കാരാപ്പുഴ ശുദ്ധജലവിതരണ പദ്ധതി ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Posted on: 03 May 2015കല്പറ്റ: കാരാപ്പുഴ ശുദ്ധജലവിതരണ പദ്ധതി ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാടിന് സമര്‍പ്പിക്കും. കല്പറ്റ എച്ച്.ഐ.എം.യു.പി. സ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഉദ്ഘാടനം ചടങ്ങില്‍ എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
പൊതുസമ്മേളനം നഗരകാര്യവകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്യും.
കുടിവെള്ളവിതരണ കണക്ഷന്‍ ഉദ്ഘാടനം ജലസേചനവകുപ്പ് മന്ത്രി പി.ജെ. ജോസഫും അയ്യങ്കാളി തൊഴില്‍കാര്‍ഡ് വിതരണം മന്ത്രി പി.കെ. ജയലക്ഷ്മിയും നിര്‍വഹിക്കും. എം. ഐ. ഷാനവാസ് എം.പി. മുഖ്യപ്രഭാഷണം നടത്തും. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കളക്ടര്‍ വി. കേശവേന്ദ്രകുമാര്‍, കോട്ടയം ജില്ലാ കളക്ടര്‍ യു.വി. ജോസ്, കേരളാ വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടര്‍ അജിത്ത് പാട്ടീല്‍ എന്നിവര്‍ പങ്കെടുക്കും.
നഗരസഭയിലെ രൂക്ഷമായ കുടിവെള്ളക്ഷാമം കണക്കിലെടുത്ത് വിഭാവനം ചെയ്ത ഈ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം 2012 ഫിബ്രവരി മൂന്നിനാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. വരുന്ന 30 വര്‍ത്തേക്കുള്ള ജനസംഖ്യ മുന്നില്‍ കണ്ടാണ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മൊത്തം 80000 ആളുകള്‍ പദ്ധതിയുടെ ഗുണഭോക്താക്കളാവും. എം.വി. ശ്രേയാംസ്!കുമാര്‍ എം.എല്‍.എ.യുടെ നിരന്തര പരിശ്രമഫലമായാണ് പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കാനായത്.
പദ്ധതിയുടെ സ്രോതസ്സ് കാരാപ്പുഴ ജലസംഭരണിയാണ്. പുതിയതായി നിര്‍മാണം പൂര്‍ത്തിയായ 12 ലക്ഷം സംഭരണശേഷിയുള്ള ഗൂഡലായി സ്റ്റമ്പിലും റസ്റ്റ് ഹൗസിനടുത്തുള്ള ടാങ്കിലും എത്തിച്ച് ശുദ്ധജലവിതരണം നടത്തുന്നതിനാണ് ഉദ്ദേശിക്കുന്നത്.
റസ്റ്റ്ഹൗസിനടുത്ത് നിര്‍മിക്കുന്ന 9.5 ലക്ഷം ലിറ്റര്‍ ശേഷിയുള്ള ടാങ്കില്‍ നിന്ന് കൈനാട്ടി, ഐ.ടി.ഐ. പരിസരം, വടോത്ത്, മണിയങ്കോട്, പുളിയാര്‍മല എന്നീ സ്ഥലങ്ങളില്‍ ശുദ്ധജലവിതരണം നടത്തും. എമിലിയില്‍ നിലവിലുള്ള ഒരു ലക്ഷം ലിറ്റര്‍ കപ്പാസിറ്റിയുള്ള ടാങ്കില്‍ നിന്ന് മുണ്ടേരി, അമ്പിലേരി, എമിലി, തുര്‍ക്കിബസാര്‍, ഇടഗുനി എന്നീ സ്ഥലങ്ങളില്‍ ശുദ്ധജലവിതരണം നടത്താനാണ് പദ്ധതിയിടുന്നത്. 50.17 കോടി രൂപയാണ് പദ്ധതിക്കായി ഇതുവരെ ചെലവായത്. പദ്ധതി പൂര്‍ത്തീകരിക്കുന്നതോടെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കാന്‍ സാധിക്കുന്നതോടൊപ്പം കാലങ്ങളായി നഗരസഭയെ അലട്ടുന്ന കുടിവെള്ള പ്രശ്‌നത്തിന് ശാശ്വതപരിഹാരവുമാകുകയാണ്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad