ക്രൂരമായ തമാശപോലെ ജര്‍മന്‍ഭാഷയില്‍ കവാടത്തിലെഴുതിവെച്ച ഒരു വാക്യം വായിച്ചാണ് ഒറാനിയന്‍ബര്‍ഗിലെ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പിലേക്ക് പ്രവേശിച്ചത്. Arbeit Macht Frei. 'തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും' അഥവാ പണിയെടുക്കുന്നതിലൂടെ നിങ്ങള്‍ക്ക് സ്വാതന്ത്ര്യം കിട്ടുമെന്നാണ് ഈ ആപ്തവാക്യത്തിന്റെ സാരം. ഇവിടെ സൂചിപ്പിക്കുന്ന സ്വാതന്ത്ര്യമെന്നതിന്റെ അര്‍ഥം അസഹ്യമായ പീഡനത്തിനൊടുവിലുള്ള മരണമാണെന്നറിഞ്ഞും അറിയാതെയും പതിനായിരക്കണക്കിന് തടവുകാര്‍ ക്യാമ്പിനകത്തേക്ക് കടന്നുപോയ കവാടമാണിത്. തടവുകാരെയും സന്ദര്‍ശകരെയും കബളിപ്പിക്കുന്ന ഈ ആപ്തവാക്യം ആദ്യമായി ആലേഖനംചെയ്യപ്പെട്ട ഈ ക്യാമ്പിന്റെ കവാടം കടന്നപ്പോള്‍തന്നെ മനസ്സ് വലിഞ്ഞുമുറുകിത്തുടങ്ങി. കണ്ടമാത്രയില്‍തന്നെ വേദന മനസ്സില്‍ കോറിയ ഇതുപോലൊരിടം മുന്‍പ് സന്ദര്‍ശിച്ചിട്ടില്ല.
യൂറോപ്യന്‍യാത്രയില്‍ ബെര്‍ലിന്‍ ഉള്‍പ്പെടുത്തിയപ്പോള്‍തന്നെ ഏതെങ്കിലുമൊരു കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിക്കണമെന്ന് തീരുമാനിച്ചിരുന്നു. ബെര്‍ലിന്‍നഗരത്തില്‍നിന്ന് ഏറ്റവും അടുത്ത ക്യാമ്പെന്നനിലയിലാണ് ഒറാനിയന്‍ബര്‍ഗിലെ സാക്സന്‍ഹോസന്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് തിരഞ്ഞെടുത്തത്. ബെര്‍ലിന്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം യാത്രചെയ്ത് ഒറാനിയന്‍ബര്‍ഗ് സ്റ്റേഷനിലിറങ്ങി. വംശീയമായും രാഷ്ടീയമായും തങ്ങളുടെ എതിരാളികളെന്ന് ഹിറ്റ്ലര്‍ വിധിയെഴുതിയവരെയും കൈയേറിയ രാജ്യങ്ങളിലെ യുദ്ധത്തടവുകാരെയും വിവിധയിടങ്ങളില്‍നിന്ന് ട്രെയിന്‍ വഴി ഈ സ്റ്റേഷനിലേക്കാണ് കൊണ്ടുവന്നിരുന്നത്. ഇവിടെ വന്നിറങ്ങുന്ന തടവുകാരെ തൊഴിച്ചും മര്‍ദിച്ചുമാണ് ഒന്നേമുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള സാക്സന്‍ഹോസന്‍ ക്യാമ്പിലേക്ക് ഹിറ്റലറുടെ കുപ്രസിദ്ധരായ എസ്.എസ്. കേഡറ്റുകള്‍ നയിച്ചത്. സാക്സന്‍ഹോസിലേക്കുള്ള ബസ് കയറാന്‍ റെയില്‍വേ സ്റ്റേഷന്റെ പടികളിറങ്ങുമ്പോള്‍ നിരവധി പേര്‍ ക്യാമ്പ് സന്ദര്‍ശിച്ച് മടങ്ങിവരുന്നുണ്ടായിരുന്നു.
സ്റ്റേഷനോടു ചേര്‍ന്നുള്ള ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ സര്‍വകലാശാലാ വിദ്യാര്‍ഥികളായ ഒരു കൂട്ടം തൊട്ടടുത്ത് വന്നു നിന്നു. ക്യാമ്പില്‍നിന്ന് മടങ്ങുകയായിരുന്ന ആ സംഘത്തെ നയിച്ചിരുന്ന അധ്യാപകനെ പരിചയപ്പെട്ടു. മാസിമോ മുസി. ഇറ്റലിയിലെ ഒരു വിദ്യാലയത്തില്‍നിന്ന് വിദ്യാര്‍ഥികളെയുമായെത്തിയതാണ് ചരിത്രാധ്യാപകനായ അദ്ദേഹം. ഫാസിസത്തിന്റെ ഈറ്റില്ലത്തില്‍നിന്ന് നാസിസത്തിന്റെ നേര്‍ക്കാഴ്ചകള്‍ തന്റെ വിദ്യാര്‍ഥികള്‍ക്ക് കാണിച്ചുകൊടുക്കാനാണ് ബെര്‍ലിനിലെത്തിയത്. പാഠപുസ്തകവായനയ്ക്കപ്പുറം ചരിത്രയിടങ്ങള്‍ നേരിട്ടു കാണുന്നത് വിദ്യാര്‍ഥികളുടെ ലോകവീക്ഷണത്തെത്തന്നെ മാറ്റിമറിക്കുമെന്നാണ് അദ്ദേഹത്തിന്റെ അനുഭവം. ഫാസിസം ഇനി തിരിച്ചുവരുമെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തിന് ഇതേ രൂപത്തിലും വ്യാപ്തിയിലും അളവിലും ഫാസിസത്തിന് തിരിച്ചുവരാന്‍കഴിയുമെന്ന് തോന്നുന്നില്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ മറുപടി. സാക്സന്‍ഹോസനിലേക്ക് സര്‍വീസ് നടത്തുന്ന ബസ്സുകളിലൊന്ന് സംസാരത്തിനിടെ മിസ്‌ചെയ്തതിനാല്‍ രണ്ടാമത്തെ ബസ് വന്നപ്പോള്‍ അദ്ദേഹത്തിനോട് യാത്രപറഞ്ഞ് അതില്‍ കയറി.
സാക്സന്‍ഹോസന്‍ ക്യാമ്പ്
ആയിരം ഏക്കറോളം വിസ്തൃതമായ ത്രികോണാകൃതിയിലുള്ള സാക്സന്‍ഹോസന്‍ ക്യാമ്പ് മറ്റുള്ളവയ്‌ക്കൊക്കെ ഒരു മാതൃകയെന്നനിലയിലാണ് 1936-ല്‍ തടവുകാരെ ഉപയോഗിച്ച് നിര്‍മിച്ചത്. നാസിഭരണകൂടത്തിന്റെ ശക്തിയും പൂര്‍ണാധികാരവും വെളിവാക്കുന്നതരത്തിലുള്ള ഡിസൈനും ലേ ഔട്ടും വേണമെന്ന നിര്‍ബന്ധത്തില്‍ പണിത ആദ്യ ക്യാമ്പ്. മറ്റു ക്യാമ്പുകളിലേക്ക് അയയ്ക്കും മുന്‍പ് എസ്.എസ്. കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയിരുന്ന ക്യാമ്പെന്ന നിലയില്‍ നാസി ക്യാമ്പുകളില്‍ പ്രമുഖസ്ഥാനമാണ് സാക്സന്‍ഹോസനുള്ളത്. 1938-ല്‍ കോണ്‍സണ്‍ട്രേഷന്‍ ക്യാമ്പ് ഇന്‍സ്പെക്ടറേറ്റ് ബെര്‍ലിന്‍ നഗരത്തില്‍നിന്ന് ഇങ്ങോട്ടു മാറ്റിയതോടെ എല്ലാ നാസിക്യാമ്പുകളെയും നിയന്ത്രിച്ചിരുന്നത് ഇവിടെനിന്നായിരുന്നു.
ഹിറ്റ്ലറുടെ നാസിസംരക്ഷണസേനയുടെ നട്ടെല്ലായിരുന്ന ഹൈന്‍ റിക് ഹിംലെര്‍ ജര്‍മന്‍ പോലീസിന്റെ അധിപനായശേഷം നിര്‍മിച്ച ആദ്യത്തെ ക്യാമ്പെന്ന പ്രത്യേകതയും സാക്സന്‍ഹോസനുണ്ട്. 1936-ല്‍ തടവുകാരായ തൊഴിലാളികളെക്കൊണ്ട് പണികഴിപ്പിച്ച ഈ ക്യാമ്പ് മുഴുവന്‍ നോക്കിക്കാണാനായി ഓഡിയോസഹായിയും വാങ്ങി പ്രവേശനകവാടത്തിലെത്തിയതോടെ നാസിക്രൂരതകളരങ്ങേറിയ ഇടങ്ങളിലേക്ക് മനസ്സും ശരീരവും ഒന്നിച്ചുനീങ്ങി. പകലെന്നോ രാത്രിയെന്നോ ഭേദമില്ലാതെ മരംകോച്ചുന്ന തണുപ്പിലും മഴയത്തും മണിക്കൂറുകളോളം ഹാജര്‍ നല്‍കാനെന്ന പേരില്‍ പീഡനമേല്‍ക്കേണ്ടിവന്ന പതിനായിരക്കണക്കിന് തടവുകാരുടെ നിസ്സഹായ മുഖങ്ങളാണ് പ്രവേശനകവാടത്തോടു ചേര്‍ന്നുള്ള റോള്‍ കോള്‍ ഏരിയയിലേക്ക് കടന്നപ്പോള്‍ മനസ്സില്‍ തെളിഞ്ഞത്.