിരുന്നു ബാലു. തിരക്ക് എന്നും അതിനൊരു തടസ്സമായിരുന്നു എന്ന് മാത്രം. രാവിലെ 6 മണിക്ക് സ്റ്റുഡിയോകളിലേക്ക് പോയാല്‍ രാത്രി 12 മണിക്ക് വരുന്ന ഒരാളിന് എവിടെ സമയം. എങ്കില്‍ക്കൂടി എത്ര ലേറ്റായാലും കാത്തിരിക്കുന്ന അനിയത്തിമാരുടെയും മക്കളുടെയും കൂടെ അല്പമെങ്കിലും സംസാരിച്ചിട്ടെ അദ്ദേഹം ഉറങ്ങാന്‍ പോകൂ. ഇത് കുഞ്ഞനുജത്തിയും പാട്ടുകാരിയുമായ ശൈലജയുടെ വാക്കുകള്‍. വീട്ടില്‍ ഞങ്ങള്‍ ഷട്ടില്‍കോക്ക് കളിക്കും, ബാലു അണ്ണന്‍ വന്ന് കഴിഞ്ഞ് ലേറ്റായാലും ഫ്ള‍ഡ് ലൈറ്റൊക്കെയിട്ട് കുറച്ചുനേരം ഞങ്ങള്‍ കളിക്കും- ശൈലജ. ഏറ്റവും ഇളയ രണ്ട് അനുജത്തിമാരും ചരണും പല്ലവിയും അവരുടെയൊക്കെ കൂട്ടുകാരും എല്ലവരും കൂടി കാര്‍ഡ്‌സ് കളിച്ചുകൊണ്ടിരിക്കയാവും. ലേറ്റായി വരുന്ന ബാലു നേരെ ആ റൂമിലേക്ക് പോവും. എല്ലാവരെയും മാറ്റി നടുവിലിരിക്കും. 'ഞാനുമുണ്ട് കളിക്കാന്‍' എന്നുപറഞ്ഞ്. തോല്‍ക്കുമെന്ന് ഉറപ്പാകുമ്പോള്‍ അവരൊക്കെ കളിയാക്കാതിരിക്കാന്‍ ചീട്ടുകളെല്ലാം കൂടി കൈകൊണ്ട് ചിതറി കളഞ്ഞിട്ട് എണീറ്റ് പോകും. വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടിലുള്ള ഇളയ ആള്‍ക്കാരെല്ലാം ചേര്‍ന്ന് ചെറിയ നാടകം അവതരിപ്പിക്കും. വീടിന്റെ മുകളിലെ ടെറസ്സില്‍ സ്റ്റേജൊക്കെ കെട്ടി. ഒരാഴ്ച ബാലു വന്ന് റിഹേഴ്‌സല്‍ കാണും. അദ്ദേഹം ഓക്കെ ചെയ്തിട്ടേ അവതരണമുള്ളൂ. കുടുംബത്തിലെ സന്തോഷങ്ങള്‍!

നെല്ലൂരിലെ (ആന്ധ്രാപ്രദേശ്) ഒരു ബ്രാഹ്മണകുടുംബത്തില്‍ ഹരികഥാ കലാകാരനായ സാംബമൂര്‍ത്തിയുടെയും ശകുന്തളാമ്മയുടെയും മകനായി ജനനം. നാല് സഹോദരികളും രണ്ട് സഹോദരന്മാരും. ശൈലജയും വസന്ത എന്ന ഒരനിയത്തിയും ഏറ്റവും താഴെ. അച്ഛന്റെ കല കണ്ടാണ് ബാലുവിന് സംഗീതത്തിലും മിമിക്രിയിലുമൊക്കെ താല്പര്യം വന്നത്. സംഗീതോപകരണങ്ങളും ഭംഗിയായി കൈകാര്യം ചെയ്യുമത്രേ. എത്ര തിരക്കുള്ളപ്പോഴും ഇടയില്‍ ഒരു ദിവസം ഭാര്യയേയും മക്കളേയും കൂട്ടി നെല്ലൂരിലെത്തി അച്ഛനമ്മമാരെ കാണും. ഒമ്പതാം ക്ലാസ് വരെ നെല്ലൂരില്‍ തന്നെ ഉണ്ടായിരുന്ന ശൈലജയുടെ ഓര്‍മ്മയില്‍ നല്ല ഡ്രസ്സുകള്‍ കൊണ്ടുകൊടുക്കുന്നതും അതിട്ട് സ്‌കൂളില്‍ കൂട്ടുകാര്‍ക്കിടയില്‍ അണ്ണന്‍ കൊണ്ടുത്തന്നെന്ന് പറഞ്ഞ് ഗമ കാണിച്ചതുമൊക്കെ പച്ചപിടിച്ചുനില്‍ക്കുന്നു.

ക്രമേണ ശൈലജയും പാട്ടുകാരിയായി. ആദ്യമൊക്കെ വലിയ സ്ട്രിക്ടായിട്ടാണ് തന്നെ കൊണ്ടുനടന്നിരുന്നതെന്നാണ് ശൈല പറയുന്നത്. പിന്നെ ഒരു തന്റേടമൊക്കെ വന്നു എന്നറിഞ്ഞപ്പോള്‍ കുറച്ച് സ്വാതന്ത്ര്യമൊക്കെ കൊടുത്തു തുടങ്ങിയത്രെ. കൂടപ്പിറപ്പുകളുടെയും അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളുടെയുമെല്ലാം കാര്യങ്ങള്‍ കണ്ടറിഞ്ഞ് ചെയ്യുമായിരുന്നു. അമ്മ പറയുന്ന ഒരു കാര്യവും അനുസരിക്കാതിരുന്നിട്ടില്ല. ഇഷ്ടമില്ലാത്തത് പറഞ്ഞാല്‍ ആദ്യം ഒരെതിരൊക്കെ പറയും. പക്ഷേ ഒടുവില്‍ അതേ ചെയ്യുകയുള്ളൂ. ഇത്രയും വലിയ ഒരു കുടുംബത്തെ ഒരു നിലയിലെത്തിക്കാന്‍ അദ്ദേഹം സഹിച്ച കഷ്ടപ്പാടുകള്‍ 13 വയസ്സുമുതല്‍ കൂടെ പ്രോഗ്രാമുകള്‍ക്ക് പോയിതുടങ്ങിയ ശൈലജയ്ക്കാണ് ഏറ്റവും അറിയാവുന്നത്.

സ്വയം ചിരിക്കാതെ വളരെ ഗൗരവത്തിലിരുന്നു കൊണ്ടാണത്രെ തമാശകള്‍ പറയുന്നത്. വസന്ത എന്ന സഹോദരിയും ചരണും താനും ബാലു അണ്ണനും കൂടിയാല്‍ പിന്നെ അവിടെ ചിരിയുടെ പൂരമായിരിക്കുമെന്ന് ശൈലയുടെ വാക്കുകള്‍.

പാട്ടല്ലാതെയുള്ള അദ്ദേഹത്തിന്റെ മറ്റൊരു ആവേശം ക്രിക്കറ്റായിരുന്നു. വിദേശത്തൊക്കെ പ്രോഗ്രാമിന് പോകുമ്പോള്‍ വെളുപ്പിന് എണീറ്റിരുന്ന് ഐ.പി.എല്‍. കളികളെല്ലാം കാണും. പിറ്റേ ദിവസം പ്രോഗ്രാം ഉണ്ടെങ്കിലും. വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടമാണ് ക്രിക്കറ്റ്. ചെന്നൈയില്‍ കളി നടക്കുമ്പോള്‍ മ്യൂസിക് ഷോ വല്ലതുമുണ്ടെങ്കില്‍ പാട്ടുകള്‍ക്കിടയില്‍ സ്റ്റേജിന് പുറകില്‍ ഓടിവന്ന് സ്‌കോര്‍ അന്വേഷിച്ചു കൊണ്ടേയിരിക്കും. ഇന്ത്യ തോല്‍ക്കുമെന്നോ മറ്റോ ആരെങ്കിലും പറഞ്ഞാല്‍ അവരുടെ കാര്യം പിന്നെ നോക്കണ്ട. ചെന്നൈയില്‍ കളിക്കാര്‍ വരുമ്പോള്‍ വീട്ടില്‍ കൊണ്ടുവന്ന് ഡിന്നര്‍ ഒക്കെ കൊടുത്തു സന്തോഷമായി സമയം ചെലവിടും.

കൂട്ടുകാരായിരുന്നു അദ്ദേഹത്തിന്റെ ഒരു ബലഹീനത. ഒരിക്കല്‍ ബാലുവിന്റെ സുഹൃദ്‌വലയത്തില്‍ എത്തിപ്പെട്ടാല്‍ അവരുടെ ജീവിതം ഭദ്രം എന്നുവേണമെങ്കില്‍ പറയാം. ജീവന്‍ കളഞ്ഞും അവരുടെ ആവശ്യങ്ങള്‍ സങ്കടങ്ങള്‍ എല്ലാം പരിഹരിച്ചുകൊടുക്കും. മരണം കഴിഞ്ഞാണ് വീട്ടിലുള്ളവര്‍ അറിയുന്നത്, ഹൈദരാബാദിലും ചെന്നൈയിലുമായി എത്രയോ ഹോസ്പിറ്റലുകള്‍ക്ക്, അനാഥാലയങ്ങള്‍ക്ക്, കുടുംബങ്ങള്‍ക്ക്, വ്യക്തികള്‍ക്ക് ഒക്കെ അദ്ദേഹം എല്ലാ മാസവും മുടങ്ങാതെ ചെയ്തിരുന്ന സഹായങ്ങള്‍. അവരൊക്കെ വീട്ടില്‍ വന്ന് നെഞ്ചുപൊട്ടിക്കരയുമ്പോഴാണ് എല്ലാവരും അതൊക്കെയറിയുന്നത്. കൊട്ടിഘോഷിക്കപ്പെടാനായി ഒന്നും അദ്ദേഹം ചെയ്തിട്ടില്ല.

നാലുവര്‍ഷം മുമ്പ് അമ്മയും മരിച്ചു. അച്ഛന്‍ വളരെ നേരെത്തെ മരിച്ചിരുന്നു. ബാലു നെല്ലൂരിലെത്തി ആ വീടിന് കിട്ടാവുന്ന ഏറ്റവും വലിയ തുക എന്തെന്ന് മനസ്സിലാക്കി അത്രയും തുക സ്വന്തം കയ്യില്‍ നിന്ന് തുല്യമായി വീതിച്ച് സഹോദരങ്ങള്‍ക്ക്‌ കൊടുത്തു. ആ വീട് കാഞ്ചികാമകോടി പീഠത്തിന് എഴുതിയും കൊടുത്തു. അവിടെ ഇപ്പോ വേദപാഠശാല നടക്കുന്നു. തനിക്കെന്ന് അദ്ദേഹം ഒന്നും ആഗ്രഹിച്ചിട്ടില്ല.

അനശ്വരമായതെല്ലാം- പാട്ടുകള്‍, നന്മ, മനുഷ്യത്വം, വിനയം, നന്ദി തുടങ്ങിയവ- ഇവിടെ ബാക്കിവെച്ചിട്ട് ആ ദേഹം മാത്രം നമ്മെ വിട്ടുപോയിട്ട് ഈ സപ്തംബര്‍ 25ന് ഒരു വര്‍ഷമാകുന്നു എന്ന് കണക്കുകള്‍ പറയുന്നു. ബാലുവിന്റെ ഹിറ്റ് മലയാളം പാട്ടായ 'ഈ കടലും മറുകടലും' എന്ന മലയാളം പാട്ടിലെ ഒരു വരിയാണല്ലോ 'ഇതുവരെ മനുഷ്യനെ കണ്ടില്ല' എന്നത്. പ്രിയപ്പെട്ട ബാലു സാര്‍ അങ്ങ് കണ്ടിരുന്നു, യഥാര്‍ഥ മനുഷ്യനെ. എല്ലാ ദിവസവും. നിലക്കണ്ണാടിയില്‍ നോക്കുമ്പോള്‍.

Content Highlights: Raji Sreekumaran thampi remembering sp Balasubrahmanyam

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram