പുതിയ പരാതിക്കാര്‍ ചെയ്യേണ്ടത്‌

Posted on: 03 May 2015എസ്.കെ.എം.ജെ. സ്‌കൂളില്‍ ജനസമ്പര്‍ക്കദിവസം പുതിയ പരാതികള്‍ സ്വീകരിക്കുന്നതിന് 25 അക്ഷയ കൗണ്ടറുകള്‍ പ്രവര്‍ത്തിക്കും. പരാതി നല്‍കാന്‍ എത്തുന്നവര്‍ ആധാര്‍ കാര്‍ഡ് അതില്ലെങ്കില്‍ മറ്റ് തിരിച്ചറിയല്‍ രേഖ സഹിതമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ ഫോണ്‍ നമ്പര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തണം. പരാതി സമര്‍പ്പിച്ച് ടോക്കണ്‍ വാങ്ങിയ ശേഷമാണ് മുഖ്യമന്ത്രിയെ സമീപിക്കേണ്ടത്. മുമ്പ് പരാതി സമര്‍പ്പിച്ചവര്‍ക്ക് പരാതി സംബന്ധിച്ച സ്ഥിതി അറിയാന്‍ പ്രത്യേകം തയ്യാറാക്കിയ അക്ഷയ കൗണ്ടറുകളെ സമീപിക്കാം.
സുരക്ഷാക്രമീകരണങ്ങള്‍ക്കായി ആയിരം പോലീസുകാരും അപേക്ഷകര്‍ക്ക് കുറ്റമറ്റ രീതിയില്‍ സേവനം നല്‍കുന്നതിന് വിവിധ വകുപ്പുകളില്‍ നിന്നായി ആയിരത്തോളം ഉദ്യാഗസ്ഥരെയും ജനസമ്പര്‍ക്കപരിപാടിക്കായി നിയോഗിച്ചിട്ടുണ്ട്. നൂറോളം സ്റ്റുഡന്റ് പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. ഇതിനു പുറമേ സന്നദ്ധ സംഘടനാ പ്രവര്‍ത്തകരുടെയും വളണ്ടിയര്‍മാരുടെയും സേവനം ഉണ്ടാകും. അപേക്ഷകരെ സഹായിക്കാന്‍ ഹെല്‍പ്പ് ഡസ്‌കുകളും പ്രവര്‍ത്തിക്കും.
ജനസമ്പര്‍ക്കപരിപാടിക്കെത്തുന്ന പന്ത്രണ്ടായിരത്തോളം പേര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍ അറിയിച്ചു.
തിങ്കളാഴ്ച കല്‍പ്പറ്റ എസ്.കെ.എം.ജെ. സ്‌കൂള്‍ അങ്കണത്തില്‍ നടക്കുന്ന മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിക്കുള്ള ഒരുക്കങ്ങള്‍ മന്ത്രി പി.കെ. ജയലക്ഷ്മി വിലയിരുത്തി. അയ്യായിരത്തില്‍ ഏറെ പേര്‍ക്ക് ഇരിക്കാവുന്ന പന്തലാണ് വയനാട് ജെ.എസ്.പി.ക്കായി ഒരുക്കിയിട്ടുള്ളത്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad