പാരീസ് നഗരത്തിലെ മായക്കാഴ്ചകള്‍


ചിത്ര വിജയന്‍

5 min read
Read later
Print
Share

കോഴിക്കോട് സ്വദേശിയായ യാത്രിക, സ്വീഡനില്‍ ഐബിഎം ഗ്ലോബല്‍ ബിസിനസ് സര്‍വീസിലെ ലീഡ് ആണ്‌

രിക്കലെങ്കിലും പാരീസില്‍ പോകാന്‍ ആഗ്രഹിക്കാത്തവര്‍ ആരുണ്ട്? ഹിന്ദി സിനിമകളില്‍ ഷാരൂഖ് ഖാന്‍ ഈഫല്‍ ടവറിന്റെ മുന്നില്‍ നായികയോടൊത്ത് ആടുന്നതും പാടുന്നതും, ലൂവ്ര്‍ മ്യുസിയത്തിന്റെ മുന്‍പിലെ ഗ്‌ളാസ് പിരമിഡിന് വലം വെക്കുന്ന നായികയിലൂടെയുമാണ് നമ്മളില്‍ പലരും പാരീസ് ആദ്യമായി കാണുന്നത്. എന്നാല്‍ ഇത് മാത്രമല്ല ഞാന്‍ കണ്ട പാരീസ്. ആയിരക്കണക്കിന് വര്‍ഷങ്ങളുടെ ചരിത്രമുറങ്ങുന്ന ഒരു മഹാ നഗരം. നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ പുരോഗമനം പ്രാപിച്ച നഗരം. കലയുടെയും ഫാഷന്റെയും ഉച്ചിയില്‍ നില്‍ക്കുമ്പോളും സംസ്‌കാരം കൊണ്ട് സമ്പന്നമായ സ്ഥലം. ടൂറിസം വ്യവസായം ആവുമ്പോള്‍ ഒരു നഗരത്തിനു സംഭവിക്കാവുന്ന എല്ലാ മാറ്റങ്ങളും ഉള്‍ക്കൊണ്ട നഗരം.

ഇത് രണ്ടാം തവണയാണ് ഞങ്ങള്‍ കുടുംബ സമേതം പാരീസില്‍ പോകുന്നത്. ഒടുവില്‍ ഈ സെപ്റ്റംബറില്‍ അധികം തിരക്കില്ലാത്ത സമയം നോക്കി ടിക്കറ്റ് ബുക്ക് ചെയ്തു.

കൊപ്പെന്‍ഹേഗനില്‍ നിന്ന് പാരീസ് 'ചാള്‍സ് ദ ഗോള്‍' എയര്‍പോര്‍ട്ടിലേക്ക് നേരിട്ടുള്ള ഫ്‌ളൈറ്റാണ്. ഭൂഗര്‍ഭ മെട്രോയില്‍ നഗരത്തിന്റെ എല്ലാ ഭാഗങ്ങളിലും എത്താം. ആര്‍ ഇ ആര്‍ എന്ന നഗരത്തിന്റെ ഉള്‍നാട്ടിലേക്കുള്ള ട്രെയിനുകളും എസ്.എന്‍.സി.എഫ്. എന്ന മറ്റു കൊച്ചു നഗരങ്ങളിലേക്കുള്ള ട്രെയിനും, യൂറോ ലൈന്‍സ് എന്ന മറ്റു യൂറോപ്പ്യന്‍ രാജ്യങ്ങ്യളിലേക്കുള്ള ട്രെയിനും എല്ലാം കൊണ്ട് പൊതു ഗതാഗത സംവിധാനങ്ങള്‍ മറ്റു ലോക രാഷ്ടങ്ങള്‍ക്കു തന്നെ മാതൃക ആണ്.

ആദ്യ ദിവസം ഞങ്ങള്‍ 'ഹോപ് ഓണ്‍ ഹോപ് ഓഫ് ടൂര്‍' ആണ് എടുത്തത്. മറ്റു പ്രധാന നഗരങ്ങളിലെ പോലെ 'ഹോപ് ഓണ്‍ ഹോപ്' ബസുകള്‍ എവിടെ നോക്കിയാലും കാണാം. പത്തു ടൂറിസ്റ്റു സ്‌പോട്ടുകളില്‍ നിര്‍ത്തുകയും, ആളുകളെ ആവശ്യാനുസരണം കയറ്റുകയും ഇറക്കുകയും ചെയ്യുന്ന, ഒരു ദിവസം മുഴുവന്‍ നഗരം കറങ്ങുന്ന, രണ്ടു നിലയുള്ള, മുകള്‍ തുറന്ന ബസ്. നമുക്ക് ആവശ്യമുള്ള സ്ഥലത്ത് ഇറങ്ങി ആ സ്ഥലം കണ്ട ശേഷം അടുത്ത ബസില്‍ കയറാം. മോളെയും കൊണ്ടുള്ള യാത്രയില്‍ അത് വളരെ സൗകര്യപ്രദം ആയിരുന്നു.

ലോകത്തിലെ ഏഴ് മഹാത്ഭുതങ്ങളില്‍ ഒന്നായ ഈഫല്‍ ടവര്‍ ഞങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഇറങ്ങാനുള്ള സ്‌പോട്ട് ആയതില്‍ ഒട്ടും അത്ഭുതമില്ലല്ലോ. വന്‍ തിരക്കായിരുന്നു അവിടെ. ഒരു മണിക്കൂറോളം ക്യൂ നിന്ന ശേഷം ആണ് പ്രവേശന പാസ് കിട്ടിയത്. അത് കഴിഞ്ഞും ക്യു തന്നെ, മുകളിലേക്ക് പോകാനുള്ള ലിഫ്റ്റിലും നല്ല ക്യു.

രണ്ടു തട്ടുകള്‍ ആയാണ് ഈഫല്‍ ഗോപുരം. അതിനനുസരിച്ചാണ് സന്ദര്‍ശക പാസും. ആദ്യത്തെ തട്ട് അടിഭാഗത്തു നിന്നും രണ്ടു നിലകള്‍ വരെ മുകളില്‍ ആയാണ്. അതിനു മുകളില്‍ എത്തുമ്പോള്‍ ലിഫ്റ്റില്‍ നിന്നിറങ്ങണം. അവിടെ നിന്നും പാരീസ് നഗരം മുഴുവന്‍ കാണാന്‍ കഴിയും. അവിടെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ റെസ്‌റ്റോറന്റുകളും താഴേക്ക് നീക്കിയാല്‍ കാണുന്ന വിധം സുതാര്യമായ നിലവും ഉണ്ട്. ഏറ്റവും മുകളിലേക്ക് പാസ് എടുത്തവര്‍ക്കാണ് അടുത്ത ലിഫ്റ്റ്. അവിടെയും വന്‍ ക്യു തന്നെ. അത് ചരിഞ്ഞാണ് ഉയരുന്നത്, ഉയരത്തിലേക്ക് പോകുന്തോറും കാഴ്ചകള്‍ വിദൂരതയിലേക്ക് മാഞ്ഞു കൊണ്ടിരുന്നു. അടുത്തുള്ള ഒരു ഫുട്‌ബോള്‍ കോര്‍ട്ട്, നോത്രദാം കത്തീഡ്രല്‍, മാര്‍ബിള്‍ കൊണ്ടുണ്ടാക്കിയ വിഖ്യാതമായ ചര്‍ച് എല്ലാം വ്യക്തമെങ്കിലും കുഞ്ഞു മാതൃകകള്‍ പോലെ കാണാനായി.

എറ്റവും മുകളില്‍ (summit ) ഇറങ്ങിയ ശേഷം പുറത്തേക്കു നോക്കുമ്പോള്‍ മേഘങ്ങളെ തൊട്ടുരുമ്മുന്ന പോലെ. അവിടെ എല്ലാ ദിശകളിലും ഉള്ള രാജ്യങ്ങളും അവിടേക്കുള്ള ദൂരവും രേഖപ്പെടുത്തിയിട്ടുണ്ട്. എല്ലായിടത്തും സെല്‍ഫികളും ഫോട്ടോകളും എടുക്കുന്നവരുടെ ബഹളം. അംബര ചുംബികളായ കെട്ടിടങ്ങള്‍ പോലും തീപ്പെട്ടിക്കൂടുകള്‍ പോലെ. പാരീസിന്റെ ആകാശ കാഴ്ച ഹൃദയത്തില്‍ പതിപ്പിച്ചാണ് ഞങ്ങള്‍ അവിടെ നിന്നിറങ്ങിയത്.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://en.wikipedia.org/wiki/Eiffel_Tower

അടുത്തിറങ്ങിയത് ലോകത്തിലെ എറ്റവും വലിയ ആര്‍ട്ട്‌സ് മ്യൂസിയമായ ലൂവ്‌റിലേക്കാണ്. ലൂവ് ര്‍ മ്യുസിയത്തിലെ ലോക പ്രസിദ്ധമായ മോണാലിസയുടെ ചിരി. അത് ഒപ്പിയെടുക്കാനുള്ള ലോകത്തിന്റെ പല ഭാഗത്തു നിന്നുള്ള സഞ്ചാരികളുടേയും ഫോട്ടോഗ്രാഫേഴ്‌സിന്റെയും ശ്രമം. ഡാവിഞ്ചിയുടെ കോഡ് തപ്പി ഇറങ്ങിയിരിക്കുന്ന കലാസ്‌നേഹികള്‍.

ഒരു കാര്യം ശ്രദ്ധിച്ചത്, അവിടുത്തെ പുരാതനമായ മറ്റു പെയിന്റിങ്ങുകളെ വെച്ച് നോക്കുമ്പോള്‍ മൊണാലിസ പെയിന്റിങ്ങിന്റെ വലിപ്പം വളരെ കുറവാണ്. എറ്റവും കൂടുതല്‍ ആള്‍ക്കൂട്ടം ഉള്ളത് അതിന്റെ മുന്‍പിലും. മുന്‍പില്‍ ഉള്ള ഗ്‌ളാസ് പിരമിഡിന്റെ ചുറ്റും ഫോട്ടോ എടുക്കുന്നവരുടെ മല്‍സരമാണ്. ഒരു ദിവസത്തിന്റെ പകുതിയോളം ചിലവഴിച്ചാല്‍ മാത്രമേ നമുക്ക് ലുവ് ര്‍ മ്യുസിയം പൂര്‍ണമായും കണ്ടാസ്വദിക്കാന്‍ കഴിയൂ.

കൂടുതല്‍ വിവരങ്ങള്‍ക്ക് : https://en.wikipedia.org/wiki/Louvre

അടുത്ത ദിവസം ഞങ്ങള്‍ ചിലവഴിച്ചത് കൂടുതലും മോള്‍ക്ക് വേണ്ടിയാണ്. വിശ്വ പ്രസിദ്ധമായ ഡിസ്‌നി ലാന്‍ഡ്!

അവളുടെ കൂട്ടുകാരായ മിക്കി മൗസും മിന്നി മൗസും ഡൊണാള്‍ഡ് ഡക്കും ഫ്രോസണിലെ രാജകുമാരിമാരായ അന്നയും എല്‍സയും എന്ന് വേണ്ട ലോകത്തെമ്പാടുമുള്ള ലക്ഷക്കണക്കിന് കുട്ടികളുടെ പ്രിയ കഥാപാത്രങ്ങള്‍ പിറവി എടുത്ത അതെ ഡിസ്‌നിലാന്‍ഡ്. ഡിസ്‌നി പാര്‍ക്ക് ഒന്നില്‍ പല വിധ റൈഡുകളും ഡിസ്‌നി കഥാപാത്രങ്ങളുടെ ഷോകളും മറ്റുമാണ്. എങ്ങും വിസ്മയ കാഴ്ചകള്‍.

പാര്‍ക്കിന്റെ രണ്ടാം ഭാഗം ഡിസ്‌നി സ്റ്റുഡിയോ ആണ്. ഡിസ്‌നിയുടെ മൂവി പ്രൊഡക്ഷന്‍, സ്‌പെഷ്യല്‍ എഫക്ട് കൊടുക്കുന്ന വിധം, ഭൂകമ്പവും കൂറ്റന്‍ പൊട്ടിത്തെറികളും അഗ്‌നിപര്‍വത വെള്ള പാച്ചിലും എല്ലാം ചിത്രീകരിക്കുന്ന വിധം, എല്ലാം നമുക്ക് വിശദമായി കാണാന്‍ ഡിസ്‌നി സ്റ്റുഡിയോയില്‍ കഴിയും.

റോളര്‍ കോസ്റ്റര്‍ റൈഡുകളും ഡിസ്‌നി മൂവിയിലെ എഫക്ടുകള്‍ അനുഭവിക്കുന്ന ഒരു ട്രെയിന്‍ യാത്രയും ഞങ്ങളെ ശരിക്കും ത്രില്ലടിപ്പിച്ചു. 'ടവര്‍ ഓഫ് ഹൊറര്‍' എന്നൊരു 'ഹോട്ടല്‍ ഹോളിവുഡ്' എന്ന ഉയരം കൂടിയ ഒരു കെട്ടിടം രണ്ടാം പാര്‍ക്കില്‍ ഉണ്ട്. അതിലെ ലിഫ്റ്റില്‍ കയറിയാല്‍ മറ്റേതോ ഒരു ഹോട്ടല്‍ ലിഫ്റ്റ് പോലെയേ തോന്നൂ. പിന്നീടാണ് കഥ ഒരു ഫിക്ഷന്‍ മൂവി പോലെ ആയി മാറുന്നതും പ്രത്യേക സാഹചര്യങ്ങളില്‍ നമ്മുടെ കൂടെ ലിഫ്റ്റില്‍ ഉള്ളവരെ കാണാതാവുന്നതും. പുരാതനമായ ഒരു പൊളിഞ്ഞ ഹോട്ടല്‍ പോലെ തോന്നിക്കുന്ന ഡിസ്‌നി ലാന്‍ഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം, 'ഫ്രീ ഫാള്‍ ടൈപ്' റൈഡ് ആണിത്. ലിഫ്റ്റില്‍ നിന്നും പെട്ടെന്ന് താഴേക്ക് വീഴുന്ന പോലെയും പെട്ടെന്ന് ലിഫ്റ്റ് തുറന്നു നമ്മള്‍ ഒരു ഓപ്പണ്‍ ലിഫ്റ്റില്‍ എത്തിയ പോലെയും ഒക്കെ തോന്നിപ്പിച്ച് പേടിച്ചു വശം കെടുത്തിക്കളഞ്ഞു!

പാരീസ് യാത്രയില്‍ അറിഞ്ഞിരിക്കാന്‍ -

പാരീസ് നഗരത്തെ 20 എറോന്തിസ്‌മോ ആയി തിരിച്ചിട്ടുണ്ട്. ഒന്ന് മുതല്‍ ഒന്‍പതു വരെ ഉള്ള പ്രദേശം കൂടുതല്‍ ഭൂഗര്‍ഭ മെട്രോകളാല്‍ ബന്ധിപ്പിക്കപ്പെട്ടിട്ടുള്ളതും ടൂറിസ്റ്റ് ആകര്‍ഷണങ്ങള്‍ ധാരാളമുള്ളതുമായ നഗരപ്രദേശം ആണ്. അവിടെ ഹോട്ടല്‍ ബുക്ക് ചെയ്താല്‍ സുഖകരമായി യാത്രചെയ്യാമെന്ന അറിവ് ഒരു സഹപ്രവര്‍ത്തകന്‍ വഴിയാണ് അറിഞ്ഞത്. അതുകൊണ്ട് എറോന്തിസ്‌മോ രണ്ടില്‍ തന്നെ ഞങ്ങള്‍ റൂമെടുത്തു.

പാരീസിന്റെ ചില പ്രദേശങ്ങള്‍ ബാന്‍ലു (Banlieue) ആണ്. കുടിയേറ്റക്കാരായ കറുത്ത വര്‍ഗക്കാരും എഷ്യന്‍ വംശജരും തിങ്ങി പാര്‍ക്കുന്ന സ്ഥലം. (എറോന്തിസ്‌മോ പതിനെട്ട്, ഇരുപതു എന്നിവിടങ്ങള്‍ അവയില്‍ ചിലതാണ്) .

ഗര്‍ദു നോദ്‌ (Gare du Nord) എന്ന റെയില്‍വേ സ്റ്റേഷന്‍ പോക്കറ്റടിക്കാരുടെ വിഹാര കേന്ദ്രം ആണത്രേ. പിഗല്ലേ, ക്ലിഞ്ഞാകോര്‍ എന്നിവിടങ്ങളില്‍ രാത്രി സമയങ്ങളില്‍ സഞ്ചരിക്കുന്നത് സുരക്ഷിതം അല്ല എന്ന മുന്നറിയിപ്പ് കിട്ടിയതുകൊണ്ട് ആ ഭാഗങ്ങളില്‍ പോകേണ്ട എന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. പിഗല്ലേ ഒരു റെഡ് സ്ട്രീറ്റ് ആണെന്നും അവിടെ ശരീരം വിറ്റു ജീവിക്കുന്ന പല രാജ്യക്കാര്‍ ആയ സുന്ദരികള്‍ രാത്രി ആയാല്‍ തിളങ്ങുന്ന വസ്ത്രങ്ങളും അണിഞ്ഞു കസ്റ്റമേഴ്‌സിനെ അന്വേഷിച്ചു നടക്കുമെന്നും കേട്ടിരുന്നു. ജനലിനുള്ളില്‍ കൂടി വഴിയില്‍ പോകുന്നവരെ ആകര്‍ഷിക്കാന്‍ വിവസ്ത്രരായും അല്‍പ വസ്ത്രരായും അവര്‍ ചേഷ്ടകള്‍ കാണിക്കുമത്രേ. ( ചുമ്മാ അതുവഴി ചുറ്റിപറ്റി നടന്നാലും ഫോട്ടോ എടുക്കാന്‍ ശ്രമിച്ചാലും അവരുടെ കൂട്ടത്തില്‍ ഉള്ള ഗുണ്ടകളുടെ ആക്രമണവും ഉണ്ടാകുമത്രേ! ). ആംസ്റ്റര്‍ഡാമിലെ റെഡ് ലൈറ്റ് സ്ട്രീറ്റിന്റെ ഒരു ചെറിയ രൂപമാണത്രെ പിഗല്ലേ.

ടൂറിസ്റ്റ് ആയി പാരീസിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്ക് തിരക്ക് കൂടിയ പൊതു സ്ഥലങ്ങളില്‍ വെച്ച് പോക്കറ്റടി, പിടിച്ചു പറി മുതലായ ദുരനുഭവങ്ങള്‍ ഉണ്ടാവാറുണ്ട്. അത്തരത്തില്‍ പാസ്‌പ്പോര്‍ട്ട് അടക്കം നഷ്ടപ്പെട്ട ചില സുഹൃത്തുക്കളെ എനിക്കറിയാം. തടയാന്‍ ചില മാര്‍ഗങ്ങള്‍ ഇങ്ങനെ

പുറത്തു കാണുന്ന വിധം സ്വര്‍ണം പ്രദര്ശിപ്പിക്കാതിരിക്കുക. ഒരു തരി പൊന്നു പോലും ഇടാതിരുന്നാല്‍ അത്രയും നല്ലത്.
ബാക് പാക്ക് പുറത്തിടാതെ മുന്‍പില്‍ ഇടുക. സിപ് എപ്പോളും മുകളില്‍ വരുന്ന രീതിയില്‍ ഇട്ടാല്‍ മൊത്തം അഴിച്ചാലേ കൈ അകത്തു കടത്താന്‍ കഴിയൂ.

പാസ്‌പോര്‍ട്ട്, വിസ/ റസിഡന്റ് പെര്‍മിറ്റ്, ഐഡന്റിറ്റി കാര്‍ഡ് മുതലായവ നഷ്ടപ്പെട്ടാല്‍ അത് വീണ്ടും അപേക്ഷിച്ചു കിട്ടാനും ഓഫീസുകള്‍ കയറിയിറങ്ങി നഷ്ടപ്പെടുന്ന മണിക്കൂറുകള്‍ ഒഴിവാക്കാനായി, ഇവ എപ്പോളും കൈയില്‍ കൊണ്ട് നടക്കാതിരിക്കുക. ഹോട്ടലില്‍ ലോക്കര്‍ ഉണ്ടെങ്കില്‍ അവിടെ വെയ്ക്കുന്നതാണ് നല്ലത്. കോപ്പി മാത്രം കൈയില്‍ കരുതിയാല്‍ മതിയാകും.
അധികം കറന്‍സി കൈയില്‍ വെക്കാതിരിക്കുക. ട്രാന്‍സാക്ഷന്‍ എല്ലാം കാര്‍ഡ് വഴി ആണ് നല്ലത്. ക്രെഡിറ്റ് കാര്‍ഡുകളും ഡെബിറ്റ് കാര്‍ഡുകളും കുത്തി നിറച്ച പേഴ്‌സിന് പകരം ഒന്നോ രണ്ടോ കാര്‍ഡുകള്‍ മാത്രം യാത്രക്കായി മാറ്റി വെച്ച്, അത് എപ്പോഴും കാണുന്ന രീതിയില്‍ ബാഗില്‍ വെക്കുക. കൂടെ യാത്ര ചെയ്യുന്നവര്‍ (ഭാര്യ, കുട്ടികള്‍) അവരുടെ കൈയിലും ഒരു ഡെബിറ്റ് കാര്‍ഡ് എങ്കിലും ഉള്ളത് നല്ലതാണു. കാരണം ഒരു പേഴ്‌സ് നഷ്ടപ്പെട്ടാല്‍ വഴിയാധാരം ആകരുതല്ലോ.

പേഴ്‌സ് അല്ലെങ്കില്‍ വിലപിടിപ്പുള്ള രേഖകള്‍ നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ പോലീസില്‍ അറിയിക്കുക, അതിന്റെ കേസ് രജിസ്റ്റര്‍ ചെയ്ത കോപ്പി വാങ്ങിക്കുക. ഇത് എല്ലാ ഓഫീസ്‌കുകളിലും ആവശ്യം വരും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

സ്വിറ്റ്‌സര്‍ലാന്‍ഡ്, സഞ്ചാരിയുടെ വഴിയേ

Aug 5, 2017


mathrubhumi

5 min

ഇക്കാരണങ്ങൾ കൊണ്ടാണ് നെഹ്രു ഊട്ടിയെ മലനിരകളുടെ റാണി എന്ന് വിശേഷിപ്പിച്ചത്

Jun 6, 2019


mathrubhumi

10 min

മഞ്ഞിന്‍ വഴികള്‍ തേടി

Jul 7, 2018