സാധാരണക്കാരന് താങ്ങാവുന്ന ചെലവില്‍ പോയിവരാവുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ദുബായ് നഗരം ഇടംപിടിക്കാറില്ല. എന്നാല്‍ ചുരുങ്ങിയ ചെലവില്‍ ദുബായില്‍ ചുറ്റാന്‍ ഒരു വഴിയുണ്ട്. ഗള്‍ഫില്‍ പരിചയക്കാരില്ലാത്ത മലയാളികള്‍ വിരളമായിരിക്കും. ട്രാവല്‍ ഏജന്‍സി ഉള്‍പ്പെടെയുള്ള ഇടനിലക്കാരുടെ സേവനങ്ങള്‍ ഒഴിവാക്കാന്‍ ഈയൊരു പ്രവാസബന്ധം ധാരാളം. പ്രവേശനപാസുകളും വാഹനസൗകര്യങ്ങളും എന്നുവേണ്ട താമസവും ഭക്ഷണവും വരെ ലാഭിക്കാം. പരമാവധി പണം കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമായി ചെലവാക്കാം.
ഞങ്ങളുടെ ദുബായ് യാത്ര മൊട്ടിട്ടത് ഈ ചിന്തകളില്‍നിന്നാണ്. സഹോദരനും ഭാര്യയും ദുബായില്‍ ജോലിചെയ്യുന്നു. കുറെ സുഹൃത്തുക്കളും അവിടുണ്ട്. കൂടുതലൊന്നും ചിന്തിക്കാതെ ടിക്കറ്റ് ബുക്ക് ചെയ്തു. ഞാനും ഭാര്യയും ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്നവരുംഒരു കുട്ടിയും ചേരുന്ന യാത്രാസംഘം. അഞ്ചുദിവസത്തെ ദുബായ് ഓട്ടപ്രദക്ഷിണം.
തയാറെടുപ്പുകള്‍
ടിക്കറ്റ്? കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് കിട്ടുന്ന ദിവസം നോക്കിയാണ് യാത്ര തീരുമാനിച്ചത്. ട്രാവല്‍ പോര്‍ട്ടലുകള്‍ പരതി. രണ്ടു മാസത്തിനകത്തായി, 5500 രൂപയ്ക്ക് ദുബായിലേക്കുള്ള ടിക്കറ്റ് ലഭിച്ചു.
വിസ? വിവിധ ട്രാവല്‍ ഏജന്‍സികളില്‍ വിളിച്ചു; കുറഞ്ഞ നിരക്കായ 6200 രൂപയില്‍ വിസ ഒപ്പിച്ചു.
താമസം? സഹോരന്റെ വീട്ടില്‍തന്നെ
എന്തൊക്കെ കാണണം? വിശാലമായ ദുബായ് കാഴ്ചകള്‍ക്കായി അഞ്ചു ദിവസം മാത്രമാണ് കൈയിലുള്ളത്. മാസികകള്‍, സമൂഹമാധ്യമങ്ങള്‍ തുടങ്ങിയവയിലൂടെ സ്ഥലങ്ങളെ കുറിച്ച് മനസിലാക്കി. സംഘത്തിലെ അംഗങ്ങളുടെയെല്ലാം അഭിരുചിക്ക് ഇണങ്ങുന്ന സ്ഥലങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി.
പഴയ ഏതാനും സഹപാഠികള്‍ ഗള്‍ഫിലുണ്ട്. ചില ഫെയ്സ്ബുക്ക് സുഹൃത്തുക്കളും. ഇവരുമായി ബന്ധപ്പെട്ട് യാത്രാപദ്ധതി വിവരിച്ചു; ഫോണ്‍ നമ്പര്‍ വാങ്ങി. അവരുടെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ചില മാറ്റങ്ങളും വരുത്തി.
പ്രവേശനപാസുകള്‍ സഹോദരന്‍ വഴി ബുക്ക് ചെയ്തു. വാഹനസൗകര്യം ഒരുക്കി. വഴികളും മറ്റ് അത്യാവശ്യ വിവരങ്ങളും ചോദിച്ചറിഞ്ഞു.
പ്രാണവായു കിട്ടിയില്ലെങ്കിലും ഫോണില്ലാതെ ജീവിക്കാനാകുമോ? നാട്ടിലെ എന്റെ ബിഎസ്എന്‍എല്‍ പ്രീ പെയിഡ് കണക്ഷന് അന്താരാഷ്ട്ര റോമിങ് ഇല്ല. പോസ്റ്റ് പെയിഡിന് 5000 രൂപ കെട്ടിവെയ്ക്കണം. കസിനെ വിളിച്ച് അവിടെ ഒരു സിം തരമാക്കി. സംഘത്തിലെ എല്ലാവരും നാട്ടിലെ അത്യാവശ്യക്കാര്‍ക്ക് ഈ നമ്പര്‍ നല്‍കുകയും ചെയ്തു.
കാശിന്റെ കാര്യം? വിദേശത്ത് ചെന്നാലും കറന്‍സി മാറ്റാം. എന്നാല്‍ അത്യാവശ്യത്തിനുള്ള തുക നാട്ടില്‍ നിന്നുതന്നെ മാറ്റിയെടുത്തു. 40,292 രൂപ കൊടുത്ത് 2140 ദിര്‍ഹം വാങ്ങി. ( 1 ദിര്‍ഹത്തിന് 18.8 രൂപ എന്ന നിരക്കില്‍)
ഡോള്‍ഫിനേറിയം ( Watch Video Travelogue - Dubai Dolphinarium )
യാത്രാസംഘത്തിലെ ജൂനിയറായ മൂന്നുവയസുകാരി ഗൗരിക്കുവേണ്ടി തിരഞ്ഞെടുത്തതാണ് ഡോള്‍ഫിനേറിയം. ദുബായ് ക്രീക്ക് പാര്‍ക്ക് എന്ന വിശാലമായ ഉദ്യാനത്തിലാണ് ഡോള്‍ഫിനേറിയം സ്ഥിതി ചെയ്യുന്നത്. അടിപൊളി സംഗീതവും കുട്ടികളുടെ കരഘോഷവും പഞ്ചാത്തലമാകുന്ന ഓഡിറ്റോറിയത്തില്‍ അരങ്ങേറുന്ന നീര്‍നായകളുടെയും ഡോള്‍ഫിനുകളുടെയും അഭ്യാസപ്രകടനം. ഒരുമണിക്കൂര്‍ നീണ്ട പരിപാടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍, കുട്ടികളിലും ആവേശം അലതല്ലിയത് ഞങ്ങള്‍ മുതിര്‍ന്നവരുടെ മുഖത്തായിരുന്നു.
ടിക്കറ്റ് നിരക്ക്
- ക്രീക്ക് പാര്‍ക്കിലേക്കുള്ള പ്രവേശനനിരക്ക് - അഞ്ച് ദിര്‍ഹം
- ഡോള്‍ഫിനേറിയത്തിലേക്കുള്ള പ്രവേശനനിരക്ക് -
- വിഐപി ടിക്കറ്റ് (മുന്‍സീറ്റിലിരിക്കാം) - 120 ദിര്‍ഹം (മുതിര്‍ന്നവര്‍), 80 ദിര്‍ഹം (കുട്ടികള്‍)
- പിന്‍ സീറ്റ് ടിക്കറ്റ് - 100 ദിര്‍ഹം (മുതിര്‍ന്നവര്‍), 70 ദിര്‍ഹം (കുട്ടികള്‍)
മരുഭൂമിയില്‍ ഒരു പൂവ് വിരിയുന്നതു പോലും അത്ഭുതമാണ്. അപ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടങ്ങളിലൊന്നായ മിറാക്കിള്‍ ഗാര്‍ഡന്‍ കാണാതെ ദുബായില്‍ നിന്ന് മടങ്ങുന്നത് വലിയ നഷ്ടമല്ലേ?
2013-ലെ പ്രണയദിനത്തില്‍ ഉദ്ഘാടനം ചെയ്ത, 18 ഏക്കറിലായി 450 ലക്ഷത്തോളം പൂക്കള്‍ വിരിഞ്ഞുനില്‍ക്കുന്ന ഉദ്യാനം. പൂക്കളാല്‍ തീര്‍ത്ത ഹൃദയകവാടങ്ങള്‍, നക്ഷത്രങ്ങള്‍, പിരമിഡുകള്‍, ചെറുവീടുകള്‍, വാഹനങ്ങള്‍... സെല്‍ഫിയെടുത്ത് ഞങ്ങള്‍ മടുത്തു. അഞ്ചുലക്ഷത്തോളം പൂക്കളാല്‍ അലങ്കരിച്ച ഭീമാകാരനായ എമിറേറ്റ്സ് വിമാനത്തിനു മുന്നിലാണ് ഫോട്ടോ എടുപ്പ് ഏറ്റവും നീണ്ടത്.
ടിക്കറ്റ്
- 40 ദിര്‍ഹം (മുതിര്‍ന്നവര്‍), 30 ദിര്‍ഹം (കുട്ടികള്‍)
- കാമറയ്ക്ക് 500 ദിര്‍ഹം ( 9000 രൂപയ്ക്ക് മുകളില്‍. ലളിതമായി പറഞ്ഞാല്‍ ഒരു ഡിജിറ്റല്‍ കാമറ വാങ്ങാനുള്ള കാശ്!)
ബുര്‍ജ് ഖലീഫ ( Watch Video Travelogue - Burj Khalifa )
ദുബായില്‍ പോയാല്‍ ബുര്‍ജ് ഖലീഫ കാണാതെ ആരും മടങ്ങാറില്ല. എന്നാല്‍ ടിക്കറ്റ് എടുത്ത് അതിനുമുകളില്‍ കയറുന്നവര്‍ കുറവായിരിക്കും. (അയ്യായിരം രൂപ കൊടുത്ത് എന്തിനാ അതിനു മുകളില്‍ കയറുന്നതെന്ന ചോദ്യം പ്രവാസി സുഹൃത്തുകളില്‍ പലരും എന്നോട് ചോദിച്ചിരുന്നു.)
ഭക്ഷണത്തില്‍ പോലും പിശുക്കുകാട്ടിയ ഞങ്ങള്‍ കാഴ്ചകള്‍ക്ക് പണം മുടക്കാന്‍ മടികാണിച്ചില്ല. നാട്ടില്‍ ചെന്നാലും കഴിക്കാം, പക്ഷേ ദുബായ് കാണണമെന്നു വിചാരിച്ചാല്‍ പിന്നെ നടക്കില്ലല്ലോ...
163 നിലകളുള്ള കെട്ടിടത്തിന്റെ 124-ാം നിലയിലാണ് സന്ദര്‍ശക ബാല്‍ക്കണി. ഒരാള്‍പൊക്കത്തില്‍ ചില്ലുകൊണ്ടുള്ള കൈവരി. ഇതിലൂടെ ദുബായ് നഗരത്തിന്റെ ആകാശക്കാഴ്ച കാണാം. താഴെ, ലോകത്തിലെ ഏറ്റവും വലിയ ജലധാരാ പ്രകടനമായ ദുബായ് ഫൗണ്ടന്‍. വൈദ്യുതവിളക്കുകളാല്‍ അലങ്കരിച്ച നഗരം.
125-ാം നിലയില്‍ കച്ചവടസ്ഥാപനങ്ങളും ചെറിയ കളികളുമൊക്കെയാണ് ഒരുക്കിയിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് ആടിരസിക്കാന്‍ ചില്ലുകൊണ്ടുള്ള ഊഞ്ഞാലുണ്ട്. വലിയ ഗ്ലാസ് ഭിത്തിയിലൂടെ ഇവിടെ നിന്നും പുറംകാഴ്ചകള്‍ കാണാം.
രാത്രി പത്തുമണിക്കാണ് ഞങ്ങള്‍ ബുര്‍ജ് ഖലീഫയുടെ മുകളിലെത്തിയത്. ലോകനഗരത്തിന്റെ രാത്രികാഴ്ച. പകല്‍ ഇത് വ്യത്യസ്തമായ മറ്റൊരു അനുഭവമായിരിക്കും.
124, 125 നിലകളിലേക്കാണ് സാധാരണ ടിക്കറ്റ് വഴി പ്രവേശനം. അറ്റ് ദ ടോപ് എന്ന പേരിലുള്ള ഈ ടിക്കറ്റിന്റെ നിരക്ക് 125 മുതല്‍ 350 ദിര്‍ഹം വരെയാണ് ( 2300 മുതല്‍ 6000 രൂപ വരെ). തിരക്കുള്ള സമയത്തിന് അനുസരിച്ചാണ് നിരക്ക് വര്‍ധന.
അറ്റ് ദ ടോപ് സ്‌കൈ എന്ന ടിക്കറ്റ് എടുത്താല്‍ 148-ാം നിലയിലേക്കു കൂടി പ്രവേശിക്കാം. 350 മുതല്‍ 500 ദിര്‍ഹം വരെയാണ് നിരക്ക് (6400 മുതല്‍ 9200 രൂപ വരെ)
രാവിലെ എട്ടര മുതല്‍ മൂന്ന് വരെയും വൈകിട്ട് ആറര മുതല്‍ സന്ദര്‍ശകര്‍ അവസാനിക്കുന്ന വരെയുമാണ് ബുര്‍ജ് ഖലീഫയിലേക്ക് സന്ദര്‍ശകരെ അനുവദിച്ചിരിക്കുന്നത്.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക www.burjkhalifa.ae
ദുബായ് അക്വേറിയം, അണ്ടര്‍ഗ്രൗണ്ട് സൂ
ദുബായ് മാളിന്റെ ഒരു നിലപൊക്കത്തില്‍ നിര്‍മിച്ച അക്വേറിയം. സ്രാവ് ഉള്‍പ്പെടെ ഒട്ടുമിക്ക സമുദ്രജീവജാലങ്ങളും ഇവിടെ നീന്തിത്തുടിക്കുന്നു. മാളിലൂടെ നടക്കുമ്പോള്‍ തന്നെ ടാങ്കിന്റെ ഒരു വശം കാണാം. ചില്ലിട്ടുമൂടിയ ചെറുസമുദ്രം പുറത്തുനിന്ന് കാണാനും കാമറയില്‍ പകര്‍ത്താനും ആളുകളുടെ തിരക്കാണ്.
അക്വേറിയം പുറത്തുനിന്ന് കണ്ടാസ്വദിക്കുന്നവരുടെ മുന്നിലൂടെ സ്വല്‍പം ഗമയില്‍ ഞങ്ങള്‍ അകത്തേയ്ക്ക് പ്രവേശിച്ചു.
ഗ്ലാസ് തടാകത്തിനുള്ളിലൂടെയുള്ള തുരങ്കയാത്ര, ജലാന്തര സസ്യജന്തുശാല സന്ദര്‍ശനം എന്നിവയാണ് പ്രധാന ആകര്‍ഷണം. ചെറുമത്സ്യങ്ങള്‍ മുതല്‍ ഭീമാകാരനായ മുതല വരെ വിവിധ നിലകളിലായി ഒരുക്കിയ പ്രദര്‍ശനശാലകളില്‍ സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു. ജലജീവജാലങ്ങളെ കുറിച്ച് കുട്ടികള്‍ക്ക് പഠിക്കാനും ദുബായ് അക്വേറിയം ആന്‍ഡ് അണ്ടര്‍വാട്ടര്‍ സൂവില്‍ സൗകര്യം ഒരുക്കിയിരിക്കുന്നു. സ്രാവുകളും മുതലകളുമുള്ള കുളത്തിലേക്ക് സന്ദര്‍ശകരെ ഇരുമ്പുകൂട്ടിലാക്കി ഇറക്കുന്ന സാഹസികപരിപാടിയും വേറെയുണ്ട്. നിരക്ക് വളരെ കൂടുതലായതിനാല്‍ അത് ഞങ്ങള്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു.
ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സന്ദര്‍ശിക്കുക - www.thedubaiaquarium.com
മരുഭൂമിയിലെ മരുപ്പച്ച ( Watch Video Travelogue - Trip to Al Qudra Lake)
അല്‍കുദ്ര എന്ന പേരുപറഞ്ഞപ്പോള്‍ കൂടെ വന്നവര്‍ക്കു മാത്രമല്ല, ദുബായിലെ ഒട്ടുമിക്ക സുഹൃത്തുക്കള്‍ക്കും മനസിലായില്ല. സഞ്ചാരപ്രേമിയായ ഒരു പ്രവാസിസുഹൃത്താണ് വഴി പറഞ്ഞുതന്നത്.
ആകാശംമുട്ടുന്ന കെട്ടിടങ്ങളും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമല്ലാതെ മണ്ണും ജലവും ജീവജാലങ്ങളും ചേരുന്ന അറബിനാടിന്റെ ജൈവവൈവിധ്യം. ഒപ്പം സൈക്ലിങ് ഭ്രാന്തന്‍മാരുടെ പറുദീസയും.
സയ്യഹ് അല്‍ സലാം സംരക്ഷിത മരുഭൂമിയില്‍ 25 ഏക്കറിലായി നിര്‍മിച്ച ആറു ജലാശയങ്ങളില്‍ ഒന്നാണ് ഈ തടാകം. ദുബായ് ഭരണാധികാരി ഷേക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തോമിന്റെ നിര്‍ദേശപ്രകാരം നിര്‍മിച്ച ഈ ശുദ്ധജല തടാകങ്ങളുടെ പരിസരം ഇന്ന് നിരവധി ദേശാടനപക്ഷികളുടെ താവളമാണ്.
നല്ലൊരു മരത്തണല്‍ കണ്ടെത്തിയ ശേഷം പ്രകൃതിസൗന്ദര്യം ആസ്വദിച്ചിരിക്കാം. തടാകക്കരയില്‍ ബാര്‍ബിക്യു ഒരുക്കാം.
84 കിലോമീറ്റര്‍ നീളുന്ന സൈക്ലിങ് പാതയാണ് അല്‍കുദ്രയുടെ മറ്റൊരു ആകര്‍ഷണം. അല്‍കുദ്ര റൗണ്ടിന് സമീപത്തുള്ള ട്രെക്ക് ബൈസൈക്കിള്‍ സ്റ്റോറില്‍ നിന്ന് സൈക്കിള്‍ വാടകയ്ക്ക് എടുക്കാം. സൈക്ലിങ് വിദഗ്ധര്‍ക്കും സാധാരണക്കാര്‍ക്കും യോജിച്ച വാഹനങ്ങള്‍ ഇവിടെ ലഭ്യമാണ്. എല്ലാ ദിവസവും പുലര്‍ച്ചെ ആറുമുതല്‍ രാത്രി പത്ത് വരെ ഇവിടുത്തെ സൈക്കിള്‍ കടകള്‍ തുറന്നുപ്രവര്‍ത്തിക്കും. പൊടിക്കാറ്റില്‍ യാത്ര ചെയ്ത് മടങ്ങിയെത്തുന്നവര്‍ക്ക് കുളിമുറിയും ക്ഷീണം അകറ്റാന്‍ വിശ്രമമുറികളും ഭോജനശാലകളും പ്രാര്‍ഥനാമുറികളുമെല്ലാം ഈ സമുച്ചയത്തിലുണ്ട്.
എങ്ങനെ എത്താം ?
ദുബായ് - അല്‍ ഐന്‍ റൂട്ടില്‍ ഔട്ട്‌ലെറ്റ് മാളിനു ശേഷം അല്‍ ലിസലി എക്സിറ്റ് വഴി വലത്തോട്ട് തിരിഞ്ഞ് പോയാല്‍ അല്‍കുദ്രയില്‍ എത്താം. അല്‍ഖുദ്ര സൈക്കിള്‍ ട്രാക്ക് റൗണ്ട് എബൗട്ടിലാണ് വഴി എത്തിച്ചേരുക. ഗൂഗിള്‍ മാപ്പില്‍ ഈ ഭാഗം അടയാളപ്പെടുത്തിയിട്ടുണ്ട്, വഴി തെറ്റാതിരിക്കാന്‍ ഉപയോഗിക്കാം. ദ ഒയാസിസ് എന്ന ദിശാസൂചിക നോക്കി, ടാറിടാത്ത വഴിയിലൂടെ പോയാല്‍ തടാകത്തിലെത്താം. ദുബായ് നഗരത്തില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെയാണ് അല്‍കുദ്ര. മൂന്ന് തടാകങ്ങള്‍ വഴിയുടെ ഒരുവശവും മറ്റ് മൂന്ന് തടാകങ്ങള്‍ മറുഭാഗത്തുമാണ്.
ശ്രദ്ധിക്കാന്‍
- അല്‍കുദ്രയിലെ മറ്റു തടാകങ്ങളിലേക്ക് പോകാന്‍ കൃത്യമായ വഴികാട്ടികളൊന്നും ഇല്ല. വാച്ച് ടവറില്‍ നിന്ന് നോക്കിയാല്‍ പ്രദേശത്തെ കുറിച്ച് ഏകദേശ ധാരണ ലഭിക്കും. എന്നാലും വളരെ ശ്രദ്ധിച്ചുതന്നെ പോകണം. ഇല്ലെങ്കില്‍ മരുഭൂമി നിങ്ങളെ വട്ടംചുറ്റിക്കും. ( അല്‍കുദ്രയിലൂടെ ഡ്രൈവ് ചെയ്ത് വഴി തെറ്റിയ അനുഭവങ്ങള്‍ പല ട്രാവല്‍ പോര്‍ട്ടലുകളിലും യാത്രികര്‍ പങ്കുവെച്ചിട്ടുണ്ട്.)
- പ്രധാന പാതകളില്‍ എല്ലാ വാഹനങ്ങളും സഞ്ചരിക്കും. എന്നാല്‍ മരുഭൂമിയെന്ന നിലയ്ക്ക് ഫോര്‍ വീല്‍ ഡ്രൈവ് ഇപയോഗിക്കുന്നതാണ് ഉത്തമം.
