നിര്‍മ്മലിന്റെ പുത്തന്‍ കൈനീട്ടം


ഷിനോയ് ഏ.കെ

5 min read
Read later
Print
Share

മലയാളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച മിമിക്രിയില്‍ നിന്ന് തന്നെയാണ് നിര്‍മ്മലിന്റെയും വരവ്. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടേയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മിമിക്രി കലാകാരന്‍.

ലയാളസിനിമയിലെ, പുതുതലമുറ ഹാസ്യനടന്മാരില്‍ മുന്‍നിരക്കാരില്‍ ഒരാളാണ്‌ നിര്‍മ്മല്‍ പാലാഴി. തനി കോഴിക്കോട്ടുകാരന്‍. മലയാളത്തിന് നിരവധി പ്രതിഭകളെ സമ്മാനിച്ച മിമിക്രിയില്‍ നിന്ന് തന്നെയാണ് നിര്‍മ്മലിന്റെയും വരവ്. റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജ് പരിപാടികളിലൂടേയും പ്രേക്ഷക മനസ്സില്‍ ഇടം നേടിയ മിമിക്രി കലാകാരന്‍. പതിയെ സിനിമയിലേക്ക് ചുവടുവെച്ചു. ഇടക്ക് സംഭവിച്ച വാഹനാപകടം ജീവിതത്തില്‍ വെല്ലുവിളിയുയര്‍ത്തിയെങ്കിലും അദ്ദേഹം തിരിച്ചുവന്നു. ഫുക്രിയും പുത്തന്‍പണവും ഒപ്പം ഒട്ടേറെ പുതിയ ചിത്രങ്ങളും. നിര്‍മ്മലിന്റെ വിഷുക്കാല വിശേഷങ്ങളിലേക്ക്.

പുത്തന്‍പണത്തിന്റെ വിശേഷങ്ങള്‍?

ഏതൊരാളും ആഗ്രഹിക്കുന്ന കാര്യമാണ് രഞ്ജിയേട്ടന്റെ ഒരു പടത്തില്‍ അഭിനയിക്കുക എന്നുള്ളത്. എന്റെ സ്വപ്‌നത്തില്‍ ഒരുപാട് ദൂരെ കണ്ടിരുന്ന ഒന്നായിരുന്നു അത്. അത് വളരെ പെട്ടെന്ന് തന്നെ സാധിച്ചു എന്നുള്ളത് വലിയ ഒരു കാര്യമാണ്. നേരത്തെ രഞ്ജിയേട്ടന്റെ ലീലയില്‍ ഒരു ചെറിയ വേഷം ചെയ്തിരുന്നു. അതിന് ശേഷമാണ് പുത്തന്‍പണം എന്ന ചിത്രത്തില്‍ ഷറഫ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രഞ്ജിയേട്ടന്റെ സിനിമയില്‍ അഭിനയിക്കുക എന്ന ആ മധുരത്തിനൊപ്പം ഒരു ഇരട്ടി മധുരമാണ് അത് മമ്മൂക്കയുടെ പടം കൂടിയാവുന്നത്. അതും കോഴിക്കോടന്‍ ശൈലിയില്‍ ചെയ്യാന്‍ പറ്റിയതില്‍ ഒരു പാട് സന്തോഷമുണ്ട്. രഞ്ജിയേട്ടനോട് എപ്പോഴും ഒരു പേടിയോടുകൂടിയുള്ള ബഹുമാനമാണ്. അദ്ദേഹം ഒന്നും പറഞ്ഞിട്ടോ പെരുമാറിയിട്ടോ അല്ല. അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടുള്ളൊരു പേടി. പക്ഷെ പിന്നീട് അതെല്ലാം മാറി. കോഴിക്കോട്ടുകാരനായതുകൊണ്ടാവാം ഞങ്ങളോട് ആ സ്‌നേഹവും വാത്സല്യവും ഒക്കെ കാണിക്കാറുണ്ട്. പുത്തന്‍പണത്തില്‍ ഒരു വേഷം തന്നതില്‍ അദ്ദേഹത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. പിന്നെ ഹരീഷേട്ടനും സിറാജിക്കയുമൊക്കെയുണ്ടായിരുന്നു ഈ സിനിമയില്‍ അതുകൊണ്ട് സെറ്റില്‍ വലിയ അപരിചിതത്വം തോന്നിയിരുന്നില്ല.

മമ്മൂക്കയുടെ കൂടെയുള്ള അനുഭവം

അദ്ദേഹത്തോടൊപ്പം ഒരുപാട് അനുഭവങ്ങളൊന്നുമില്ല. ഒരു കോണിലിരുന്ന് മമ്മൂക്കായെ ആസ്വദിച്ച് കണ്ടു. മമ്മൂക്കയ്ക്ക് എല്ലാവരേയും അറിയുമെങ്കിലും പുതിയൊരാളോടെന്ന പോലെയാ സംസാരിക്കുക. ഞങ്ങളുടെ പരിപാടികളൊക്കെ അദ്ദേഹം കണ്ടിട്ടുണ്ടെന്നറിയാം. പെട്ടെന്നാവും നിങ്ങള്‍ തമാശക്കാരല്ലേ ഒരു തമാശ പറയ്.. എന്ന് പറഞ്ഞ് ഞങ്ങളോട് എന്തെങ്കിലും തമാശ പറയാന്‍ ആവശ്യപ്പെടുക. എപ്പോഴും ജോളിയായിരിക്കണം എന്നാഗ്രഹിക്കുന്നയാളാണ് അദ്ദേഹം. 'സെറ്റില്‍ എന്തെങ്കിലും തമാശയൊക്കെ ഉണ്ടാവും എന്ന് വിചാരിച്ചാ നിങ്ങളെയൊക്കെ വിളിച്ചത്. ഒക്കെ വെറുതെയായോ?' എന്നൊക്കെ അദ്ദേഹം പറയും. അദ്ദേഹത്തിന്റെ മുഖത്ത് നോക്കി സംസാരിക്കാന്‍ പേടിച്ച് നില്‍ക്കുമ്പോള്‍ എങ്ങന്യാ തമാശ പറയാ. പക്ഷെ അദ്ദേഹത്തോടുള്ള പേടിയെല്ലാം അദ്ദേഹം തന്നെ മാറ്റി. അവസാനം എന്റൊപ്പം തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കുക വരെ ചെയ്തു. എങ്കിലും നമ്മള്‍ എത്രയോ കാലം ആരാധിച്ചിരുന്ന മമ്മൂക്കയെ തൊട്ടടുത്ത് കാണാനുള്ള അവസരം ദൈവം തന്ന വലിയൊരു ഭാഗ്യം തന്നെയാണ്.

ഫുക്രിയെ കുറിച്ച്

ഇതൊക്കെ എനിക്ക് പെട്ടെന്ന് വന്ന ഭാഗ്യങ്ങളാണ്. ഫുക്രിയില്‍ നേരത്തെ ചെറിയൊരു വേഷം ഉണ്ടെന്ന് മാത്രമേ അറിയുമായിരുന്നുള്ളൂ. പിന്നീടാണ് സിദ്ധീഖ് സാര്‍ വേഷത്തിന്റെ ദൈര്‍ഘ്യം കൂട്ടിയത്. അതില്‍ കുഞ്ഞാപ്പ എന്നൊരു കോഴിക്കോട്ടുകാരന്റെ കഥാപാത്രമാണ് എനിക്കുണ്ടായിരുന്നത്. സിദ്ധീഖ് സാറിന്റെ അടുത്താവുമ്പോള്‍ സ്വന്തം വീട്ടില്‍ നില്‍ക്കുമ്പോഴുള്ള അനുഭവം പോലെയാണ്. വലിയ സ്‌നേഹമാണ്. നല്ലൊരു വേഷമായിരുന്നു ആ ചിത്രത്തില്‍ സാര്‍ തന്നത്. ഒരു ഇടവേളയില്‍ എനിക്ക് തന്ന പുനര്‍ജന്മമായിരുന്നു ആ കഥാപാത്രം എന്ന് പറയാം.

