ഹ്രസ്വമായ ന്യൂയോര്‍ക്ക് നഗരപര്യടനം കഴിഞ്ഞ് നയാഗ്രയിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍ തന്നെ കാലാവസ്ഥാ ആപ്ലിക്കേഷനുകളില്‍നിന്ന് തണുപ്പ് വളരെ അധികം ആയിരിക്കും എന്ന സൂചന ലഭിച്ചിരുന്നു. അതിശൈത്യം വെള്ളച്ചാട്ടങ്ങളുടെ മനോഹരദൃശ്യം ആസ്വദിക്കുന്നതിനു തടസ്സം നില്‍ക്കും എന്നത് കൊണ്ടാകാം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള മഞ്ഞുകാലം നയാഗ്രയില്‍ ഓഫ് സീസണ്‍ ആണ്.
പ്രതികൂല കാലാവസ്ഥയെയും അവഗണിച്ച് വെള്ളച്ചാട്ടങ്ങള്‍ സ്ഥിതിചെയ്യുന്ന അമേരിക്ക-കാനഡ അതിര്‍ത്തി നഗരമായ ബഫലോയിലേക്ക് ഏകദേശം 500 കിലോമീറ്റര്‍ ദൂരം ഡ്രൈവ് ചെയ്തുപോകാന്‍ ഞാനും അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ സ്ഥിരതാമസക്കാരനുമായ ചങ്ങനാശ്ശേരിക്കാരന്‍ സുഹൃത്ത് അനീഷും തീരുമാനിച്ചു. ഞങ്ങള്‍ ഒട്ടുംതന്നെ കരുതിയിരുന്നില്ല അതിശൈത്യം ഇത്രമാത്രം ദുസ്സഹം ആയിരിക്കുമെന്ന്.
ന്യൂയോര്‍ക്ക് നഗരത്തില്‍നിന്ന് മാറി വടക്കന്‍പ്രദേശമായ റോച്ചസ്ടെര്‍ ഒക്കെ എത്തുമ്പോള്‍ പൂജ്യം ഡിഗ്രിയിലും താഴെ എത്തിയിരുന്നു തണുപ്പ്. കട്ടികൂടിയ കമ്പിളിജാക്കറ്റും ഗ്ലൗസും ഒക്കെ കരുതിയിരുന്നുവെങ്കിലും നിരന്തരം വീശിക്കൊണ്ടിരുന്ന മഞ്ഞുകാറ്റിനെയും മൈനസ് എട്ട് ഡിഗ്രി സെല്‍ഷ്യസ് എന്ന താപനിലയെയും പ്രതിരോധിക്കാന്‍ പോന്നവ ആയിരുന്നില്ല അതൊന്നും.
അതിവിശാലവും ചിട്ടയായി പരിപാലനം നടത്തുന്നതുമായ എക്‌സ്പ്രസ് ഹൈവേകള്‍ താണ്ടി ഏകദേശം ഏഴുമണിക്കൂര്‍ യാത്രയ്ക്ക് ശേഷം ഞങ്ങള്‍ നയാഗ്രയുടെ നഗരത്തില്‍ എത്തി. വിശ്വപ്രസിദ്ധമായ ടൂറിസ്റ്റ് കേന്ദ്രം ആയിരുന്നുവെങ്കിലും അത്രമാത്രം മുന്തിയ ഹോട്ടലുകളും റിസോര്‍ട്ടുകളും ഒന്നും നയാഗ്രയുടെ അമേരിക്കന്‍ഭാഗത്ത് ഇല്ല. ഒരു ദീര്‍ഘയാത്ര തന്നെയുണ്ടായിരുന്നതിനാല്‍ ഉള്ളതിലെ ഏറ്റവും നല്ല ഒരു ഹോട്ടലില്‍തന്നെ താമസം ബുക്ക് ചെയ്തിരുന്നു എന്ന് അനീഷ് സൂചിപ്പിച്ചിരുന്നു.
വലിയ പ്രതീക്ഷകളൊന്നും ഇല്ലാതെ നഗരത്തിലെ ഹോട്ടലില്‍ കയറിയ ഞാന്‍ ആദ്യം മനസ്സിലാക്കിയകാര്യം അതൊരു കാസിനോ ആയിരുന്നു എന്നാണ്. നയാഗ്രയുടെ അമേരിക്കന്‍ ഭാഗത്തെ ഏറ്റവും നല്ല ഹോട്ടലും റിസോര്‍ട്ടും ഒക്കെയായ 'സെനെക്കാ കാസിനോ' ആയിരുന്നു ഞങ്ങളുടെ താമസസ്ഥലം. 26 നിലകളുള്ള അംബരചുംബിയായ ഹോട്ടലിലെ ഞങ്ങളുടെ റൂം പതിനൊന്നാം നിലയില്‍ ആയിരുന്നു. മുറിയുടെ ഒരു വശത്തുള്ള ഒരു തിയേറ്റര്‍ സ്‌ക്രീന്‍ പോലെയുള്ള ചില്ലുവാതിലിലൂടെ നോക്കുമ്പോള്‍ അങ്ങ് ദൂരെ വെള്ളച്ചാട്ടങ്ങളില്‍ നിന്നുയരുന്ന കോടമഞ്ഞ് വ്യക്തമായി കാണാമായിരുന്നു. ലാ കസ്‌കാറ്റാ റെസ്റ്റോറന്റും ടിം ഹോര്‍ട്ടന്‍സ് കോഫി ഷോപ്പും സ്‌പെഷ്യാലിറ്റി കോക്ക്ടെയ്ല്‍ ബാറുകളും ഒക്കെയായി ഒരു ഡൈനിങ് ലോകം തന്നെയുണ്ടായിരുന്നു സെനെക്കയില്‍.
ഹോളിവുഡ് സിനിമകളില്‍ മാത്രം കണ്ടിട്ടുള്ള ലാസ് വെഗാസിലെ കാസിനോകളുടെ ഒരു ചെറിയ വകഭേദം ആയിരുന്നു സെനെക്കയിലെ കാസിനോ. വെട്ടിത്തിളങ്ങുന്ന വജ്ര ബള്‍ബുകള്‍കൊണ്ട് അലംകൃതമായ നൂറുകണക്കിന് കാസിനോ ടേബിളുകളില്‍ എല്ലാംതന്നെ രാത്രി ഏറെ വൈകിയും ചൂതാട്ടത്തിനായി നൂറുകണക്കിനാളുകള്‍ ഉണ്ടായിരുന്നു. മഞ്ഞുകാലത്ത് നയാഗ്ര വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ വരുന്നതിലും കൂടുതല്‍ ആളുകളെ പുതുതായി തുടങ്ങിയ ഈ ചൂതാട്ടകേന്ദ്രത്തില്‍ കാണാന്‍ കഴിയും എന്ന് ഹോട്ടല്‍ ജീവനക്കാരനാ യ ഡാനി പറഞ്ഞു.
രാത്രി ഏറെ വൈകുന്നതിനു മുന്‍പുതന്നെ വെള്ളച്ചാട്ടങ്ങളില്‍ സജ്ജീകരിച്ചിരുന്ന 'ലൈറ്റ് ഷോ' കാണാന്‍ ഞങ്ങള്‍ പുറപ്പെട്ടു. തണുപ്പ് സഹിക്കാന്‍ ആവുന്നതിലുമധികം ആയതിനാല്‍ വാഹനത്തില്‍നിന്നും ഇറങ്ങി ഒരല്പദൂരം മാത്രം നടന്ന് നാനാവര്‍ണങ്ങളിലുള്ള വെളിച്ചം വെള്ളച്ചാട്ടങ്ങളില്‍ പതിപ്പിച്ചിരിക്കുന്നതുകണ്ട് സായൂജ്യമണഞ്ഞു. വിശദമായ കാഴ്ച പിറ്റേന്നാകാം എന്നൊരു പദ്ധതി ഇടുക മാത്രമേ തത്കാലം നിവൃത്തിയുണ്ടായിരുന്നുള്ളൂ.
നേരം പുലര്‍ന്ന് വെള്ളച്ചാട്ടങ്ങളുടെ അടുത്ത് ചെന്നപ്പോള്‍ വാഹനം പാര്‍ക്ക് ചെയ്യാനുള്ള ഇടങ്ങള്‍ വിജനമായി കണ്ടു. ഈ കാലാവസ്ഥയിലും നയാഗ്രകാണാന്‍ പോയി എന്നറിഞ്ഞാല്‍ ആളുകള്‍ നമുക്ക് ഭ്രാന്താണെന്ന് പറഞ്ഞാലും അദ്ഭുതപ്പെടേണ്ടെന്ന് അനീഷ് പറഞ്ഞു.
മഞ്ഞുകാറ്റുംകൊണ്ട് മരവിച്ച നദിയുടെ അടുത്തേക്ക് നടക്കുമ്പോള്‍തന്നെ ഭയാനകമായ ശബ്ദത്തോടെ ആര്‍ത്തലയ്ക്കുന്ന വെള്ളച്ചാട്ടങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു. വെള്ളം വന്നുപതിക്കുന്ന സ്ഥലത്തുനിന്നും കട്ടികൂടിയ വെളുത്ത കോടമഞ്ഞ് ഉയര്‍ന്നുവന്നുകൊണ്ടേയിരുന്നു. നടവഴിയിലൂടെ വളവു തിരിയുന്നതിനു മുന്‍പ് ഒരുനിമിഷം കണ്ണടയ്ക്കാന്‍ അനീഷ് പറഞ്ഞു. വളവു തിരിഞ്ഞു കണ്ണുതുറന്നു നോക്കുമ്പോള്‍ അതിരപ്പിള്ളിയുടെയും നാട്ടില്‍ ഞങ്ങളുടെ ട്രെക്കിങ് കൂട്ടായ്മയായ പ്ലാനെറ്റ് ഗ്രീനിന്റെ യാത്രകളില്‍ കാണുന്ന ഏന്തയാര്‍ പാപ്പാനി വെള്ളച്ചാട്ടങ്ങളുടെയും ഒക്കെ ദൃശ്യങ്ങള്‍ മനസ്സില്‍ കൊണ്ടുപോയ എന്റെ സങ്കല്പങ്ങള്‍ക്കെല്ലാം അതീതമായി അതാ ചുറ്റും വെള്ളപ്പരവതാനിപോലെ മഞ്ഞ് വിരിച്ചു നുരഞ്ഞു പതഞ്ഞു വേഗത്തില്‍ പാഞ്ഞു താഴേക്ക് ആരവത്തോടെ പതിക്കുന്ന നയാഗ്ര... ചിത്രങ്ങളിലും സിനിമകളിലും കണ്ടതിലും എത്രയോ ഗംഭീരമായിരുന്നു ആ ആദ്യ ദര്‍ശനാനുഭവം.
അമേരിക്കന്‍ ഭാഗത്തിന്റെയും കാനഡ ഭാഗത്തിന്റെയും നല്ല കാഴ്ച ലഭിക്കുന്നതിനായി വെള്ളച്ചാട്ടങ്ങളിലേക്ക് തള്ളിനില്‍ക്കുന്ന ഗാലറിയിലേക്ക് കയറുമ്പോള്‍ സ്വതവേ ഉയരങ്ങള്‍ ഭയമുള്ള ഞാന്‍ ഒന്ന് മടിച്ചു. എങ്കിലും കുറച്ചു നല്ല ചിത്രങ്ങള്‍ എടുക്കാം എന്നുകരുതി രണ്ടും കല്‍പിച്ച് അതില്‍ കയറി. ഒരു സ്വപ്‌നത്തില്‍ എന്നപോലെ രണ്ട് രാജ്യങ്ങളുടെയും മധ്യേ ഒരു ഇരുമ്പുപാലത്തില്‍ ആര്‍ത്തലച്ചു വീഴുന്ന വെള്ളച്ചാട്ടങ്ങള്‍ക്കു മീതെ ഞങ്ങള്‍ രണ്ടുപേര്‍ മാത്രം. ആ ദൃശ്യഭംഗി ആവാഹിക്കാന്‍ ശേഷിയുള്ള ഒരു ക്യാമറയും ഭൂമിയില്‍ ഇല്ല എന്ന ഉത്തമ ബോധ്യത്തില്‍ ഞങ്ങള്‍ ആവോളം ആ പ്രതിഭാസം അവിടെനിന്ന് കണ്ട് ആസ്വദിച്ചു. ഇനി അവിടെ നിന്നാല്‍ ഫ്രോസ്റ്റ് ബൈറ്റ് പോലെയുള്ള ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകും എന്ന് അനീഷ് മുന്നറിയിപ്പ് നല്‍കി. അപ്പോഴേക്കും ചിത്രങ്ങള്‍ എടുക്കാന്‍ ക്യാമറയില്‍ എക്‌സ്പോഷര്‍ നിയന്ത്രിക്കാന്‍പോലും വിരലുകള്‍ക്കാവുന്നില്ലായിരുന്നു. അകത്തുള്ള ചില്ലുവാതിലിന്റെ സംരക്ഷണത്തില്‍ കൈകള്‍ കൂട്ടിത്തിരുമ്മി വിരലുകള്‍ അനക്കാവുന്ന പരുവത്തില്‍ ആക്കിയിട്ടാണ് കുറച്ചെങ്കിലും ചിത്രങ്ങള്‍ എടുത്തത്.
അതിശൈത്യം ആയതിനാല്‍ 'മെയ്ഡ് ഓഫ് മിസ്റ്റ്' എന്ന പ്രശസ്തമായ ബോട്ടുസവാരി അവിടെ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. വെള്ളച്ചാട്ടങ്ങള്‍ക്ക് തൊട്ടരികില്‍ വരെപോയി അതിന്റെ എല്ലാ രൗദ്രഭാവങ്ങളും ആസ്വദിക്കാന്‍ കെല്‍പ്പുള്ള സാഹസികര്‍ക്ക് നല്ല ഒരു അവസരം ആണ് ഈ മെയ്ഡ് ഓഫ് മിസ്റ്റ് ബോട്ട് സവാരി. ഗാലറിയില്‍നിന്ന് ഇറങ്ങിപ്പോരുമ്പോള്‍ മാത്രം ആണ് ഞങ്ങളെ കൂടാതെ ആദ്യമായി മറ്റു രണ്ടുപേരെ അവിടെ കണ്ടത്. ചൈനയില്‍നിന്നുവന്ന വിനോദസഞ്ചാരികളായിരുന്നു അവര്‍. ഇതേ ഭ്രാന്തുള്ള കുറച്ചുപേര്‍ മാത്രമാണ് വെള്ളച്ചാട്ടങ്ങള്‍ കാണാന്‍ ഹോട്ടലില്‍നിന്ന് ഇറങ്ങിവന്നത് എന്നവര്‍ പറഞ്ഞു. ഭ്രാന്തിന്റെ പങ്കുകാരെ കണ്ടതിന്റെ സന്തോഷത്തില്‍ നടന്ന ഞങ്ങള്‍ ഏകദേശം ഒരു കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന കാനഡ ഭാഗത്തുള്ള വെള്ളച്ചാട്ടങ്ങളും കണ്ടു മടങ്ങുമ്പോള്‍ മഞ്ഞും തണുപ്പുമായി ഒരു സമരസത്തില്‍ എത്തിയിരുന്നു...
അമേരിക്കയിലെ ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെയും കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെയും മധ്യേ ഒരു അന്താരാഷ്ട്ര അതിര്‍ത്തിപോലെ നിലകൊള്ളുന്ന നയാഗ്രാനദിയില്‍ മൂന്നു വെള്ളച്ചാട്ടങ്ങളാണുള്ളത്. അമേരിക്കയുടെ ഭാഗത്തുള്ള 'അമേരിക്കന്‍ ഫാള്‍സ്' (70 അടി മുതല്‍ 110 അടിവരെ ഉയരം) ഒരു വശത്തും, കാനഡ ഭാഗത്തുള്ള 'ഹോഴ്സ് ഷൂഫാള്‍സ്' (188 അടി ഉയരം) മറ്റൊരു വശത്തും ഉള്ളപ്പോള്‍ അമേരിക്കന്‍ ഭാഗത്തുള്ള വെള്ളച്ചാട്ടങ്ങളുടെ അടുത്തായി തന്നെ 'ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്' എന്ന പേരില്‍ ഒരു ചെറിയ വെള്ളച്ചാട്ടവും കാണുവാന്‍ സാധിക്കും.
165 അടി ഉയരത്തില്‍നിന്നും പതിക്കുന്ന നയാഗ്ര വെള്ളച്ചാട്ടങ്ങള്‍ ഒഴുകിവീഴുന്ന ജലത്തിന്റെ അളവ് നോക്കുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണ്. ദൃശ്യചാരുതയ്‌ക്കൊപ്പംതന്നെ രണ്ടു രാജ്യങ്ങളുടെയും ഒരു പ്രധാന ജലവൈദ്യുതി പദ്ധതികൂടി ഇവിടെ സ്ഥിതിചെയ്യുന്നു. അമേരിക്ക മുതല്‍ കാനഡ വരെ നീളുന്ന നയാഗ്ര വെള്ളച്ചാട്ടങ്ങള്‍ക്ക് 1039 മീറ്റര്‍ നീളം ഉണ്ട്. ഗ്രേയ്റ്റ് ലെയ്ക്സ് എന്നറിയപ്പെടുന്ന 'എറി', 'ഒന്റാറിയോ' എന്നീ തടാകങ്ങളെ ബന്ധിപ്പിക്കുന്ന ഒരു കണ്ണികൂടി ആണ് നയാഗ്ര.