- വെള്ളിയാഴ്ചകളിലും മറ്റ് അവധി ദിനങ്ങളിലും തിരക്ക് പ്രതീക്ഷിക്കാം
- ഉള്‍പ്രദേശമായതിനാല്‍ രാത്രികാലത്തെ തങ്ങലുകള്‍ക്ക് സുരക്ഷ ഉറപ്പില്ല
- ഗൂഗിള്‍ മാപ്പാണ് അല്‍കുദ്രയിലേക്ക് എത്തിച്ചേരാന്‍ ഏറ്റവും നല്ല മാര്‍ഗദര്‍ശി
- യോജിച്ച സമയം - പുലര്‍കാലവും സായാഹ്നവും
കൊച്ചിയില്‍ പോയാല്‍ മെട്രോയില്‍ കയറാം. എന്നാല്‍ ദുബായിലെ റെയില്‍വേ വിശേഷങ്ങള്‍ മോണോ റെയിലിലേക്കും ട്രാമിലേക്കും നീളുന്നതാണ്. ദുബായ് നഗരപാളങ്ങളിലൂടെയുള്ള യാത്രയാണ് അടുത്തത്.
മെട്രോ
ദുബായ് ചുറ്റാന്‍ ഏറ്റവും സൗകര്യമായ മാര്‍ഗം മെട്രോ തന്നെയാണ്. ഒട്ടുമിക്കയിടങ്ങളിലേക്കും മെട്രോയിലൂടെ അനായാസം എത്തിച്ചേരാം. ദുബായ് ഗതാഗത വകുപ്പിന്റെ ( റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ) കീഴിലാണ് റെയില്‍ സര്‍വീസുകള്‍ പ്രവര്‍ത്തിക്കുന്നത്. ആര്‍ടിഎയുടെ കീഴിലുള്ള ഗതാഗത മാര്‍ഗങ്ങളിലെല്ലാം ഒരൊറ്റ നോല്‍ കാര്‍ഡ് ഉപയോഗിച്ചാണ് യാത്ര. റെഡ് ലൈന്‍, ഗ്രീന്‍ ലൈന്‍ എന്നിങ്ങനെ രണ്ട് റൂട്ടുകളിലായി, 75 കിലോമീറ്റര്‍ നീളത്തിലുള്ള പാതയാണ് മെട്രോയ്ക്കുള്ളത്.
ഭൂഗര്‍ഭത്തിലൂടെയും പാലങ്ങളിലൂടെയുമുള്ള യാത്ര, നഗരസൗന്ദര്യം ആസ്വദിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ്.
റൂട്ടുകള്‍
- റെഡ് ലൈന്‍ - റാഷിദിയില്‍ നിന്ന് വ്യവസായ നഗരമായ ജബല്‍ അലി വരെ
- ഗ്രീന്‍ ലൈന്‍ - ക്രീക്കില്‍ നിന്ന് എത്തിസലാത് വരെ
റോഡിനൊപ്പം നീളുന്ന പാളത്തില്‍, നിരത്തിലെ വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കുമൊപ്പം സഞ്ചരിക്കുന്ന അനുഭവം; അതാണ് ട്രാം. നഗരമധ്യത്തിലൂടെ 10 കിലോമീറ്ററോളം നീളുന്ന ട്രാം സര്‍വീസിന് 11 സ്റ്റേഷനുകളാണുള്ളത്. പരമാവധി 20 കിലോമീറ്ററാണ് വേഗത. 3 മുതല്‍ 7.5 ദിര്‍ഹം വരെയാണ് യാത്രാനിരക്കുകള്‍.
മോണോ റെയില്‍
ആകാശത്തെ ഒറ്റപ്പാളത്തിലൂടെ അത്ഭുതദ്വീപായ പാം ജുമൈറയിലേക്കുള്ള യാത്രയാണ് മോണോ റെയില്‍ പ്രദാനം ചെയ്യുന്നത്. സമുദ്രത്തിലേക്ക് ഇറങ്ങിയിരിക്കുന്ന മനുഷ്യനിര്‍മിതദ്വീപായ പാം ജുമൈറയെ പുറംലോകവുമായി ബന്ധിപ്പിക്കുന്ന പ്രധാനമാര്‍ഗമാണ് മോണോ റെയില്‍. പാം ജുമൈറ സ്റ്റേഷനില്‍ നിന്ന് ആരംഭിച്ച് അഞ്ചര കിലോമീറ്റര്‍ നീളുന്ന മോണോ റെയില്‍പാത ദ്വീപിന്റെ മുനമ്പായ ഗെയിറ്റ്വേ ടവറിലാണ് ചെന്നവസാനിക്കുക. ആഡംബര ഹോട്ടലായ അറ്റ്ലാന്റിസും സ്വകാര്യ വസതികളും ചേരുന്ന ആഢംബരദ്വീപിന്റെ കാഴ്ചകളാണ് മോണോ റെയിലിന്റെ ആകര്‍ഷണം. കടലിന് നടുവിലൂടെ 30 മിനിട്ട് നീളുന്ന യാത്ര.
ജുമൈറ ലേക്ക് ടവറിലെ ട്രാം സ്റ്റേഷനില്‍ നിന്നാണ് പാളം ആരംഭിക്കുന്നത്. മെട്രോ പാതയുമായി മോണോ റെയില്‍ ബന്ധിപ്പിച്ചിട്ടില്ല. അതുപോലെ മോണോ റെയില്‍ യാത്രയ്ക്ക് പ്രത്യേക ടിക്കറ്റും എടുക്കണം. വിശാലമായ ഇരിപ്പിടങ്ങളും ജനാലകളുമുള്ള മോണോ റെയിലില്‍ ഒരു വശത്തേക്ക് പോകാന്‍ 15 ദിര്‍ഹം നല്‍കണം. ഇരുവശങ്ങളിലേക്കുമുള്ള ടിക്കറ്റ് 25 ദിര്‍ഹത്തിന് ലഭിക്കും. രാത്രി 10 മണിവരെ, 15 മിനിട്ട് കൂടുമ്പോള്‍ സര്‍വീസുണ്ട്.
ഓള്‍ഡ് ദുബായ്
ഇതുവരെ കണ്ടതെല്ലാം പുതിയ ദുബായ്. ഇനി കാണാന്‍ പോകുന്നത് പഴയ ദുബായ്; ചരിത്രമുറങ്ങുന്ന ദുബായ്...
കച്ചവടത്തിന്റെയും സംസ്‌കാരത്തിന്റെയും ചരിത്രത്തിലേക്ക് പഴയ ദുബായ് നമ്മെ കൂട്ടിക്കൊണ്ടുപോകും.
ദുബായ് ചരിത്രം ഇവിടെ ഉറങ്ങുന്നു
ദുബായ് ഭരിക്കുന്ന അല്‍ മക്തൂം രാജകുടുംബത്തിന്റെ പഴയ വസതിയായ ഷേക്ക് സയ്യിദ് അല്‍ മക്തൂം ഹൗസ്. അല്‍ഗുബൈബ മെട്രോ സ്റ്റേഷനില്‍ ഇറങ്ങിയാണ് ഷേക്ക് സയ്യിദ് അല്‍ മക്തൂം ഹൗസിലേക്ക് പോയത്. ദുബായിയുടെ ജലപാതയായ ക്രീക്കിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാനമായ പ്രദേശം. 1896-ല്‍ നിര്‍മിച്ച ഈ കെട്ടിടസമുച്ചയത്തിലാണ് 1958 വരെ രാജകുടുംബം താമസിച്ചിരുന്നത്. അറേബ്യന്‍ ചരിത്രവും സംസ്‌കാരവും പ്രദര്‍ശിപ്പിക്കുന്ന പൈതൃകമ്യൂസിയമാണ് ഇന്നിവിടം.
മക്കയുടെ ദിശയിലാണ് മക്തൂം ഹൗസിന്റെ നിര്‍മാണം. പവിഴവും ചുണ്ണാമ്പുകല്ലുമാണ് പ്രധാന നിര്‍മാണവസ്തു. ഷെയ്ക്ക് സയ്യീദും മക്കള്‍ക്കും താമസിക്കാനായി പിന്നീട് നാല് ഭാഗങ്ങളായി കെട്ടിടം വികസിപ്പിക്കുകയായിരുന്നു. പരമ്പരാഗത ശൈലിയിലുള്ള കെട്ടിടങ്ങളാല്‍ നിറഞ്ഞ ഈ പ്രദേശം അല്‍ഷിന്തഗ എന്നാണ് അറിയപ്പെടുന്നത്.
ശനി മുതല്‍ വ്യാഴം വരെ, രാവിലെ 8 മുതല്‍ രാത്രി 8.30 വരെയാണ് ഷേക്ക് സയീദ് അല്‍ മക്തൂം ഹൗസിലേക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മുതിര്‍ന്നവര്‍ക്ക് 3 ദിര്‍ഹവും ആറുവയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് 1 ദിര്‍ഹവുമാണ് പ്രവേശന ഫീസ്. സൗജന്യമായി വാഹനം പാര്‍ക്ക് ചെയ്യാന്‍ സമീപപ്രദേശത്ത് സൗകര്യമുണ്ട്.
ക്രീക്കിന് സമീപത്തേക്ക് എത്തി. ദുബായ് നഗരത്തെ രണ്ടായി തിരിക്കുന്ന നീര്‍ച്ചാല്‍ എന്ന് ക്രീക്കിനെ വിശേഷിപ്പിക്കാം. ക്രീക്കിന്റെ പടിഞ്ഞാറന്‍ ഭാഗം ബര്‍ദുബായ് എന്നും വടക്കുഭാഗം ദേര എന്നുമാണ് അറിയപ്പെടുന്നത്.
കല്ലുപാകിയ വഴിയിലൂടെ ഞങ്ങള്‍ മുന്നോട്ട് നടന്നു. പല രൂപത്തിലുള്ള ആഡംബര നൗകകള്‍ നങ്കൂരമിട്ട് കിടക്കുന്നു. ഒപ്പം പരമ്പരാഗ തടിവഞ്ചികളായ അബ്രയും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) നിയന്ത്രണത്തിലാണ് ഇവയുടെ സര്‍വീസും നടക്കുന്നത്.
ക്രീക്കിന്റെ കരയിലായി തുറന്ന ഭോജനശാലകളും വിശ്രമിക്കാനായി ചാരുപടികളും ഒരുക്കിയിരിക്കുന്നു. പ്രാവുകള്‍ക്ക് അരിയിട്ടുകൊടുത്ത് ഏതാനും ചിലര്‍ ഇരിക്കുന്നുണ്ട്. എവിടെയും നല്ല തിരക്ക്.
കച്ചവടം പൊടിപൊടിക്കുന്ന പഴയ തെരുവ്
നടന്നു നടന്ന് ബാങ്ക് ഓഫ് ബറോഡയുടെ വലിയ ഓഫീസിന്‍െ അരികിലെത്തി. തൊട്ടടുത്താണ് ദുബായിലെ പ്രധാന കച്ചവടകേന്ദ്രങ്ങളിലൊന്നായ ഓള്‍ഡ് സൂഖ്. ബര്‍ദുബായ് സൂഖ് എന്നും ടെക്സ്ടൈല്‍ സൂഖ് എന്നും അറിയപ്പെടുന്നു. നിരവധി ചെറിയ കടകളാല്‍ നിറഞ്ഞ നെടുനീളന്‍ തെരുവാണ് ഈ പഴയ ചന്ത. തുണിത്തരങ്ങള്‍, ചെരുപ്പുകള്‍, കരകൗശലവസ്തുക്കള്‍ എന്നിവയാണ് പ്രധാന ആകര്‍ഷണം.
വര്‍ണവെളിച്ചങ്ങളാല്‍ അലങ്കരിച്ച തെരുവ്. പഴയ ശൈലിയിലുള്ള നിര്‍മാണം. തെരുവിന്റെ തുടക്കം മുതല്‍ ഒടുക്കം വരെ ഒരേ വാസ്തുശൈലി പിന്തുടര്‍ന്നിരിക്കുന്നു. എന്നാല്‍ കെട്ടിടങ്ങളുടെ ഈ വാസുതഭംഗിയെ മറയ്ക്കുന്ന രീതിയില്‍ കച്ചവട സാമഗ്രികള്‍ എങ്ങും നിരത്തിയിരിക്കുന്നു. അതേസമയം പോസ്റ്ററോ, കുത്തിവരകളോ നടത്തി ഭിത്തികളെ നശിപ്പിച്ചിട്ടുമില്ല.
ജയ, നാന്‍സി, ദീപ, സാഗര്‍... ഇന്ത്യന്‍ ചുവയുള്ള ധാരാളം പേരുകള്‍ ചുവരുകളില്‍ കാണാം. നടത്തത്തില്‍ ഹിന്ദിയും മലയാളവും ഇടയ്ക്കിടയ്ക്ക് കേള്‍ക്കാനും സാധിക്കും. തെരുവ് ചെന്നവസാനിക്കുന്ന മൂലയില്‍ നിന്ന് ഇടനാഴിയിലൂടെ നടന്നാല്‍ ഒരു ഹിന്ദുക്ഷേത്രം സന്ദര്‍ശിക്കാം.
തടിവഞ്ചിയില്‍ ഒഴുകാം
അടുത്തത് അബ്ര യാത്രയാണ്. പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ ഉപയോഗിക്കുന്ന ജലഗതാഗതമാണിത്. ഓള്‍ഡ് സൂഖിന് തൊട്ടടുത്താണ് ബര്‍ദുബായ് അബ്ര സ്റ്റേഷന്‍.
ആര്‍ടിഎയുടെ ഒരുദ്യോഗസ്ഥനാണ് സ്റ്റേഷനിലെ മാര്‍ഗദര്‍ശി. വഞ്ചിയിലേക്ക് പ്രവേശിക്കാന്‍ അഞ്ചോ ആറോ ഗേറ്റുകളുണ്ട്. വഞ്ചികള്‍ തുരുതുരാന്ന് വന്നുകൊണ്ടിരിക്കുന്നു. അതിലും വേഗത്തില്‍ ആളുകളാല്‍ നിറയുകയും ചെയ്യുന്നു. ഏതാനും മിനിട്ട് തലങ്ങും വിലങ്ങും ഓടിയശേഷമാണ് എനിക്കൊരു വള്ളത്തില്‍ ഇടംപിടിക്കാനായത്.
സാധാരണ ഒരു തടിവഞ്ചി. കട്ടില്‍പോലെ ഒരു ഇരിപ്പിടം. അതില്‍ നിരനിരയായി ആളുകള്‍ ഇരിക്കുന്നു. നടുക്ക് മോട്ടോര്‍ പ്രവര്‍ത്തിപ്പിച്ച് ഡ്രൈവര്‍. യാത്രക്കാരുടെ കൈകളില്‍ നിന്ന് അയാള്‍ തന്നെയാണ് കാശുവാങ്ങുന്നത്. ഒരു ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്. ദുബായിലെ ഏറ്റവും ചിലവുകുറഞ്ഞ യാത്രാമാര്‍ഗം.
വര്‍ണത്തില്‍ കുളിച്ച് ഇരുവശവും കെട്ടിടങ്ങള്‍. ഒരു വശത്ത് പരമ്പരാഗത നിര്‍മിതികളും മറുവശത്ത് അംബരചുംബികളും. അബ്രയിലെ രാത്രികാല യാത്രയിലെ കാഴ്ചകള്‍ ഇതാണെങ്കില്‍ വെയിലില്‍ വെട്ടിത്തിളങ്ങുന്ന ഓളപ്പരപ്പില്‍ തിമിര്‍ക്കുന്ന കടല്‍കാക്കകളാണ് പകല്‍ കാഴ്ചകളിലെ ആകര്‍ഷണം.
ആഡംബരക്രൂയിസ് ബോട്ടുകളും ക്രീക്കിലൂടെ സര്‍വീസ് നടത്തുന്നുണ്ട്.
ദുബായിയുടെ മറ്റൊരു മുഖം
എതിരെ വരുന്ന വഞ്ചിയെ ഇടിച്ചും വെട്ടിച്ചും അക്കരെ ദേര നഗരത്തില്‍ ഞങ്ങളുടെ വഞ്ചി നങ്കൂരമിട്ടു. വഴിയോരത്ത് ഭിക്ഷക്കാര്‍, വഴിയിലേക്ക് ഇറങ്ങിയ ആള്‍ക്കൂട്ടങ്ങള്‍, ഇടവഴികളില്‍ പുകച്ചുരുളുകളുമായി പുരുഷാരം, കണ്ണുകളില്‍ കാമം നിറച്ച കറുത്തസുന്ദരികള്‍... കണ്ടുമറന്ന ഏതോ ഉത്തരേന്ത്യന്‍ നഗരത്തിന് ഓര്‍മപ്പെടുത്തുന്ന കാഴ്ചകളായിരുന്നു ദേരയില്‍ എന്നെ കാത്തിരുന്നത്.
വിശപ്പ് കലശലായപ്പോള്‍ മദ്രാസ് ഹോട്ടല്‍ എന്ന പേരുകണ്ട് കയറി. ന്യൂ ദുബായില്‍ 20 ദിര്‍ഹം മുടക്കി മസാലദോശ കഴിക്കേണ്ടി വന്നപ്പോള്‍, ഇവിടെ വെറും 4.5 ദിര്‍ഹം മാത്രമാണ് ചിലവായത്.
ഓള്‍ഡ് ദുബായുടെ ചെറിയൊരു ഭാഗം മാത്രമാണിത്. ഷിന്തഗ പൈതൃക ഗ്രാമം, ദുബായ് മ്യൂസിയം എന്നിങ്ങനെ ധാരാളം വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. കണ്ണഞ്ചിപ്പിക്കുന്ന അത്യാഡംബര കാഴ്ചകളില്‍ നിന്ന് നിറംമങ്ങിയ ചില നേര്‍ക്കാഴ്ചകളിലൂടെയാണ് ഞങ്ങളുടെ ഓള്‍ഡ് ദുബായ് യാത്ര അവസാനിച്ചത്.
സമീപത്തെ മെട്രോ സ്റ്റേഷന്‍ അന്വേഷിച്ചു. തൊട്ടടുത്താണ് പാം ദേര മെട്രോ സ്റ്റേഷന്‍ എന്നറിഞ്ഞു. വീട്ടിലേക്ക് മടക്കം...
ഡെസേര്‍ട്ട് സഫാരി ( Watch Video Travelogue - Dubai Desert, Belly Dance )
ഇനി ദുബായ് യാത്രയുടെ കൊട്ടിക്കലാശമാണ്. ഡേസേര്‍ട്ട് സഫാരിയും ക്യാംപും.
ട്രാവല്‍ ഏജന്‍സി വഴി നേരത്തെ ബുക്ക് ചെയ്തതാണ്. 115 ദിര്‍ഹം (മുതിര്‍ന്നവര്‍), 89 ദിര്‍ഹം (കുട്ടികള്‍) എന്ന നിരക്കില്‍. വൈകുന്നേരം മൂന്നുമണിയായപ്പോള്‍ ഞങ്ങളെ കൊണ്ടുപോകാന്‍ ലാന്‍ഡ് ക്രൂയിസര്‍ കാര്‍ എത്തി. അറബിക്കുപ്പായമിട്ട യുവാവാണ് സാരഥി.
ഒമാന്‍ റൂട്ടിലൂടെ യാത്ര, ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മണല്‍പാതയിലേക്ക് തിരിഞ്ഞു. ഡ്യൂണ്‍ ബാഷ്, അഥവാ മണല്‍ക്കൂനയിലെ പ്രഹരമെന്ന് വിശേഷിപ്പിക്കുന്ന സാഹസികയാത്രയാണിനി. മരുഭൂമിയുടെ പരുക്കന്‍ ഭാവങ്ങള്‍ ഏറ്റുവാങ്ങി, മൂന്ന് കിലോമീറ്ററോളം തെന്നിത്തെറിച്ചൊരു യാത്ര.
ചെന്നെത്തുന്നത് അറബിത്താവളത്തിലേക്കാണ്. സന്ധ്യയാകുന്ന വരെ പരിസരത്ത് അലഞ്ഞുതിരിയാം. ഒട്ടകപ്പുറത്ത് ചെറുയാത്ര നടത്താം. ദിര്‍ഹം പൊടിക്കാനുണ്ടെങ്കില്‍, ഡെസേര്‍ട്ട് ബൈക്കും ഓടിക്കാം.
യാത്രയിലെ മറക്കാനാവാത്ത നിമിഷങ്ങള്‍ സമ്മാനിച്ചത് മരുഭൂമിയിലെ ഈ സായാഹ്നം തന്നെയായിരുന്നു. ഞാനും ഭാര്യയും സഹോദരങ്ങളും കുഞ്ഞുഗൗരിയും മണല്‍പരപ്പില്‍ തലകുത്തിമറിഞ്ഞു.
ഇരുട്ട് വീണതോടെ കൂടാരത്തിലേക്ക്. പരമ്പരാഗത ശൈലിയില്‍ ഒരുക്കിയ ഇരിപ്പിടങ്ങള്‍. ആളുകള്‍ക്ക് കൂട്ടത്തോടെ ഇരുന്ന ഹുക്ക വലിക്കാന്‍ സൗകര്യം. ഏതാനും സമയത്തിനു ശേഷം കലാപരിപാടികള്‍ ആരംഭിക്കുകയായി. ചുഴറ്റല്‍ നൃത്തം, അഗ്‌നികൊണ്ടുള്ള അഭ്യാസങ്ങള്‍... പിന്നാലെ പ്രശസ്തമായ ബെല്ലി ഡാന്‍സും. കൈകൊട്ടലും ആടിപ്പാടലും മൂലം തളര്‍ന്ന അതിഥികള്‍ക്കായി പിന്നാലെ ബുഫെ വിരുന്നാണ്. സസ്യ, മാംസവിഭവങ്ങള്‍ വെവ്വേറെ കൂടാരങ്ങളിലായാണ് തയാറാക്കിവെച്ചിരിക്കുന്നത്. ഇഷ്ടാനുസരണം എടുക്കാം.
ആഡംബര അനുഭവങ്ങള്‍, ചരിത്രശേഷിപ്പുകള്‍, മണലാരണ്യക്കാഴ്ചകള്‍... കുറച്ചു സമയത്തിനുള്ളില്‍ ദുബായ് എന്ന അത്ഭുതലോകത്തിന്റെ രത്നച്ചുരുക്കം കണ്ടറിഞ്ഞ ഞങ്ങള്‍ ചാരിതാര്‍ഥ്യത്തോടെ മടങ്ങി...