വാഹനാപകടം തളര്‍ത്തിയപ്പോള്‍

അതൊരു മരണം തന്നെയായിരുന്നു. അന്ന് സിനിമകള്‍ അധികമില്ലെങ്കിലും പരിപാടികളൊക്കെയുണ്ടായിരുന്നു. കുറച്ച് സിനിമകളൊക്കെ ചെയ്തു. സപ്തമശ്രീ തസ്‌കരഃ എന്ന ചിത്രത്തില്‍ ഒരു വേഷം പറഞ്ഞുവെച്ചിട്ടുണ്ടായിരുന്നു. ഈ സമയത്താണ് ആ അപകടം ഉണ്ടായത്. ശരിക്കും വീണുപോയി. വീണു കഴിഞ്ഞാല്‍ ആരും ഉണ്ടാവില്ലാ എന്നാണ് പറയാറ്. എന്റെ കൂടെ എല്ലാരും ഉണ്ടായി. വലിയ പിന്തുണയായിരുന്നു. തിരികെയെത്തിയപ്പോള്‍ പടങ്ങളൊക്കെ കുറവായിരുന്നു. അപകടത്തോടെ ഞാന്‍ വല്ലാണ്ട് മെലിഞ്ഞുപോയി. അതോടെ പടങ്ങളില്ല ആരും വിളിക്കാതെയായി. വിളിച്ചത് പലതും വേറെ ആളുകള്‍ ചെയ്തു പോയി. അങ്ങനെ കഴിഞ്ഞു എന്ന്് കരുതിയതാണ്. അങ്ങനെയിരിക്കുമ്പോഴാണ് കഷ്ടപ്പെടുന്നവന്റെ മുന്നില്‍ ദൈവം പ്രത്യക്ഷപ്പെടും എന്ന് പറയുന്നപോലെ സിദ്ധീഖ് സാറിന്റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടതും ഫുക്രിയില്‍ കുഞ്ഞാപ്പ എന്ന കഥാപാത്രത്തെ തന്നതും.

കോഴിക്കോടന്‍ ശൈലിയിലേക്ക് ഒതുക്കി നിര്‍ത്തപ്പെടുന്നുണ്ടോ?

ഞങ്ങള്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ പലതും കോഴിക്കോടന്‍ ശൈലിയിലാണ്. സ്‌കിറ്റുകളിലാണ് ഞങ്ങള്‍ അത് കൂടുതലും ചെയ്തിട്ടുള്ളത്. ബാര്‍ബര്‍ ഷാപ്പ് ആണെങ്കിലും ജാലിയന്‍ കണാരനാണെങ്കിലും നമ്മുടെ ശൈലിയില്‍ തന്നെ കളിച്ചതാണ്. അതൊരു വെല്ലുവിളിയായിരുന്നു. അന്ന് ഞങ്ങള്‍ റിയാലിറ്റി ഷോയ്ക്ക് പോവുമ്പോള്‍ പോയ പോലെ തിരിച്ചുവരുമെന്ന് കരുതി പോയതാണ്. കാരണം എറണാംകുളം ഭാഗത്തേക്ക് കോഴിക്കോടന്‍ ശൈലി എത്രത്തോളം വിജയിക്കും എന്നുറപ്പില്ലായിരുന്നു. എന്നാല്‍ ആ ശൈലി എല്ലാവര്‍ക്കും ഇഷ്ടമായി. കൂടുതല്‍ അത്തരം കഥാപാത്രങ്ങള്‍ ചെയ്തതുകൊണ്ടാവാം സിനിമയിലും അത്തരം കഥാപാത്രങ്ങളാണ് വരുന്നത്. പക്ഷെ ഏത് കഥാപാത്രത്തെ തന്നാലും ചെയ്യണമെന്നാണ് ആഗ്രഹം. ഇപ്പോള്‍ ഈ പുത്തന്‍പണം എന്ന ചിത്രത്തില്‍ തന്നെ ഹരീഷും സിറാജ് ഇക്കയും ഒക്കെ ചെയ്തത് കാസര്‍ഗോഡന്‍ ശൈലിയിലാണ്. അത് നല്ല രസമായി തന്നെ ചെയ്തിട്ടുമുണ്ട്. അങ്ങനെ എല്ലാ രീതിയിലും ചെയ്യണമെന്ന ആഗ്രഹം ഉണ്ട്.

സിനിമയിലെത്തിയതിന് ശേഷം സ്റ്റേജ് ഷോകള്‍ എങ്ങനെ മുന്നോട്ട് കൊണ്ടുപോകുന്നത് ?

സ്‌റ്റേജ് ഷോകളെല്ലാം നടക്കുന്നുണ്ട്. അതിനൊരു കുറവുമില്ല. അതില്‍ എനിക്കേറ്റവും സന്തോഷം തരുന്നത് സിദ്ധീഖ് സര്‍ പറഞ്ഞ കാര്യമാണ്. ഫുക്രി കഴിഞ്ഞപ്പോള്‍ സാര്‍ എന്നോട് പറഞ്ഞു. 'നിര്‍മ്മല്‍ പ്രോഗ്രാം ഒരിക്കലും ഒഴിവാക്കരുത്. നമ്മള്‍ വന്നവഴി മറക്കരുത്. പ്രോഗ്രാമിന് എന്തായാലും പോണം.'(സിദ്ധീഖിനെ അനുകരിക്കുന്നു). ഒരിക്കല്‍ പരിപാടിയുടെ ദിവസം ഫുക്രിയുടെ ലൊക്കേഷനില്‍ പോവേണ്ട ആവശ്യം വന്നു. അപ്പോള്‍ ഞാന്‍ സാറിനോട് പറഞ്ഞു, ' സാറേ ഞാന്‍ ഏറ്റ പരിപാടിയായിരുന്നു. ഞാനെന്താ ചെയ്യാ?' അപ്പോള്‍ സാര്‍ പറഞ്ഞത്, (വീണ്ടും അദ്ദേഹത്തിന്റെ ശബ്ദത്തില്‍) 'ഹാ.. തീര്‍ച്ചയായും നിര്‍മ്മല്‍ പോണം. ഒരു വാക്ക് നമ്മള്‍ ഏറ്റിട്ടുണ്ടെങ്കില്‍ അത് പോയേ പറ്റൂ. പോവാതിരിക്കരുത്. പരിപാടിക്ക് പ്രാധാന്യം നല്‍കൂ..'. സാറ് വലിയ പിന്തുണയാണ്. അങ്ങനെ തന്നെയാണ് നമ്മള്‍ ഇത്രയും കാലം ജീവിച്ചത് മിമിക്രിയാണ് അത് വിട്ടുള്ള കളിയൊന്നുമില്ല. 'കാലിക്കട്ടന്‍സ്'എന്നാണ് ഞങ്ങളുടെ ടീമിന്റെ പേര്. കോഴിക്കോടന്‍ ശൈലിയില്‍ കാലി കട്ടന്‍ ചായയെന്നും ഒപ്പം കോഴിക്കോട്ടുകാര്‍ എന്നും സൂചനയുള്ള പേര്. പ്രദീപാണ് ആ പേരിട്ടത്. പ്രദീപും സിറാജുമടക്കം അഞ്ചോളം പേര്‍ ഈ ടീമിലുണ്ട്.

പുതിയ സിനിമകള്‍

ഫുക്രിക്ക് ശേഷം എനിക്ക് അങ്ങനെ വീട്ടില്‍ പോവാന്‍ കഴിഞ്ഞിരുന്നില്ല. അതിന് പിന്നാലെ തന്നെയാണ് പുത്തന്‍പണത്തിലേക്ക് വന്നത്. അതിന് ശേഷം ഹണി ബീ 2.5 എന്ന ചിത്രം ചെയ്തു. അതിന് ശേഷം സണ്‍ഡേ ഹോളീഡേ എന്ന ആസിഫ് ഇക്കയുടെ ഒരു പടം ചെയ്തു. പിന്നീട് നീരജ് സ്‌ക്രിപ്റ്റ് എഴുതിയ ലവ കുശ എന്ന പടം ചെയ്തു. ഇപ്പോള്‍ വന്നത് ജയസൂര്യ നായകനാവുന്ന പ്രജീഷേട്ടന്‍ സംവിധാനം ചെയ്യുന്ന വി.പി സത്യന്‍ ചേട്ടന്റെ കഥപറയുന്ന ക്യാപ്റ്റന്‍ എന്ന ചിത്രം. എന്തായാലും സിദ്ധീഖ് സര്‍ തന്ന ആ തുടക്കം നന്നായി. ദൈവം സഹായിച്ച് പടങ്ങള്‍ വരുന്നുണ്ട്.


വിഷു ആഘോഷങ്ങള്‍ എങ്ങനെയാണ്?

വിഷു ആണെങ്കില്‍ ഞങ്ങള്‍ പരിപാടികള്‍ ഒന്നും എടുക്കില്ല. വീട്ടുകാര്‍ക്കൊപ്പവും നാട്ടുകാര്‍ക്കൊപ്പവും തന്നെയാ ആഘോഷം. പണ്ടൊക്കെ കഷ്ടപ്പാടുകള്‍ക്കിടയിലെ വിഷുവായിരുന്നു. എങ്കിലും അതൊരു സന്തോഷമായിരുന്നു. പിന്നെ പുത്തന്‍പണം ഇറങ്ങിയ അവസരമാണ് അതിന്റേതായ സന്തോഷമുണ്ട്. വീട്ടില്‍ ഞാന്‍ അമ്മ അച്ചന്‍ ഏട്ടന്‍ ഭാര്യ കുഞ്ഞ് എല്ലാവരുമുണ്ട് അവര്‍ക്കൊപ്പമാണ്. ഒപ്പം അടുത്തവീട്ടിലെ കുട്ടികളും എല്ലാവരും കൂടിയാണ് ആഘോഷം. കുട്ടികള്‍ക്കൊപ്പം കൂടുമ്പോള്‍ അതൊരു രസമാണ്. പിന്നെ കൂട്ടുകാരുമെത്തും. എല്ലാവര്‍ക്കുമൊപ്പം കൂടാന്‍ വേണ്ടിയാണ് വിഷുവിന് ഒരു പരിപാടിക്കും പോവാറില്ല.

വിഷുക്കാല ഓര്‍മ്മകള്‍

മുമ്പത്തെ വിഷുക്കാലങ്ങള്‍ ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു. അന്നുള്ള സന്തോഷം വിഷുവും ഓണവും തന്നെയാണ്. പിന്നെ നല്ല ഭക്ഷണം കിട്ടും നല്ല വസ്ത്രം കിട്ടും. പടക്കവും കൈനീട്ടവും. ഇപ്പോള്‍ ആ പുതുമയൊക്കെ പോയി. എല്ലാവര്‍ക്കും അങ്ങനെ തന്നെ ആകുമല്ലോ. പണ്ടൊക്കെ ഒരു ഇറച്ചിക്കറി കിട്ടണമെങ്കില്‍ ആഘോഷങ്ങളോ വിവാഹമോ ഒക്കെ വരണം. ഇപ്പോ വേണ്ടപ്പോഴെല്ലാം കഴിക്കാം. പണ്ടൊക്കെ വിഷുവിനും ആഘോഷങ്ങള്‍ക്കും വേണ്ടി കാത്തിരിക്കുമായിരുന്നു. ഇപ്പോള്‍ ആഘോഷത്തിന്റെ ആ പ്രത്യേകത അങ്ങ് നഷ്ടമായിപ്പോയി. എങ്കിലും ഈ വര്‍ഷം എനിക്ക് സന്തോഷമുള്ള ഒരു വിഷുവാണ്. എല്ലാവര്‍ക്കും എല്ലാ മലയാളികള്‍ക്കും നല്ല വിഷു ഉണ്ടാകട്ടേയെന്ന് സര്‍വ്വേശ്വരനോട് ഞാന്‍ പ്രാര്‍ത്ഥിക്കാം. എല്ലാവര്‍ക്കും വിഷു ആശംസകള്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram