അതിരില്‍ച്ചെന്ന് തൊടുമ്പോള്‍ - ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര


By ജ്യോതിലാല്‍

4 min read
Read later
Print
Share

റോഡിനിടതുവശം വലിയൊരു വെള്ളച്ചാട്ടം. ഒരു ചെറിയപാലവും. കുത്തിയൊലിച്ചാര്‍ത്ത് കുതിക്കുന്ന വെള്ളച്ചാട്ടം അതിരുകള്‍ വകവെക്കാതെ അയല്‍രാജ്യത്തേക്ക് കുതിക്കുന്നു. യാത്രാപ്രിയന്റെ മനസ്സുപോലെ.

മേഘാലയത്തിന്റെ മഞ്ഞിന്‍ മറകള്‍ കടന്ന് ഇന്ത്യയുടെ അതിരുകളിലേയ്ക്ക് ഒരു യാത്ര

ലോകത്തിന് ആരാണ് അതിരുകള്‍ നിര്‍ണയിക്കുന്നത്?. മനുഷ്യന്റെ ചില സ്വാര്‍ഥ താത്പര്യങ്ങള്‍ തന്നെ. സ്വന്തം പറമ്പിന് വേലികെട്ടിത്തിരിക്കുന്നിടത്ത് അത് തുടങ്ങുന്നു. ഇവിടെ രാജ്യത്തിന്റെ അതിര്‍ത്തിയാണ് വിഷയം. രാജ്യത്തിന് അതിരുവേണ്ടെന്ന് പറയാന്‍ നമ്മളാരുമല്ല. പക്ഷേ ഒരു സഞ്ചാരിക്ക് സ്വപ്നം കാണാമല്ലോ. പ്രത്യേകിച്ചും ഒരതിരില്‍നിന്ന് കൊണ്ട് അയല്‍രാജ്യത്തെ കണ്‍കുളിര്‍ക്കെ കാണുമ്പോള്‍. അത്തരമൊരു യാത്രാനുഭവമാണിവിടെ പങ്കുവെക്കുന്നത്. ഒരു പക്ഷേ ഏതു സഞ്ചാരിയുടെയും സ്വപ്നമാണിത്. പാസ്‌പോര്‍ട്ടില്ലാതെ, വിസയില്ലാതെ ലോകം മുഴുവന്‍ സഞ്ചരിക്കുക. ഒരു ബൈക്കുമെടുത്ത് എങ്ങോട്ടെന്നില്ലാതെ യാത്ര ചെയ്യുക. എന്തുരസകരമായ (നടക്കാത്ത!) സ്വപ്നമാണത്.

ഇന്ത്യയുടെ തന്നെ ഭാഗമായിരുന്ന ഒരു രാജ്യത്തിന്റെ അതിരുകാണാനാണ് ഈ യാത്ര. ബംഗ്ലാദേശിന്റെ. അന്ന് രാജ്യം വിഭജിച്ചപ്പോള്‍ ഒരുപാട് മനസ്സുകള്‍ക്ക് മുറിവേറ്റ് വീണതാണ്. ആ മുറിവില്‍ നിന്നുള്ള ചോരപ്പാടുകള്‍ ചലച്ചിത്രകാരമായ ഋത്വിക് ഘട്ടക്കിന്റെ ജീവിതത്തിലൂടെയാണ് ആദ്യം അറിഞ്ഞത്. നാടു വിട്ടുപോന്നാലും മറക്കാനാവാത്ത ജീവചര്യയാണ് ഗ്രാമവും നദികളും ജിവിതവുമെല്ലാം. പ്രിയപ്പെട്ട പത്മാനദിയെയും ജനിച്ചുവളര്‍ന്ന ഗ്രാമത്തെയും ഉപേക്ഷിച്ച് വിഭജനാന്തരം ഇന്ത്യയിലേക്ക് വന്നഘട്ടക്കിന് ആ വേദനകള്‍ സ്വന്തം ചലച്ചിത്ര രചനകളില്‍ പങ്കുവെക്കാതിരിക്കാനാവില്ലായിരുന്നു. പല കഥാപാത്രങ്ങളിലൂടെയും ഈ വേദനകള്‍ ആവര്‍ത്തിച്ചുവരുന്നത് കാണാമായിരുന്നു. മേഘാലയയുടെ തലസ്ഥാനമായ ഷില്ലോങ്ങില്‍നിന്ന് ഒരു കുഞ്ഞുകാറിലായിരുന്നു യാത്ര. മഴയുണ്ടായിരുന്നു. കോടമഞ്ഞിന്റെ പുതപ്പിനുള്ളിലായിരുന്നു പ്രകൃതിയാകെ. ഇന്‍ഡിക്കേറ്ററും ലൈറ്റുമിട്ട് മിന്നാമിന്നികള്‍ പോലെ വാഹനങ്ങള്‍ 81 കിലോമീറ്ററാണ് ഈ അതിര്‍ത്തി ഗ്രാമത്തിലേക്ക്. വഴിക്ക് ചില വിനോദസഞ്ചാര കേന്ദ്രങ്ങളുമുണ്ട്. ഒന്നും കാണുന്നില്ലെങ്കിലും മനോഹരമായ പ്രകൃതിയിലൂടെയാണ് ഈ യാത്ര എന്ന് ഇടയ്ക്കറിയുന്നുണ്ട്. മഞ്ഞ് മാറുമ്പോള്‍ മുന്നില്‍ തെളിയുന്ന ഹരിതമലകളും വയലുകളും അത് പറഞ്ഞു തരുന്നുണ്ട്.

