ബിരിയാണികളുടെ രാജാവ് എന്നു വിശേഷിപ്പിക്കാവുന്ന ഹൈദരാബാദി ബിരിയാണി. മസാലയാണ് ഈ വിഭവത്തിന്റെ മുഖമുദ്ര. ഒരു രാത്രി മുഴുവന്‍ സുഗന്ധവ്യജ്ഞനങ്ങളും തൈരും പുരട്ടിവച്ച മാംസമാണ് പരമ്പരാഗത ഹൈദരാബാദി ബിരിയാണിയില്‍ ഉപയോഗിക്കുന്നത്. മാവുകൊണ്ടു മൂടിയ മണ്‍കലത്തില്‍ തയ്യാറാക്കുന്നതും സ്വാദേറാനുള്ള പ്രധാനകാരണമാണ്.
പാവങ്ങളുടെ കല്യാണി ബിരിയാണി
പാവങ്ങളുടെ ഹൈദരാബാദി ബിരിയാണി എന്നാണ് കല്യാണി അറിയപ്പെടുന്നത്. ബിദറിലെ കല്യാണി നവാബിന്റെ കാലഘട്ടത്തില്‍ പ്രചാരത്തില്‍ വന്നതിനാലാണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. ചെറിയ പോത്തിറച്ചി കഷ്ണങ്ങള്‍ ചേര്‍ത്താണ് കല്യാണി ബിരിയാണി തയ്യാറാക്കുന്നത്. വിലകൂടിയ ചേരുവകള്‍ ഇല്ലെങ്കിലും സ്വാദിന്റെ കാര്യത്തില്‍ ഹൈദരാബാദി ബിരിയാണിക്കൊപ്പം നില്‍ക്കുന്നവയാണ് ഇവ.
വ്യത്യസ്ത രുചിയുമായി ഭോപ്പാല്‍ ബിരിയാണി
ഭോപ്പാലിന്റെ മുഗള്‍ സ്വാധീനം വിളിച്ചോതുന്നതാണ് അവിടുത്തെ ബിരിയാണി. കൂടുതല്‍ നേരം വറുത്തെടുക്കുന്ന സവാളയാണ് ഈ മട്ടണ്‍ ബിരിയാണിക്ക് വ്യത്യസ്തമായ സ്വാദു പകരുന്നത്. ഛത്തോരി ഗലിയിലെ 'ദ ജമീല്‍ ഹോട്ടല്‍', ഭോപ്പാലിലെ പേരുകേട്ട ബിരിയാണിക്കടകളില്‍ ഒന്നാണ്.
ഡല്‍ഹിയുടെ സ്വന്തം ദം പുഖ്ത്
പ്രശസ്ത ഷെഫ് ഇംതിയാസ് ഖുറേഷിയാണ് 'ദം പുഖ്ത്' പാചകശൈലി ബിരിയാണില്‍ അവതരിപ്പിച്ചത്. ചെറുചൂടില്‍ മാംസവും പച്ചക്കറികളും പാകം ചെയ്യുന്ന രീതിയാണിത്. മഞ്ഞളില്‍ പൊതിഞ്ഞ മുട്ടയും പൊരിച്ച കാടയും കോഴിയും ആടും ചേരുന്ന സമ്പന്നമായ രുചിക്കൂട്ടാണ് ഡല്‍ഹി ബിരിയാണിയുടെ പ്രത്യേകത.
ഡിണ്ടിഗല്‍ ബിരിയാണി
തൈരും നാരങ്ങയും ചേര്‍ന്നുള്ള രുചിയാണ് ഡിണ്ടിഗല്‍ ബിരിയാണിയുടെ മുഖമുദ്ര. തമിഴ്‌നാട്ടിലെ ഏറ്റവും സ്വാദിഷ്ഠമായ ഈ ബിരിയാണിയില്‍ തക്കാളിയും തേങ്ങയും ഉപയോഗിക്കാറില്ല. ഡിണ്ടിഗല്‍ ബിരിയാണിയിലൂടെ പ്രശസ്തമായ തലപ്പകട്ടി റെസ്‌റ്റോറന്റിന് ഇന്ന് തമിഴ്‌നാട്ടിലും വിദേശത്തും ധാരാളം ശാഖകളുണ്ട്.