തുംഗനാഥിലെ സൂര്യോദയം


By സുനീഷ്

4 min read
Read later
Print
Share

ഫെയ്‌സ്ബുക്ക് ഗ്രൂപ്പ് സഞ്ചാരിയിലെ പോസ്റ്റ് ഓഫ് ദി വീക്ക്..

ചോപ്തയില്‍ നിന്ന് തുംഗനാഥിലേക്ക് ആറു കിലോമീറ്റര്‍ കുത്തനെയുള്ള കയറ്റമാണ്. കുതിരയെ അന്വേഷിച്ചു പോയ സുരേന്ദ്രേട്ടന്‍ നിരാശയോടെ തിരിച്ചു വന്നു.
'... മഴ പെയ്തതു കൊണ്ട് കുതിരപ്പുറത്ത് പോവുന്നത് റിസ്‌കാണ്. ഇന്നലെ മുതല്‍ ഇടയ്ക്കിടെ മഴയുണ്ട് .ഇനിയും മഴ പെയ്യാന്‍ സാധ്യതയുണ്ട്. അതു കൊണ്ട് കുതിരക്കാര്‍ ആരും തയ്യാറല്ല. ഇന്ന് ഇവിടെ തങ്ങി നാളെ രാവിലെ പോവാം.. '
'.. നടന്നു പോയാലോ....?'
'.. നടന്നു പോവുന്നതിലും അല്പം റിസ്‌കുണ്ട്. പിന്നെ കൂടെയുള്ളവരില്‍ എല്ലാവര്‍ക്കും നടക്കാനും പറ്റില്ല... '
'... അപ്പോള്‍ ചന്ദ്ര ശിലയിലെ സൂര്യോദയം...'
'... അതു മിസ്സാവും...'

സമയം ആറര കഴിഞ്ഞു. മഴക്കാറും മൂടല്‍മഞ്ഞും കാരണം നേരം വല്ലാതെയിരുട്ടിയതു പോലെ തോന്നിച്ചു. ചന്ദ്രശിലയില്‍ നിന്നുള്ള സൂര്യോദയം ഒരു സ്വപ്നം പോലെ കണ്ടിരുന്ന ഞങ്ങളില്‍ പലര്‍ക്കും നിരാശയായി.അവസാനം ഒരു പുതിയ തീരുമാനത്തിലെത്തി. നടക്കാന്‍ തയ്യാറുള്ളവര്‍ നടന്നു തുംഗനാഥിലെത്തി രാത്രി അവിടെ തങ്ങുക. അല്ലാത്തവര്‍ രാവിലെ കുതിരപ്പുറത്ത് വന്ന് ദര്‍ശനം നടത്തുക.

ഞങ്ങള്‍ ഒന്‍പതു പേര്‍ മെല്ലെ നടക്കാന്‍ ആരംഭിച്ചു. നാല്പത് രൂപക്ക് കിട്ടിയ നേരിയ പ്ലാസ്റ്റിക് റെയിന്‍കോട്ടും ധരിച്ച് കയറ്റം കയറിത്തുടങ്ങിയപ്പോള്‍ തന്നെ കോട്ടിനുള്ളില്‍ നിന്ന് തണുപ്പ് ഇറങ്ങിപ്പോയി. നിലാവില്‍ ദൂരെയായി വെളുത്ത നിറത്തിലുള്ള റെയിന്‍കോട്ടണിഞ്ഞ സഹയാത്രികരെ കാണാം .അവര്‍ വളവുകളില്‍ കാണാതാവുകയും അടുത്ത വളവുകളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോള്‍ ആ കാഴ്ച ഹോളിവുഡ് ഹൊറര്‍ സിനിമകളെ ഓര്‍മിപ്പിച്ചു. ഏകദേശം ഒരു മണിക്കൂറോളം നടന്നു കഴിഞ്ഞപ്പോള്‍ അകലെയായി വെളിച്ചം കണ്ടു.അതു കടന്നു പോവുമ്പോള്‍ വിറകടുപ്പിന്റെ സുഖകരമായ ചൂടിനൊപ്പം 'ജയ് തുംഗനാഥ് ' എന്ന ശബ്ദവും പുറത്തേക്ക് ചാടി വന്നു.

ജയ് തുംഗനാഥ് എന്ന് തിരിച്ചു പറഞ്ഞപ്പോള്‍ ഭക്ഷണത്തിന് ക്ഷണിച്ചു .ഞങ്ങളുടെ കൂട്ടത്തില്‍ കുറച്ചു പേര്‍ കൂടിയുണ്ടെന്നും മുകളിലെത്തിയിട്ട് ഭക്ഷണം കഴിക്കാമെന്നാണ് വിചാരിക്കുന്നത് എന്ന് പറഞ്ഞു. അദ്ദേഹം സന്തോഷത്തോടു കൂടി തന്നെ മുകളിലേക്ക് രണ്ട് കിലോമീറ്റര്‍ കൂടിയെ ഉള്ളൂ, പെട്ടെന്ന് തന്നെ നടന്നോളൂ എന്ന് പറഞ്ഞു. ടൂറിസം എല്ലാ തരത്തിലുള്ള പ്രലോഭനം നടത്തിയിട്ടും ഗഡ് വാളികളുടെ സ്വഭാവത്തില്‍ കാര്യമായ മാറ്റമൊന്നും ഇല്ലെന്ന് തോന്നുന്നു. ആര്‍ത്തിപിടിച്ചുള്ള കച്ചവട തന്ത്രങ്ങള്‍ ആര്‍ക്കുമില്ല. തന്നിലേക്ക് വരുന്ന എല്ലാത്തിനേയും നിസ്സംഗതയോടെ കാണുന്ന ഹിമാലയത്തിന്റെ സ്വഭാവം ഇവര്‍ക്കും പകര്‍ന്നു കിട്ടിയിട്ടുണ്ടാവാം.

നടന്ന് ഒരു പ്രത്യേക തിരിവിലെത്തിയപ്പോള്‍ ചന്ദ്രന്റെ പൂര്‍ണ്ണരൂപം പ്രത്യക്ഷപ്പെട്ടു. മനോഹരമായ ഒരു കാഴ്ചയായിരുന്നു അത്. ഞാനും എന്റെ കൂടെയുള്ള സുധാകരേട്ടനും ഒരു നിമിഷം ആ കാഴ്ചയില്‍ ലയിച്ചു നിന്നു പോയി. പിന്നീട് പരസ്പരം പുഞ്ചിരിച്ചു. ഒരു മലയുടെ മുകളിലായി 360 ഡിഗ്രിയുടെ പൂര്‍ണ്ണതയക്ക് ഒരു ദിവസം മാത്രം കുറവുള്ള ചന്ദ്രന്‍. നാലു ചുറ്റിലുമുള്ള മലകളിലും പുല്‍മേടുകളിലും നിഴലും നിലാവും ചേര്‍ന്ന് ഒരുക്കിയ ചിത്രങ്ങള്‍. വെളിച്ചത്തെ ഗര്‍ഭം ധരിച്ച ഓറഞ്ചു നിറത്തിലുള്ള ടെന്റുകള്‍ അവിടവിടെയായി ചിതറിക്കിടക്കുന്നു.

നിലാവിലൂടെ നടന്ന് തുംഗനാഥ് ക്ഷേത്രത്തിന് തൊട്ടടുത്തുള്ള വിക്രം സിംഗ് റാണയുടെ കടയിലെത്തുമ്പോഴേക്കും ഒന്‍പതു മണിയായി. റാണയുടെ കടയിലെ നെരിപ്പോടിനു ചുറ്റുമായി ഞങ്ങളിലിരുന്നു. സുരേന്ദ്രേട്ടന്റെ ബാഗില്‍ പച്ചക്കറികളും വെളിച്ചെണ്ണയും ഉണ്ടായിരുന്നു. അതൊക്കെ ചേര്‍ത്ത് റാണ മനോഹരമായ ഒരു സബ്ജിയുണ്ടാക്കി. തൊട്ടപ്പുറത്ത് നിന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് കനലില്‍ ചുട്ടെടുത്ത ഫൂല്‍ഗ ചൂടോടുകൂടി വിളമ്പി. ആരുടേയോ ബാഗില്‍ കണ്ണിമാങ്ങ അച്ചാറും ഉണ്ടായിരുന്നു.

ഉച്ചക്കുശേഷം കാര്യമായ ഭക്ഷണം ഇല്ലാതെ, രണ്ട് മണിക്കൂര്‍ മലകയറ്റത്തിന്റെ ക്ഷീണത്തില്‍ , തുംഗനാഥിലെ കൊടും തണുപ്പില്‍, കനലടുപ്പിന്റെ ചൂടേറ്റ് കഴിച്ച ഫുല്‍ഗയുടെ സബ്ജിയുടെയും രുചിയെ കുറിച്ച് എന്തെങ്കിലും പറയണമെന്ന് തോന്നുന്നില്ല......!!! ഭക്ഷണത്തിനു ശേഷം തുംഗനാഥന്റെ സന്നിധിയിലിരുന്നു കൊണ്ട് നിലാവ് പുതച്ചുറങ്ങുന്ന താഴ്‌വരയെയും നോക്കി വെറുതെയിരുന്നു. മനോഹരമായ ഒരു കോമ്പിനേഷനായിരുന്നു അത്. മഞ്ഞ്, നിലാവ്, നിശബ്ദത...

സൂരേന്ദ്രേട്ടന്‍ കിടക്കാന്‍ വിളിച്ചപ്പോഴാണ് അവിടെ നിന്ന് ഇറങ്ങിയത്. നടക്കുമ്പോള്‍ ഞങ്ങളോട് പിണങ്ങി നിന്നിരുന്ന തണുപ്പ് കിടന്നപ്പോള്‍ പൂര്‍വാധികം സ്‌നേഹത്തോടെ കൂടെ വന്ന് കിടന്നു.

രാവിലെ നാലര മണിക്ക് എഴുന്നേറ്റ് ട്രെക്കിംഗ് തുടങ്ങി. രണ്ടര കിലോമീറ്റര്‍ കയറ്റത്തിനൊടുവില്‍ ചന്ദ്രശിലയെന്ന സ്വര്‍ഗത്തിലെത്തി. വഴിയില്‍ ആരെയും കാണാത്തതു കൊണ്ട് ഞങ്ങളായിരിക്കും ആദ്യം എന്ന ധാരണയായിരുന്നു മുകളിലെത്തുന്നതുവരെ. പക്ഷെ മുകളില്‍, ധാരാളം മണികള്‍ കെട്ടിത്തൂക്കിയ ഒരു ചെറിയ അമ്പലത്തിനടുത്ത്, ഹിന്ദി സിനിമകളിലെ നായകന്റെ രൂപത്തിലുള്ള ഒരു ചെറുപ്പക്കാരന്‍ ഒറ്റക്ക് നില്ക്കുന്നു. പരിചയപ്പെട്ടപ്പോള്‍ ഡെറാഡൂണിലുള്ള ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്. താഴെ ടെന്റില്‍ താമസിക്കുകയായിരുന്നു. രാവിലെ നാലു മണിക്ക് എഴുന്നേറ്റ് ഒറ്റക്ക് വന്നതാണ്. അതു കേട്ടപ്പോള്‍ ചെറിയ ഇഷ്ടം തോന്നി. അദ്ദേഹം നാലു ചുററിലും കാണുന്ന പര്‍വതങ്ങളെ ചൂണ്ടിക്കാട്ടി പരിചയപ്പെടുത്തി തരാന്‍ തുടങ്ങി. കാഞ്ചന്‍ ജംഗ, നന്ദാദേവി, ചൗഖംബ സ്വര്‍ഗാരോഹിണി കൊടുമുടി.ദൂരെ മഞ്ഞു കൊണ്ട് നരച്ച പോയ ഭാഗം കാണിച്ചു പറഞ്ഞു' അതാണ് എവറസ്റ്റ്'.

ലാന്‍ഡ്‌സ്‌കേപ്പ് ഫോട്ടോഗ്രാഫര്‍മാര്‍ ട്വൈലൈറ്റ് എന്ന് ഓമനിച്ചു വിളിക്കുന്ന, ഉദയത്തിന് മുമ്പുള്ള നേരിയ വെളിച്ചത്തിന്‍, ചുറ്റുമുള്ള പര്‍വതങ്ങള്‍ക്ക് വല്ലാത്ത ഭംഗി. ഞാന്‍ ഷട്ടര്‍ സ്പീഡ് കുറച്ച്, മിനുസമുള്ള പാറ ട്രൈപോഡ് ആക്കി മാറ്റി കുറച്ച് ചിത്രങ്ങളെടുത്തു. അത് വിചാരിച്ചു പോലെ ഭംഗിയാവാത്തതു കൊണ്ട് ശ്രമം ഉപേക്ഷിച്ച് ഉദയവും കാത്തിരുന്നു. ഹിമാലയത്തിലെ സൂര്യോദയം വളരെ രസകരമാണ്. ആദ്യം കിഴക്കു ഭാഗത്ത്, സൂര്യന്‍ ഉദിക്കാന്‍ തുടങ്ങുന്നിടത്ത് വെളിച്ചത്തിന്റെ ഒരു ചുവന്ന കുഴല്‍ മേഘങ്ങളിലേക്ക് നീണ്ടു പോവും. പിന്നീട് സൂര്യന്‍ പതിയെ പൊങ്ങിവരാന്‍ തുടങ്ങും. സൂര്യന്റെ തലവെട്ടം കാണുമ്പോഴേക്കും മഞ്ഞുമലകള്‍ ഓറഞ്ചു നിറത്തില്‍ തിളങ്ങും.

ഈ കാഴ്ചയില്‍ ഉള്ളു നിറഞ്ഞ സന്തോഷത്തോടെ ഞാന്‍ മെല്ലെ ഞങ്ങളുടെ ടൂര്‍ ലീഡര്‍ സൂരേന്ദ്രട്ടനെ ചേര്‍ത്തുപിടിച്ചു. സുഹൃത്തേ നീയില്ലെങ്കില്‍ ഈ കാഴ്ച എനിക്ക് കിട്ടില്ലായിരുന്നല്ലോ...ഒരായുസ്സു മുഴുവന്‍ താലോലിച്ചു വെയ്ക്കാനുള്ള ഓര്‍മകളുമായി ഞങ്ങള്‍ മെല്ലെ താഴെക്കിറങ്ങി. ഇറങ്ങുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. തീര്‍ച്ചയായും അത് ഈ കാഴ്ച തീര്‍ന്നു പോയല്ലോ എന്ന സങ്കടം കൊണ്ടായിരുന്നില്ല. ചിന്തകളൊഴിഞ്ഞ് മനസ്സ് സ്വസ്ഥമായതു കൊണ്ടായിരുന്നു. പുലരിയുടെ തണുപ്പില്‍ മലയിറങ്ങി വരുമ്പോള്‍ ഞാന്‍ ചിന്തിച്ചത് ഒന്നു മാത്രമായിരുന്നു. ഈ ലോകത്ത് സന്തോഷിക്കാന്‍ എന്തൊക്കെ കാരണങ്ങളാണ്......!!!

Travel Route...
ഡല്‍ഹി.... ഹരിദ്വാര്‍... ഋഷികേശ്... രുദ്രപ്രയാഗ്.. കുണ്ഡ്... ഗോപേശ്വര്‍.... ചോപ്ത...തുംഗനാഥ്
ഡല്‍ഹിയില്‍ അഞ്ചു മണിക്കൂറോളം എടുക്കം ഹരിദ്വാറിലേക്ക്. അവിടെ നിന്ന് പന്ത്രണ്ട് മണിക്കു റോളം ചോപ്തയിലേക്ക്. ചോപ്തയില്‍ നിന്ന് നടന്നൊ കുതിരപ്പുറത്തോ നിങ്ങള്‍ക്ക് തുംഗനാഥിലെത്താം.
സീസണ്‍... മെയ് മുതല്‍ ഒക്ടോബര്‍ വരെ.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram