ശ്രീകുമാരൻ തമ്പിയും ജയനും | Photo: Mathrubhumi Archives
'ചേച്ചീ അടുക്കളയില്‍ എല്ലാം ഉണ്ടല്ലോ ഇല്ലേ'
ഇങ്ങനെ ഒരു ചോദ്യവുമായി ഞങ്ങളുടെ വീട്ടിലേക്ക് കയറിവരുന്ന ഒരു വ്യക്തിയുണ്ടായിരുന്നു ഞങ്ങളുടെ ജീവിതത്തില്‍. 41 വര്‍ഷങ്ങള്‍ക്ക് മുമ്പ് 41 വയസ്സുള്ളപ്പോള്‍ ഈ ലോകം വിട്ടുപോയ മലയാള സിനിമയുടെ ഒരേയൊരു 'ജയന്‍'. തലമുറകള്‍ മാറിവന്നിട്ടും ഇന്നത്തെ കൊച്ചുകുട്ടികള്‍ക്കുപോലും പരിചിതനായ ജയന്‍. ഇന്നും മലയാളികള്‍ അംഗീകരിച്ചിട്ടില്ലാത്ത മരണം. തങ്ങള്‍ക്കൊപ്പം ഉണ്ടെന്ന് ഓരോ മലയാളിയും വിശ്വസിക്കുന്ന 'ജയന്‍'. ഞങ്ങളുടെ സിനിമകളില്‍ അഭിനയിക്കാനായി വന്ന് കുടുംബത്തിലെ ഒരംഗമായി മാറിയ ജയന്‍.
ഈ നവംബര്‍ 16ന് നാല്പത്തിയൊന്നാമത്തെ ചരമവാര്‍ഷികമാണ്. അദ്ദേഹത്തിന്റെ ജനനം മുതല്‍ അവസാനദിവസം വരെയുള്ള എല്ലാ കാര്യങ്ങളും ഓരോ മലയാളിക്കും കാണാപ്പാഠമാണ്. വടക്കന്‍പാട്ടിലെ പാണന്റെ പാട്ടുപോലെ മനുഷ്യര്‍ കൈമാറി കൈമാറി പതിഞ്ഞ കഥകള്‍. ഞാനതിലേക്ക് കടക്കുന്നില്ല. ഞങ്ങളുടെ ജീവിതവുമായി അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം മാത്രം ഓര്‍മ്മക്കുറിപ്പായി സമര്‍പ്പിക്കുകയാണ്.
ആദ്യമായി ജയന്‍ ഞങ്ങള്‍ക്കായി അഭിനയിച്ചത് 'ജയിക്കാനായ് ജനിച്ചവന്‍' എന്ന ചിത്രത്തിലാണ്. വില്ലനായി തന്നെ. ചില പ്രത്യേകതകള്‍ ആ ചിത്രത്തിനുണ്ടായിരുന്നു. ഒരു ചെറിയ കാലയളവില്‍ ഒരുമിച്ചഭിനയിക്കാതിരുന്ന നസീറും ഷീലയും വീണ്ടും ഒന്നിച്ചത് ഇതിലൂടെയാണ്. മറ്റൊന്ന്, ആദ്യമായി ഒരു സംഘട്ടന രംഗം ഫ്‌ളൈറ്റില്‍ ചിത്രീകരിച്ചത് ജയിക്കാനായ് ജനിച്ചവനിലാണ്. ഹെലികോപ്റ്ററിലല്ല, 'പുഷ്പക്' എന്നൊരു ചെറിയ വിമാനമുണ്ട് അന്ന്. അതില്‍വെച്ചിട്ടായിരുന്നു. പങ്കെടുത്തത് നസീറും ജയനും. അന്നത് വളരെ ആവേശത്തോടെ കണ്ടിരുന്നെങ്കിലും ഇന്ന് അതോര്‍ക്കുന്നതുപോലും നൊമ്പരമാണ്.
സത്യത്തില്‍ തമ്പി ചേട്ടനേക്കാള്‍ ലേശം പ്രായക്കൂടുതല്‍ (ഒരു വയസ്സ്) ഉണ്ടായിരുന്നു ജയന്. എന്നാലും സാര്‍ എന്ന് വിളിച്ചാല്‍ അടുപ്പം കുറയുമെന്നും പേര് വിളിച്ചാല്‍ ബഹുമാനം കുറയുമെന്നും പറഞ്ഞ് ആദ്യം മുതലേ 'ചേട്ടന്‍' എന്നാണ് ജയന്‍ വിളിച്ചിരുന്നത്. സ്വന്തം കൂടപ്പിറപ്പുകളെപ്പോലെയായിരുന്നു ഞങ്ങള്‍ ജയന്. തിരിച്ചും. അന്ന് മുതല്‍ എന്നെയും ചേച്ചീ എന്നേ വിളിച്ചിട്ടുള്ളൂ.
നല്ല ചുവന്ന ചമ്പാവരിയുടെ ചൂടും കൊഴുപ്പുമുള്ള കഞ്ഞിവെള്ളം കുറച്ച് തേങ്ങാ തിരുകിയതും ഉപ്പുമിട്ട് കുടിക്കുന്നത് ജയന് വലിയ ഇഷ്ടമായിരുന്നു. പാതിരാത്രിക്കായാലും! ഷൂട്ടിംഗ് കഴിഞ്ഞ് രാത്രി വളരെ താമസിച്ച് ചിലപ്പോള്‍ ചേട്ടന്റെയൊപ്പം വരും. അപ്പോഴും ഇതിഷ്ടം. അതാണ് ഞാന്‍ തുടക്കത്തിലെഴുതിയ ചോദ്യത്തിന്റെ അര്‍ത്ഥം. ഇന്നും കഞ്ഞിവെള്ളം കുടിക്കാനെടുത്താല്‍ ജയനെ ഓര്‍ത്തുപോകും എന്ന് പറഞ്ഞാല്‍ ഒട്ടും അതിശയോക്തിയല്ല. സത്യം മാത്രം. അന്ന്, തൊട്ടടുത്ത മുറിയിലിരുന്നു കൊണ്ടുപോലും ഞാന്‍ സ്ഥലത്തില്ല, ഡല്‍ഹിയിലാണ്, ബോംബെയിലാണ് എന്നൊക്കെ ആള്‍ക്കാരെ പറഞ്ഞുപറ്റിക്കുന്ന 'മൊബൈല്‍' ഒന്നും ആരുടെയും വിദൂരസ്വപ്‌നങ്ങളില്‍ പോലുമില്ല. എല്ലാവര്‍ക്കും ലാന്റ്‌ലൈന്‍ മാത്രം. ജയനും ചേട്ടനും തിരക്കേറിയ സമയം. ഒരു ഷൂട്ടിംഗ് കഴിഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് പോകുമ്പോള്‍ ചിലപ്പോള്‍ ഫ്‌ളൈറ്റിന്റെ സമയം പാതിരാത്രിയൊക്കെയാവും. എന്നാലും ജയന്‍ എയര്‍പോര്‍ട്ടിലെ ഫോണില്‍ നിന്നും വിളിക്കും.
'ചേച്ചി ഉറങ്ങിക്കാണും. ക്ഷമിക്കണം. വേറെ വഴിയില്ലാഞ്ഞാണ്. വിളിക്കാതെ പോയാല്‍ ഒരു കുറ്റബോധമാണ്' എന്ന് പറയും. ഞാന്‍ തിരിച്ചുപറയുന്നതെന്തെങ്കിലും ശരിയ്ക്ക് കേള്‍ക്കാന്‍ പറ്റിയില്ലെങ്കില്‍ നാടന്‍ ശൈലിയില്‍ 'എന്തോ' എന്നൊരു ചോദ്യമുണ്ട്. ഇന്നും കാതുകളിലുണ്ട് സ്‌നേഹബഹുമാനത്തോടെയുള്ള ആ 'എന്തോ'. തനതായ ഒരു ശൈലിയിലൂടെ ആക്ഷന്‍ രംഗങ്ങള്‍ക്ക് രൂപം കൊടുത്തുകൊണ്ട് ഒരു ജയന്‍ തരംഗം സൃഷ്ടിച്ചെടുക്കാന്‍ കഴിഞ്ഞു അദ്ദേഹത്തിന്. വസ്ത്രധാരണത്തിലും നടപ്പിലും എന്തിന് ഒരു മൂളലില്‍ പോലും സ്വന്തം മുദ്ര പതിപ്പിച്ചിരുന്നു.
