കാട്ടുപന്നിയുടെ ഇറച്ചിയുമായി നാലുപേര്‍ പിടിയില്‍

Posted on: 03 May 2015പുല്പള്ളി: കാട്ടുപന്നിയുടെ ഇറച്ചി വീതം വെക്കുന്നതിനിടെ നാലുപേര്‍ പിടിയില്‍. കോളേരി സ്വദേശികളായ കൊച്ചുപറമ്പില്‍ ഗോപാലകൃഷ്ണന്‍, പൊന്തത്തില്‍ വിപിന്‍, പുത്ത് തോമസ്, ചൂതുപാറ കല്ലായി ഷൈജിത്ത് എന്നിവരാണ് പിടിയിലായത്. വിപിന്റെ വീട്ടില്‍ കാട്ടുപന്നിയിറച്ചി വീതം വെക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചെതലയത്ത് റെയിഞ്ച് ഓഫീസര്‍ പി. രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയ്ക്കിടയിലാണ് ഇവരെ പിടികൂടിയത്. വിപിന്റെ വീടിന് സമീപത്തെ പറമ്പില്‍ വൈദ്യുതിവേലി സ്ഥാപിച്ചാണ് പന്നിയെ പിടികൂടിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇവരില്‍ നിന്ന് 12 കിലോയോളം ഇറച്ചിയും പന്നിയെ ഷോക്കടിപ്പിച്ച് കൊല്ലാനുപയോഗിച്ച കമ്പികളും പിടികൂടി. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നന്ന് സംശയിക്കുന്നു. ഡെപ്യൂട്ടി റെയിഞ്ച് ഓഫീസര്‍ കെ.ജെ. ജോസ്, ഫോറസ്റ്റര്‍മാരായ കെ.പി. അബ്ദുള്‍ ഗഫൂര്‍, കുര്യച്ചന്‍, ബീറ്റ് ഓഫീസര്‍മാരായ ഷിനോദ്, രാജന്‍, ഗംഗാധരന്‍, അനുപ് കുമാര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad