ഓഫീസില്‍ എടുത്തു തീര്‍ക്കാന്‍ ബാക്കി നാല് ലീവ് കിടക്കുന്നു. എങ്ങോട്ട് പോകും എന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോള്‍ കൂടെ ജോലി ചെയ്യുന്ന നിസാറാണ് സ്വിറ്റ്‌സര്‍ലന്‍ഡ് സജ്ജെസ്റ്റ് ചെയ്തത്. പുള്ളി രണ്ടുമാസം മുമ്പ് കുടുംബമായി അവിടെ പോയി വന്നതാണ്. എന്റെയും ഒരുപാട് കാലത്തെ സ്വപ്നം. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. വിസക്ക് അപ്ലൈ ചെയ്തു. ഭൂമിയിലെ സ്വര്‍ഗ്ഗം എന്ന് സ്വിറ്റ്‌സര്‍ലന്‍ഡിനെ വിളിക്കുന്നതില്‍ ഒട്ടും അതിശയോക്തിയില്ലെന്ന് സൂറിച് (Zurich) എയര്‍പോര്‍ട്ടില്‍ ഫ്‌ലൈറ്റ് ഇറങ്ങുമ്പോള്‍ തന്നെ മനസ്സിലായി. മനോഹരമായ ഭൂപ്രകൃതി, ആല്പ്‌സ് പര്‍വത നിരകള്‍ മഞ്ഞു മൂടി കിടക്കുന്നു, ചുറ്റും പച്ചപ്പരവതാനി വിരിച്ചപോലെ പുല്‍ത്തകിടികള്‍, തടാകങ്ങള്‍. എവിടെ നോക്കിയാലും നമ്മള്‍ വോള്‍പേപ്പറില്‍ കണ്ടപോലെയുള്ള സ്ഥലങ്ങള്‍. സൂറിച് എയര്‍പോര്‍ട്ടില്‍ നിന്ന് തന്നെ റെയില്‍വേ സ്റ്റേഷനിലേക്ക് മെട്രോ ഉണ്ട്. വെറും രണ്ടു മിനിട്ട് കൊണ്ട് റെയില്‍വേ സ്റ്റേഷനില്‍ എത്തി.
നേരെ ഇന്‍ഫര്‍മേഷന്‍ കൗണ്ടറില്‍ പോയി. നമ്മുടെ നാട്ടിലെ റെയില്‍വേ അന്വേഷണ കൗണ്ടറില്‍ നിന്ന് തീര്‍ത്തും വിഭിന്നമാണത്. സ്വന്തം വീട്ടിലേക്ക് ഒരു അതിഥിയെ ക്ഷണിക്കുന്ന പോലെയുള്ള പെരുമാറ്റം. നമ്മള്‍ എത്ര ദിവസം അവിടെ കാണുമെന്നും എവിടെയൊക്കെ പോണമെന്നു പറഞ്ഞാല്‍ നമുക്ക് അനുയോജ്യമായ ട്രാവല്‍പ്ലാന്‍ അവര്‍ സജ്ജസ്റ്റ് ചെയ്യും. അതിന്റെ കൂടെ നമ്മള്‍ പോകാന്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ മാപ്പും ബ്രോഷറുകളും തരും. ഞാന്‍ നാലു ദിവസം ഉണ്ടാവുമെന്ന് പറഞ്ഞപ്പോള്‍ നാലു ദിവസത്തെ സ്വിസ് പാസ് ആണ് അവര്‍ നിര്‍ദേശിച്ചത് . 251 സ്വിസ് ഫ്രാങ്കാണ് ചാര്‍ജ്. ഈ നാലു ദിവസം നമുക്ക് സ്വിറ്റ്‌സര്‍ലന്‍ഡില്‍ പരിധിയില്ലാതെ യാത്ര ചെയ്യാം. ഇതില്‍ ട്രെയിന്‍, ബസ്, ബോട്ട് എല്ലാം ഉള്‍പ്പെടും. ടോപ് ഓഫ് യൂറോപ് എന്നു വിളിക്കുന്ന യുങ് ഫ്രോ (jungfraujoch)യില്‍ പോകാനുള്ള ടിക്കറ്റിനു മാത്രം 50 ശതമാനം കൊടുക്കണം.
ഞാന്‍ ബുക്ക് ചെയ്ത ഹോട്ടല്‍ ഇന്റര്‍ലേക്കണ്‍ (Interlaken)എന്ന സ്ഥലത്തായിരുന്നു. സൂറിചില്‍ നിന്ന് ഏകദേശം രണ്ടു മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇന്റര്‍ലേക്കണില്‍ എത്താം. ജീവിതത്തില്‍ അനുഭവിച്ച ഏറ്റവും മനോഹരമായ യാത്രകളില്‍ ഒന്നായിരുന്നു ആ ട്രെയിന്‍ യാത്ര. ലേക്ക് ജനീവ (Lake Geneva)യും തൂവെള്ള നിറത്തിലുള്ള ആല്പ്‌സ് പര്‍വത നിരകളും പശുക്കള്‍ മേയുന്ന ഭംഗിയുള്ള പുല്‍ത്തകിടികളും സുന്ദരങ്ങളായ ചെറുപട്ടണങ്ങളും താണ്ടിയുള്ള യാത്ര. അതൊന്ന് അനുഭവിച്ചറിയുക തന്നെ വേണം . Interlaken OST സ്റ്റേഷനിലാണ് ട്രെയിന്‍ ഇറങ്ങിയത്. ഗൂഗിള്‍ മാപ്പില്‍ നോക്കിയപ്പോള്‍ ബുക്ക് ചെയ്ത ഹോട്ടലിലേക്ക് 20 മിനിറ്റ്് നടക്കാനുള്ള ദൂരമുണ്ട്.
ഇന്റര്‍ലേക്കണ്‍ എന്ന കൊച്ചു പട്ടണത്തിലൂടെ ബാഗും വലിച്ചു നടന്നു. ഒരു പട്ടണം ഇങ്ങനെ വൃത്തിയായും ഭംഗിയായും സൂക്ഷിക്കുന്ന സ്വിസ് ജനതയോടും സര്‍ക്കാരിനോടും സത്യത്തില്‍ ബഹുമാനം തോന്നി. പണിയുന്നത് കടയാണെങ്കിലും വീടാണെങ്കിലും പണിയുന്നതിനു മുമ്പ് പ്ലാന്‍ സര്‍ക്കാര്‍ അംഗീകരിക്കണം. ഒരേ രൂപത്തിലും നിറത്തിലുമുള്ള മനോഹരമായ വീടുകള്‍, അതിശൈത്യം പ്രതിരോധിക്കാന്‍ പാകത്തിനുള്ള രൂപകല്പ്പന, എന്തിനേറെ പറയുന്നു വീടുകളുടെ ജനലുകള്‍ക്ക് കൊടുക്കുന്ന നിറങ്ങളില്‍ പോലും ഒരുമ.
തടാകത്തിലേക്ക് തുറക്കുന്ന ജനലുള്ള ഒരു മുറിയായിരുന്നു എന്റേത്. ദൂരെ ഒരു ചിത്രത്തിലെന്ന പോലെ പര്‍വതങ്ങളും താഴെ തടാകത്തില്‍ അരയന്നങ്ങളും പിന്നെ പേരറിയാത്ത ഒരുപാട് പക്ഷികളും.തടാകത്തിന്റെ മറുകരയില്‍ ഇന്റര്‍ലേക്കണ്‍ വെസ്റ്റ് റെയില്‍വേ സ്റ്റേഷന്‍, പിന്നെ ഇന്റര്‍ലേക്കണ്‍ എന്ന കൊച്ചു പട്ടണവും. തണുപ്പുകാലമാണ്. മരം കോച്ചുന്ന തണുപ്പും മഞ്ഞുവീഴ്ചയും. 4.20 ആയപ്പോഴേക്കും സൂര്യന്‍ അസ്തമിച്ചു. നല്ല വിശപ്പ്. മുറി പൂട്ടി പുറത്തിറങ്ങി. പൊതുവേ ഏറ്റവും ചിലവേറിയ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നാം സ്ഥാനം ആണ് സ്വിറ്റ്‌സര്‍ലന്‍ഡിന്.
ചെറിയ ഒരു ഹോട്ടല്‍ നോക്കി കയറി. കണ്ണ് തള്ളുന്ന മെനു. താരതമ്യേന വില കുറഞ്ഞ ഒരു പിസ ഓര്‍ഡര്‍ ചെയ്തു. (ചെലവ് ചുരുക്കി സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് യാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ കഴിയുന്നതും കേടുവരാത്ത ഭക്ഷണം കൂടെ കൊണ്ട് പോകാന്‍ ശ്രമിക്കണം). ഭക്ഷണം കഴിച്ച് ഒന്ന് കറങ്ങിയതിനു ശേഷം മുറിയിലെത്തി നേരത്തെ കിടന്നു. പിറ്റേന്ന് നേരത്തെ എഴുന്നേറ്റ് ടോപ് ഓഫ് യൂറോപ്പ് കാണാന്‍ പോകാനുള്ളതാണ്.
ഇന്റലേക്കണ്‍ വെസ്റ്റ് സ്റ്റേഷനില്‍ നിന്ന് ഏകദേശം രണ്ടരമണിക്കൂര്‍ യാത്ര ചെയ്യണം. ടോപ് ഓഫ് യൂറോപ്പ് എന്ന് വിളിക്കുന്ന യുങ് ഫ്രോ എന്ന സ്ഥലത്ത് എത്താന്‍. സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും ചിലവേറിയ ട്രെയിന്‍ യാത്ര, ഒരു പക്ഷേ ലോകത്തേയും. ഏകദേശം 220 ഡോളര്‍ വരും റിട്ടേണ്‍ ടിക്കറ്റിന്. സ്വിസ് പാസ് ഉള്ള കാരണം 50% ഇളവ് ലഭിച്ചു. യുങ് ഫ്രോ എത്തുന്നതിനു മുമ്പ് രണ്ടു സ്ഥലത്ത് ട്രെയിന്‍ മാറി കയറണം.
Lauterbrunnen എന്ന സ്ഥലത്തും Kleine Scheidegg സ്ഥലത്തും. സമുദ്രനിരപ്പില്‍ നിന്ന് 3466 മീറ്റര്‍ ഉയരത്തിലാണ് Jungfraujoch. മഞ്ഞു മൂടിക്കിടക്കുന്ന ആല്പ്‌സ് പര്‍വത നിരകളിലൂടെയാണ് യാത്ര. ഉയരം കൂടുന്തോറും താഴേക്ക് നോക്കുമ്പോള്‍ ഏറ്റവും സുരക്ഷിതമാണ് സ്വിസ് ട്രെയിന്‍ എന്നറിയാമെങ്കിലും ഒരു ചെറിയ ഭയം ഉള്ളിലെവിടെയോ രൂപപ്പെട്ടു. രണ്ടു പാളങ്ങള്‍ക്ക് നടുവിലായി വലിയ പല്‍ച്ചക്രങ്ങള്‍ ഉണ്ട്. അതില്‍ പിടിച്ചാണ് ട്രെയിന്‍ കുത്തനെയുള്ള കയറ്റം കയറുന്നത്. മുകളില്‍ എത്തിയപ്പോഴാണ് ഞാന്‍ യാത്രക്ക് തിരഞ്ഞെടുത്ത സമയം ശരിയായില്ല എന്ന സത്യം തിരിച്ചറിഞ്ഞത്. ശക്തമായ മഞ്ഞു മഴയും കാറ്റും. ഒന്നും കാണാന്‍ വയ്യാത്ത അവസ്ഥ. വീഡിയോ ഇവിടെ കാണാം
മൂന്നാമത്തെ ദിവസം മോന്‍ട്രോയിലേക്ക് (Motnreaux) പോകാനാണ് പ്ലാന്‍. ലേക്ക് ജനീവ(Lake Geneva)യുടെ കരയിലെ ഒരു പുരാതന പട്ടണം. ഇന്റര്‍ലേക്കണില്‍ നിന്ന് ഏകദേശം രണ്ടു മണിക്കൂര്‍ ട്രെയിനില്‍ യാത്ര ചെയ്താല്‍ അവിടെ എത്താം. ഫ്രഡി മെര്‍ക്കുറി(Freddie Mercury)യും ചാര്‍ളി ചാപ്ലിനും (charlie Chaplin) ജീവിച്ചിരുന്ന സ്ഥലം. ഇവിടെ ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. എങ്കിലും ശക്തമായ മഴ അതിന് അനുവദിച്ചില്ല. ലേക്ക് ജനീവയുടെ കരയിലുള്ള പുരാതനമായ Chillon Castle എന്ന കോട്ട മാത്രേ കാണാന്‍ പറ്റിയുള്ളൂ.
നാലാം ദിവസവും മഴയായിരുന്നു. പുറത്ത് ഇറങ്ങി കാഴ്ചകള്‍ കണ്ടു നടക്കല്‍ ശരീരത്തിനും കാമറക്കും നല്ലതല്ല എന്ന് ഞാന്‍ മനസ്സിലാക്കി. നേരെ Motnreaux റെയില്‍വേ സ്റ്റേഷനില്‍ നിന്ന് ആദ്യം കണ്ട ട്രെയിനില്‍ കയറി, അവസാന സ്റ്റോപ്പില്‍ ഇറങ്ങി. വീണ്ടും മറ്റൊരു ട്രെയിനില്‍ അവസാനസ്റ്റോപ്പ് വരെ. ഇത് വൈകുന്നേരം വരെ തുടര്‍ന്നു. നാല് മണിക്ക് Motnreaux റെയില്‍വേ സ്റ്റേഷനില്‍ തിരിച്ചെത്തി. ഒമ്പതു മണിക്ക് ജനീവ എയര്‍പോര്‍ട്ടില്‍ നിന്നാണ് ഫ്‌ലൈറ്റ്. ഒരു മണിക്കൂര്‍ കൊണ്ട് ജനീവ എയര്‍പോര്‍ട്ടിലേക്കുള്ള ട്രെയിന്‍ എത്തി. ട്രെയിന്‍ ഇറങ്ങി എസ്‌കലേറ്ററില്‍ ഒരു ഫ്‌ലോര്‍ മേലെ പോയാല്‍ ഫ്‌ലൈറ്റ് ചെക്ക് ഇന്‍ കൗണ്ടര്‍. സ്റ്റാഫ് ടിക്കറ്റ് ആയതിനാല്‍ ഒരു മണിക്കൂര്‍ കാത്തിരിക്കാന്‍ പറഞ്ഞു.
കൃത്യ സമയത്ത് ജനീവ എയര്‍പോര്‍ട്ടില്‍ നിന്ന് തുര്‍കിഷ് എയര്‍ലൈന്‍സ് വിമാനം ദൈവം കനിഞ്ഞു നല്കിയ ഈ മനോഹര ഭൂമിയെ പിന്നിലാക്കി പറന്നു പൊങ്ങി. (നിങ്ങള്‍ വിദേശത്ത് ആണെങ്കില്‍ വിസക്ക് അപ്ലൈ ചെയ്യാന്‍ ആവശ്യമുള്ള പേപ്പറുകള്‍, കമ്പനി ലെറ്റര്‍, ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ഫ്‌ലൈറ്റ് ടിക്കറ്റ്, ഹോട്ടല്‍ ബുക്കിങ്, ഇന്‍ഷുറന്‍സ്, രണ്ടു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോസ് (വെള്ള പശ്ചാത്തലത്തില്‍).