യുഗാണ്‍ഡ യാത്രകള്‍
''എന്‍ഡേര്‍ സെന്ററിലെ നാടന്‍കലാവിരുന്ന് കണ്ടേ മടങ്ങാവൂ...'' ആര്‍തര്‍ പറഞ്ഞു.
ഒല്ലൂര്‍ സ്വദേശിയായ ആര്‍തര്‍ നിര്‍ബന്ധം പിടിച്ചപ്പോള്‍ യുഗാണ്‍ഡയിലെ നാടന്‍ കലാപ്രകടനങ്ങള്‍ കണ്ടേക്കാം എന്നു തീരുമാനിച്ചു. നേരത്തേ നിശ്ചയിച്ചുറപ്പിച്ച പല യാത്രാപരിപാടികളും വെട്ടിക്കുറച്ച് വര്‍ഗീസ് തമ്പിയും ജിക്കു ജോര്‍ജ്ജും അതിന് അവസരമൊരുക്കി. ഞങ്ങള്‍ക്ക് ടിക്കറ്റുമായി ആര്‍തറും കുടുംബവും സെന്ററില്‍ കാത്തുനില്‍ക്കാമെന്ന് അറിയിപ്പും കിട്ടി.
തിരക്കുപിടിച്ച നഗരവീഥിയിലൂടെ ഒരു ടാക്‌സി കാറില്‍ ഞങ്ങള്‍ എന്‍ഡേര്‍ സെന്ററിലേക്ക് പുറപ്പെട്ടു. അപ്പോഴേക്കും കംപാല നഗരത്തില്‍ വൈകുന്നേരങ്ങളിലെ കുരുക്ക് ആരംഭിച്ചിരുന്നു. പരിചയസമ്പന്നനായ ടാക്‌സി ഡ്രൈവര്‍ ഊടുവഴികളിലൂടെയും മറ്റും സഞ്ചരിച്ച് അതിവേഗം ഞങ്ങളെ എന്‍ഡേര്‍ സെന്ററിലെത്തിച്ചു. പക്ഷേ, ഞങ്ങളെ കാത്തുനില്‍ക്കാമെന്നേറ്റ ആര്‍തറും കുടുംബവും ഗതാഗതക്കുരുക്കില്‍പ്പെട്ട് വഴിയില്‍ കുരുങ്ങിയിരുന്നു.
ഞങ്ങള്‍ക്കായി റിസര്‍വ് ചെയ്തിരുന്ന ടിക്കറ്റുകള്‍ റിസപ്ഷനില്‍ നിന്നു വാങ്ങി തുറന്ന കലാകേന്ദ്രത്തിലേക്ക് നടന്നു. നിറക്കൂട്ടുകള്‍ നിറഞ്ഞ അന്തരീക്ഷം! വിദേശികളടക്കം ധാരാളം കലാസ്വാദകര്‍ അവിടെ എത്തിയിട്ടുണ്ട്.
പരിപാടി തുടങ്ങുകയായി. ഒരു ഡസനിലധികം കലാകാരന്മാരും കലാകാരികളും രംഗത്തുവന്നു. പ്രത്യേകതാളത്തിലും ഈണത്തിലും നൃത്തം ചെയ്ത് ഒഴുകിവരുന്ന സന്ദര്‍ഭത്തില്‍ പെട്ടെന്ന് ശബ്ദകോലാഹലങ്ങള്‍ നിലച്ചു. ഇരുളും വെളിച്ചവും മാറി മാറി വരുന്ന മായികലോകത്തില്‍ അനൗണ്‍സറുടെ നര്‍മം തുളുമ്പുന്ന ആമുഖപ്രഭാഷണം കാണികളെ ആകര്‍ഷിച്ചു.
വീണ്ടും അരങ്ങില്‍ പ്രകാശം പരന്നു. പിന്നാലെ കാണികളെ അമ്പരപ്പിച്ച് നര്‍ത്തകരും നര്‍ത്തകിമാരും ഒഴുകിയെത്തി. വര്‍ണരാജികളുടേയും ശബ്ദഘോഷങ്ങളുടെയും അദ്ഭുതലോകം! ഇതിനിടെ ആര്‍തറും കുടുംബവും ഞങ്ങള്‍ക്കരികില്‍ വന്നിരുന്നു. യുഗാണ്‍ഡയിലെ വാദ്യഘോഷങ്ങളെ പരിചയപ്പെടുത്തുന്ന താളവിരുന്നായിരുന്നു അടുത്തത്.
''ഹൃദയങ്ങളേയും മനസ്സിനേയും ഈ വാദ്യഘോഷങ്ങള്‍ വാനോളം ഉയര്‍ത്തും'' അനൗണ്‍സറുടെ പ്രഖ്യാപനം.
''പ്രിയമുള്ളവരെ...''
അനൗണ്‍സര്‍ വിടുന്ന മട്ടില്ല...
''സ്വന്തം ഇരിപ്പിടങ്ങളുടെ ചലനം കൊണ്ട് കാണികളെ വിസ്മയിപ്പിക്കുന്ന കലാപരിപാടിയാണിത്. നിങ്ങള്‍ക്കും സ്വന്തം ഇരിപ്പിടങ്ങളെ ചലനാത്മകമാക്കാം'- അനൗണ്‍സര്‍ ആവേശത്തോടെ പറഞ്ഞു.
വ്യത്യസ്തനിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ച നര്‍ത്തകര്‍, നര്‍ത്തകികള്‍ സ്വന്തം ഇരിപ്പിടങ്ങള ചലിപ്പിച്ചുകൊണ്ടുള്ള ചടുല നീക്കങ്ങള്‍! ഇരുളും വെളിച്ചവും മാറി മാറി ഒഴുകിയെത്തി. പുഞ്ചിരിക്കുന്ന കലാകാരന്മാര്‍, കലാകാരികള്‍! അവര്‍ ഒത്തുചേര്‍ന്നു പാടി...
ദോരി നോര സുബാ...
ദോരി നോര സുബാ...
പ്രേമിക്കുന്നവര്‍...
സ്‌നേഹിക്കുന്നവര്‍...
സ്‌നേഹിക്കാനാഗ്രഹിക്കുന്നവര്‍
അവര്‍ക്കായുള്ള ഗാനങ്ങള്‍!
തന്റെ വിവാഹാഭ്യര്‍ത്ഥന കമിതാവ് സ്വീകരിക്കാന്‍ മടിക്കുമ്പോള്‍ അവള്‍ പാടി...
ഉംദരി ഹ...ഹ
ഹൈ ബാ...ബാ
അപ്പോള്‍ ചടുല നൃത്തച്ചുവടുകളുമായി ഒരു സംഘം ആണ്‍പിള്ളേരെത്തി. ക്രമേണ നൃത്തച്ചുവടുകള്‍ അലസമായി.
അനൗണ്‍സര്‍ രസകരമായ ഒരു കഥ പറഞ്ഞു. ''കംപാലയ്ക്കടുത്ത് ഒരു തടാകമുണ്ട്. ലേയ്ക്ക് ബു ന്യോ ന്യോ എന്നാണ് തടാകത്തിന്റെ പേര്. തടാകത്തിനു ചുറ്റും താമസിക്കുന്നവരെല്ലാം നാടോടികള്‍! അവര്‍ പശുക്കളെ വളര്‍ത്തുന്നു. പശുക്കള്‍ പുല്ലുതിന്നു തിന്ന് മൈലുകള്‍ നടന്ന് വെള്ളം കുടിക്കുന്നു. അവിടത്തെ മനുഷ്യരുടെ കഥയും പശുക്കളെപ്പോലെതന്നെ! യുഗാണ്‍ഡയിലെ ജനങ്ങളുടെ വിധി അതാണ്...പകുതിയിലധികം കാല്‍നടക്കാര്‍!
നാടന്‍ കലാസംഘത്തിന്റെ അടുത്തപാട്ട് പാല്‍ കുടിക്കുന്ന കുട്ടിയുടേതായിരുന്നു.
മുംബെ മുംബേറും
മുംബൈ... മുംബേറും..മും...
പ്രയതവാനി ഷോ കമായോ...
വോരാ...മുകുണ്ടേ
ദംബറു കും... മുംബറുകും
നെന്‍ഗോളയില്‍നിന്ന് വലിയ കൊമ്പുള്ള പശുവിന്റെ പാട്ട് പൊടിപൊടിച്ചു.
ഹേയ്...ഹേയ്...
ഹും...ഹൂ...
ഹ്ഹേ...
ആ...ആ...ആ
സരസനായ അനൗണ്‍സര്‍ വികസിതരാജ്യങ്ങളിലെ ജനങ്ങളുടെ ദുഃഖം വര്‍ണിച്ചു. അവര്‍ക്ക് വിശ്രമത്തിനൊട്ടും അവസരമില്ല. ജീവിതം തിരക്കുപിടിച്ചതാണ്. എന്നാല്‍ യുഗാണ്‍ഡയിലെ ജനസമൂഹത്തിന് ധാരാളം അവസരങ്ങളുണ്ട്. അയാള്‍ വാചകമടി തുടര്‍ന്നു.
ഒടുവില്‍ മുഴുവന്‍ കലാകാരന്മാരും കലാകാരികളും അണിനിരന്ന ആകര്‍ഷക നൃത്തച്ചുവടുകള്‍!
കലാസന്ധ്യ അവസാനിച്ചിട്ടും കാണികള്‍ ഇരിപ്പിടങ്ങളില്‍ ഉറച്ചിരുന്നു. മായികമായ അനുഭൂതിയില്‍ അവര്‍ എഴുന്നേല്‍ക്കാന്‍ മറന്നുപോയി എന്നതാണ് സത്യം!
അനൗണ്‍സര്‍ തന്നെ രസകരമായ ആംഗലഗാനം കൂട്ടുകാര്‍ക്ക് പാടിക്കൊടുത്തു.
ഹൗ മൈ ലവ് സ്വീറ്റ് ഹണി
കോ മോ ഗണി...
മൈ മെഡുല ഒബ്ളോങ്ങട്ട
ഈസ് ഇന്‍ കോണ്‍സ്റ്റന്റ് ഓസിലേഷന്‍!
ഷേക്ക് ദി സിറ്റിങ് ഫെസിലിറ്റീസ്
ആന്‍ഡ് റിലാക്‌സ്!
Content Highlights: Uganda Travel, CR Das, Mathrubhumi Travel