ഇടയ്ക്ക് മഴതോര്‍ന്ന് മഞ്ഞ് മാറിയപ്പോഴാണ് മനോഹരമായൊരു സ്ഥലത്തെത്തിയത്. ഏഷ്യയിലെത്തന്നെ ഏറ്റവും വൃത്തിയുള്ള ഗ്രാമം. അതിന്റെ പേരില്‍ വിനോദസഞ്ചാര ഭൂപടത്തിലിടം പിടിച്ച സ്ഥലം. മാവ്‌ലിയോങ് ഈ ഗ്രാമം വളരെ വൃത്തിയായാണ് സൂക്ഷിച്ചിരിക്കുന്നത്. വാഹനമൊന്നിന് അമ്പതുരൂപ ഫീസ് കൊടുക്കണം പ്രവേശിക്കാന്‍. ഗ്രാമം ചുറ്റിനടന്നുകണ്ടു. തെങ്ങില്ലെങ്കിലും കവുങ്ങുള്ളതുകൊണ്ട് കേരളത്തിന്റെ അന്തരീക്ഷമുണ്ടിവിടെ. എല്ലായിടത്തും അടയ്ക്ക ഉണക്കാനിട്ടിരിക്കുന്നു. ചിലയിടത്ത് നീറ്റിലിട്ടിരിക്കുന്നു. വഴിയെല്ലാം തൂത്തുവൃത്തിയാക്കിയിട്ടുണ്ട്. എല്ലാത്തിനും ഒരു അടുക്കും ചിട്ടയുമുണ്ട്. ഗ്രാമത്തിലെ ഹോട്ടലില്‍ നല്ല ഭക്ഷണമായിരുന്നു. ഇതുവരെ കഴിച്ചിട്ടില്ലാത്ത രുചിയോടെയാണ് ചിക്കന്‍ കിട്ടിയത്. ചില നാടന്‍ചേരുവകളാണ് രുചിയുടെ രഹസ്യമെന്ന് പാചകക്കാരി പറഞ്ഞു. അത് ട്രേഡ് സീക്രട്ടാണ്.

വഴിക്ക് മറ്റൊരു കാഴ്ചയുണ്ടായിരുന്നു. ബാലന്‍സിങ് റോക്ക്. ഒരു ചിന്നകല്ലിന്‍മേല്‍ ബാലന്‍സ് ചെയ്ത നില്‍ക്കുന്ന പെരിയകല്ല്. പ്രകൃതിയുടെ അത്ഭുതശില എന്നു പേരിട്ട് കമ്പികെട്ടി തിരിച്ച് പത്തുരൂപ രൂപ ടിക്കറ്റുംവെച്ചാണിവിടെ സഞ്ചാരികളെ സ്വീകരിക്കുന്നത്. അടുത്ത കാഴ്ച ജീവനുള്ള പാലമായിരുന്നു. അത് ഈ നാടിന്റെ മാത്രം സ്വന്തമാണ്. മരത്തിന്റെ വേരുകള്‍കൊണ്ട് പ്രകൃതിയും മനുഷ്യനും ചേര്‍ന്നൊരുക്കുന്ന പാലം. നദി കരകവിയുമ്പോള്‍ അക്കരെ കടക്കല്‍ പ്രയാസമായപ്പോള്‍ നാട്ടുകാര്‍ തീര്‍ത്ത തൂക്കുപാലമാണിത്. ശീമയാല്‍ എന്ന മരത്തിന്റെ കരുത്തേറിയ വേരുകള്‍ കമുകിന്‍ തൂണുകളുപയോഗിച്ച് ക്രമേണ മറുകരയിലെത്തിച്ചാണ് ഇത്തരം പാലമുണ്ടാക്കുന്നത്. ഇതിന്റെ ഡബിള്‍ഡെക്കര്‍ വേര്‍ഷനും മേഘാലയയിലുണ്ട്. കെട്ടുപിണഞ്ഞ വേരുകള്‍ പാലംപോലെ കിടക്കും. അതിനുള്ളില്‍ കല്ലും മണ്ണും നിരത്തി യാത്ര സുഗമമാക്കാം. തൂക്കുപാലംപോലെ നടക്കുമ്പോള്‍ ആടാറില്ല. പാലം കടന്ന് അക്കരെ കുന്നുകയറിയതോടെ ബംഗ്ലാദേശ് കണ്ടു. വെള്ളം കയറിക്കിടക്കുന്ന വിശാലമായ കൃഷിയിടങ്ങള്‍. ഒരു വലിയ മരത്തിലേക്ക് മുളകൊണ്ടുള്ള പടികളും മുകളില്‍ ഏറുമാടം പോലെ ഒരു പ്ലാറ്റ്‌ഫോമും ഉണ്ടാക്കിയിട്ടുണ്ട്. അതില്‍നിന്ന് മുകളിലേക്ക് 20 രൂപയാണ് ടിക്കറ്റിന്. മുകളിലെത്തിയാല്‍ കാണുന്നതും ബംഗ്ലാദേശ് തന്നെ.

അവിടെ നിന്നിറങ്ങി വീണ്ടും മുന്നോട്ട്. കുറേദൂരം ബംഗ്ലാദേശിനെ കണ്ണെത്തും ദൂരത്ത് കണ്ടുകൊണ്ടിങ്ങനെ യാത്ര ചെയ്യാം. ചിലയിടത്ത് റോന്ത്ചുറ്റുന്ന അതിര്‍ത്തിരക്ഷാഭടന്മാര്‍. റോഡിനിടതുവശം വലിയൊരു വെള്ളച്ചാട്ടം. ഒരു ചെറിയപാലവും. കുത്തിയൊലിച്ചാര്‍ത്ത് കുതിക്കുന്ന വെള്ളച്ചാട്ടം അതിരുകള്‍ വകവെക്കാതെ അയല്‍രാജ്യത്തേക്ക് കുതിക്കുന്നു. യാത്രാപ്രിയന്റെ മനസ്സുപോലെ. അവിടെ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുണ്ട്. എല്ലാവരും വെള്ളച്ചാട്ടത്തിന്റെ ഭീകരവശ്യതയ്ക്ക് മുന്നില്‍ അദ്ഭുതം കൂറി നില്‍ക്കുന്നു. സെല്‍ഫിയെടുക്കുന്നു. പാട്ടുംപാടി കുഞ്ഞുകിളികള്‍ പറക്കുന്നു. പൂമ്പാറ്റകള്‍ തുടിച്ചാര്‍ക്കുന്നു. ജലകണങ്ങള്‍ പാറിനടക്കുന്നു.

അല്‍പ്പംകൂടി മുന്നോട്ട് പോവുമ്പോള്‍ ദൗക്കി നദിയായി. നദിക്ക് കുറുകെയുള്ള ഇരുമ്പുപാലം ഫോട്ടോയിലാക്കരുതെന്നാണ് വിലക്ക്. പാലം കടന്ന് അല്പം പോയാല്‍ തോണി കിട്ടുന്നയിടമായി. അതും വാടകയ്ക്ക് എടുത്ത് പുഴയിലൊരു യാത്രയാവാം. മഴയില്ലെങ്കില്‍ വെള്ളം സ്ഫടികതുല്യം തെളിയും. വെയിലില്‍ നമ്മള്‍ സഞ്ചരിക്കുന്ന തോണിയുടെ നിഴലിന്റെ ഫോട്ടോ എടുക്കാം. ശരിക്കും അതൊരു ഒന്നൊന്നര കാഴ്ച തന്നെയാണ്. വാട്‌സ്ആപ്പിലും ഗൂഗിള്‍ ഇമേജിലുമെല്ലാം ഇത് കണ്ടിട്ടുണ്ടാവും. അത് ഫോട്ടോഷോപ്പാണെന്ന് പറഞ്ഞിട്ടുമുണ്ടാവും എന്നാല്‍ ഇത് യാഥാര്‍ഥ്യമാണ്. പക്ഷേ മഴ കാരണം ഞങ്ങള്‍ക്ക് അത്തരമൊരു പടം നഷ്ടമായി. എ റിയല്‍ മിസ്സിങ്.

കൂറ്റന്‍ കുന്നിന്റെ നടുവിലൊരു വിടവിലൂടെയാണ് ഉമ്മന്‍കോട്ട് എന്നും പേരുള്ള ഈ നദി ഒഴുകുന്നത്. ഇവിടെനിന്ന് ഒരു കിലോമീറ്റര്‍കൂടി സഞ്ചരിച്ചാല്‍ ബംഗ്ലാദേശ് അതിര്‍ത്തിയായി. വാഗപോലെ പരേഡും കാര്യങ്ങളുമൊന്നുമില്ലെങ്കിലും രണ്ടിടത്തും അതിര്‍ത്തിയില്‍ സുരക്ഷാസേനയുടെ ജവാന്‍മാരെ കാണാം. ഇന്ത്യന്‍ മണ്ണില്‍ കാഴ്ചക്കാരായി ഞങ്ങളും ബംഗ്ലാദേശ് അതിര്‍ത്തിയില്‍ അവിടെ നിന്നെത്തിയവരും. ഞങ്ങള്‍ അവരുടെയും അവര്‍ ഞങ്ങളുടെയും ഫോട്ടോ എടുക്കുന്നു. അല്പം മുന്നോട്ട് നടന്ന് ബംഗ്ലാദേശിനെ ഒന്നുതൊട്ടതും ഇന്ത്യന്‍ പട്ടാളത്തിന്റെ വിസില്‍ വന്നു. അങ്ങോട്ട് പോവാന്‍ പാടില്ല. സോറി. അറിയാതെ തൊട്ടുപോയതിന് ബംഗ്ലാദേശിനോട് മാപ്പ് പറഞ്ഞ് കാല്‍ പിന്‍വലിച്ചു.

നേരേ നോക്കിയാല്‍ വെല്‍ക്കം ടു ബംഗ്ലാദേശ്. എബൗട്ടേണ്‍ അടിച്ചാല്‍ വെല്‍ക്കം ടു ഇന്ത്യ. പക്ഷേ, വിസയില്ലെങ്കില്‍ ഇങ്ങനെ നോക്കിനില്‍ക്കാനേ പറ്റൂ. തമാബില്‍ എന്ന സ്ഥലമാണിത്. അവിടെനിന്ന് ബംഗ്ലാദേശിന്റെ തലസ്ഥാനനഗരി ധാക്കയിലേക്ക് 300 കി.മീ. അതിരിലെ വീട്ടുകാരുടെ സ്ഥിതി രസകരമായിരിക്കും. അപ്പുറത്തേക്കൊന്ന് കടക്കാന്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. പാസ്‌പോര്‍ട്ട് എടുക്കാന്‍ എവിടെ വരണം. വിസ സമ്പാദിക്കാന്‍ ആരെയെല്ലാം കാണണം. കെട്ടഴിഞ്ഞുപോയ പശു അപ്പുറം കടന്നാല്‍പോലും തൊന്തരവായിരിക്കും!

