ഹൗസ് ഹസ്ബന്‍ഡില്ലാതെ ഹൗസ് വൈഫ് എങ്ങനെ ഉണ്ടാകും? ഫെയ്‌സ്ബുക്കില്‍ ശ്രദ്ധയില്‍ പെട്ട ഒരു പോസ്റ്റാണിത്. ഒരു ക്ലീഷേ ആയി ഈ വാദം മാറിക്കഴിഞ്ഞെങ്കിലും ഇന്നും അകാലത്തില്‍ യാത്ര പറഞ്ഞു പോയ ചലച്ചിത്രതാരം ജിഷ്ണുവല്ലാതെ മറ്റാരും വീട്ടച്ഛന്മാരെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ല. വീട്ടമ്മ എന്ന തസ്തികക്ക് വിലയില്ലാത്തപ്പോള്‍ വീട്ടച്ഛനാകാന്‍ അസാമാന്യ ധൈര്യമുള്ളവര്‍ക്ക് മാത്രമേ സാധിക്കൂ. പക്ഷേ അത്തരക്കാര്‍ വെറും ഭര്‍ത്താവുദ്യോഗക്കാരനായി മുദ്ര കുത്തപ്പെടുകയും ചെയ്യും.
ഉയര്‍ത്തിക്കാണിക്കാന്‍ ഒരു വൈറ്റ് കോളര്‍ ജോലിയുടെ പൊങ്ങച്ചമില്ലാതെ അടുക്കളയുടെ നാലുചുവരുകള്‍ക്കുള്ളില്‍ സ്വയം ഒതുങ്ങി, ടെലിവിഷനിലെ കണ്ണീര്‍ പരമ്പരകളിലും പാചക പരിപാടികളിലും ആനന്ദം കണ്ടെത്തി 'വീട്ടമ്മ'മാര്‍ ജീവിതം തള്ളി നീക്കുമ്പോള്‍ വീട്ടുജോലികള്‍ മുഴുവന്‍ ചെയ്യേണ്ടി വന്നാലും 'വീട്ടമ്മ' എന്ന ലേബലില്‍ ഒതുക്കാന്‍ കഴിയാത്ത മറ്റൊരു വിഭാഗം കൂടിയുണ്ട്. ജോലിക്കാരായ സ്ത്രീകള്‍. ഇവരുടെ കഷ്ടപ്പാടും പറഞ്ഞുപഴകിയതും കേട്ടുപഴകിയതും തന്നെ.
രണ്ടുപേരും ജോലിക്ക് പോയാല്‍ മാത്രമേ ഇന്നത്തെ കാലത്ത് ജീവിക്കാന്‍ സാധിക്കൂ എന്ന് ആദര്‍ശം പറയുന്ന ന്യൂജെന്‍ ഭര്‍ത്താക്കന്മാരില്‍ ബഹുഭൂരിപക്ഷവും അടുക്കളജോലികള്‍ പങ്കിടാന്‍ മടികാണിക്കുന്നവരാണ്. ജോലി കഴിഞ്ഞു വന്ന് ക്ഷീണത്തോടെ അടുക്കളയിലേക്ക് നോക്കി ഭര്‍ത്താവ് ചായക്ക് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇതു പോലെ ജോലി കഴിഞ്ഞെത്തിയ ഭാര്യ സ്വയം അടുക്കളയില്‍ കയറി ചായ ഇട്ടുകുടിക്കണം.
അടുക്കള ജോലിക്ക് പുറമേ വീട് വൃത്തിയാക്കല്‍, തുണി കഴുകല്‍, തുണി വൃത്തിയായി ഇസ്തിരിയിട്ട് വക്കല്‍, എന്തിന് കുട്ടികളുടെ കാര്യങ്ങള്‍ നോക്കാന്‍ വരെ ഈ ഭര്‍ത്താക്കന്മാര്‍ തയ്യാറല്ല. അവരുടെ ഒഴിവുസമയം എങ്ങനെയെല്ലാം ഫലപ്രദമായി വിനിയോഗിക്കാമെന്നും വളരെ കൃത്യമായി അവര്‍ക്കറിയാം. ലോകകാര്യങ്ങള്‍ സ്വന്തം ഭാര്യയുമായി ചര്‍ച്ച ചെയ്യാന്‍ പോലും അവര്‍ക്ക് മടിയാണ്. പുറമേ അവള്‍ക്കെന്തറിയാം എന്നൊരു പുച്ഛവും.
വീടു വിട്ടാല്‍ ഓഫീസ്, ഓഫീസു വിട്ടാല്‍ വീട് എന്ന സമവാക്യത്തില്‍ ജീവിതം മുന്നോട്ട് തള്ളി നീക്കുന്ന സ്ത്രീകള്‍ ആകെ അന്വേഷിക്കുന്നത് അരിയുടേയും പഞ്ചസാരുയുടേയും പിന്നെ സ്വര്‍ണത്തിന്റേയും വിലയിലെ വ്യത്യാസങ്ങളും. തനിക്കു ചുറ്റുമുള്ള ലോകത്തില്‍ എന്ത് സംഭവിക്കുന്നു എന്നറിയാതെ സ്വന്തം ലോകം വീടിന്റെ നാലുചുമരുകളായി അവള്‍ ചുരുക്കുന്നു. അതില്‍ കൂടുതലൊന്നും തനിക്കറിയേണ്ട ആവശ്യമില്ലെന്ന ബോധത്തിലേക്ക് അവള്‍ സ്വയമെത്തിച്ചേരുന്നു.
ഉറക്കം പൂര്‍ത്തിയാകും മുമ്പേ അടുക്കളയില്‍ കയറി പ്രാതലും ഉച്ചയൂണും വരെ തയ്യാറാക്കി കുളിച്ച് ഓഫീസലേക്കിറങ്ങുമ്പോള്‍ തയ്യാറാക്കിയ പ്രാതല്‍ പോയിട്ട് ചായ കുടിക്കാന്‍ പോലും പലര്‍ക്കും നേരമില്ല. ഷിഫ്റ്റുകളുളള ജോലിയാണെങ്കില്‍ നൈറ്റ് ഡ്യൂട്ടി കഴിഞ്ഞുവന്നു ഉറങ്ങാമെന്നും കരുതണ്ട. പിറ്റേന്ന് മക്കളുടെ സ്‌കൂള്‍ വണ്ടി രാവിലെ ഏഴിന് ഗേറ്റിന് മുമ്പില്‍ ഹോണടിക്കും. ഓഫീസില്‍ പോകുന്ന ഭര്‍ത്താവിനും ഭക്ഷണം തയ്യാറാക്കി കൊടുത്തയക്കണം.
എണ്ണിച്ചുട്ട അപ്പം പോലുള്ള ലീവുകള്‍ പോലും കുട്ടികളുടേയും ഭര്‍ത്താവിന്റേയും അസുഖ ശുശ്രൂഷക്കായി അപഹരിക്കപ്പെടുമ്പോള്‍ സ്വന്തം അസുഖത്തിന് അവള്‍ വിശ്രമം വേണ്ടെന്ന് വക്കുന്നു. ജോലിയുണ്ട് ലീവില്ലെന്ന് പറഞ്ഞ് ബന്ധുക്കാരുടെ വീട്ടിലെ ആഘോഷങ്ങള്‍ക്ക് മുഖം കാണിക്കാതിരിക്കാനാകുമോ? ഉടന്‍ വരും അടുത്ത കമന്റ് 'അവള്‍ക്ക് ബന്ധുക്കാരെയൊന്നും വേണ്ട ജോലിയുള്ളതിന്റെ അഹങ്കാരമാണ്.'
സമൂഹത്തിന് ഇവര്‍ 'സൊസൈറ്റി ലേഡി'കളാണ്. സൊസൈറ്റി ലേഡി എന്ന വാക്കിന് പ്രത്യേകം നിര്‍വചനങ്ങള്‍ തന്നെ അവര്‍ നിശ്ചയിച്ചിട്ടുണ്ട്.'അവള്‍ ജോലിക്കാരിയല്ലേ, ഉടുത്തൊരുങ്ങി പോയാല്‍ പോരേ' തുടങ്ങി മറുപടി അര്‍ഹിക്കാത്ത പരിഹാസ വചനങ്ങളും കേട്ട് അവള്‍ ഒരുദിവസത്തെ ഓട്ടം ഓടിത്തന്നെ തീര്‍ക്കുന്നു. ഹൗസ് വൈഫ്, ഹോം മെയ്ക്കര്‍ നിര്‍വചനങ്ങള്‍ എന്തുതന്നെ നല്‍കിയാലും അവരുടെ ജോലിഭാരത്തിന് കുറവൊന്നുമില്ല