ഞങ്ങളുടെ ചില ചിത്രങ്ങള്‍ മതിയാവും ജയനിലെ ഒന്നാന്തരം നടനെ അടയാളപ്പെടുത്താനായി. 'ഇടിമുഴക്കത്തി'ലെ ഭീമന്‍. ജന്മിയുടെ അടി മുഴുവന്‍ എതിര്‍ക്കാന്‍ ശക്തിയില്ലാതെ ഏറ്റുവാങ്ങുന്ന പാവത്താന്‍. 'ഏതോ ഒരു സ്വപ്‌ന'ത്തിലെ വി.വി. സ്വാമി- വളരെ സങ്കീര്‍ണതയുള്ള കഥാപാത്രം. 'പുതിയ വെളിച്ച'ത്തിലെ വേണു എന്ന കള്ളന്‍, 'വേനലില്‍ ഒരു മഴ'യിലെ എന്‍ജിനീയര്‍, ഇതെല്ലാം തന്നെ വളരെ വ്യത്യസ്തതയുള്ള കഥാപാത്രങ്ങളാണ്. അഭിനയത്തിന്റെ സമസ്തഭാവങ്ങളും ജയന് വഴങ്ങുമായിരുന്നു എന്നതിന്റെ സാക്ഷ്യപത്രങ്ങള്‍!
ലോകം വിട്ടുപോയശേഷം ഒരു പാട് കഥകള്‍- അഭ്യൂഹങ്ങള്‍ അദ്ദേഹത്തിന്റെ വിവാഹത്തെക്കുറിച്ച് പ്രചരിച്ചിരുന്നു. ഒരു തമിഴ് നടിയുമായുള്ള ഒന്ന് വളരെ ശക്തമായി ഇന്നും പറയുന്നതാണ്. പക്ഷേ ജയന്‍ തന്റെ പ്രതിശ്രുതവധുവിനെ ഞങ്ങള്‍ക്ക് പരിചയപ്പെടുത്തിയിരുന്നു. കലയുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ഒരു കുട്ടി. ഞങ്ങള്‍ സംസാരിക്കാറുമുണ്ടായിരുന്നു ഇടയ്ക്കിടെ. അധികം താമസിയാതെ നടക്കുമായിരുന്ന ആ വിവാഹം വിധി മുടക്കിയില്ലായിരുന്നെങ്കില്‍ മക്കളും കൊച്ചുമക്കളുമൊക്കെയായി സന്തോഷത്തോടെ അവര്‍ ജീവിച്ചേനെ. പഴയ പടങ്ങളും ഓര്‍മകളുമൊക്കെ അയവിറക്കി ഒരുപക്ഷേ ചില സ്വഭാവ നടന്മാരുടെ വേഷത്തില്‍ അഭിനയിച്ച്, ചിലപ്പോള്‍ ഞാന്‍ സങ്കല്പിക്കാറുണ്ട് ജയനെ അങ്ങനെ. കുറെക്കഴിഞ്ഞ് ആ കുട്ടി വിവാഹിതയായി. ഞങ്ങളെ വിളിച്ച് അനുഗ്രഹം വാങ്ങിയിരുന്നു. ക്രമേണ പരസ്പരം ഒന്നും അറിയാതെയായി.
ജയന്റെ വീട്ടിലെ വിളി പേര് ബേബി എന്നായിരുന്നു. ജയഭാരതി സ്വന്തം അമ്മാവന്റെ മകളാണ്. ജയന്റെ അമ്മയുടെ പേരായ ഭാരതിയമ്മയില്‍ നിന്നാണ് ജയഭാരതിയായത്. ജയഭാരതി കുട്ടിക്കാലത്തു കണ്ടതാണ് അച്ഛനെ. പിന്നീട് അമ്മയും അച്ഛനും തമ്മില്‍ അകല്‍ച്ചയിലായിരുന്നു. ജയനാണ് ഭാരതിയെ ഒരിക്കല്‍ കൊണ്ടുപോയി അച്ഛനെ കാണിച്ചത്.