പാസ്‌പോര്‍ട്ടും വിസയും കൈയിലുള്ളവര്‍ ഇതുവഴി അങ്ങോട്ടും ഇങ്ങോട്ടും കടന്നുപോവുന്നുണ്ട്. അതുപോലെ ഇന്ത്യയില്‍നിന്ന് പൊട്ടിച്ച കല്ലുകള്‍ ബംഗ്ലാദേശിലേക്ക് കൊണ്ടുപോവുന്ന ലോറികളും ക്യൂ നില്‍ക്കുന്നു. ഒരാല്‍മരം തണല്‍വിരിച്ച് തണുപ്പേകി നില്‍ക്കുന്നു. അതിരുകളില്‍ നില്‍ക്കുമ്പോള്‍ ഈ കാഴ്ചകളുടെ കൗതുകവും അതിരുകളുടെ വ്യര്‍ഥതയുമെല്ലാം മനസ്സില്‍ നിറയുന്നു. ഒപ്പം ഘട്ടക്കിനെ പോലുള്ള, സ്വന്തം ഗ്രാമത്തിന്റെ പൊക്കിള്‍ക്കൊടിബന്ധം മുറിച്ചെറിഞ്ഞ് പോരേണ്ടി വന്ന ആയിരക്കണക്കിന് അജ്ഞാതരായ അഭയാര്‍ഥികളുടെ സങ്കടവും ഒഴുകിയെത്തുന്നു. ഒന്നുമറിയാതെ നദികള്‍ ഒഴുകുന്നു, കിളികള്‍ പറക്കുന്നു. ചിത്രശലഭങ്ങള്‍ നൃത്തമാടുന്നു.
*********
ഈ യാത്ര ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം ഷില്ലോങ്ങിലെത്തണം. കൊല്‍ക്കത്തയില്‍ നിന്ന് ഷില്ലോങ്ങിലേക്ക് ചെറിയ ഒരു ഫ്‌ളൈറ്റുണ്ട്. ട്രെയിനാണെങ്കില്‍ ഗുഹാവതിയില്‍ എത്തി റോഡ് മാര്‍ഗം ഷില്ലോങ്ങിലെത്താം. ഷില്ലോങ്ങില്‍ തങ്ങി, ചെറിയ ടാക്‌സികള്‍ വിളിച്ച് ഇങ്ങോട്ട് പോവാം. പൊതുവെ ടൂറിസ്റ്റ് ഫ്രണ്ട്‌ലിയാണ് ഡ്രൈവര്‍മാരും ജനങ്ങളും. മേഘാലയ ടൂറിസത്തിന്റെ പാക്കേജുകളും കുഴപ്പമില്ല. ഒരു സഞ്ചാരിക്ക് ഒരു പാട് കാണാനും അറിയാനുമുണ്ട് മേഘാലയയില്‍.

നിലമ്പൂര്‍ റെയില്‍

കഴിഞ്ഞ ആഴ്ച പ്രസിദ്ധീകരിച്ച നിലമ്പൂര്‍ റെയില്‍പാതയിലൂടെയുള്ള യാത്ര കൃഷ്ണഗുഡിയിലേക്കുള്ള വഴികള്‍ വായിച്ച് അബ്ദുറഹ്മാന്‍ നൗഷാദിന്റെ ഒരു ഇമെയില്‍ വന്നു. ചൂരല്‍വളയത്തിന്റെ സിഗ്‌നല്‍ കൈമാറുന്ന സമ്പ്രദായം ഇവിടെയും നിര്‍ത്തി എന്നദ്ദേഹം അറിയിച്ചു. ഓട്ടോമാറ്റിക് സിഗ്‌നല്‍ സംവിധാനം ഇവിടെയും നിലവില്‍ വന്നു.

അതുപോലെ രാധാകൃഷ്ണന്‍ നരിപ്പറ്റയും കൗതുകകരമായൊരു കാര്യം പങ്കുവെച്ചു. 1840ല്‍ ബ്രിട്ടീഷുകാര്‍ നിലമ്പൂരില്‍ തേക്ക് പ്‌ളാന്റേഷന്‍ തുടങ്ങി. 1923 ല്‍ സൗത്ത് ഇന്ത്യന്‍ റെയില്‍വേ കമ്പനി നിലമ്പൂര്‍ ഷൊര്‍ണൂര്‍ റെയില്‍പാതയ്ക്ക് തുടക്കം കുറിച്ചു. തേക്കുതടികള്‍ എത്തിക്കുക എന്നതായിരുന്നു പ്രധാനലക്ഷ്യം. ഷൊര്‍ണൂര്‍ അങ്ങാടിപ്പുറം 1927 ഫിബ്രവരിയിലും അങ്ങാടിപ്പുറം വാണിയമ്പലം 1927 ഓഗസ്റ്റിലും പൂര്‍ണമായത് 1927 ഒക്ടോബറിലുമായിരുന്നു.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇന്ത്യയില്‍ പലയിടത്തു നിന്നെന്നപോലെ ഈ റെയില്‍വേയും അവര്‍ ഇളക്കിമാറ്റി. യുദ്ധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനായിരുന്നു ഇത്. അങ്ങനെ 1941ല്‍ ഈ റെയില്‍ ഇല്ലാതായി. സ്വാതന്ത്ര്യാനന്തരം പൊതുജനാവശ്യം പരിഗണിച്ച് വീണ്ടും റെയില്‍ സ്ഥാപിക്കുകയായിരുന്നു. അങ്ങനെ 1953ലാണ് വീണ്ടും ഈ റെയില്‍വേ നിലവില്‍ വന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram