യാത്ര പോകാന്‍ പണമില്ലേ...? വായ്പ റെഡിയാണ്


2 min read
Read later
Print
Share

ഒരു വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഫിനാന്‍സ് കമ്പനി ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ട്രാവല്‍ ഏജന്‍സിയില്‍ വേണ്ട രേഖകളുമായി ചെന്നാല്‍ മാത്രം മതി

യാത്രപോകാന്‍ ഇഷ്ടപ്പെടുന്നവരാണ് ഓരോരുത്തരും. എപ്പോഴെങ്കിലും കാണണം എന്ന് ആഗ്രഹിക്കുന്ന സ്ഥലം കേരളത്തിന് പുറത്താകാം, ചിലപ്പോഴത് വിദേശത്താകാം. പണമില്ല എന്ന കാരണത്താല്‍ പലരും സ്വന്തം ആഗ്രഹം വേണ്ടെന്നു വയ്ക്കാറാണ് പതിവ്. എന്നാല്‍, ഇപ്പോള്‍ യാത്രയ്ക്കും വായ്പ റെഡി. ഒറ്റയടിക്ക് വലിയൊരു തുക കൈയില്‍ ഇല്ലാത്തവര്‍ക്ക് വായ്പാസൗകര്യം ആശ്വാസമായിരിക്കും.

ഒരു വര്‍ഷത്തേക്കാണ് വായ്പ നല്‍കുന്നത്. ഫിനാന്‍സ് കമ്പനി ട്രാവല്‍ ഏജന്‍സിയുമായി സഹകരിച്ചാണ് ഈ സേവനം ലഭ്യമാക്കുന്നത്. ട്രാവല്‍ ഏജന്‍സിയില്‍ വേണ്ട രേഖകളുമായി ചെന്നാല്‍ മാത്രം മതി (എല്ലാ ഏജന്‍സിയിലും വായ്പാ സൗകര്യം ഉണ്ടാകണമെന്നില്ല).

എന്നാല്‍, ട്രാവല്‍ ലോണിന് ചില നിബന്ധനകളുണ്ട്. ഉപഭോക്താവിന് പണം തിരിച്ചടയ്ക്കാനുള്ള ശേഷിയുണ്ടെങ്കില്‍ മാത്രമേ വായ്പ അനുവദിക്കുകയുള്ളൂ. അതായത്, മുന്‍പ് എന്തെങ്കിലും കടക്കെണിയില്‍ പെട്ടിട്ടുണ്ടോ, പണമിടപാടുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്‌നം നിലനില്‍ക്കുന്നുണ്ടോ എന്ന് അറിയേണ്ടതായുണ്ട്. അതിനാല്‍, ഉപഭോക്താവിന്റെ കഴിഞ്ഞ ആറ് മാസത്തെ ബാങ്ക് വിവരങ്ങള്‍ നല്‍കേണ്ടിവരും. ഓരോ ഫിനാന്‍സ് കമ്പനിയിലും പല രീതികളാണ്. യാത്രയ്ക്ക് ആവശ്യമായ മുഴുവന്‍ തുകയും വായ്പ ലഭിക്കും. തനിച്ചല്ലാതെ കുടുംബമായി പോകുന്നവര്‍ക്കും ഈ സൗകര്യമുണ്ട്. എണ്ണം കൂടുന്നതിനനുസരിച്ച് രേഖകളും മറ്റും കൃത്യമായിരിക്കണം. കൂടാതെ, ലോണ്‍ അനുവദിക്കുന്നതിന് ചെറിയ പ്രോസസിങ് ചാര്‍ജ് ഈടാക്കും.

യാത്ര പോകുമ്പോള്‍ പാക്കേജിന്റെ 20 ശതമാനം ഡൗണ്‍പേമെന്റായി ഫിനാന്‍സ് കമ്പനി ട്രാവല്‍ ഏജന്‍സിക്ക് നല്‍കും. യാത്രകഴിഞ്ഞ് തിരിച്ചെത്തിയാല്‍ ബാക്കി തുകയും നല്‍കും. പിന്നീടുള്ള ഇടപാട് ഉപഭോക്താവും ഫിനാന്‍സ് കമ്പനിയും തമ്മിലാണ്. വായ്പ നല്‍കുന്ന സമയത്ത് സെക്യൂരിറ്റിയായി 12 ചെക്കുകള്‍ വാങ്ങും.

തുക എത്രയാണെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ തിരിച്ചടയ്ക്കണം എന്ന നിബന്ധന ഉപഭോക്താവ് പാലിക്കണം. അല്ലെങ്കില്‍, നിയമ നടപടികള്‍ നേരിടേണ്ടിവരും. വായ്പ എടുക്കുമ്പോള്‍ താങ്ങാവുന്ന ഇ.എം.ഐ. ആണോ എന്നു നോക്കണം. അതായത്, യാത്രാവായ്പ ഒരുതരം വ്യക്തിഗത വായ്പ പോലെയാണ്. ഒരുലക്ഷം രൂപയുടെ പാക്കേജില്‍ 50,000 രൂപ മാത്രമാണ് വായ്പ എടുക്കുന്നതെങ്കില്‍ ഇ.എം.ഐ. കുറവായിരിക്കും. പെട്ടെന്നുതന്നെ മുഴുവന്‍ തുകയും വേണമെങ്കില്‍ അടച്ചുതീര്‍ക്കാവുന്നതാണ്. രാജ്യത്തിനകത്തോ അല്ലെങ്കില്‍ വിദേശത്തോ ഉള്ള ഏത് സ്ഥലത്തും യാത്രപോകാന്‍ ഇത്തരത്തില്‍ വായ്പ ലഭിക്കും.

Content Highlights: Travel Loan, Procedures to Get A Travel Loan, Personal Finance

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram