പ്രഭാതത്തില്‍ 3.30-ന് ഉണര്‍ന്നു. 4.30-ന് എയര്‍പോര്‍ട്ടിലേക്കുള്ള ആദ്യ ബസ് എനിക്ക് കിട്ടിയേ പറ്റൂ. ടോക്യോവില്‍നിന്ന് നരിറ്റയിലേക്ക് ട്രെയിന്‍ യാത്രയ്ക്ക് ഒരു മണിക്കൂര്‍ സമയമെടുക്കും. ഞങ്ങള്‍ ടോക്യോവിലേക്കുള്ള ട്രെയിന്‍ കയറി. തുടക്കത്തില്‍ മെട്രോ ആളൊഴിഞ്ഞ സ്ഥിതിയിലായിരുന്നു. എന്നാല്‍ സ്റ്റേഷന്‍ പിന്നിടുമ്പോള്‍ ജോലിസ്ഥലത്തേക്കും സ്‌കൂള്‍, കോളേജ് എന്നിവിടങ്ങളിലേക്കും തിരക്കുപിടിച്ചു പോകുന്ന ജനങ്ങളെക്കൊണ്ട് മെട്രോ നിറഞ്ഞുകവിഞ്ഞു. ഈ യാത്രയില്‍ ആരുംതന്നെ ഫോണില്‍ സംസാരിക്കുന്നുണ്ടായിരുന്നില്ല എന്ന കാര്യം ശ്രദ്ധിച്ചു. കാരണം പരസ്പരം സംസാരിച്ചോ ഫോണില്‍ സംസാരിച്ചോ മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാകാതിരിക്കാന്‍ ജപ്പാന്‍ സംസ്‌കാരം അവരെ ശീലിപ്പിച്ചിട്ടുണ്ടായിരുന്നു.
അതെ, ഞങ്ങളിപ്പോള്‍ യുനോ സ്റ്റേഷനിലെത്തി. യുനോ പാര്‍ക്കിലേക്കുള്ള കവാടം ലക്ഷ്യമാക്കി നീങ്ങി. ഇരുഭാഗങ്ങളും 'തേങ്ങുന്ന ചെറി മരങ്ങളാല്‍' അനുഗൃഹീതമായ പാത നേരെ ക്ഷേത്രത്തിലേക്കുള്ളതായിരുന്നു. പ്രഭാത സൂര്യകിരണവും പക്ഷികളുടെ കലപില ശബ്ദവും ചേര്‍ന്നൊരുക്കിയ അന്തരീക്ഷം ക്ഷേത്രത്തെ കൂടുതല്‍ ചൈതന്യവത്താക്കിയിരിക്കുന്നു. പാര്‍ക്കില്‍ അങ്ങിങ്ങോളം തളിര്‍ത്തുപൂത്തുലഞ്ഞ ചെറിമരം കാണാന്‍, അതൊരുക്കുന്ന സൗന്ദര്യം ആസ്വദിക്കാന്‍ മനസ് കൊതിച്ചു.
അനൗദ്യോഗികമായി ജപ്പാനിന്റെ ദേശീയപുഷ്പമായി പരിഗണിക്കുന്നത് ഈ ചെറിപ്പൂക്കളെയാണ്. അസാധാരണ സൗന്ദര്യമാണിവയ്ക്ക്. കര്‍മകാണ്ഡത്തിന്റെയും ഉത്കൃഷ്ടമായ തൃഷ്ണയുടെയും അനശ്വരതയും സ്വീകാര്യതയുമായി കെട്ടുപിണഞ്ഞുകിടക്കുകയാണ് ജപ്പാനില്‍ ഈ പൂക്കള്‍. ഇതുകൊണ്ടായിരിക്കാം ചെറിപ്പൂക്കള്‍ സമ്പന്നതയുടെ പ്രതീകമായി മാറിയത്. ജപ്പാന്‍കാര്‍ സംഗീതപരിപാടികളിലും ചലച്ചിത്രങ്ങളിലും ജപ്പാന്‍ കലകളിലും ഒരുപോലെ ഉപയോഗിക്കുന്ന പ്രതീകം!
നിരവധി പോപ് ഗാനങ്ങളിലും സക്കുറ എന്ന് വിളിക്കപ്പെടുന്ന ശാഖയിലും ഷാക്കുഹ്ചി (ബാംബൂ ഫ്‌ളൂട്ട്)ലും വഴങ്ങുന്ന പ്രശസ്തമായ ഒരു നാടോടിഗാനം ഈ പൂക്കാലവുമായി ബന്ധപ്പെട്ട് അവരിപ്പോഴും നെഞ്ചേറ്റി ലാളിക്കുന്നുണ്ട്. ഭക്ഷണപദാര്‍ഥങ്ങളിലും സ്റ്റേഷനറി വസ്തുക്കളിലും ജപ്പാനിലെ മറ്റു ഉപഭോഗവസ്തുക്കളിലും എന്നുവേണ്ട സകലതിലും ഒരു പ്രതീകമായി ഈ പുഷ്പം നിലകൊള്ളുന്നു. വിദ്യാലയങ്ങള്‍ക്കും പൊതുസ്ഥാപനങ്ങള്‍ക്കും അലങ്കാരമായി പൂത്തുലഞ്ഞുനില്‍ക്കുന്ന ചെറിമരങ്ങള്‍ ജപ്പാനിലെ മാത്രം ദൃശ്യവിസ്മയമാണ്. ഏപ്രില്‍മാസത്തില്‍ വിദ്യാലയങ്ങള്‍ ഉണരുന്നതും ഔദ്യോഗിക സ്ഥാപനങ്ങളുടെ പ്രഥമദിനവും ഈ പൂക്കാലത്തിന്റെ വരവും ഒരുമിച്ചാണെന്നുള്ളത് യാദൃച്ഛികമാകാം. യുനൊ പാര്‍ക്കിന്റെ മറുഭാഗത്ത് ഷിനാബ്‌സു തടാകത്തിനോട് ചേര്‍ന്ന് ചെറിമരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പാതയോരമുണ്ട്.
Someiyoshino ആണ് ഇവിടുത്തെ പേരുകേട്ട ചെറിപ്പൂക്കളില്‍ ഒരു വിഭാഗം. തണ്ടോടുചേര്‍ന്ന് ഇളം പിങ്ക് കളറില്‍ ലയിപ്പിച്ച ശുഭ്രവര്‍ണമുള്ള ചെറിപ്പൂക്കള്‍ നയനാഭിരാമമാണ്. പക്ഷേ, അവ വിടരുന്നു, ഒരാഴ്ചയ്ക്കുള്ളില്‍ ദലങ്ങള്‍ വിടരുംമുന്‍പേ കൊഴിയുന്നു. അതുകൊണ്ടായിരിക്കാം അടിതൊട്ട് മുടിവരെ ഈ മരങ്ങള്‍ വെള്ളനിറത്തോട് ചേര്‍ന്നുനില്‍ക്കുന്നത്. ഇതിന് ഇനിയും വിഭാഗങ്ങളുണ്ട്. യാമസാക്കുറ, യാസാക്കുറ, ഷിദാറെസാക്കുറ എന്നീ പേരിലറിയപ്പെടുന്ന നിരവധി വിഭാഗങ്ങള്‍ ജപ്പാനിലുണ്ട്. ഇതില്‍തന്നെ യാസാക്കുറയ്ക്ക് വലിയ പൂക്കളാണുള്ളത്. എന്നാല്‍ ദലങ്ങളോ പിങ്ക് കലര്‍ന്ന് കട്ടികൂടിയതും. ഷിദാറെസാക്കുറ തന്നെയാണ് വിതുമ്പുന്ന ചെറി (Weeping Cherry) എന്ന് അറിയപ്പെടുന്നത്. പിങ്ക് നിറമുള്ള പൂക്കളുള്ള ഇതിന്റെ ശാഖകള്‍ അടര്‍ന്നുവീഴുന്നത് നിത്യകാഴ്ചയാണ്. പൂത്തുലഞ്ഞ ചെറിപ്പൂക്കളുടെ കാഴ്ച മനംകുളിര്‍പ്പിക്കുന്നതും അനുഭൂതിപകരുന്നതുമാണ്.
പ്രശസ്തമായ നരിറ്റാ ക്ഷേത്രം സന്ദര്‍ശിക്കാനായി ഞങ്ങള്‍ യാത്രതിരിച്ചു. നരിറ്റാസ് ഷിന്‍ഷോജി ക്ഷേത്രം ആരുടെ ശ്രദ്ധയും ആകര്‍ഷിക്കുന്നതാണ്. ബി.സി. 940-ല്‍ പണിതതാണത്രെ ഈ ബുദ്ധമത ക്ഷേത്രസമുച്ചയം. ഈ സ്ഥലത്ത് അനുഗ്രഹംതേടി നിരവധി തീര്‍ഥാടകര്‍ എത്തിയിരുന്നു. ഇപ്പോഴും ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ സ്വീകരിക്കുന്ന രണ്ട് റെയില്‍വേ സ്റ്റേഷനുകളില്‍ നിന്നും 15 മിനിറ്റ് നടന്നാല്‍ ഈ ക്ഷേത്രമൈതാനത്ത് എത്താം. ക്ഷേത്രവഴി സൂചിപ്പിക്കുന്ന നിരവധി അടയാളങ്ങള്‍ ഉള്ളതുകൊണ്ട് ആര്‍ക്കും വഴിതെറ്റില്ല. ക്ഷേത്രസമുച്ചയത്തിലേക്ക് നയിക്കുന്ന ഒമാടേസിന്‍ഡോ (Omatesando) റോഡ് ഒരു ചെറിയ തെരുവുതന്നെയാണ്. ഈ വഴി കരകൗശലവസ്തുക്കളും മറ്റും വില്‍ക്കുന്ന കച്ചവടസ്ഥാപനങ്ങള്‍, സത്രം, റസ്റ്റോറന്റ് എന്നിവയെക്കൊണ്ടും നിറഞ്ഞിരിക്കുന്നു.
നരിറ്റാ നഗരത്തിലെ പ്രത്യേക വിഭവമാണ് ഈല്‍ ചുട്ടതും പുഴുങ്ങിയതും. ഉനാഗി എന്നും ഇതറിയപ്പെടുന്നു. ക്ഷീണത്തില്‍നിന്നുള്ള മോചനത്തിനും ഊര്‍ജസ്വലതയ്ക്കും പ്രദാനം ചെയ്യുന്നതാണ് ഈല്‍ (ഒരു തരം മത്സ്യം) എന്ന് കരുതപ്പെടുന്നു. ഈലിനെ വളരെ വേഗത്തിലും വിദഗ്ധമായും മുറിക്കുകയും തൊലിപൊളിക്കുകയും ചെയ്യുന്നത് കണ്ട് ഞങ്ങള്‍ ആശ്ചര്യപ്പെട്ടുപോയി.
ജപ്പാനിലെ ക്ഷേത്രങ്ങളും ശ്രീകോവിലും നിങ്ങള്‍ സന്ദര്‍ശിക്കുകയാണെങ്കില്‍ ചെറിയ കല്ലുപാകി മനോഹരമാക്കിയ മേല്‍ക്കൂര കാണാതെ പോകരുത്. ഇത്തരം ക്ഷേത്രങ്ങളെ അഥവാ ശ്രീകോവിലുകളെ ചൊസുയ അഥവാ ടെമിസുയ എന്ന് വിളിക്കുന്നു. ക്ഷേത്ര ശ്രീകോവിലിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ഭക്തര്‍ സ്വയം ശുദ്ധിവരുത്തിയശേഷം മാത്രമേ പ്രവേശിക്കാറുള്ളൂ. ചൊസുയ അഥവാ ടെമിസുയ പ്രത്യക്ഷത്തില്‍ കല്ലുപയോഗിച്ചുണ്ടാക്കിയതാണെങ്കിലും മരംകൊണ്ട് തീര്‍ത്ത അലങ്കാരപ്പണികളുള്ള സൗന്ദര്യശില്പങ്ങള്‍ കൂടിയാവുന്നു. മരംകൊണ്ടും ലോഹംകൊണ്ടുമുണ്ടാക്കിയ മേല്‍ക്കൂര ഇവിടെ പണിതിരിക്കുന്നതും കാണാം.
ചെറിയ ശ്രീകോവിലുകള്‍ക്കും ക്ഷേത്രങ്ങള്‍ക്കുപോലും സാധാരണമായി ചൊസുയ എന്നറിയപ്പെടുന്ന ശിലാനിര്‍മിതമായ മേല്‍ക്കൂര കാണാറുണ്ട്. കോണിപ്പടിയുടെ വലതുഭാഗത്തോടും താഴ്ഭാഗത്തോടും ചേര്‍ന്നാണ് ഇതിലെ ജലധാര സ്ഥിതിചെയ്യുന്നത്. ഇവിടെ കാണുന്ന ലാളിത്യത്തിന് നമുക്ക് നന്ദി പറയാം.
ഭാരതീയ ക്ഷേത്രാചാരങ്ങളോട് സാമ്യമുള്ള ചില ആചാരങ്ങള്‍ നമുക്കവിടെയും കാണാം. വലതുകൈകൊണ്ട് വെള്ളമെടുത്ത് ഇടതുകൈയിലേക്ക് പകരുക, തീര്‍ഥക്കരണ്ടി ഇരുകൈകൊണ്ടും പിടിക്കുക. ഇടതുകൈകൊണ്ട് തീര്‍ഥക്കരണ്ടിയിലെ വെള്ളം വലതുകൈയിലേക്ക് ഒഴിക്കുക. തീര്‍ഥക്കരണ്ടിയില്‍നിന്ന് വാങ്ങിയ വെള്ളം ഇടതുകൈക്കുമ്പിളിലേക്ക് ഒഴിച്ച ശേഷം അല്പം പാനം ചെയ്യുകയും അല്പസമയം വായില്‍ കൊണ്ടശേഷം നിലത്തേക്ക് തുപ്പുകയും ചെയ്യുക. ഇരുകൈകളും ചേര്‍ത്തുപിടിച്ച് തീര്‍ഥക്കരണ്ടിയിലേക്ക് വെള്ളമൊഴിച്ച് വൃത്തിയാക്കുക.
ചുവന്ന വലിയ വിളക്കോടുകൂടിയ നിയോമൊണ്‍ ഗേറ്റിലേക്കായുള്ള കുത്തനെയുള്ള ഒരു കോണിപ്പടിയുണ്ട് അവിടെ. ഈ ചുവന്ന ദീപം (Tshukiji) മത്സ്യച്ചന്തയിലെ വിശ്വാസികള്‍ സംഭാവന ചെയ്തതാണത്രേ! ഈ വലിയ ചുവന്ന ദീപത്തിന് 800 കിലോഗ്രാം ഭാരമുണ്ട്. വിളക്കിന്റെ രണ്ടുഭാഗത്തായി രണ്ടു ദേവതകളുടെ പ്രതിമകള്‍ കൊത്തിവെച്ചിട്ടുണ്ട്.
നിയോമൊണ്‍ ഗേറ്റില്‍നിന്ന് കുത്തനെയുള്ള മറ്റൊരു കോണിപ്പടി എത്തിനില്‍ക്കുന്നത് പ്ലാസ ക്ഷേത്രസമുച്ചയത്തിലേക്കാണ്. ദയ്‌ഹോണ്ടോ എന്നുവിളിക്കപ്പെടുന്ന മരംകൊണ്ടുണ്ടാക്കിയ വലിയ കെട്ടിടമോ മെയിന്‍ ഹാളോ ആണിത്. 1968-ലാണ് ഈ മെയിന്‍ ഹാളിന്റെ ആധുനികരൂപം നിര്‍മിക്കപ്പെട്ടത്. ഇത് പലരുടെയും അഭയകേന്ദ്രവും ആരാധനാകേന്ദ്രവുമാണ്. ചുറ്റും പ്രദക്ഷിണം വെക്കുമ്പോള്‍ മന്ത്രോച്ചാരണത്തിന്റെയും വാദ്യമേളങ്ങളുടെയും ഘോഷം നമ്മെ അദ്ഭുതപ്പെടുത്താതിരിക്കില്ല.
ഗോമ പ്രാര്‍ഥന എന്നറിയപ്പെടുന്ന അവരുടെ നിത്യ പ്രാര്‍ഥനാചടങ്ങിന് വര്‍ണാഭമായ വസ്ത്രം ധരിച്ചുപോകുന്ന സന്ന്യാസിസമൂഹം ഒരു ദൃശ്യവിസ്മയംതന്നെയാണ്. ക്ഷേത്രത്തിലെ പ്രധാന ദേവതയായ ഫുഡോമ്യു അഥവാ അഗ്‌നിദേവന്റെ പ്രതിമകള്‍ കൊത്തിവെച്ചിരിക്കുന്ന ഈ മെയിന്‍ ഹാളില്‍ സന്ന്യാസിമാര്‍ നിത്യപ്രാര്‍ഥന നടത്താറുണ്ട്. ഈ ചടങ്ങ് കാഴ്ചക്കാര്‍ക്ക് രസകരവും താത്പര്യജനകവുമാണ്. നിര്‍ഭാഗ്യവശാല്‍ ഇവിടെ ഫോട്ടോഗ്രാഫി നിരോധിച്ചതുകൊണ്ട് ഈ ചടങ്ങിന്റെ ഫോട്ടോ നമുക്ക് ലഭ്യമല്ല.
വര്‍ണാഭമായ മൂന്നുനിലയുള്ള പഗോഡ മനോഹരമാണ്. ഈ കെട്ടിടത്തെ സംബന്ധിച്ച വിശദാംശങ്ങള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നതുമാണ്. ജീവിതത്തില്‍ കണ്ട ഏറ്റവും വര്‍ണാഭമായ പഗോഡയാണിത്. 25 മീ. ഉയരമുള്ള ഇതിന്റെ നിര്‍മാണം 1712-ലാണ് നടന്നത്. വൃത്തിയില്‍ പരിപാലിച്ചുപോരുന്ന ഈ ക്ഷേത്രസമുച്ചയം ക്ലാവുപിടിക്കാതെ നൂറ്റാണ്ടുകളായി താലോചിച്ചുകൊണ്ടേയിരിക്കുന്നു.
ഏതു രാജ്യങ്ങളിലെയും പോലെ വിശ്വാസത്തെയും ഭാഗ്യത്തെയും ബന്ധിപ്പിക്കുന്ന ചില ആചാരങ്ങളും ഇവിടെയും കാണാന്‍ കഴിഞ്ഞു.
ജപ്പാനിലെ അമ്പലങ്ങളിലും ശ്രീകോവിലുകളിലും സ്ഥിരമായി കാണുന്ന ഒരു കാഴ്ചയാണ് ഒമികുജി എന്ന ഭാഗ്യം പറയുന്ന കടലാസുചുരുള്‍.
100 യെന്‍ (ഏകദേശം 60 രൂപ) കൊടുത്തുകഴിഞ്ഞാല്‍ നമ്മുടെ ഭാഗ്യമറിയാം. പണം കൊടുത്തുകഴിഞ്ഞാല്‍ നമ്പറുകളെഴുതിയ കടലാസുചുരുളുകളുള്ള പെട്ടി ശക്തിയില്‍ കുലുക്കുകയും ആ ചുരുളുകളില്‍ നമ്മുടെ ഭാഗ്യം തീരുമാനിക്കപ്പെടുകയും ചെയ്യുന്നു.
അല്പനേരം കുലുക്കിയശേഷം ഈ പെട്ടിയില്‍നിന്ന് ഒരു കടലാസുചുരുള്‍ എടുക്കുകയും നമ്പര്‍ വായിക്കുകയും വീണ്ടും കടലാസുചുരുള്‍ ആ പെട്ടിയില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. നമുക്ക് കിട്ടിയ നമ്പറിന്റെ അടിസ്ഥാനത്തില്‍ ഒമികുജി എന്ന ഭാഗ്യകടലാസ് തിരഞ്ഞെടുക്കുകയും ചെയ്യുന്നു. കിട്ടിയത് നിര്‍ഭാഗ്യസൂചക നമ്പറാണെങ്കില്‍ അത് സൂക്ഷിക്കാറില്ല. ഒരു ദണ്ഡിന്മേലോ മരത്തിലോ വാതിലുകള്‍ക്കിടയിലോ നമ്മുടെ ഭാഗ്യകടലാസുചുരുള്‍ സൂക്ഷിച്ചുവെക്കാറാണ് ജപ്പാന്‍കാരുടെ പാരമ്പര്യം. ഒടുവില്‍ ഏതെങ്കിലും ക്ഷേത്രപരിസരത്ത് അത് നിക്ഷേപിക്കുന്നു. നല്ല ഭാഗ്യവാനാണ് നമ്മളെങ്കില്‍ വായിക്കുകയും, നമ്മുടെ കൂടെ എപ്പോഴും അത് കൊണ്ടുനടക്കുകയും ചെയ്യുന്നു.
ഒരു ചെറിയ യാത്രയില്‍ അനുഭവിക്കാവുന്ന മൂല്യവത്തായതും മനസ്സിനെ കുളിരണിയിക്കുന്നതുമായ ഈ കാഴ്ചയില്‍പരം മറ്റെന്താണ് ഭാഗ്യം?
ഒരു യാത്രാവേളയിലെ വിസ്മയത്തുരുത്ത് - അതെ, അന്തര്‍ദേശീയ വിമാനത്തിലെ തിരക്കുപിടിച്ച ജോലിത്തിരക്കിനിടയില്‍ വീണുകിട്ടുന്ന അവിസ്മരണീയമായ, മരണമില്ലാത്ത മുഹൂര്‍ത്തങ്ങള്‍ അഥവാ തിരക്കുപിടിച്ച ജീവിതത്തില്‍നിന്നുള്ള ഭംഗിയായ രക്ഷപ്പെടല്‍. നന്ദി ചെറി പൂക്കളെ നന്ദി...!