ഇന്നത്തെപ്പോലെ രാവിലെയുള്ള ഫ്‌ളൈറ്റില്‍ പോയിട്ട് രാത്രി തിരിച്ചുവരുന്നതുപോലെ എളുപ്പമായിരുന്നില്ല അന്ന് ഗള്‍ഫ് യാത്രകള്‍. കലാകാരന്മാര്‍ക്കും അന്നത്തെ യാത്രകളും കലാപരിപാടികളും സ്വപ്‌നസാഫല്യം പോലെയായിരുന്നു. ആയിടയ്ക്ക് എപ്പോഴോ ജയന് ഒരു വിദേശയാത്രയുണ്ടായിരുന്നു. തിരിച്ച് വന്നപ്പോള്‍ കുട്ടികള്‍ക്കും ചേട്ടനും ഞങ്ങള്‍ക്കെല്ലാം സമ്മാനങ്ങളൊക്കെ കൊണ്ടുവന്നു. വിലയേറിയ ഒരു 'പെര്‍ഫ്യൂം' ആണ് എനിക്കായി കൊണ്ടുവന്നത്. 'ദേ ഇത് ചേച്ചിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവാണെന്ന് തമ്പിചേട്ടന്‍ പറഞ്ഞു' എന്ന് പറഞ്ഞുകൊണ്ടാണ് എന്റെ കയ്യില്‍ തന്നത്. അത് ഉപയോഗിക്കും മുമ്പ് നടക്കാന്‍ പാടില്ലാത്തതൊക്കെ നടന്ന് കഴിഞ്ഞിരുന്നു. ഞാന്‍ അത് ഒരിക്കലും ഉപയോഗിച്ചില്ല. അടുത്ത കാലത്ത് വെറുതെ എടുത്തുനോക്കി. അടിയിലെവിടെയോ ലേശം ഉണ്ട്. അതേപോലെ തന്നെ തിരികെ വെച്ചു. അങ്ങനെ ഇരുന്നോട്ടെ!
വിശദീകരണം കിട്ടാത്ത ഒന്ന് രണ്ട് കാര്യങ്ങള്‍ പറയാനാഗ്രഹിക്കുന്നു. ചേട്ടന്‍ പല സ്ഥലത്തും എഴുതി വായിച്ചിട്ടുള്ളവര്‍ ക്ഷമിക്കുക. അറിയാത്തവര്‍ക്കായി എഴുതുന്നുവെന്നേയുള്ളൂ. ഷോലവാരത്തെ ഷൂട്ടിംഗ് നവംബര്‍ 16. അടുത്ത ദിവസം ഞങ്ങളുടെ 'ആക്രമണം' എന്ന ചിത്രത്തിന്റെ ജോലിക്കായി ജയനും ചേട്ടനും തിരുവനന്തപുരത്തേക്ക് പോകാന്‍ ടിക്കറ്റെടുത്തിട്ടുണ്ട്. ഇവിടെ ഞങ്ങളോടൊപ്പം ഉണ്ടായിരുന്ന എന്റെ അമ്മയ്ക്കും എടുത്തിരുന്നു തിരികെ പോകാന്‍. അമ്മ എപ്പോ ജയനെ കണ്ടാലും ചന്ദനക്കുറി ഇട്ട് കൊടുക്കുമായിരുന്നു. പുത്ര നിര്‍വ്വിശേഷമായ സ്‌നേഹം. ചെറിയ ഒരുപകടം പറ്റി എന്ന് ആരോ ഫോണ്‍ ചെയ്തു ചേട്ടന്‍ ഹോസ്പിറ്റലിലേക്ക് പോവുകയും ചെയ്തു. ഞാനിന്നും വ്യക്തമായി ഓര്‍ക്കുന്നു. ഞങ്ങള്‍ 'കവിക്കുയില്‍' എന്ന തമിഴ് പടം ദൂരദര്‍ശനില്‍ കണ്ടുകൊണ്ടിരിക്കയാണ്. 'ചിന്നക്കണ്ണന്‍ അഴൈക്കിറാന്‍'എന്ന മനോഹരമായ പാട്ട് നടന്നുകൊണ്ടിരിക്കുന്നു. പെട്ടെന്ന് എന്റെ അനിയന്‍ പുറത്തുനിന്ന് കയറി വന്നു. അവന്‍ ആകെ തകര്‍ന്നിരുന്നു. 'നമ്മുടെ ജയന്‍ പോയി' എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇന്നും എനിക്ക് എവിടെയെങ്കിലും ആ പാട്ട് കേള്‍ക്കാനിടയായാല്‍ ആ രംഗമാണ് ഓര്‍മ വരിക. അന്തരിച്ച നിര്‍മാതാവ് ഹരിപോത്തനും ചേട്ടനും ചേര്‍ന്നാണ് പേപ്പറുകളെല്ലാം ഒപ്പിട്ടുകൊടുത്ത് ജയനെ ഏറ്റുവാങ്ങിയത്. അടുത്ത ദിവസം ഞങ്ങളുടെ ടിക്കറ്റില്‍ ജീവനോടെ പോകേണ്ടിയിരുന്ന ആള്‍! പോയത് ഇങ്ങനെ! കൊല്ലത്തെ ചടങ്ങുകള്‍ എല്ലാം കഴിഞ്ഞ് ചേട്ടന്‍ തിരുവനന്തപരത്ത് തിരിച്ചെത്തി ഹോട്ടലില്‍ മുറിയെടുത്ത് കിടന്നു. രാവിലെ ഉണര്‍ന്നു നോക്കുമ്പോള്‍ ജനാലയ്ക്കരികില്‍ വെച്ചിരുന്ന പണവും ജയന്റെ മരണസര്‍ട്ടിഫിക്കറ്റും അടങ്ങുന്ന ബാഗ്, വാച്ച് ഇവ മോഷണം പോയിരിക്കുന്നു. ഒരിക്കലും അത് തിരിച്ച് കിട്ടിയില്ല. ചേട്ടന്‍ അന്ന് ഉപയോഗിച്ചുകൊണ്ടിരുന്ന ഒരു ഗോള്‍ഡന്‍ കളര്‍ വാച്ച് ജയന് തീരെ ഇഷ്ടമല്ലായിരുന്നു. 'ഇത് വേണ്ട ചേട്ടാ, വേറെ ഞാന്‍ വാങ്ങിത്തരാം' എന്നൊക്കെ എപ്പോഴും പറയുമായിരുന്നു. ആ വാച്ചാണ് മോഷണം പോയത്. ജയനെ യാത്രയാക്കി വന്ന രാത്രിയില്‍. യാദൃശ്ചികമാവാം.
മറ്റൊന്ന്, നീലയും കറുപ്പും ചതുരക്കട്ടകളുള്ള ഒരു ഷര്‍ട്ട് തമ്പിചേട്ടനുണ്ടായിരുന്നു. 'എനിക്ക് ഒരു തരത്തിലും ഇടാന്‍ പറ്റത്തില്ല. അല്ലെങ്കില്‍ ഞാനെടുത്തേനെ ഇത്' എന്നെപ്പോഴും പറയും. അത്രയിഷ്ടമായിരുന്നു ജയനത്. ഒരിക്കല്‍ എന്തോ ആവശ്യത്തിന് ചേട്ടന് ഷൊര്‍ണൂര്‍ ടി.ബി.യില്‍ താമസിക്കേണ്ടിവന്നു. രാത്രിയായി അവിടെയെത്തിയപ്പോള്‍. രാവിലെ കുളിച്ച് റെഡിയായി തിരിച്ചുപോരാന്‍ നേരം മാനേജര്‍ പറഞ്ഞു. 'ജയന്‍ സാര്‍ വന്നാല്‍ താമസിക്കുന്ന മുറിയായിരുന്നു ഇന്നലെ സാറിന് തന്നത്'. ഇവിടെ തിരികെയെത്തി പെട്ടിയെല്ലാം ഒതുക്കുമ്പോഴാണറിയുന്നത് ജയന്റെ ആ പ്രിയപ്പെട്ട ഷര്‍ട്ട് അവിടെ മറന്നു എന്ന്. വിളിച്ചന്വേഷിച്ചെങ്കിലും മുറിയിലില്ലായിരുന്നു എന്നാണവര്‍ പറഞ്ഞത്. ഒരു പക്ഷേ ആരെങ്കിലും എടുത്തതാവാം. എങ്കിലും ഒരതിശയമായി തന്നെയാണ് തോന്നാറുള്ളത്. നമുക്ക് അജ്ഞാതമായി എന്തെല്ലാമുണ്ട് ഈ ഭൂമിയില്‍! 'നായാട്ട്' എന്ന അവസാന ചിത്രം (ഞങ്ങളും ജയനുമായുള്ളത്) റിലീസ് ചെയ്തു കഴിഞ്ഞും ജയന്‍ ജീവിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെയും തമ്പിച്ചേട്ടന്റെയും സിനിമാജീവിതത്തില്‍ വലിയൊരു വഴിത്തിരിവായിരുന്നേനെ.
5 വര്‍ഷം മാത്രം നീണ്ടുനിന്ന ഒരഭിനയ ജീവിതം. ബാല്യം പിന്നിടുന്നതേയുണ്ടായിരുന്നുള്ളൂ അതിന്. ഇന്നും ഈ തലമുറ പോലും കണ്ടറിഞ്ഞ് കേട്ടറിഞ്ഞ് ജയന്റെ ചിത്രങ്ങള്‍ തേടിപ്പിടിച്ച് കാണുന്നു. ആ കാലത്ത് ജീവിക്കാന്‍ കഴിയാതെ പോയതില്‍, കാണാന്‍ സാധിക്കാഞ്ഞതില്‍ സങ്കടപ്പെടുന്നു. അങ്ങനെയൊരു നടന്‍ ഇതിനുമുമ്പ് ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുമോ? മിമിക്രിക്കാരുടെ ഇഷ്ടവിഷയമാണ് 'ജയന്‍'. അതിശയോക്തി കലര്‍ത്തിയിട്ടാണെങ്കിലും അവര്‍ അദ്ദേഹത്തിനു കൊടുത്ത താരപരിവേഷം ഇന്നത്തെ തലമുറയെ ആ ചിത്രങ്ങള്‍ കാണാന്‍ പ്രേരിപ്പിച്ചിട്ടുണ്ടെന്നത് ഒരു പരിധി വരെ അംഗീകരിച്ചേ പറ്റൂ.
തമ്പിച്ചേട്ടന്‍ രക്ഷാധികാരിയായിട്ടുള്ള 'ജയന്‍ സാംസ്‌കാരികവേദി' എല്ലാ വര്‍ഷവും സിനിമാ-സാംസ്‌കാരിക രംഗത്തുള്ള ഒരു പ്രതിഭയ്ക്ക് 'രാഗമാലികാജയന്‍' പുരസ്‌കാരം സമ്മാനിക്കാറുണ്ട്. എല്ലാ നവംബര്‍ 16 നുമാണ് ആ ചടങ്ങ് നടക്കാറുള്ളത്. ഒരു കലാകാരിയെന്ന നിലയിലും ഒരു സ്ത്രീയെന്ന നിലയിലും പകരം വെയ്ക്കാന്‍ മറ്റൊരാളില്ലാത്ത പത്മഭൂഷണ്‍ നേടിക്കഴിഞ്ഞ, എന്റെ മകള്‍ കെ.എസ്. ചിത്രയാണ് ഈ വര്‍ഷത്തെ അവാര്‍ഡിന് അര്‍ഹയായിരിക്കുന്നത് എന്നത് എന്നെ സംബന്ധിച്ച് അഭിമാനവും സന്തോഷവും തുളുമ്പുന്ന കാര്യമാണ്. പ്രത്യേകിച്ച് അത് ഞങ്ങളുടെ കുടുംബാംഗം തന്നെയായിരുന്ന ജയന്റെ ഓര്‍മ്മയ്ക്കുള്ളതാകുമ്പോള്‍.
അന്നുണ്ടായിരുന്നവരും ഇന്നുള്ളവരും 'ജയന്‍' തങ്ങള്‍ക്കൊപ്പം ഇപ്പോഴും ഇവിടെയുണ്ടെന്ന് വിശ്വസിക്കാന്‍ ഇഷ്ടപ്പെടുന്നു. പരസ്പരം സംസാരിക്കുമ്പോള്‍ ജീവിച്ചിരിക്കുന്ന ഒരാളെക്കുറിച്ചെന്ന പോലെ പരാമര്‍ശിക്കുന്നു. ഇങ്ങനെയൊരു സ്‌നേഹം, സ്ഥാനം കേവലം 5 വര്‍ഷത്തെ അഭിനയ ജീവിതം കൊണ്ട് നേടാന്‍ കഴിഞ്ഞുവെങ്കില്‍, 'ജയിക്കാനായ് ജനിച്ചവന്‍' തന്നെയായിരുന്നില്ലേ ഞങ്ങളുടെ പ്രിയപ്പെട്ട ജയന്‍!!
Content Highlights: mukhangal mudrakal, raji thampi, remembering actor jayan, actor jayan death date, actor jayan death reason, actor jayan death news