രാജേഷിന്റെ സഹപ്രവര്‍ത്തകന്‍ സഞ്ജീവിന്റെ ഭാര്യ എന്ന മേല്‍വിലാസത്തിലാണ് ഞാന്‍ അവളെ ആദ്യമായി കാണുന്നത്. അന്നവരെനിക്ക് ആറു വയസുകാരിയുടെയും മൂന്നു വയസുകാരന്റെയും അമ്മയായ, വീട്ടമ്മ മാത്രമായിരുന്നു. എന്റെ വാചാലതയ്ക്കും അവരുടെ മിതഭാഷണങ്ങള്‍ക്കും ഇടയില്‍ ഒരു സൗഹൃദം ഉടലെടുക്കാനുള്ള വിദൂര സാധ്യത പോലും അന്ന് തെളിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ അന്നത്തെ ഒരു ഞായറാഴ്ച്ച ചായയിലും ബിസ്‌ക്കറ്റിലും തീരുന്ന ഒരു ബന്ധമായേ ആ കൂടിക്കാഴ്ചയെ കണക്കാക്കിയിരുന്നുള്ളൂ. ആകസ്മികതകളുടെ മൊട്ടും പൂവും ഒക്കെയാണല്ലോ ജീവിതം? അതിലൊന്ന് പോലെയാണ് തീര്‍ത്തും വ്യത്യസ്തരായ ഞങ്ങള്‍ക്കിടയില്‍ ഒരു സൗഹൃദം ഉടലെടുത്തത്. ആ സൗഹൃദം വഴി, അവളിലൂടെ ഞാന്‍ പഠിക്കുകയായിരുന്നു, നിശ്ചയദാര്‍ഢ്യം കൊണ്ട് സ്വന്തം സ്വപ്നങ്ങളെല്ലാം അടുക്കളച്ചുവരുകളില്‍ തട്ടി ചിതറിപ്പോയിരിക്കുന്നു എന്ന വ്യാകുലതയില്‍ നിന്നും ഒരു സ്ത്രീക്ക് എങ്ങനെയാണ് സ്ഥായിയായ മോചനം നേടിയെടുക്കാനാവുക എന്ന്.
ഒരിക്കല്‍ നാടായ തളിപ്പറമ്പില്‍ നിന്നും പവിത്രയുടെയും സഞ്ജീവിന്റെയും കുട്ടികളുടെയും കൂടെയായിരുന്നു ബാംഗ്ലൂര്‍ക്കുള്ള എന്റെ മടക്കയാത്ര, അവര്‍ നാട്ടിലുണ്ടായത് കൊണ്ട് യാത്ര അവരോടൊപ്പമാവാം എന്നു തീരുമാനിക്കുകയായിരുന്നു. യാത്രയുടെ തുടക്കം മുതലേ ഒരസ്വഭാവികത, അന്യഗ്രഹത്തില്‍ വന്നുപെട്ടൊരാവസ്ഥ എനിക്ക് തോന്നിയിരുന്നു. അതിനെ ഒന്നുകൂടെ ഉറപ്പിച്ചുകൊണ്ട് അധികമുറക്കെ സംസാരിക്കാറില്ലാതിരുന്ന പവിത്ര ചെറിയ കുഞ്ഞിനോട് പോലും ഇടയ്ക്ക് അനാവശ്യമായി കയര്‍ത്തു സംസാരിച്ചു.
ഏകദേശം ഒരു നൂറു കിലോമീറ്ററെങ്കിലും ദൂരം പിന്നിട്ട ശേഷം , ഞാന്‍ ചോദിച്ചുപോയി. ''വീട്ടിലെല്ലാരും ഓക്കേ അല്ലേ, എന്തുപറ്റി പവിത്ര?'' അതിനുള്ള മറുപടി സഞ്ജീവ് ആണ് പറഞ്ഞത് , ''Nothing big, Just overenthusiastic teenage memories'' 'സഞ്ജുവേട്ടാ..' എന്ന പവിത്രയുടെ കടുപ്പത്തിലുള്ള വിളി കേട്ട് ഞാന്‍ ഞെട്ടിയത് പോലെ തന്നെ വണ്ടിയോടിച്ചു കൊണ്ടിരുന്ന സഞ്ജീവും ഞെട്ടിക്കാണണം. അത് ശ്രദ്ധിക്കാതെ പവിത്ര തുടര്‍ന്നു. ആണ്‍കുട്ടികള്‍ ചെറുപ്പത്തിലാഗ്രഹിച്ച ജോലി പഠിച്ചു നേടിയെടുക്കുമ്പോള്‍ അതിനെ dream come true moment എന്നും പെണ്‍കുട്ടികള്‍ ആഗ്രഹിച്ച ജോലി കിട്ടാതിരിക്കുമ്പോള്‍ അതിനെ overenthusiastic teenage memories'' എന്നുമാണോ സഞ്ജുവേട്ടാ നിങ്ങളെ തോട്ടടയില് (കണ്ണൂര്‍ ജില്ലയിലെ തോട്ടട സ്വദേശിയാണ് സഞ്ജീവ് ) ആള്‍ക്കാര്‍ പറയുന്നത്? നമ്മളെ തളിപ്പറമ്പിലെങ്ങനെയല്ല. സൗന്ദര്യപിണക്കത്തിനുള്ളിലേക്ക് ഒരു നാടിനെ എത്ര ഭംഗിയായി പ്രതിചേര്‍ത്തു എന്ന് ഞാന്‍ ആശ്ചര്യപ്പെട്ടു.
ഭാര്യ കൊടുങ്കാറ്റാകുമ്പോള്‍ ഭര്‍ത്താവ് മന്ദമാരുതന്‍ ആവുമെന്നത് പ്രകൃതി നിയമമാണല്ലോ, നിയമം അവിടെയും അനുവര്‍ത്തിച്ചു. 'പവീ.. ഞാനങ്ങനെ സീരിയസ് ആയി, നിന്നെ വേദനിപ്പിക്കാന്‍ പറഞ്ഞതല്ല.'അവര്‍ക്കിടയില്‍ എന്തോ വിഷയമുണ്ട് എന്നല്ലാതെ അതെന്താണ് എന്നെനിക്ക് മനസ്സിലായിരുന്നില്ല. അവസരത്തിലും അനവസരത്തിലും നിര്‍ത്താതെ ജോലി ചെയ്യാറുള്ള എന്റെ നാവിനും ആ സാഹചര്യത്തെ എങ്ങനെ നേരിടണം എന്ന് ബോധ്യമില്ലായിരുന്നു. അതുകൊണ്ട് തന്നെ എന്നെ'ഇറക്കാം'എന്ന് സമ്മതിച്ചിരുന്ന ഗേറ്റ് പടിക്കല്‍ വണ്ടി നില്‍ക്കുന്നത് വരെ അറിയാത്ത വിഷയത്തിലൊരു അഭിപ്രായപ്രകടനം നടത്താന്‍ ഞാന്‍ ശ്രമിച്ചുമില്ല.
ഏകദേശം ഒരാഴ്ച്ചയ്ക്ക് ശേഷം ഒരു ദിവസം പവിത്ര വിളിച്ചു, അന്നത്തെ ആ നീണ്ടയാത്ര വിരസമാക്കിയതിനുള്ള ക്ഷമാപണത്തോടെ വര്‍ത്തമാനം തുടങ്ങി, അപ്പോഴാണ് അന്നത്തെ ആ സൗന്ദര്യ പിണക്കത്തിന്റെ പിന്നാമ്പുറക്കഥ പുറത്തു വന്നത്. അവധി കഴിഞ്ഞു ബാംഗ്ലൂര്‍ക്ക് തിരിച്ചു വരുന്നതിന്റെ ഭാഗമായുള്ള നാട്ടിലെ പതിവ് അമ്പലദര്‍ശനത്തിനിടയിലാണ് പവിത്ര പഴയ സഹപാഠി നിഷയുടെ അമ്മയെക്കണ്ടത്. ഏറെ പരിഷ്‌കാരമില്ലാത്ത ഒരു സാധാരണ നാട്ടുമ്പുറത്തെ അമ്മ പറയുമ്പോലെ തന്നെയേ അവരും പറഞ്ഞുള്ളൂ. ''നീയിങ്ങനെ പഠിച്ചിട്ട് വെറുതെ ആയിപ്പോയല്ലോ മോളെ? നിഷയെക്കാള്‍ എത്ര മാര്‍ക്ക് കൂടുതല്‍ വാങ്ങിയ കുട്ടിയാ നീയ്യ്? നിഷക്കിപ്പോ ദുബായ് മെട്രോവിലേ അഡ്മിനിസ്‌ട്രേഷന്റെ ജോലിയാണ്. കുട്ടികളെ നോക്കാന്‍ ഞാനും രാജീവന്റെ (നിഷയുടെ ഭര്‍ത്താവ് ) അമ്മയും മാറി മാറി നിക്കും. പഠിച്ചിട്ടിങ്ങനെ പത്തുറുപ്പിയേന്റെ ഗുണമില്ലാതെ നടക്കുന്ന നിന്നെ കാണുമ്പോ എനക്ക് വല്ലാത്ത വേവലാതിയാകുന്നു.'
കുടുംബത്തിലെ പല ഉത്തരവാദിത്തങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ ഞാണിന്മേലുള്ള ഒരു ബാലന്‍സിങ് പോലെയാണ് പല പെണ്‍ജീവിതങ്ങളും. അതിനിടയില്‍ പഠിച്ച ശേഷം ജോലി ചെയ്യാനാവാതെ വന്ന, ജോലിയില്‍ നിന്നും ഒരു ബ്രേക്ക് എടുക്കേണ്ടിവന്ന പല പെണ്‍കുട്ടികളും അഭിമുഖീകരിച്ച ഒരു ചോദ്യത്തെ തന്നെയായിരുന്നിരിക്കാം അന്ന് പവിത്രയും നേരിട്ടത്. പക്ഷേ കൂട്ടുകാരിയുടെ അമ്മ കാര്യങ്ങള്‍ അവതരിപ്പിച്ച രീതിയിലെ വ്യത്യാസം കൊണ്ടോ എന്തോ അതുവരെ ഇല്ലാതിരുന്ന ഒരു നൈരാശ്യം പവിത്രയെ പെട്ടന്ന് ബാധിച്ചു. അവള്‍ക്ക് സഞ്ജീവിനോടും കുടുംബത്തോടും ദേഷ്യം തോന്നിത്തുടങ്ങി. അതിന്റെ പേരില്‍, അന്നത്തെ ആ അമ്പലദര്‍ശനത്തിനു ശേഷം സഞ്ജീവിനോട് പതം പറഞ്ഞു തുടങ്ങിയതാണ് പവിത്ര.
''മോന് പഠിച്ച പെണ്ണ് വേണമെന്ന് പറഞ്ഞു കല്യാണം കഴിപ്പിക്കാന്‍ മുന്‍കൈ എടുത്തത് അവരാണ്'' എന്ന് പറഞ്ഞുകൊണ്ട് സഞ്ജീവിന്റെ അമ്മയെ അവള്‍ പരോക്ഷമായി കുറ്റപ്പെടുത്തി. പക്ഷേ കാര്യങ്ങളുടെ നിജസ്ഥിതി തീര്‍ത്തും അങ്ങനെ ആയിരുന്നില്ല. മൂന്നുവര്‍ഷം വ്യത്യാസത്തില്‍ നടന്ന പവിത്രയുടെ രണ്ടു പ്രസവങ്ങളും പ്രീ മെച്വര്‍ ഡെലിവറി എന്ന വിഭാഗത്തില്‍ വരുന്നവ ആയിരുന്നു. പ്രസവശേഷമുള്ള നീണ്ടനാളത്തെ ആശുപത്രിവാസവും കുട്ടികള്‍ക്ക് കൊടുക്കേണ്ടിയിരുന്ന പ്രത്യേക പരിചരണവും ഒക്കെ കാരണത്താല്‍ സ്വന്തം കരിയറിനെ കുറിച്ച് ചിന്തിക്കാനോ പ്ലാന്‍ ചെയ്യാനോ പവിത്രയ്ക്ക് സാധിച്ചിരുന്നില്ല എന്നതാണ് വാസ്തവം.
പവിത്ര ഇത്രയും കാര്യങ്ങള്‍ ഫോണിലൂടെ പറഞ്ഞപ്പോള്‍ പത്തൊമ്പതാം വയസില്‍ വിവാഹിതയായി, പത്തുവര്‍ഷം വീട്ടുകാര്യം മാത്രം നോക്കിനടത്തിയവളുടെ ഉള്ളില്‍ അണയാത്തൊരു കനല്‍ പുകയുന്നുണ്ട് എന്നൊന്നും കരുതിയിരുന്നില്ല, അതൊരു താല്‍ക്കാലിക വികാര പ്രകടനം മാത്രമായേ തോന്നിയിരുന്നുള്ളൂ. അവളുടെ ഉള്ളിലെ നിശ്ചയദാര്‍ഢ്യം ആളിക്കത്തുന്നത് കാണാന്‍ പിന്നെയും ഒന്നര വര്‍ഷം കാത്തിരിക്കേണ്ടി വന്നു.
മൂന്നുവയസുകാരന്‍ അഞ്ചുവയസുകാരനാവുന്നതു വരെ ആഗ്രഹത്തിന്റെ കനല്‍ അണയാതെ അവള്‍ കാത്തുവച്ചു. അങ്ങനെ, കണ്ണൂരിലെ പ്രത്യേകതരം കാറ്റ് വീശുന്ന കോളേജില്‍ നിന്നും ഫിസിക്‌സില്‍ ബിരുദം നേടി പത്തുവര്‍ഷത്തിനു ശേഷം, ഒരു ജൂണ്‍മാസത്തില്‍, ഇഷ്ടപ്പെട്ട ജോലി നേടുക എന്ന വ്യക്തമായ ലക്ഷ്യത്തോടെ വീടിനു പുറത്തുകടന്നു, അവര്‍ താമസിക്കുന്ന സ്ഥലത്തുനിന്നും മുപ്പത്തഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള ഒരു കോളേജില്‍ അവള്‍ക്ക് ബി.എഡ് കോഴ്‌സിന് അഡ്മിഷന്‍ കിട്ടി. ഇതിലെന്ത് എന്ന് തോന്നുവരുണ്ടാകാം? പക്ഷെ, അഞ്ചും എട്ടും വയസായ കുട്ടികളുള്ള, ഇന്നലെവരെ അടുക്കള മാത്രം ഭരിച്ച ഒരു വീട്ടമ്മ വീടിന് പുറത്തു പന്ത്രണ്ടു മണിക്കൂറോളം സമയം ചെലവഴിക്കാന്‍ എടുത്ത തീരുമാനത്തെ ബോള്‍ഡ് ഡിസിഷന്‍ എന്ന പേരില്‍ തന്നെയാണ് വിളിക്കേണ്ടത്. കേട്ട ബന്ധുക്കളില്‍ പലരും നെറ്റി ചുളിച്ചു, പവിത്രയുടെ അമ്മയും ചോദിച്ചു. ''ജോലിവേണമെങ്കില്‍ ഏതെങ്കിലും ഓഫീസ് ജോലി കിട്ടില്ലേ ബാംഗ്ലൂരില്‍? ബി.എഡ് പഠിക്കണ്ട ആവശ്യമുണ്ടോ?' പവിത്രയുടെ നിശ്ചയദാര്‍ഢ്യത്തിന് പിന്തുണയേകി മകന്റെ കുടുംബത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറായത് സഞ്ജീവിന്റെ അമ്മയായിരുന്നു.
39-ാം വയസ്സില്‍ ഭര്‍ത്താവു നഷ്ടപ്പെട്ട സഞ്ജീവിന്റെ അമ്മയ്ക്കറിയാമായിരുന്നു സ്ത്രീക്ക് സ്വന്തമായ വരുമാനമാര്‍ഗമുണ്ടാകേണ്ടതിന്റെ അനിവാര്യത എത്രമാത്രമാണെന്ന്? അതുകൊണ്ട് തന്നെയായിരുന്നു ഭര്‍ത്താവിന്റെ അസ്ഥിത്തറയ്ക്ക് തിരികൊളുത്തുന്ന ജോലി അയല്‍വീട്ടിലെ പെണ്‍കുട്ടിയെ ഏല്‍പ്പിച്ചു മരുമകളെ ഒരു ഉദ്യോഗസ്ഥയാക്കാനുള്ള മകന്റെ തീരുമാനത്തെ പിന്തുണച്ചു കൊണ്ട്, കണ്ണൂരില്‍ നിന്നും അവര്‍ ബെംഗളുരുവിലേക്ക് വണ്ടി കയറിയത്. തണുപ്പില്‍ അധികമായേക്കാവുന്ന ആസ്തമയക്കുള്ള മരുന്നും കൈയില്‍ കരുതി. അനാരോഗ്യത്തോട് പൊരുതി സഞ്ജീവിന്റെ 'അമ്മ ഒരു വര്‍ഷം ബെംഗളുരിവില്‍ താമസിച്ചു, ഏഴുമണിക്ക് പവിത്രയെ ബസ് സ്റ്റോപ്പില്‍ വിടുന്നതും, ഏഴരയ്ക്ക് കുട്ടികളെ റെഡിയാക്കി സ്‌കൂള്‍ ബസില്‍ ആക്കുന്നതും സഞ്ജീവിന്റെ അധിക ജോലികളായി. പവിത്ര ബി. എഡ് പാസായി.
തൊട്ടടുത്ത വര്‍ഷം തന്നെ വീടിനടുത്തുള്ള ഒരു സ്‌കൂളില്‍ ചെറിയ ശമ്പളത്തിന് കിട്ടിയ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു.'ഒരു ടീച്ചറാവുക'എന്ന പാവടക്കാരിയുടെ കൗമാരസ്വപ്നങ്ങളിലേക്ക് നടന്നെത്താന്‍ പവിത്രയ്ക്ക് മുപ്പത്തിരണ്ടു വയസുവരെ കാത്തിരിക്കേണ്ടി വന്നു. എങ്കിലും ആത്മവിശ്വാസവും കുടുംബത്തിന്റെ പിന്തുണയും കൊണ്ട് അവള്‍ ലക്ഷ്യത്തിലെത്തി. ആദ്യ ശമ്പളം വാങ്ങി. മൂന്നു വര്‍ഷം അതേ സ്‌കൂളില്‍ ജോലി ചെയ്ത പവിത്രയ്ക്ക് പിന്നീട് അവളുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ ജോലി കിട്ടി. മികച്ച ശമ്പളവും കുട്ടികളുടെ വാര്‍ഷിക ഫീസില്‍ അറുപതുശതമാനം ഇളവും അവള്‍ക്കുണ്ട്.
മേരികോമും, പി.വി.സിന്ധുവുമെല്ലാം സ്വന്തം നേട്ടങ്ങള്‍ കൊണ്ട് ലോകത്തിന്റെ നെറുകയില്‍ കയറി നില്‍ക്കുമ്പോള്‍ അവരെ മനസ് തുറന്നഭിനന്ദിക്കുന്ന നമ്മളോരോരുത്തരും ഒരിക്കലും ഓര്‍ക്കാറില്ല പാതി വഴിയിലുപേക്ഷിച്ചു പോയ ചെറുതും വലുതുമായ നമ്മുടെ സ്വപ്നങ്ങളേക്കുറിച്ച്. പവിത്രയുടെ കാര്യത്തില്‍ കൂട്ടുകാരിയുടെ അമ്മ ഒരോര്‍മ്മപ്പെടുത്തലാവുകയായിരുന്നു, അതിലൂടെ അവള്‍ സ്വന്തം ജീവിതത്തെ പുതുതായി നിര്‍വചിക്കുകയായിരുന്നു. ''ഒരു പൊട്ടു വാങ്ങാന്‍ പോലും സഞ്ജുവേട്ടന്റെ പോക്കറ്റ് തപ്പിയ എനിക്ക് സ്വന്തമായി ഒരു വരുമാനം ഉണ്ടാവണം എന്നത് ഒരനിവാര്യത തന്നെയായിരുന്നു, ഒരു ടീച്ചറാവണം എന്നത് പഠിക്കുമ്പോള്‍ മുതലുള്ള ആഗ്രഹവും ആയിരുന്നു .പക്ഷേ, ആഗ്രഹത്തെ ലക്ഷ്യമാക്കി മാറ്റാന്‍ അല്‍പം വൈകിപ്പോയി എന്ന് മാത്രം'' സ്ഥിരവരുമാനക്കാരിയായ ശേഷം ഒരിക്കല്‍ കണ്ടപ്പോള്‍ പവിത്ര പറഞ്ഞു.
'Age is just a number' എന്ന് സിനിമയിലെ നായകനടന്റെ എഴുപതിലും ചുളിയാത്ത മുഖം നോക്കി അഭിനന്ദിക്കുന്ന അതേ ആര്‍ജ്ജവത്തോടെ അടുക്കളയില്‍ നിന്നും അരങ്ങത്തേക്കിറങ്ങാനും പ്രായമൊരു തടസ്സമല്ല എന്ന് സ്വയം വിശ്വസിപ്പിക്കാനും കഴിഞ്ഞാല്‍ നമ്മളോരോരുത്തരും പകുതി വിജയിച്ചു കഴിഞ്ഞു. ബാക്കി പകുതി നേരെയാക്കേണ്ടത് സ്വപ്രവൃത്തിയിലൂടെയാണ്. സ്വന്തം സാഹചര്യങ്ങളെ വിലയിരുത്തുകയും കഴിവുകളെ തിരിച്ചറിയുകയും ചെയ്താല്‍ ചെറുതോ വലുതോ ആയ ഒരു സ്ഥിരവരുമാനം എല്ലാ സ്ത്രീകള്‍ക്കും ഉണ്ടാക്കാവുന്നതേ ഉള്ളൂ. സ്ത്രീകള്‍ക്ക് കൂടി വരുമാനം ഉണ്ടാവണം എന്നുള്ളത് കാലഘട്ടത്തിന്റെ അനിവാര്യതയായി മാറിക്കഴിഞ്ഞിരിക്കുന്നു, അതവര്‍ക്ക് ആത്മവിശ്വാസവും മെച്ചപ്പെട്ട ജീവിതനിലവാരവും നല്‍കും എന്നതില്‍ തര്‍ക്കമില്ല. അതിന് കുടുംബിനികള്‍ വീട്ടു കാര്യവും നാട്ടുകാര്യവും ഓഫീസ് കാര്യവും എല്ലാം സ്വയം ചെയ്തു തീര്‍ക്കുന്ന സൂപ്പര്‍ വുമണ്‍ ആവണം എന്നില്ല, പകരം തനിക്കൊരു വരുമാന മാര്‍ഗമുണ്ടാവുമ്പോള്‍ വിദ്യാഭ്യാസപരമായി അല്‍പം പിറകില്‍ നില്‍ക്കുന്ന മറ്റൊരു സ്ത്രീയെ വീട്ടുജോലികള്‍ക്കൊരു സഹായി ആക്കി എടുത്താല്‍ അത് ഒരു സല്‍പ്രവര്‍ത്തിയും, സ്വന്തം വരുമാനത്തിന്റെ പങ്കുവെക്കലും കൂടിയാണ്. 'വീട്ടുജോലികള്‍ക്ക് ഒരു സഹായി ഉണ്ട്' എന്നത് കൊച്ചമ്മ ഭാവത്തിന്റെ അടയാളമാണ് എന്നുള്ള ചിന്താഗതികള്‍ മാറ്റപ്പെടേണ്ടിയിരിക്കുന്നു.
എംടെക് വരെ പഠിച്ച ഒരു പെണ്‍കുട്ടി പാത്രം കഴുകാനും, തുണിയലക്കാനും മാത്രമായി തന്റെ അര്‍ത്ഥ ജീവിതം മാറ്റി വെച്ചിട്ടുണ്ടെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടേണ്ടുന്ന വിഷയം തന്നെയാണ്. ആ ഇനത്തില്‍ അവളുടെ കുടുംബത്തിനും സര്‍ക്കാറിനും ഉണ്ടായ ചെലവുകള്‍ ചില്ലറയായിരിക്കില്ല. ആ നിലയ്ക്ക് നാല്‍പതാം വയസില്‍ പത്തുലക്ഷം സബ്‌സ്‌ക്രൈബേര്‍സ് ഉള്ള യുട്യൂബ് ചാനലിനുടമയായ സാധാരണ വീട്ടമ്മയും. പഠിച്ചു പത്തുവര്‍ഷത്തിന് ശേഷം ഏതെങ്കിലും ജോലിയല്ലാതെ, ഇഷ്ടമുള്ള ജോലി തന്നെ നേടണം എന്നാഗ്രഹിച്ച പവിത്രയും അടങ്ങുന്ന സ്വന്തം സ്വപ്‌നങ്ങളിലേക്ക് നടന്നടുക്കുന്ന ഓരോ സ്ത്രീയും അഭിനന്ദിക്കപ്പെടേണ്ടവര്‍ തന്നെയാണ്. നമുക്ക് ചുറ്റും നോക്കിയാല്‍ അത്തരത്തിലുള്ള ഒന്നിലേറെപ്പേരെ നമുക്ക് കാണാനാവും. അതുകൊണ്ട്, ഒന്ന് മറ്റൊന്നിനു തടസമല്ലെന്നും, നഷ്ടപ്പെട്ടു പോയ വര്‍ഷങ്ങളേക്കാള്‍ വരാനിരിക്കുന്ന വര്‍ഷങ്ങളിലേക്കാണ് കൂടുതല്‍ പ്രതീക്ഷയോടെ നോക്കേണ്ടത് എന്നും തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ അടുക്കളക്കരി പുരണ്ട മുഖത്ത് ആത്മവിശ്വാസത്തിന്റെ തിളക്കമുണ്ടാവുന്ന ദിവസം ഏറെ വിദൂരമാവില്ല.
Content Highlights: Why Women Should Work Shaina Rajesh Writes