മോണ കീ, മോണ ലോഅ, ഹാലെകാല എന്നിവയാണ് ഹവായിയിലെ അഗ്‌നിപര്‍വതങ്ങളില്‍ പ്രധാനപ്പെട്ടവ. ഉയരമുള്ളതിനാല്‍ മൂന്ന് അഗ്‌നിപര്‍വതങ്ങളെയും മഞ്ഞ് പൊതിയാറുണ്ട്. ഇവയില്‍ അപകടകാരിയല്ലാത്ത ഒന്നാണ് മോണ കീ. ഏറ്റവും ഉയരമുള്ളതും ഇതിനുതന്നെ.
വര്‍ഷത്തില്‍ പല പ്രാവശ്യം മഞ്ഞുവീഴ്ച ഉണ്ടാകാറുള്ള മോണ കീ ഈ വര്‍ഷം അത്യപൂര്‍വമായ ഒരു കാര്യത്തിനും സാക്ഷ്യം വഹിച്ചു. ഇടിമുഴക്കത്തോടു കൂടിയാണ് ഇക്കുറി അവിടെ മഞ്ഞുപെയ്തത്. സാധാരണയായി മഞ്ഞ് വീഴുമ്പോള്‍ ഇടിയും മിന്നലും ഉണ്ടാകാറില്ല. ലോകത്താകമാനമുള്ള കണക്കെടുത്താല്‍ ആകെയുണ്ടാകുന്ന മഞ്ഞുവീഴ്ചയ്ക്കിടയില്‍ വെറും 0.7 ശതമാനം പ്രാവശ്യം മാത്രമേ ഇടിയും മിന്നലും ഉണ്ടാകുന്നുള്ളൂ. ഇടിയോടു കൂടിയ മഴ എന്നു കേട്ടിട്ടില്ലേ. എന്നാല്‍ ഹവായിയില്‍ മഴയ്ക്ക് പകരം മഞ്ഞ് വീഴുന്ന തണ്ടര്‍ സ്‌നോ എന്ന പ്രതിഭാസമാണുണ്ടായത്. ഹവായിയില്‍ ഇത്തരം അനുഭവം ഇതിനു മുന്പ് രേഖപ്പെടുത്തിയിട്ടുമില്ല. ഈ മാസം ആദ്യം മോണ കീയില്‍ ഒരടിയോളം മഞ്ഞ് പെയ്തിരുന്നു.
ഇതു കാരണം ധാരാളം സന്ദര്‍ശകര്‍ അവിടേയ്‌ക്കെത്തി. ഹവായിയിലെ ഭൂപ്രകൃതി കാരണം രാവിലെ മഞ്ഞില്‍ സ്‌നോ ബോര്‍ഡിങ്, സ്‌കീയിങ് തുടങ്ങിയ വിനോദങ്ങളില്‍ ഏര്‍പ്പെടാം. വൈകുന്നേരം കടലില്‍ സര്‍ഫിങ്ങും നടത്താം. മഞ്ഞ് സന്ദര്‍ശകര്‍ക്ക് നല്ലതാണെങ്കിലും അതിനിടെ ഇടിയും മിന്നലും ഉണ്ടായാല്‍ അത് അപകടങ്ങള്‍ വരുത്തിവെയ്ക്കും. ഹവായിയില്‍ അത്തരം അനുഭവം കേട്ടുകേള്‍വി പോലുമില്ലാതിരുന്നതു കാരണം സന്ദര്‍ശകരും അധികൃതരും അമ്പരന്നു എന്നത് സത്യം. പക്ഷേ ഇടിയുടെ കൂടെ പെയ്ത മഞ്ഞ് ഇപ്പോള്‍ കൂടുതല്‍ സന്ദര്‍ശകരെ ഹവായിയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.