'നാം എല്ലായ്‌പോഴും ചരിത്രം പഠിക്കുന്നു. എന്നാല്‍, ചരിത്രത്തില്‍ നിന്ന് നാം ഒന്നും പഠിക്കുന്നില്ല' എന്നു പറഞ്ഞത് എഡ്വേര്‍ഡ് ഗിബ്ബണ്‍ ആണ്. ഇന്ത്യന്‍ ചരിത്രത്തിന്റെ സുവര്‍ണ കാലഘട്ടം മുഗള്‍ ഭരണാധികാരികളുടെ കാലഘട്ടമായിരുന്നു. ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറ പാകിയ ബാബറിനെ യുദ്ധവീരനായാണ് പലരും വിലയിരുത്തുന്നത്. എന്നാല്‍, ആ സംസ്‌കാരത്തിന് പ്രകൃതിയുമായും പൂന്തോട്ടങ്ങളുമായും അഭേദ്യമായ ബന്ധമാണുള്ളത്. അതിന് ഉദാഹരണമാണ് അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ 'ബാബര്‍ ഉദ്യാനം'.
അഫ്ഗാന്‍ ജനതയെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ആദ്യം നമ്മുടെ മനസ്സില്‍ പതിയുന്ന ചിത്രങ്ങളിലൊന്ന് കലാനിഷ്‌കോവ് തോക്കേന്തിയ തീവ്രവാദികളെയാണ്. എന്നാല്‍, ആ ചിന്ത ഉപേക്ഷിക്കേണ്ടിയിരിക്കുന്നു! അഫ്ഗാന്‍ ജനത പ്രണയിക്കുന്നത് തീവ്രവാദത്തെയല്ല പ്രകൃതിയെയാണ്. ഇന്ന് കാബൂളിലെ ഒരു തീര്‍ത്ഥാടന കേന്ദ്രമാണ് ബാബര്‍ ഉദ്യാനം. എല്ലാ സായാഹ്നങ്ങളിലും കാബൂള്‍ ജനത അവിടെ ഒത്തുകൂടുന്നു. യുദ്ധങ്ങളുടെയും ഭീകരവാദത്തിന്റെയും സംഘര്‍ഷഭരിതമായ ഭൂതകാലത്തെ മായ്ച്ചുകളയാന്‍ ഈ പച്ചപ്പിന് സാധിക്കുന്നു. ഭീകരവാദം, അതേതുമായിക്കൊള്ളട്ടെ അവര്‍ ആദ്യം വിരല്‍ചൂണ്ടുന്നത് സംസ്‌കാരത്തിന് നേരേയാണ്. അതുകൊണ്ടാകണം ബാമിയാന്‍ കുന്നുകളിലെ ബുദ്ധ പ്രതിമ താലിബാന്‍ തകര്‍ത്തത്. മോസുളെന്ന പൈതൃകനഗരത്തെ ഐ.എസ്.ഐ.എസ്. നാമാവശേഷമാക്കിയത്.
അത്തരത്തില്‍ ബാബര്‍ ഉദ്യാനത്തിന് നേരേയും ആക്രമണം ഉണ്ടായി. 90-കളില്‍ മുജാഹിദ്ദീന്‍ ഗ്രൂപ്പുകളും പിന്നീട് താലിബാനും കാബൂളിന്റെ സംസ്‌കാരത്തെ തകര്‍ത്തപ്പോള്‍, ബാബര്‍ ഉദ്യാനം ഒരു മാലിന്യകേന്ദ്രമായി മാറിയിരുന്നു. എന്നാല്‍, വീണ്ടും അഫ്ഗാന്‍ ജനത തങ്ങളുടെ പൂര്‍വികര്‍ കാണിച്ച മാതൃക പിന്തുടരുന്നു. അവര്‍ അതിനെ പുതുക്കിപ്പണിതു. ബാബര്‍ഉദ്യാനത്തെപ്പോലെ നിരവധി ഉദ്യാനങ്ങളും കാബൂളിലുണ്ട്. കല്‍മതിലുകള്‍ക്കുള്ളില്‍ നറുമണം വീശിനില്‍ക്കുന്ന ഈ ഉദ്യാനങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ പാരമ്പര്യമാണുള്ളത്.
ബാബറും പൂന്തോട്ടങ്ങളും
ഉദ്യാനങ്ങള്‍ക്ക് അറബ് സംസ്‌കാരത്തോളം പഴക്കമുണ്ട്. യൂറോപ്പ് അവയെ ഔഷധച്ചെടികളായി മാത്രമാണ് കണ്ടതെങ്കില്‍, അറബ് സംസ്‌കാരം ഉദ്യാനത്തെ ധ്യാനത്തിനുള്ള ഇടമാക്കി മാറ്റി. 14-ാം നൂറ്റാണ്ടില്‍ മധ്യേഷ്യയുടെ അധീശത്വ ശക്തിയായ യുദ്ധവീരനും തിമുറിഡ് സാമ്രാജ്യ സ്ഥാപകനുമായ തിമൂറുമായി ബാബറിന് ബന്ധമുണ്ടായിരുന്നു. ബാബറിന്റെ പിതാവ് തിമൂറിന്റെ മൂന്നാം തലമുറയില്‍പ്പെടുന്നു. മാത്രമല്ല, ഗോത്രങ്ങളെ കൂട്ടിയിണക്കി മഹത്തായ മംഗോള്‍ സാമ്രാജ്യം പടുത്തുയര്‍ത്തിയ ചെങ്കിസ് ഖാനുമായി അമ്മവഴിയും ബാബറിന്റെ വംശപരമ്പര ബന്ധപ്പെട്ടുകിടക്കുന്നു.മധ്യേഷ്യയുടെ ചരിത്രം തിരുത്തിക്കുറിച്ച പ്രപിതാ മഹാന്മാരിലെ പേര്‍ഷ്യന്‍-ഗ്രോത്ര സംസ്‌കൃതി ബാബറിലും അലിഞ്ഞുചേര്‍ന്നിരിന്നു.
എ.ഡി. 1528-ലാണ് കാബൂളില്‍ ബാബര്‍ ഈ വിശ്രമകേന്ദ്രം പണിതുയര്‍ത്തുന്നത്. ബാബറിന്റെ സ്മരണകള്‍ പുസ്തകരൂപത്തിലാക്കിയ 'ബാബര്‍നാമ' (ഘലേേലൃ െീള ആമയമൃ)യിലും ഈ ഉദ്യാനകേന്ദ്രത്തെക്കുറിച്ച് പരാമര്‍ശമുണ്ട്. ബാബറിന് ശേഷം മുഗള്‍ ഭരണാധികാരികളെല്ലാം ഈ ഉദ്യാനത്തെ പരിപാലിച്ചുപോന്നു.
എ.ഡി. 1607-ല്‍ ബാബറിന്റെ കൊച്ചുമകളും അക്ബര്‍ ചക്രവര്‍ത്തിയുടെ ഭാര്യയുമായിരുന്ന റുഖിയ സുല്‍ത്താന്‍ ബീഗമാണ്, തന്റെ മുത്തച്ഛന്‍ നിര്‍മിച്ച ഈ ഉദ്യാനത്തെ സംരക്ഷിക്കാനായി കല്‍മതിലുകള്‍ സ്ഥാപിക്കുന്നത്. തൊട്ടടുത്തായി പ്രാര്‍ത്ഥനാ കേന്ദ്രവുമൊരുക്കി.
മകന്‍ ജഹാംഗീര്‍, മുഗള്‍ ഭരണാധിപനായപ്പോള്‍ ബാബര്‍ ഉദ്യാനത്തെ വീണ്ടും സുന്ദരമാക്കി. പൂന്തോട്ടങ്ങളെ സ്‌നേഹിച്ച മുത്തച്ഛന്റെ ഉദ്യാനത്തില്‍ത്തന്നെയാണ് റുഖിയ സുല്‍ത്താന്‍ ബീഗത്തെയും ഖബറടക്കിയിരിക്കുന്നത്.
പ്രകൃതിയുമായി ആഴത്തിലുള്ള ബന്ധമായിരുന്നു ബാബറിന്. 1526-ലെ ഒന്നാം പാനിപ്പത്ത് യുദ്ധത്തില്‍ ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി മുഗള്‍ ഭരണത്തിന് അടിത്തറയിട്ട ബാബര്‍ ആദ്യം ചെയ്തത് ഉദ്യാനം പണിയുകയായിരുന്നു. യുദ്ധത്തിനു ശേഷം മൂന്നാംദിനം ആഗ്രയില്‍ ബാബര്‍ ഉദ്യാനം നിര്‍മിച്ചു. 'രാം ബാഗ്' എന്ന പേരില്‍ യമുനയുടെ തീരത്ത് അതിപ്പോഴും സ്ഥിതിചെയ്യുന്നു. ബാബര്‍ കാണിച്ച മാതൃക നൂറ്റാണ്ടുകള്‍ക്കിപ്പുറവും ആ ജനത കെടാതെ സൂക്ഷിക്കുന്നു.
പ്രകൃതിപരിപാലനത്തില്‍ അഫ്ഗാന്‍ ജനത ലോകത്തിന് മാതൃകയാവുകയാണ്. ഉദ്യാനങ്ങളും വനങ്ങളും ഇല്ലാതാകുന്ന കാലത്ത് പച്ചപ്പിനെ സംരക്ഷിക്കുകയാണ് ഈ ജനത. ബോംബുകളും തോക്കുകളും ഏന്തുന്ന അഫ്ഗാനികള്‍ എന്ന ചിന്ത നമുക്ക് മാറ്റാം. പച്ചപ്പിനായി ദാഹിക്കുന്ന ഈ ജനതയെ നാം മാതൃകയാക്കേണ്ടിയിരിക്കുന്നു.