സംസ്ഥാന ഫുട്‌ബോള്‍ ക്യാമ്പില്‍ കുടുംബശ്രീ ബാലസഭയില്‍നിന്ന് മൂന്നുപേര്‍

Posted on: 03 May 2015കല്പറ്റ: കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ ടീമിലെ മൂന്ന് കുട്ടികളെ സംസ്ഥാന കോച്ചിങ് ക്യാമ്പിലേക്ക് തിരഞ്ഞെടുത്തു. പെണ്‍കുട്ടികളുടെ സംസ്ഥാന ക്യാമ്പിലേക്ക് ഇതാദ്യമായാണ് ജില്ലയില്‍നിന്നും മൂന്നുപേര്‍ക്ക് ഒന്നിച്ച് പങ്കെടുക്കാന്‍ അവസരംലഭിക്കുന്നത്. മധ്യനിര കളിക്കാരി കെ.വി. വിഷ്ണുപ്രിയ പ്രതിരോധനിരയിലെ ആര്‍. സജിത മുന്നേറ്റനിരയിലെ ജിഷ്ണ ബി. ജയന്‍ എന്നിവര്‍ക്കാണ് ക്യാമ്പില്‍ പങ്കെടുക്കാന്‍ അവസരംലഭിച്ചത്.
ക്യാമ്പില്‍നിന്നും സെലക്ഷന്‍ ലഭിച്ചാല്‍ മെയ് എട്ടുമുതല്‍ ഒഡിഷയിലെ കട്ടക്കില്‍ നടക്കുന്ന ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്റെ ജേഴ്‌സി അണിയാനുള്ള ഭാഗ്യം ഈ കുട്ടികളെ തേടിയെത്തും.
ഫുട്‌ബോള്‍ കോച്ചായ വി. സിറാജിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷമായി കണിയാമ്പറ്റ സര്‍ക്കാര്‍ മോഡല്‍ െറസിഡന്‍ഷ്യല്‍ സ്‌കൂളിലാണ് കുടുംബശ്രീ ബാലസഭ ഫുട്‌ബോള്‍ പരിശീലന ക്യാമ്പ് നടന്നുവരുന്നത്.
കുടുംബശ്രീയുടെ പ്രഥമ ഫുട്‌ബോള്‍ പരിശീലനകേന്ദ്രമാണ് കണിയാമ്പറ്റയിലുള്ളത്. മലപ്പുറത്ത്് പൊതുവിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാന സുബ്രതോ മുഖര്‍ജി കപ്പ് ഫുട്‌ബോള്‍ മത്സരത്തിലും ജില്ലാ സീനിയര്‍ വനിതാടീമിനു വേണ്ടിയും തൊടുപുഴയില്‍ നടത്തിയ സംസ്ഥാന പൈക്ക ഫുട്‌ബോള്‍ മത്സരത്തിലും ജില്ലയ്ക്കുവേണ്ടി ഇവര്‍ മുന്നുപേരും ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.
Tags:    Wayanad District News.  വയനാട്‌ . Kerala. കേരളം


More News from Wayanad