കുലത്തിന്റെ പേരില്‍ കാടു കയറേണ്ടി വന്ന ജനതയുടെ പിന്മുറക്കാരനാണ് ശ്രീധരനും. കാലങ്ങളായി കാടിനോട് സമം ചേര്‍ന്ന് കാടായി ജീവിക്കുന്ന അനേകായിരങ്ങളില്‍ ഒരുവന്‍. നിരന്തരം കാടിനുള്ളില്‍നിന്ന് ഇവര്‍ക്ക് നേരിടേണ്ടി വരുന്ന പ്രതിസന്ധികള്‍ വാക്കുകള്‍ക്ക് അതീതമാണ്. കൃഷി സംരക്ഷിക്കാന്‍ ശ്രീധരന് നഷ്ടമായത് ഇരുകൈകളുമാണ്. ഇല്ലാതാക്കിയ വിധിയെ ശപിച്ച് മാസങ്ങളോളം നരകിച്ചു ജീവിച്ചു. പല തവണ മനസ്സുകൊണ്ട് സ്വയം ഇല്ലാതായി.
ഒടുവില്‍ തോല്‍ക്കാന്‍ ശ്രമിക്കുന്നതിലും എത്രയോ എളുപ്പമാണ് ജീവിക്കാന്‍ തീരുമാനിക്കുന്നത് എന്ന യാഥാര്‍ഥ്യം അദ്ദേഹം തിരിച്ചറിയുകയായിരുന്നു. എത്രയും വേഗം കൃഷിയിലേക്ക് തിരികെ വരണമെന്ന അതിയായ ആഗ്രഹം പുതിയ ചിന്തകള്‍ക്കാണ് വഴി വച്ചത്. ഇന്ന് ആ ചിന്തകള്‍ രണ്ട് ഏക്കറോളം സ്ഥലത്ത് കപ്പയും കുരുമുളകും പലതരം പച്ചക്കറികളായും പൂത്ത് തളിര്‍ത്ത് നില്‍ക്കുന്നുണ്ട്.
കൈകള്‍ ഇല്ലാത്ത മനുഷ്യന്‍ കാടിനുള്ളില്‍ നിര്‍മ്മിച്ചത് വിസ്മയമാണ്. മഹാമന്ത്രികനെ പോലെ വിശ്രമമില്ലാതെ അത് തുടര്‍ന്നുകൊണ്ടേ ഇരിക്കുകയാണ് അദ്ദേഹം. ജീവിതത്തില്‍ തോറ്റു വീണുപോയെന്ന് കരുതുന്നവര്‍ ഒരിക്കലെങ്കിലും അവിടുത്തെ കാടിനോരത്ത് വന്ന് ഒരല്‍പ്പം സമയമെങ്കിലും നില്‍ക്കണം. അത്രമേല്‍ അവിടുത്തെ കാറ്റിന് പോലും ഉയര്‍ത്തെഴുന്നേല്‍പിന്റെ ഗന്ധമുണ്ട്.