ബലാത്സംഗം ചെയ്യപ്പെടുന്നതും കുറ്റമോ?


ദീപ മധു

11 min read
Read later
Print
Share

മണിച്ചിത്രത്താഴില്‍ പറയും പോലെ മറ്റൊരാളുടെ മേല്‍ പഴിചാരിപ്പെടുമ്പോള്‍ ഒളിഞ്ഞിരുന്നു സന്തോഷിക്കുന്ന യഥാര്‍ത്ഥ 'ചിത്തരോഗികള്‍' വേറെ ഉണ്ട്. തനിക്ക് നേരിട്ട അക്രമത്തിനു നേരെ ശബ്ദമുയര്‍ത്തുന്ന പെണ്ണിനെ കല്ലെറിയുന്ന നമ്മളില്‍ പലരുമാണ് ആ മനോരോഗികള്‍.

'Man is the hunter, woman is his game. The sleek and shining creatures of the chase, we hunt them for the beatuy of their skins; they love us for it and we ride them down.' Alfred Tennyson (The princess) 1847ല്‍ കുറിച്ച വരികളാണിത്.

ഇന്നും അധികാരസ്ഥലങ്ങളില്‍, തൊഴിലിടങ്ങളില്‍, സമൂഹത്തിന്റെ നാനാതുറകളില്‍ ആണ്‍കോയ്മയുടെയും പെണ്ണ് തനിക്ക് വേട്ടയാടി കീഴ്‌പ്പെടുത്താനുള്ള ഇര മാത്രമാണെന്ന മൂഢവിശ്വാസത്തിന്റെയും അഹങ്കാരം പേറുന്നവര്‍ അനവധിയാണ്. കഴിഞ്ഞദിവസം ശ്രീമതി ഭാഗ്യലക്ഷ്മി ചേര്‍ത്തുപിടിച്ച, മുഖം മറച്ച്, വാക്കുകള്‍ കിട്ടാതെ വിതുമ്പിക്കരഞ്ഞ സ്ത്രീ, ഈ വ്യവസ്ഥിതിയുടെ ഒരുപാട് ഇരകളില്‍ ഒരുവള്‍ മാത്രം.

ലൈംഗിക ആക്രമണത്തിന് വിധേയയായ വ്യക്തിയെ 'ഇര'യെന്നല്ല, മറിച്ച് 'അതിജീവിച്ചവള്‍' (survivor) എന്നാണ് വിളിക്കേണ്ടത് എന്ന് അറിയാഞ്ഞല്ല. എന്നാല്‍ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴും അവര്‍ ഇരകള്‍ തന്നെയാണ്. ഇനിയും അതിജീവിക്കപ്പെട്ടവര്‍ ആകാന്‍ നമ്മള്‍ സമ്മതിക്കുന്നില്ല. സമൂഹത്തിനു മുന്നില്‍ മുഖം മറച്ചു തലകുനിച്ചു വിതുമ്പിക്കരയാന്‍ വിധിക്കപ്പെടുന്നവള്‍, അപമാനഭാരത്താല്‍, ജീവനെ ഭയന്ന്, അധികാര സ്ഥാനത്തുള്ളവരെ ഭയന്ന്, അതുവരെ ജീവച്ചിരുന്ന ചുറ്റുപാട് ഉപേക്ഷിച്ച്, പലായനം ചെയ്യേണ്ടി വരുന്നവള്‍, ഒളിച്ചു താമസിക്കേണ്ടി വരുന്നവള്‍. അവളെ എങ്ങനെയാണ് അതിജീവിച്ചവള്‍ എന്ന് വിളിക്കാന്‍ കഴിയുക?

മാറേണ്ടത് പോലീസ് മനോഭാവം

'അവര്‍ക്ക് ആളുകളുണ്ട്. ഞങ്ങള്‍ക്ക് ആരുമില്ല'' എന്നും , ഏറ്റവും അശ്ലീലച്ചുവയുള്ള വാക്കുകള്‍ ഒരു ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അവളോട് ചോദിച്ചുവെന്നും, ബലാത്സംഗം ചെയ്യപ്പെട്ടപ്പോള്‍ അനുഭവിച്ചതിനേക്കാള്‍ വേദനിച്ച് നിലവിളിച്ചു ഞാനെന്നും അവള്‍ പറയുമ്പോള്‍, പീഡനത്തിന്റെ ഇരയെന്നു പോലീസുകാര്‍ മറ്റുള്ളരോട് പറഞ്ഞു എന്ന് അവള്‍ ആരോപിക്കുമ്പോള്‍, ''പിന്നെയും പിന്നെയും ഞങ്ങളെ ദ്രോഹിക്കുന്നു. തൃശൂരില്‍ കാലുകുത്തിയിട്ട് മാസങ്ങളായി. അവരുടെ കൂടെ പൊലീസുണ്ട്.' എന്നവള്‍ ആവര്‍ത്തിക്കുമ്പോള്‍ അങ്ങനെ ചോദിച്ചിരിക്കാം എന്നുവിശ്വസിക്കാനാണ്‌ തെളിവുകളും ഇതിനു സമാനമായി പലരും പറഞ്ഞ അനുഭവങ്ങളും പ്രേരിപ്പിക്കുന്നത്. ചോദ്യംചെയ്യല്‍ ലൈംഗിക പീഡനത്തെക്കാള്‍ വലിയ പീഡനമാകുന്ന കാലമാണിത്.

ഈ നിന്ദ്യമായ അവസ്ഥ ഒരുവള്‍ മാത്രം നേരിടുന്ന പ്രശ്‌നമല്ല. കാലങ്ങളായി ലോകത്തിന്റെ പലയിടങ്ങളില്‍ ലൈംഗികാക്രമണത്തിന് വിധേയരായി അധികാരസ്ഥാനങ്ങളില്‍ അഭയം പ്രാപിക്കുന്നവരെ (പ്രത്യേകിച്ച് സ്ത്രീകളെയും കുട്ടികളെയും) കാമാതുരമായ കണ്ണുകള്‍ കൊണ്ട് കാണുകയും വിധിക്കുകയും അവരുടെ വിശ്വാസ്യതയെയും വ്യക്തിത്വത്തെയും ചോദ്യംചെയ്യുകയും ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഉണ്ട്. ഇരന്നു വാങ്ങിയ പീഡനം എന്ന മനോഭാവമാണ് അവരില്‍ പലര്‍ക്കും.

'സ്ത്രീകളും കുട്ടികളുമല്ലേ, അവര്‍ കഥകള്‍ മെനയാന്‍ മിടുക്കരാണ്' എന്ന് പറയുന്ന ന്യായാധിപന്മാരെയും പോലീസ് ഓഫീസറെയും കുറിച്ച് പറയുന്ന പഠനങ്ങള്‍ ലോകവ്യാപകമായി കാണാം . 'Beyond belief? Police, rape and women's credibiltiy' എന്ന ലേഖനത്തില്‍ പറയുന്നതുപോലെ ലൈംഗിക അതിക്രമത്തിന് ഇരയായി എന്നുള്ള പരാതിയുമായി അധികാരികളുടെ അടുത്ത് എത്തുന്ന സ്ത്രീകളില്‍ പലരും പറയുന്നത്, തങ്ങളുടെ അനുഭവം പറഞ്ഞു തുടങ്ങുന്ന നിമിഷം മുതല്‍, നിരാകരണത്തിന്റെ മനസ്സുമായി, പറയുന്ന വാക്കുകളില്‍ എന്തെങ്കിലും വൈരുദ്ധ്യമുണ്ടോ എന്നുമാത്രം തിരഞ്ഞ് ഒരോ നിമിഷവും തങ്ങളെ അവിശ്വസിക്കുന്ന മനോഭാവം പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെയാണ്‌ പലപ്പോഴും അഭിമൂഖീകരിക്കേണ്ടി വരാറെന്നാണ്‌. പല കേസുകളും ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകാനുള്ള ഒരു കാരണമായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ പ്രവര്‍ത്തകയും ലൈംഗികമായ അതിക്രമങ്ങളെ അതിജീവിച്ചവരെപ്പറ്റി പഠനം നടത്തുന്ന അരുണ കാശ്യപിനെ പോലെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നതും, പോലീസിന്റെ ഈ മനോഭാവമാണ്.

ഡല്‍ഹി കൂട്ടമാനഭംഗത്തിനു ശേഷം തെഹല്‍ക്കയും എന്‍ഡിടിവിയും ചേര്‍ന്നു നടത്തിയ പഠനത്തില്‍ പങ്കെടുത്ത പോലീസുകാരില്‍ പകുതിയിലധികവും വെളിപ്പെടുത്തിയത് ഇരകളോട് അവര്‍ വെച്ചു പുലര്‍ത്തുന്ന മുന്‍വിധി (prejudice) ആയിരുന്നു. അവരില്‍ പലരും അഭിപ്രായപ്പെട്ടത് 'വസ്ത്രധാരണ രീതികൊണ്ടും, അസമയത്ത് ഇറങ്ങി നടക്കുന്നതുകൊണ്ടുമൊക്കെ പീഡനം, ഇര ഇരന്നു വാങ്ങിയതാണ് എന്നാണ്. അവരോട് എങ്ങനെയാണ് തങ്ങള്‍ കടന്നു വന്ന പീഡനത്തിന്റെ വഴി ഇവര്‍ക്ക് വരച്ചു കാണിക്കാനാവുക?, നാഷണല്‍ ക്രൈം ബ്യൂറോയുടെ റെക്കോര്‍ഡ് അനുസരിച്ചു ഓരോ ഇരുപതു മിനിറ്റിലും ഒരു ബലാത്സംഗം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു എന്നു പറയുമ്പോഴും അതിലും എത്രയോ ഇരട്ടി ഈ മനോഭാവം കാരണം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു?

ഇവിടെ പരാതിയുമായെത്തുന്ന സ്ത്രീ, തനിക്ക് നേരെ ഉണ്ടായ അതിക്രമം അധികാരികളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ അനുഭവിക്കുന്നത് വീണ്ടും ഇരയാകുക (secondary victimisation) എന്ന വികാരമാണ്. രണ്ടാമതും ഇരയാകേണ്ടി വരുന്നതിന്റെ (secondary victimisation) അനന്തരഫലമാണ് പല കേസുകളും പിന്‍വലിക്കുകയോ ഒത്തുതീര്‍പ്പാക്കുകയോ ചെയ്യാന്‍ ഇരകളെ പ്രേരിപ്പിക്കുന്നത്. ഇവിടെ അക്രമിക്കപ്പെട്ടവളുടെ കാര്യത്തില്‍ നീതിനിഷേധം മാത്രമല്ല നടക്കുന്നത്, ബലാത്സംഗം പോലെ ഹീനമായ ഒരു കുറ്റകൃത്യം ചെയ്താലും നീതിന്യായ വ്യവസ്ഥയുടെ ചില ഇടനാഴികളില്‍ കുറ്റവാളിക്ക് സ്വതന്ത്രനായി പുറത്തേയ്ക്ക് പോകാനുള്ള വാതില്‍ തുറന്നു കൊടുക്കുക എന്നത് കൂടിയാണ്.

കുറ്റവും ശിക്ഷയും തമ്മിലുള്ള ബന്ധം പറയുന്നിടങ്ങളില്‍ ആവര്‍ത്തിച്ചു പറയാറുണ്ട്, ഒരു കുറ്റത്തിന് ശിക്ഷ ഉറപ്പാകുമ്പോള്‍ അത് സമാനമനസ്‌ക്കരായ മറ്റു കുറ്റവാളികളില്‍ ഭീതി ജനിപ്പിക്കുമെന്നും അവര്‍ അങ്ങനെ ഒരു കുറ്റം ചെയ്യുന്നതില്‍ നിന്ന് പിന്മാറുമെന്നും. ഡിറ്ററെന്റ് എഫക്റ്റ് (deterrent effect) എന്ന് നിയമഭാഷ്യം. അതായത്, ഈ നടപടിക്രമങ്ങളുടെ മുഖ്യ ഉദ്ദേശ്യങ്ങളില്‍ ഒന്ന് മറ്റുള്ളവര്‍ക്കുള്ള ശക്തമായ താക്കീത് കൂടിയാണ്. എന്നാല്‍ ഇവിടെ നമ്മള്‍ താക്കീത് ചെയ്യുന്നതും നല്ല നടപ്പിന് വിധിക്കുന്നതും ആരെയാണ്? അക്രമിക്കപ്പെട്ടവളെ തന്നെയല്ലേ?

കേസ് പിന്‍വലിക്കുകയോ, ഒത്തുതീര്‍പ്പാക്കുകയോ ചെയ്ത പല പെണ്‍കുട്ടികളും ചോദ്യം ചെയ്യല്‍ എന്ന പീഡനം തങ്ങള്‍ക്കു താങ്ങാനാവുന്നതിലും അധികമായിരുന്നു അതുകൊണ്ട് നിവൃത്തികെട്ട് ചെയ്തു പോയതാണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. ഇത്തരം 'police wounded' പരാതിക്കാര്‍ അനവധിയാണ്.

എന്തുകൊണ്ടാണ് നമ്മുടെ അധികാരസ്ഥാനങ്ങള്‍ ഇങ്ങനെ പെരുമാറുന്നത്? UPSC യുടെ പരീക്ഷാ ക്രമത്തില്‍ 'Ethics, Integrtiy and Aptitude' എന്ന ഒരു പേപ്പര്‍ ഉണ്ട്. നിയമവിദ്യാര്‍ത്ഥികള്‍ക്കും ഒരു എത്തിക്‌സ് പേപ്പര്‍ പഠിക്കാനുണ്ട്, പോലീസ് ട്രെയിനിങ്ങിന്റെ ഭാഗമായും അങ്ങനെ ഒന്ന് ഉണ്ടെന്നു കരുതുന്നു. എന്നാല്‍ മനസ്സില്‍ രൂഢമൂലമായ പുരുഷമേധാവിത്ത (Ptariarchi) വ്യവസ്ഥ സൂക്ഷിക്കുന്ന ഒരു വിഭാഗത്തിന് ഇത് പരീക്ഷ ജയിക്കാനുള്ള ഒരു പേപ്പര്‍ മാത്രമാകുന്നോ? പ്രൊഫഷണല്‍ എത്തിക്‌സോ, സോഷ്യല്‍ കമ്മിറ്റ്‌മെന്റോ ഒന്നും വേണ്ട, അടിസ്ഥാനപരമായ മനുഷ്യത്വം എങ്കിലും കാണിക്കണ്ടേ തന്റെ മുന്നില്‍ ഇരിക്കുന്ന വ്യക്തിയോട്? എങ്കില്‍ കഴിഞ്ഞ ദിവസം ആ യുവതി പറഞ്ഞത് പോലെയുള്ള ഒരു ചോദ്യം പോലീസ് ഉദ്യോഗസ്ഥന്‍ ചോദിക്കുമായിരുന്നോ?

സമൂഹം അക്രമിക്കപ്പെട്ടവളെ സ്മാര്‍ത്തവിചാരണ ചെയ്യുമ്പോള്‍

മണിച്ചിത്രത്താഴില്‍ പറയും പോലെ മറ്റൊരാളുടെ മേല്‍ പഴിചാരിപ്പെടുമ്പോള്‍ ഒളിഞ്ഞിരുന്നു സന്തോഷിക്കുന്ന യഥാര്‍ത്ഥ 'ചിത്തരോഗികള്‍' വേറെ ഉണ്ട്. തനിക്ക് നേരിട്ട അക്രമത്തിനു നേരെ ശബ്ദമുയര്‍ത്തുന്ന പെണ്ണിനെ കല്ലെറിയുന്ന നമ്മളില്‍ പലരുമാണ് ആ മനോരോഗികള്‍.

ഇര എങ്ങനെ പ്രതികരിക്കണം എന്നതില്‍ പോലും നമ്മള്‍ ഒരു 'സ്റ്റീരിയോടൈപ്പ് മെന്റാലിറ്റി' കാത്തുസൂക്ഷിക്കുന്നു. ആക്രമിക്കാന്‍ വരുന്നവനെ എതിര്‍ത്ത് എത്രയും പെട്ടെന്നു പോലീസില്‍ പരാതി നല്കണം നമ്മുടെ സങ്കല്പത്തിലെ 'ഇര'. അതല്ല, ഭാവിയും കുടുംബത്തിന്റെ ഭദ്രതയും ഓര്‍ത്ത് കഴിയുന്നതും കാര്യങ്ങള്‍ മറ്റുള്ളവര്‍ അറിയാതെ നോക്കണം എന്ന് അവളെ 'ഉദ്‌ബോധിപ്പിക്കുന്നു' മറ്റൊരു വിഭാഗം. എന്നാല്‍ ഇതിനിടയില്‍ ഒരു മുറിപ്പെട്ട, നീതി നിഷേധിക്കപ്പെട്ടവള്‍ ഉണ്ട് എന്നത് എല്ലാവരും മറക്കുന്നു. അവള്‍ ഒരു പരാതി കൊടുക്കാന്‍ മാനസികമായി പക്വമായി കഴിഞ്ഞ് അതിനു തയ്യാറെടുക്കുമ്പോള്‍ അവളെ നമ്മള്‍ വിധിക്കുകയായി. എന്തുകൊണ്ട് പരാതി കൊടുക്കാന്‍ താമസിച്ചു എന്നത് സ്ഥിരം ഉയര്‍ന്നു കേള്‍ക്കുന്ന ചോദ്യമാണ്.

മറ്റുള്ള കുറ്റകൃത്യം പോലെയല്ല ബലാത്സംഗത്തിന്റെ കാര്യം. ഒരു ബലാത്സംഗം അതിജീവിച്ചവളുടെ കാര്യത്തില്‍ അവര്‍ക്കു തന്നെ താന്‍ നേരിട്ട അക്രമത്തെ മനസ്സുകൊണ്ട് ഉള്‍ക്കൊള്ളാനും, അതിനെതിരെ പ്രതികരിക്കാനും അവരുടേതായ ഒരു സമയം വേണം. രണ്ടു വര്‍ഷമല്ല, ചിലപ്പോള്‍ അതിലേറെ കാലതാമസം വേണ്ടി വരും ഇരക്ക് അതിജീവിച്ചവള്‍ ആകാന്‍. അതിനെ നിയമവ്യവസ്ഥ പോലും അംഗീകരിക്കുന്നുണ്ട് പീഡനത്തിന് ഇരയായവരുടെ മാനസിക അവസ്ഥയും, ആഘാതവും നമ്മുടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥയെയും ('conservative social milieu') മറികടന്ന് മുന്നോട്ടു വരാനുള്ള തടസ്സങ്ങളെ അംഗീകരിച്ച് ബലാത്സംഗ കേസുകള്‍ FIR (first information report ) ഫയല്‍ ചെയ്യാനുള്ള കാലതാമസം കേസിന്റെ ഗതിവിഗതികളെ ബാധിക്കരുതെന്ന് രാജ്യത്തെ പരമോന്നത കോടതിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ രേഖയുള്ള നാടാണ് നമ്മുടേത്. എന്നിട്ടും ഏതൊരു കേസിലും പരാതിക്കാരി മുന്നോട്ടു വരാനുള്ള കാലതാമസത്തെ നമ്മള്‍ സംശയത്തിന്റെ കണ്ണോടെ നോക്കുന്നു. പത്രസമ്മേളനത്തില്‍ പോലും ഉയര്‍ന്നു കേട്ടു, എന്തുകൊണ്ട് പരാതി കൊടുക്കാന്‍ വൈകി എന്ന ചോദ്യം. ഈ അവസരത്തില്‍ ഒരു അതിജീവിച്ചവള്‍ കടന്നു പോകുന്ന മാനസികവ്യഥയെക്കുറിച്ച് ആരെങ്കിലും ചിന്തിക്കാറുണ്ടോ?

എന്തുകൊണ്ടാണ് ബലാത്സംഗ റിപ്പോര്‍ട്ടിങ്ങില്‍ കാലതാമസം വരുന്നത് ?

ബലാത്സംഗം ഒരു വ്യക്തിയില്‍ ശാരീരികമായ മുറിവുകളേക്കാള്‍ ആഴത്തില്‍ മാനസികമായ മുറിവുകള്‍ ഉണ്ടാക്കാറുണ്ട്. മറ്റു കുറ്റകൃത്യങ്ങളെ അതിജീവിക്കുന്നവരെക്കാള്‍ വലിയ മാനസിക ആഘാതത്തിലൂടെയാണ് ഒരു rape survivor കടന്നു പോകുന്നത്. അവരുടെ ഒരുപാട് ആകുലതകളില്‍ ചിലത്,

1. അടുത്ത ബന്ധുക്കള്‍ (മാതാപിതാക്കള്‍, ഭര്‍ത്താവ്, കുട്ടികള്‍) ഈ സംഭവം അറിഞ്ഞാല്‍ അവരുടെ പ്രതികരണം.
2. മറ്റു ബന്ധുക്കളുടെയും സമൂഹത്തിന്റെയും പ്രതികരണങ്ങളും അതിനെ തുടര്‍ന്നുണ്ടാകാവുന്ന ഒറ്റപെടുത്തലും കുറ്റപ്പെടുത്തലും.
3. മാധ്യങ്ങളില്‍ വരാവുന്ന വാര്‍ത്തകള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍.
4. ഗര്‍ഭിണി ആകുകമോ എന്ന ഭയം.
5. എയ്ഡ്‌സ് അടക്കം വരാവുന്ന ലൈംഗിക രോഗങ്ങളെക്കുറിച്ചുള്ള പേടി.

ഇതിനെല്ലാം ഉപരിയായി സമൂഹത്തിന്റെ പഴിചാരലുകള്‍. ഇതെല്ലാം അവളില്‍ ഏല്‍പ്പിക്കുന്ന ആഘാതം വലുതാണ്. ആത്മഹത്യാ പ്രവണത, കടുത്ത നിരാശ, മുന്‍പ് ധൈര്യപൂര്‍വം നേരിട്ടിരുന്ന സന്ദര്‍ഭങ്ങളെ, സ്ഥലങ്ങളെ, എന്തിന്, വ്യക്തികളോട് പോലുമുള്ള അകാരണമായ ഭയം, ഇതെല്ലം കൂടിക്കലരുന്ന ഒരു മാനസിക അവസ്ഥയിലൂടെയെണ് ഓരോ അതിജീവിച്ചവളും കടന്നു പോകുന്നുത്.

ഓരോ വ്യക്തിയും വിഭിന്നരായതു കൊണ്ട് മാനസികാഘാതത്തിന്റെ തോത് വ്യക്തിഗതവും, അത് വ്യത്യസ്ത കാലയളവില്‍ അനുഭവപ്പെടുന്നതുമാണ്. ചിലര്‍ക്കത് ഏറ്റവും പ്രശ്‌നം സൃഷിക്കുന്നത് ആഴ്ച്ചകള്‍ക്കു ശേഷമോ മാസങ്ങള്‍ക്കു ശേഷമോ ആകാം. തന്നെ ആക്രമിച്ചവനെ വീണ്ടും കാണുമ്പോഴോ, കോടതിയിലോ പോലീസ് സ്റ്റേഷനിലോ പോയി മൊഴികൊടുത്ത് ആ സന്ദര്‍ഭം വീണ്ടും ഓര്‍ത്തെടുക്കേണ്ടി വരുമ്പോഴോ ഒരിക്കല്‍ സംഭരിച്ച ധൈര്യവും ആത്മവിശ്വാസവും ചോര്‍ന്നു പോയി വീണ്ടും വലിയ ആഘാതത്തിലേക്കും നിരാശയിലേക്കും വീഴാം. ശരിയായ ഇടപെടല്‍ ഉണ്ടാകാത്തവരുടെ കാര്യത്തില്‍ ഈ ആഘാതം വര്‍ഷങ്ങളോളം നീളാം. മൂന്നില്‍ ഒന്ന് ബലാത്സംഗ ഇരകളും ആഘാതാനന്തരമുള്ള കടുത്ത മാനസികാവസ്ഥ പുലര്‍ത്തുന്നവരാണ് അവരില്‍ നല്ലൊരു ശതമാനവും കടുത്ത വിഷാദത്തിന് അടിപ്പെടുന്നതായും പഠനങ്ങള്‍ പറയുന്നു.

ഓര്‍മപോലും മാനസിക ബലാത്സംഗമാണ്

ഒരിക്കല്‍ താന്‍ നേരിട്ട ആക്രമണത്തെക്കുറിച്ച് പറഞ്ഞു വിതുമ്പിക്കരഞ്ഞത്, ഏതാണ്ട് ആറടി പൊക്കവും അതിനൊത്ത ശാരീരികക്ഷമതയും പ്രത്യക്ഷത്തില്‍ ഉണ്ടെന്ന് തോന്നുന്ന ഒരു ജിം പരിശീലകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ വ്യക്തിയാണ്. അവര്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ ചൂളുന്നതും എഴുതിക്കൊണ്ടിരുന്ന പേന പോലും കൈയില്‍ മുറുകെ പിടിക്കാനാവാത്ത വണ്ണം ബലഹീനയാകുന്നതും കണ്ടിട്ടുണ്ട്. അതിനിടയിലും അവര്‍ പറയുന്നുണ്ടായിരുന്നു, പലപ്പോഴും വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ആ അനുഭവം അതേ അറപ്പോടും, വെറുപ്പോടും, പേടിയോടും കൂടി അനുഭവപ്പെടുന്നു, ലൈംഗികതയോടു കൂടിയുള്ള ഒരു നോട്ടത്തെ പോലും പേടിയാണ്, മനുഷ്യരെ തന്നെ പേടിയാണ് എന്ന്.

ഇത്തരമൊരു മാനസികാവസ്ഥയിലൂടെയാണ് നല്ലൊരു ശതമാനം survivors ഉം കടന്നു പോകുന്നതെന്ന് വൈദ്യശാസ്ത്രവും, മനഃശാസ്ത്രവും, ക്രിമിനോളജി അടക്കമുള്ള ശാസ്ത്രശാഖകളും ആവര്‍ത്തിച്ച് ഉറപ്പിക്കുമ്പോഴാണ്‌ ആ സമയത്തെ ലൈംഗീകസുഖത്തെക്കുറിച്ച് നീചവും ഹീനവുമായ ഭാഷയില്‍ ഒരു പോലീസ് ഉദോഗസ്ഥന്‍ ഇരയോട് അന്വേഷിക്കുന്നത്.

ഭാഗ്യലക്ഷ്മിയുടെ ഒപ്പമുണ്ടായിരുന്ന യുവതി പറഞ്ഞത് കെട്ടിച്ചമച്ച കഥയാണെന്ന് പറയാന്‍ വരുന്നവരെ ഒരു നിമിഷം, എന്റെ അഭിഭാഷക ജീവിതത്തിനിടയിലും ഔദ്യോഗിക ജീവിതത്തിലും ഇതിലും മോശമായ ഭാഷയിലുള്ള ചോദ്യങ്ങള്‍ അന്വേഷണ ഉദോഗസ്ഥരില്‍ നിന്ന് നേരിടേണ്ടി വന്ന പെണ്‍കുട്ടികളെ ഞാന്‍ കണ്ടിട്ടുണ്ട്. അതുകൊണ്ട് ഇവിടെ ആര് പറഞ്ഞു എന്നതല്ല, പറഞ്ഞത് ഒരു യാഥാര്‍ഥ്യത്തെ കുറിച്ചാണോ എന്നതാണ് കാതലായ ചോദ്യം.

'പിങ്ക്' പോലെയുള്ള 'സിനിമകള്‍' കണ്ട് കൈയടിക്കുകയും (അവിടെയും സ്ത്രീയ്ക്ക് വേണ്ടി വാദിക്കാന്‍ ഒരു പുരുഷന്‍ വേണമല്ലോ അല്ലേ? ) എന്നാല്‍ നമ്മുടെ കണ്‍മുമ്പില്‍ കാണുന്ന 'അച്ഛന്‍ ഉറങ്ങാത്ത വീട്ടിലെ' സലിംകുമാറിനെ സാന്ദര്‍ഭികമായി മറക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. സമൂഹത്തില്‍ ഇന്നും ലൈംഗികമായി ആക്രമിക്കപ്പെട്ടവള്‍ പേരും മുഖവും നഷ്ടപ്പെട്ടവള്‍ ആണ്. അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ തന്റേടിയും കൊള്ളരുതാത്തവളുമായി മുദ്രകുത്താന്‍ ആദ്യമിറങ്ങി പുറപ്പെടുന്നത് സ്ത്രീകളടങ്ങുന്ന ഒരു സമൂഹമാണ് .

ഇവിടെ, ഇന്ത്യ ഒരിക്കലും മറക്കാന്‍ പാടില്ലാത്ത ഒരു പേരുണ്ട് Suzette Jordan. കല്‍ക്കത്ത തെരുവില്‍ ഒന്നിലധികം പേര്‍ ലൈംഗികമായി ആക്രമിച്ചവള്‍, Park tSreet Rape victim എന്ന പേരില്‍ അറിയപ്പെട്ടവള്‍. നിയമം തനിക്കനുവദിച്ചിരുന്ന അജ്ഞാതയായിരിക്കാനുള്ള (anonymtiy) ആനുകൂല്യം മറികടന്ന്, 'ഞാനെന്തിനു മറഞ്ഞിരിക്കണം? തെറ്റ് ചെയ്തത് ഞാനല്ലല്ലോ? ക്രൂരവും മൃഗീയവുമായ ബലാത്സംഗമെന്ന ക്രിമിനല്‍ കുറ്റത്തിന്റെ ഇരയല്ലേ ഞാന്‍?' എന്ന് ദൃശ്യമാധ്യമങ്ങളിലടക്കം വന്ന് ഉറക്കെ ചോദിച്ചവള്‍.

എന്നാല്‍ അവളെ കള്ളി എന്ന് വിളിച്ചത് അവിടുത്തെ ഭരണകൂടമായിരുന്നു, അവള്‍ക്കു റെസ്റ്റാറന്റില്‍ ഭക്ഷണം നിഷേധിച്ചത്, ജോലി നിഷേധിച്ചത്, അവളുടെ കുഞ്ഞുങ്ങളുടെ നേരെ വിരല്‍ ചൂണ്ടി കളിയാക്കിയത്, അവളുടെ വീടിനു നേരെ ആസിഡ് എറിഞ്ഞത് നമ്മുടെ സമൂഹമാണ്. ഒരു സ്ത്രീ പ്രതികരിക്കാന്‍ ശ്രമിച്ചാല്‍, പ്രതിരോധിക്കാന്‍ ശ്രമിച്ചാല്‍ അവളെ നിശബ്ദയാക്കാന്‍ വെമ്പല്‍ കൊള്ളുന്ന സമൂഹം.

നിയമപ്രകാരം ഒരു ബലാത്സംഗത്തിന് കീഴ്‌പെടുന്ന യുവതികളുടെ പേര് മറച്ചുവെയ്ക്കപ്പെടുമ്പോഴും എപ്പോഴും കണ്ണും കാതും തുറന്നിരിക്കുന്ന അയല്‍പക്കങ്ങള്‍ ഉള്ള നമ്മുടെ നാടുകളില്‍ 'അനോണിമിറ്റി' എന്നത് അപ്രാപ്യമായ കാര്യമാകുന്നു? അവള്‍ വളരെ എളുപ്പത്തില്‍ തിരിച്ചറിയപ്പെടുന്നു, ആക്രമിക്കപ്പെടുന്നു.

ബലാത്സംഗ കേസുകളില്‍ ഇന്ത്യന്‍ പീനല്‍ കോഡ് അനുവദിക്കുന്ന ചില പ്രത്യേക സാഹചര്യങ്ങളില്‍ അല്ലാതെ ഒരു കാരണവശാലും റേപ്പ് കേസില്‍ ഇരയായ വ്യക്തിയുടെ പേരോ അവരെ തിരിച്ചറിയുന്നതിനു സഹായിക്കുന്ന വിവരണങ്ങളോ പരസ്യപ്പെടുത്തുന്നത് പിഴയ്ക്കും, 2 വര്‍ഷം വരെ നീളുന്ന തടവിനും ഇടയാക്കുന്ന ക്രിമിനല്‍ കുറ്റമാണ് (228 A). എന്നാല്‍ ഈ കേസില്‍ ഇവിടെയും സ്ത്രീക്ക് നീതി നിഷേധിക്കപ്പെടുന്നു, കഴിഞ്ഞ ദിവസം സി.പി.എം തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി കെ.രാധാകൃഷ്ണന്‍ പത്രസമ്മേളനത്തില്‍ പരാതിക്കാരുടെ പേരടക്കമാണ് മാധ്യമങ്ങളെ അറിയിച്ചത്. അത് അതീവ ഗുരുതരമായി കാണേണ്ട ക്രിമിനല്‍ കുറ്റമാണ്.

ആ പത്രസമ്മേളനത്തില്‍ യുവതിക്ക് നേരെ സാമ്പത്തികമടക്കമുള്ള പല ആരോപണങ്ങളും ഉന്നയിച്ചു കാണുമ്പോഴും, മുഖം മറച്ചു വിതുമ്പിക്കരയുന്ന അവരും, മുഖം മറച്ചിരിക്കുന്ന അവരുടെ ഭര്‍ത്താവും സമൂഹമനഃസാക്ഷിക്കു മുന്‍പിലും കേരള സര്‍ക്കാരിന് മുന്നിലും വെയ്ക്കുന്ന ചില ചോദ്യങ്ങള്‍ക്ക് പ്രസക്തിയുണ്ട്.

കേരളത്തില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്ന് പറയപ്പെടുന്ന ഒരിരയ്ക്കും കുടുംബത്തിനും പിന്നീട് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാന്‍ ആകുമോ? അതുവരെ ജീവിച്ചിരുന്ന സ്ഥലത്ത് അക്രമിക്കപ്പെട്ടവള്‍ക്കും കുടുംബത്തിനും തുടര്‍ന്നും അഭിമാനത്തോടെ കഴിയാന്‍ കഴിയുന്ന ഒരു സാമൂഹിക അന്തരീഷം കേരളത്തില്‍ ഉണ്ടോ? പ്രതിസ്ഥാനത്ത് അധികാരം കൈയാളുന്ന ഒരാള്‍ ആയതു കൊണ്ട് തങ്ങളെ ആ അധികാരമുപയോഗിച്ച് അവര്‍ ഭീഷണിപ്പെടുത്തുന്നു എന്ന് പറയുമ്പോള്‍, കേരളത്തില്‍ അങ്ങനെ നടക്കില്ല എന്നുറപ്പിച്ചു പറയാന്‍ നമ്മളില്‍ എത്ര പേര്‍ക്ക് കഴിയും?

പണം തട്ടാനുള്ള ഒരു നാടകം എന്ന് പലരും ആരോപിക്കുമ്പോള്‍ ഓര്‍ക്കണം, താന്‍ ലൈംഗികമായി അക്രമത്തിന് ഇരയാക്കപ്പെട്ടവളാണ് എന്ന് ലോകത്തോട് മുഴുവന്‍ ഒരു വ്യക്തി വിളിച്ചു പറയുന്നത്, ഇതുവരെ കടന്നു പോയ അപമാനത്തെക്കാള്‍ ഏറെ അപമാനവും കുറ്റപ്പെടുത്തലുകളും അടങ്ങുന്ന ഒരു വലിയ സമൂഹത്തിന്റെ മുന്നിലേക്കാണ് താന്‍ ഇനി ചെല്ലാന്‍ പോകുന്നത് എന്ന ഉത്തമബോധ്യത്തോടു കൂടി അവരതു പറയുമ്പോള്‍, അവിശ്വാസത്തിന്റെ കണ്ണുകളെയല്ല, കൂടെ നില്‍ക്കുന്ന സുമനസ്സുകളെയാണ് അവള്‍ പ്രതീക്ഷിക്കുന്നത് .

ഭാഗ്യലക്ഷമിയും പാര്‍വതിയും ചെയ്തത് പോലെയുള്ള ആ ചേര്‍ന്നുനില്‍പ്പും വിശ്വാസം നല്‍കലും ബലാത്സംഗം എന്ന കുറ്റകൃത്യത്തിനു വിധേയരാകുന്നവരോട് നമ്മള്‍ വെച്ചുപുലര്‍ത്തുന്ന ചില ഹീനമായ കീഴ്‌വഴക്കങ്ങളില്‍ നിന്ന് മാറി നടക്കാന്‍ പലരെയും പ്രേരിപ്പിക്കും. ഇനിയും അക്രമത്തിന് ഇരകളാകുന്നവര്‍ക്ക് തങ്ങളെ അക്രമിച്ചവര്‍ക്കെതിരെ പൊരുതാന്‍ ആത്മവിശ്വാസം പകരാന്‍ അതുപകരിക്കും. അതിനാദ്യം നമുക്കവരെ വിശ്വസിക്കാം, എന്നിട്ട്, നിയമം അനുശാസിക്കുന്ന സഹായങ്ങള്‍ ചെയ്തു കൊടുക്കാം. അവരുടെ അവകാശങ്ങളെക്കുറിച്ച് അവരെ കൂടുതല്‍ ബോധവതികളാക്കാം.

നിലവിലുള്ള ചില മാര്‍ഗ്ഗനിര്‍ദേശങ്ങള്‍

1. ഒരാള്‍ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതിയുമായി എത്തിയാല്‍ പരാതിക്കാരിക്ക് നിയമസഹായം കൊടുക്കണമെന്നും, മറ്റു നടപടികള്‍ക്കും മൊഴി എടുക്കലിനും മുന്‍പ് അവര്‍ക്ക് വക്കീലിനെ വെയ്ക്കാനുള്ള അവകാശമുണ്ടെന്നും അവരെ അറിയിക്കണം. (Delhi Domestic Working Women's Forum v. Union of India, Oct. 19, 1994). അതുപോലെ സ്റ്റേഷനില്‍ ഒരു വനിതാ പോലീസ് എപ്പോഴും ഉണ്ടായിരിക്കണമെന്നും (Delhi Commission for Women v. Delhi Police; April 23, 2009, W.P. (CRL) 696/2008) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഉണ്ട് . ഇത്തരം നിര്‍ദേശങ്ങള്‍ നിലനില്‍ക്കുമ്പോള്‍ ഒരു പോലീസ് ഓഫീസര്‍ അതിനു ഘടകവിരുദ്ധമായി ഒരു സ്ത്രീയോട് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയിട്ടുണ്ടെങ്കില്‍ അത് കേവലം കൃത്യവിലോപം മാത്രമല്ല, മറിച്ച് IPC 509 വകുപ്പനുസരിച്ചുള്ള സ്ത്രീത്വത്തെ അപമാനിക്കല്‍ എന്ന (Word, gesture or act intended to insult the modetsy of a woman) ക്രിമിനല്‍ കുറ്റം കൂടിയല്ലേ എന്ന് ചിന്തിച്ചു പോകുന്നു.


2. ഒരു പെണ്‍കുട്ടി ലൈംഗിക ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ ചികിത്സക്കായി എത്തിയാല്‍ അവള്‍ക്ക് വൈദ്യസഹായം നല്‍കുന്നതിനാണ് അടിയന്തിയപ്രാധാന്യം കല്പിക്കേണ്ടതെന്നും, (State of Karnataka v. Manjanna, May 4, 2000, Appeal (Crl.) 1911/1966) ക്രിമിനല്‍ പോസീഡര്‍ കോഡ് അനുസരിച്ച് ഒരു സര്‍ക്കാര്‍ ആസ്പത്രിയിലെ രജിസ്റ്റേര്‍ഡ് ഡോക്ടര്‍ ആവണം ബലാത്സംഗം ചെയ്യപ്പെട്ട സ്ത്രീയുടെ വൈദ്യപരിശോധന നടത്തേണ്ടതെന്നും പറയുന്നുണ്ടെങ്കിലും, അത് സാധ്യമല്ലാത്ത അവസരത്തില്‍ ഒരു registered private ഡോക്ടര്‍ക്കും അക്രമത്തിനു ഇരയായവരെ ചികില്‍സിക്കാവുന്നതും കേസ് റിപ്പോര്‍ട്ട് ചെയ്യാവുന്നതുമാണ്. (Section 164 A Indian Code of Criminal Procedure).

പീഡനത്തിന് ഇരയാകുന്ന വ്യക്തിക്ക് എത്രയും പെട്ടെന്നു വൈദ്യസഹായം എത്തിക്കുന്നതിനും, അവരുടെ മാനസികസംഘര്‍ഷം കുറക്കുന്നതിനും വേണ്ടിയാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശം. എന്നാല്‍ രാജ്യവ്യാപകമായി നാം ഇപ്പോഴും കാണുന്ന കീഴ്‌വഴക്കം ഇരയെ പൊലീസിന് 'സ്വകാര്യവും' 'ബന്ധവുമുള്ള' സര്‍ക്കാര്‍ ആശുപത്രികളിലേയ്ക്കാണ് കൊണ്ടുപോകാറ്. ഫലമോ? അവിടെ മണിക്കൂറുകള്‍ നീളുന്ന കാത്തിരിപ്പ്, ആസ്പത്രി സ്റ്റാഫിന്റെ അടക്കം പറച്ചിലുകള്‍ , ശാരീരിക പരിശോധനയ്ക്ക് എന്ന വ്യാജേന പിന്നെയും കടന്നു പോകേണ്ട ലൈംഗിക ചൂഷണം (ഉദാ. ചില പ്രത്യേക കേസുകളില്‍ മാത്രമാണ് 2 finger test എന്ന വജൈനല്‍ examination ആവശ്യമായി വരുന്നത്, എന്നാല്‍ പല റേപ്പ് ഇരകളും അതിനു നിര്‍ബന്ധിതമായി വിധേയരാകാറുണ്ട്, അതിനെ നിഷേധിക്കാന്‍ അവര്‍ക്കു നിയമപരമായ അവകാശമുണ്ടായിരിക്കുമ്പോള്‍ പോലും.

3.ക്രിമിനല്‍ നടപടിക്രമം Section 157 അനുസരിച്ച് അക്രമത്തിനു ഇരയായവര്‍ക്ക് അവരുടെ വീട്ടിലോ അവര്‍ തിരഞ്ഞെടുക്കുന്ന സ്ഥലത്തോ, സാധ്യമെങ്കില്‍ ഒരു വനിതാ പോലീസ് ഓഫീസറെ കൊണ്ട്, തനിക്ക് അടുപ്പമുള്ളവരുടെ സാന്നിധ്യത്തില്‍ മൊഴികൊടുക്കാനുള്ള അവകാശത്തെ അംഗീകരിക്കുന്നതാണ് നമ്മുടെ നിയമവ്യവസ്ഥ. അപ്പോഴും ഭാഗ്യലക്ഷ്മിക്ക് ഒപ്പമുണ്ടായിരുന്ന യുവതി പറഞ്ഞത് പോലെ, അക്രമിക്കപ്പെട്ടവള്‍ മൂന്നും നാലും ദിവസം തെളിവെടുപ്പ്‌പെന്നും മൊഴിയെടുക്കലെന്നും പറഞ്ഞ് മറ്റുള്ളവര്‍ക്ക് മുന്നില്‍ അപഹാസ്യയായി പോലീസ് സ്റ്റേഷന്റെ ഒരു മൂലയില്‍ ഒരുപാട് നോട്ടങ്ങള്‍ക്കും അടക്കം പറച്ചിലുകള്‍ക്കും നടുവില്‍ തല താഴ്ത്തി ഇരിക്കേണ്ടി വരുന്നു എന്നത് യാഥാര്‍ഥ്യവും.

4. ലൈംഗിക ആക്രമണത്തിന് ഇരകളായവര്‍ക്കായി ഏറ്റവും അടിയന്തിര പ്രാധാന്യത്തോടെ ഏര്‍പ്പെടുത്തി കൊടുക്കേണ്ടത് പ്രൊഫഷണലായ കൗണ്‍സലിംഗ് ആണ്. അവരെ ആത്മവിശ്വാസമുള്ള വ്യക്തികളാക്കി തിരിച്ച് ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരികയാണ് ആദ്യം ചെയ്യേണ്ടത്. നമ്മുടെ പെരുമാറ്റം വീണ്ടും വീണ്ടും ആ ആക്രമണത്തെ കുറിച്ച് അവളെ ഓര്‍മ്മിപ്പിക്കുന്നതും, അതിന്റെ കാരണം അവള്‍ ആണ് എന്ന് ധ്വനിപ്പിക്കുന്നതുമാകരുത്.

5. ഒരു പെണ്‍കുട്ടിയോ ആണ്‍കുട്ടിയോ പീഡനത്തിനിരയായാല്‍ അത് ചെന്നുപറയാന്‍ അവര്‍ക്കു വിശ്വാസവും ഉറപ്പുമുള്ള ഫലപ്രദമായ ഇടങ്ങള്‍ ഉണ്ടാവണം, വീട്ടിലും പോലീസ് സ്റ്റേഷനുകള്‍ അടങ്ങുന്ന സമൂഹത്തിലും. അന്വേഷണം എന്നത് ഒരു ശരിയായ മേല്‍നോട്ടത്തിന്റെ പരിധിയില്‍ വരുന്നതാവണം. അല്ലാതെ അത് എന്ത് തോന്ന്യവാസവും ചോദിക്കാനുള്ള ലൈസന്‍സ് ആകരുത്. ഏതെങ്കിലും ഒരു സഹപ്രവര്‍ത്തകന്‍ ഒരു പരാതിക്കാരിയോട് തന്റെ അധികാര പരിധിക്കപ്പുറം പെരുമാറുന്നു എന്ന് തോന്നിയാല്‍ അതിനെതിരെ പ്രതികരിക്കുന്ന അധികാരികള്‍ ഉണ്ടാവണം.

ഗോവിന്ദച്ചാമിയടങ്ങുന്ന, അനേക കുറ്റക്കാരെ കണ്ടാല്‍ കല്ലെറിഞ്ഞു കൊല്ലും എന്ന് അലമുറയിടുമ്പോഴും നമുക്കറിയാം അത് വെറുമൊരു കണ്ഠക്ഷോഭം മാത്രമാണെന്ന്.

മുഖം മറച്ച്, സമൂഹം എന്ന ഇരുട്ടില്‍ നോക്കിയാണ് ഇന്ന് മുറിവേറ്റവള്‍ക്ക് സംസാരിക്കേണ്ടി വരുന്നത്. ഭാഗ്യലക്ഷ്മി ചോദിക്കുന്നത് പോലെ സമൂഹത്തിനു മുന്നില്‍ തന്റെ മുഖം പോലും തുറന്നുകാട്ടി, തനിക്കു നേരിട്ട അനീതിയെക്കുറിച്ചു പറയാന്‍ പീഡിപ്പിക്കപ്പെട്ടവര്‍ക്ക് അവസരം നിഷേധിക്കുന്നത് നമ്മുടെ സമൂഹമാണ്. ആ സമൂഹത്തിനു ചെയ്യാന്‍ കഴിയുന്ന ഒന്നുണ്ട് ലൈംഗിക ആക്രമണത്തിന് 'ഇരയായ' ഒരു വ്യക്തിയെ ഒരു 'അതിജീവിച്ചവള്‍' ആക്കി ഉയര്‍ത്താന്‍ കഴിയുന്ന സാമൂഹിക സാഹചര്യം ഒരുക്കുക എന്നതാണ് അത്. തലമൂടാതെ അവള്‍ക്കും അവളുടെ കുടുംബത്തിനും സമൂഹത്തെ അഭിമുഖീകരിക്കാന്‍ കഴിയണം. അവള്‍ നീതി തേടി ചെല്ലുന്ന ഇടങ്ങളില്‍ അവളെ ആരും വാക്കുകള്‍ കൊണ്ട് വീണ്ടും ബലാത്സംഗം ചെയ്യാത്ത അവസ്ഥ ഉണ്ടാവണം.

ഒത്തുതീര്‍പ്പിന്റെ രാഷ്ട്രീയത്തിനപ്പുറം ഇരയാകുന്നവര്‍ക്ക് നീതി ലഭിക്കുന്ന രാഷ്ട്രീയ സാമൂഹികവ്യവസ്ഥ നമുക്കുണ്ടാവണം. അതിജീവിക്കാന്‍ ശ്രമിക്കുന്നവരെ ചോദ്യം ചോദിച്ചും വിരല്‍ ചൂണ്ടിയും കടന്നാക്രമിക്കുന്ന രീതി മാറി അവര്‍ക്ക് ജീവിക്കാന്‍ അവസരമൊരുക്കുന്ന ഒരു സമൂഹമായി മാറണം നമ്മള്‍. മാറേണ്ടത് നമ്മള്‍ ആണ്, കാരണം നമ്മുടെ നിസംഗതയാണ് ഗോവിന്ദച്ചാമിമാരെ പോലെയുള്ള പലരുടെയും ആത്മവിശ്വാസവും, ആക്രമിക്കപ്പെടുന്ന ഓരോ ജീവന്റെയും പേടിയും നിസ്സഹായതയും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram