ഒരു യാത്ര പോകണം. ആരാലും തിരിച്ചറിയപ്പെടാത്ത ഒരിടത്തേക്ക്. ഒറ്റക്ക്. ആള്‍ക്കൂട്ടങ്ങളില്ലാത്ത, ചുറ്റും സമാധാനം മാത്രം നിറഞ്ഞ ഒരു ലോകത്തേക്ക്. ഇതുവരെ ജീവിച്ച ജീവിതത്തിന്റെ മറുകരയിലേക്ക്. ജീവിതത്തെ കൂടുതല്‍ സ്‌നേഹിക്കാന്‍ പറ്റുന്ന ഒരിടത്തേക്ക്. അക്കരപ്പച്ച ആയിരുന്നോ എന്ന് തിരിച്ചറിയണം.
വീട്ടിലേക്കുള്ള ബസ് മുന്നില്‍ കിടപ്പുണ്ട്. മംഗലാപുരത്ത് നിന്ന് ഗോകര്‍ണം വരെയുള്ള ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തിട്ടുമുണ്ട്. എങ്ങോട്ട് പോകും എന്ന് ഇപ്പോഴും ഒരു ഉറപ്പായിട്ടില്ല. ഒറ്റക്കുള്ള യാത്ര കുറേ നാള്‍ ആയിട്ടുള്ള സ്വപ്നം ആണ്. മുന്‍പത്തെ യാത്രകള്‍ എല്ലാം പ്ലാന്‍ ഇട്ടത് ഒറ്റക്ക് പോകാന്‍ ആണെങ്കിലും ഡല്‍ഹിക്ക് സയിദിനെയും(Sayeed) മനാലിക്ക് അമലിനെയും വിഷ്ണുവിനെയും(Vishnu Vijayan) കൂട്ടിനു വിളിച്ചു.
'Hapiness is true only when shared' എന്ന് അലക്‌സാണ്ടര്‍ സൂപ്പര്‍ട്രാംപ് മരണത്തിനു തൊട്ടുമുന്‍പ് കുറിച്ച് വെച്ചത് ഓര്‍ത്തിട്ടാവണം, ഏകാന്തതയോട് അടങ്ങാത്ത പ്രണയമാണെങ്കില്‍ കൂടിയും ഒറ്റക്കുള്ള യാത്രയോട് എന്തോ ഒരു ഭയം ആയിരുന്നു. പണ്ടാരോ പറഞ്ഞിട്ടുണ്ട്, ഭയത്തെ മറികടക്കുവാനുള്ള ആദ്യത്തെ പടി ഭയത്തെ മുറുകെപ്പുണരലാണെന്ന്. അതുകൊണ്ട് പോകുവാന്‍ തന്നെ തീരുമാനിച്ചു.
'അഫ്‌സലേ അവധിക്ക് എങ്ങോട്ടും പോകുന്നില്ലേ' എന്ന് എക്‌സാം തുടങ്ങിയപ്പോള്‍ മുതല്‍ കേട്ട് തുടങ്ങിയതാണ്. എല്ലാ അവധിക്കും ഊര് ചുറ്റാന്‍ ഇറങ്ങുന്ന എന്റെ സ്വഭാവം അറിയുന്ന കൊണ്ടുള്ള ചോദ്യമാണ്. ഇത്തവണ പക്ഷെ ഒരു ഉത്തരം ഉണ്ടായിരുന്നില്ല. കയ്യില്‍ തുട്ടില്ല എന്നത് തന്നെ കാരണം. കഴിഞ്ഞ മനാലി യാത്രക്ക് കടം വാങ്ങിയ കാശ് ഇത് വരെ കൊടുത്ത് തീര്‍ക്കാന്‍ പറ്റിയിട്ടില്ല.. വീട്ടിലിരുന്നിട്ട് ഇരിപ്പുറക്കുന്നില്ല താനും.
ഉള്ളത് എണ്ണിപ്പെറുക്കി ഇറങ്ങി. കൂട്ടുകാരന്റെ അക്കൗണ്ടില്‍ നിന്നു ടിക്കറ്റ് ബുക്ക് ചെയ്തു. ബസ്സ്റ്റാന്‍ഡില്‍ എത്തി. ഇനി ഒരു തീരുമാനം എടുക്കണം,പോകണോ വേണ്ടയോ? മംഗലാപുരം വരെ പോകാന്‍ ഒരു കൂട്ടുകാരനെ കമ്പനി കിട്ടി. റെയില്‍വേ സ്റ്റേഷന്‍ വരെ രാത്രി അതുമിതും പറഞ്ഞു ഞങ്ങള്‍ നടന്നു. ഓഖ എക്‌സ്പ്രസ്സില്‍ ജനറല്‍ ടിക്കറ്റ് എടുത്ത് കയറി. തിരക്കുണ്ടായിരുന്നെങ്കിലും കണ്ണൂര്‍ എത്തിയപ്പോള്‍ ഇരിക്കാനിടം കിട്ടി. മംഗലാപുരത്ത് എത്തി, എനിക്ക് പോകാന്‍ ഉള്ള ട്രെയിന്‍ വന്നപ്പോള്‍ ഷബാന്‍ യാത്ര പറഞ്ഞു പിരിഞ്ഞു. ഒറ്റക്കുള്ള യാത്ര തുടങ്ങുകയായി.
ഉള്ളിലെ ഭയത്തെ വകവെക്കാതെ ട്രെയിനില്‍ കയറി. മഡ്‌ഗൌണ്‍ വരെയുള്ള പാസഞ്ചര്‍ ആണ്. റിസര്‍വേഷന്‍ കോച്ച് ആയതിനാല്‍ തിരക്ക് ഉണ്ടായിരുന്നില്ല. കൊങ്കണ്‍ റെയില്‍ അതിമോനോഹരി ആണെന്നറിയാം,പക്ഷെ ക്ഷീണം കണ്ണുകള്‍ക്ക് മേലൊരു മൂടിയായി കിടന്നത് കൊണ്ട് കുംത എത്തിയപ്പോഴാണ് കണ്ണു തുറന്നത്.10 മണി ആയപ്പോള്‍ 'ഗോകര്‍ണ റോഡ്' സ്റ്റേഷന്‍ ട്രെയിന്‍ ഇറങ്ങി. അവിടുന്ന് ബസ് പിടിച്ച് ഗോകര്‍ണത്തേക്ക് .ബീച്ചിലോട്ടുളള വഴി ചോദിച്ചു നടന്നു.
എന്റെ പ്രതീക്ഷക്ക് വിപരീതമായി നിറയെ ആള്‍ക്കൂട്ടം. ആളുകളെ തട്ടിയിട്ടു നടക്കാന്‍ വയ്യ. അബദ്ധം പറ്റിയോ എന്ന് മനസ്സ് ചോദിച്ചു കൊണ്ടിരുന്നു. അമ്പലങ്ങളാല്‍ നിറഞ്ഞ ഒരു വഴിയിലൂടെ നടന്നു ഒടുവില്‍ ബീച്ചില്‍ എത്തി. ഒരു അന്തവും കുന്തവും ഇല്ലാതെ നടക്കുന്ന എന്നെ കണ്ടിട്ട് ഒരു പോലീസുകാരന്‍ വിളിച്ചു പോക്കറ്റും ബാഗും മുഴുവന്‍ തപ്പി. അങ്ങേരു തപ്പിയത് കഞ്ചാവാണെങ്കിലും ബാഗില്‍ പുസ്തകങ്ങളും തുണിയുമല്ലാതെ വേറൊന്നും കാണാത്തത് കൊണ്ട് ഞാന്‍ നല്ല കുട്ടി ആണെന്നു അയാള്‍ക്ക് തോന്നിക്കാണണം. സ്ഥലങ്ങളെ കുറിച്ച് ഒരു ഏകദേശ രൂപവും,താമസിക്കാന്‍ ഇടം കിട്ടുന്ന സ്ഥലവും ഒക്കെ അയാള്‍ പറഞ്ഞു തന്നു. അയാള്‍ പറഞ്ഞു തന്ന വഴിയെ കുഡ്‌ലെ ബീച്ച് ലക്ഷ്യമാക്കി നടന്നു.
ഗോകര്‍ണത്ത് പ്രധാനമായും 5 ബീച്ചുകള്‍ ആണുള്ളത്.യഥാക്രമം ഗോകര്‍ണ ബീച്ച്, കുഡ്‌ലെ ബീച്ച്, ഓം ബീച്ച്, ഹാഫ് മൂണ്‍ ബീച്ച് പിന്നെ പാരടൈസ് ബീച്ച്. ഓരോ ബീചിനും ഇടയില്‍ ഓരോ മലകളുണ്ട്.അത് കയറി ഇറങ്ങി വേണം ഒന്നില്‍ നിന്ന് മറ്റൊന്നിലേക്ക് പോകുവാന്‍. അര മണിക്കൂര്‍ മുകളില്‍ ദൂരം ഉണ്ട് ഓരോന്നിനും ഇടയില്‍. മലകയറ്റവും കടല്‍ത്തീരത്ത് കൂടെയുള്ള നടത്തവും ഒക്കെ തന്നെയാണ് അതിന്റെ ഒരു രസവും.
കുട്‌ലെ ബീച്ചിലോട്ടുള്ള വഴിയില്‍ കണ്ട ഒരു ഹോംസ്റ്റേയില്‍ റൂം എടുത്തു. കൈയില്‍ കാഷ് കുറവാണെന്ന് പറഞ്ഞത് കൊണ്ട് അധികം റേറ്റ് പറഞ്ഞില്ല. അവിടെ മേല്‍നോട്ടക്കാരന്‍ ആയിട്ട് നില്‍ക്കുന്ന ഒരു മലയാളി ചേട്ടന്‍ നിന്നെ അന്വേഷിച്ച് ഇനി പുറകെ ആള് വരുവോടാ എന്ന് പകുതി കാര്യമായും പകുതി തമാശയായും ചോദിച്ചു. എന്റെ രൂപവും ഒറ്റക്ക് വന്നതെന്തേ എന്ന ചോദ്യത്തിന് കൊടുക്കാന്‍ ഉത്തരമില്ലാത്തത് കൊണ്ടും ആ ചോദ്യം ഞാന്‍ പ്രതീക്ഷിച്ചതാണ്. മറുപടി പറയാതെ ഞാന്‍ ചിരിച്ചു. ബാഗ് വെച്ച് വന്ന കോലത്തില്‍ തന്നെ ഇറങ്ങി ഒരോട്ടം ആയിരുന്നു. പാരഡയസ് ബീച്ച് ആണ് ലക്ഷ്യം. സമയം 2 മണി ആകാറായി. ഇരുട്ടുന്നതിനു മുന്‍പ് തിരിച്ചെത്തുകയും വേണം.
ഒറ്റക്കാണെന്നുള്ള ചിന്ത ഞാന്‍ മറന്നു തുടങ്ങിയിരുന്നു. ആദ്യത്തെ മലമുകളില്‍ കയറിയപ്പോള്‍ തന്നെ പ്രകൃതി ഒരു മനോഹര ദൃശ്യം ഒരുക്കി എന്നെയും കാത്ത് ഇരിപ്പുണ്ടായിരുന്നു. മേഘങ്ങള്‍ക്കിടയില്‍ ഒളിച്ചിരുന്ന് സൂര്യന്‍ പരന്നു കിടക്കുന്ന കടലില്‍ ടോര്‍ച് അടിച്ച പോലെ, വൃത്താകൃതിയില്‍ ഒരു ചെറിയ പ്രദേശം മാത്രം. കടല്‍ തിളങ്ങുന്നു. അങ്ങകലെ ചക്രവാളത്തില്‍ നീളത്തില്‍ ഒരു സില്‍വര്‍ വരയും.ആ കാഴ്ചയുടെ ഭംഗി വര്‍ണ്ണിക്കുവാന്‍ എനിക്ക് വാക്കുകള്‍ പോര. കൈയില്‍ ഉണ്ടായിരുന്നത് ആകെ ഫോണ്‍ ക്യാമറ മാത്രം. പറ്റുന്ന പോലെ ആ ദൃശ്യം ഒപ്പിയെടുത്ത് മുന്നോട്ട് നീങ്ങി.
നല്ല വെയില്‍ ആയത് കൊണ്ട് ബീച്ചില്‍ അധികം നില്ക്കാന്‍ തോന്നിയില്ല.ഒന്നും ആലോചിക്കാതെ റൂമില്‍ നിന്ന് ചാടി ഇറങ്ങിയത് കൊണ്ട് ജീന്‍സിലാണ്, വേറെ കരുതിയിട്ടില്ലാത്ത കൊണ്ട് നനക്കാനും വയ്യ. വെള്ളത്തില്‍ ഇറങ്ങുന്നത് നാളെ ആകാം എന്ന് കരുതി തല്‍കാലം കടലിന്റെ ക്ഷണം നിരസിച്ച് ഓം ബീച്ച് ലക്ഷ്യമാക്കി നടന്നു.
ഓം എന്ന് എഴുതിയ രൂപത്തില്‍ ഉള്ളത് കൊണ്ടാണ് ബീച്ചിനു ഈ പേര് കിട്ടിയത്.നടുവിലെ പറക്കൂട്ടത്തിനു പാര്‍വതി റോക്ക്‌സ് എന്നാണ് പേര്. അവിടെയും അധികം നിന്നില്ല, ചലോ ഹാഫ് മൂണ്‍.
ഏറ്റവും മനോഹരമായ വ്യൂ കിട്ടിയത് ഈ ട്രെക്കിങ്ങില്‍ ആണ്.മലയുടെ മുകളില്‍ കടലിനോട് വളരെ ചേര്‍ന്നാണ് വഴി.ഒന്ന് കാലു തെറ്റിയാല്‍ താഴെ പാറക്കൂട്ടങ്ങളില്‍ വീണു മരണം ഉറപ്പ്. ഇടക്ക് വഴി കാടിനുല്ള്ളിലോട്ടു കയറും.പക്ഷെ കടല്‍ കണ്ടു നടക്കാനുള്ള ആഗ്രഹം മൂത്ത് ഞാന്‍ വഴി വിട്ട് നടന്നു.കുറച്ചു ചെന്നപ്പോള്‍ ഒരു ബോര്‍ഡ്,(There is no way here, many have died falling down the cliff) പക്ഷെ എന്റെ അന്നേരത്തെ ധൈര്യത്തെ ഇല്ലാതാക്കാന്‍ ആ ബോര്‍ഡിന് സാധിച്ചില്ല. കടലിന്റെ സംഗീതം കേട്ടാസ്വദിച്ചു കൊണ്ട് അതിലെ തന്നെ നടന്നു.
കടല്‍ എന്നെ തന്നിലേക്ക് മാടി വിളിച്ചു കൊണ്ടിരുന്നു. ഉയരങ്ങളില്‍ നില്‍ക്കുമ്പോള്‍ എനിക്ക് ഇടക്ക് ഉണ്ടാകാറുള്ള ഒരു തോന്നലുണ്ട്. ചാടിയാലോ എന്ന്.അവിടെ വെച്ച് ആ തോന്നല്‍ അതിശക്തമായി. അത്രക്ക് കടല്‍ എന്നെ മത്ത് പിടിപ്പിക്കുന്നുണ്ടായിരുന്നു.
ഒരു വിധം ഹാഫ്മൂണിലെത്തി. അവിടത്തെ സന്ധ്യ അടിപൊളി ആണെന്ന് ഒരു സുഹൃത്ത് പറഞ്ഞിരുന്നു.പക്ഷെ അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച എന്നെ നിരാശനാക്കി.അവിടെ നിന്നാല്‍ സൂര്യാസ്തമയം കാണാന്‍ സാധിക്കില്ല.ഭൂപ്രകൃതി അങ്ങനെയാണ്. സൂര്യന്‍ അസ്തമിക്കാറായി. പാരദൈസ് ബീച്ചിലോട്ട് ഒരുപാട് ദൂരമുണ്ട്.അതുകൊണ്ട് തല്‍കാലം ആ ആഗ്രഹം ഉപേക്ഷിച്ചു.തിരിച്ചു എങ്ങനെയെങ്കിലും അസ്തമയത്തിനു മുന്‍പ് ഓം ബീച്ചില്‍ എത്തണം.അക്ഷരാര്‍ത്ഥത്തില്‍ അവിടെ നിന്ന് ഓടി.
ഓം ബീച്ചില്‍ എത്തി ഒരു പാറപ്പുറത്ത് ഇരിപ്പുറപ്പിച്ചു. കുറച്ചകലെ നിന്നു താളവാദ്യങ്ങള്‍ മുഴങ്ങുന്നുണ്ട്. സൂര്യന്റെ ചലനത്തിന് അനുസരിച്ച് താളം മുറുകി വന്നു. കസോളില്‍ റൈന്‍ബോ ഗാതറിങ്ങിനിടയില്‍ ചന്ദ്രോദയം കണ്ടപ്പോഴുണ്ടായ അതേ പ്രതീതി. ജീവിതത്തിലെ ഏറ്റവും നല്ല നിമിഷങ്ങളില്‍ ഒന്ന് സമ്മാനിച്ച് സൂര്യന്‍ ചക്രവാളത്തില്‍ മറഞ്ഞു.
ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഒരു മണിക്കൂറിനു മുകളില്‍ ദൂരം നടക്കണം റൂമിലോട്ട്. ഫോണിനാണെങ്കില്‍ ചാര്‍ജുമില്ല..ഒടുവില്‍ കാട്ടിലും ബീച്ചിലും ഒക്കെ ഇരുട്ടത്ത് തപ്പി തടഞ്ഞ് ഒരു വിധം റൂമിലെത്തി. ക്ഷീണം കാരണം കിടന്നതേ ഉറങ്ങി.
ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ സുഖം മനസ്സിലായത് പിറ്റേന്നാണ്. രാവിലെ തന്നെ എഴുന്നേറ്റ് ബീച്ചിലൂടെ നടപ്പ് തുടങ്ങി. ഇത്രയും വൃത്തിയും വെടിപ്പുമുള്ള ബീച്ച് കേരളത്തില്‍ കണി കാണാന്‍ കിട്ടില്ല.ഈ കടല്‍ത്തീരത്ത് കൂടി നടക്കുമ്പോഴുള്ള സുഖം വേറൊരിടത്തും കിട്ടിയിട്ടുമില്ല. വെള്ളമണല്‍ വിരിച്ച കടല്‍ത്തീരത്ത് കൂടി ഞാന്‍ നടന്നു. ഇടക്ക് അനന്തതയില്‍ കണ്ണയച്ചു നിശ്ചലം നിന്നു. പല ചിന്തകള്‍ എന്നെ കടന്നു പോയി. ഈ തിരകളെ പോലെ തന്നെയാണ് നമ്മുടെ ജീവിതത്തിലോട്ട് കടന്നു വരുന്ന ഓരോരുത്തരും. ഓരോ തിരയും ഓരോ അനുഭവം ആണ്.
നമ്മെ നാം ആക്കി തീര്‍ക്കുന്ന അനുഭവങ്ങള്‍.കഥാപാത്രങ്ങള്‍ മാറികൊണ്ടേ ഇരിക്കും, കഥ മാത്രം പക്ഷെ എപ്പോഴും ഒന്ന് തന്നെ. തന്നിലേക്ക് മാടി വിളിച്ചു കൊണ്ട് കടല്‍ തിരകളെ അയച്ചു കൊണ്ടേ ഇരുന്നു. കാലില്‍ തൊട്ടുതലോടി അല്പനേരത്തെ സാന്ത്വനിപ്പിക്കലിനു ശേഷം അടുത്ത കര തേടി ഓരോ തിരയും വിട്ടകന്നു. ചുറ്റും ഒരുപാട് പേര്‍ ഉണ്ടായിട്ടും ആ കടല്‍തീരത്ത് ഏകനായി ഞാന്‍ നിന്നു. എത്ര നേരം അങ്ങനെ നിന്നു എന്നറിയില്ല.
ഒരു പാറപ്പുറത്ത്, മുള്‍ച്ചെടികള്‍ തീര്‍ത്ത തണലില്‍ ഇരിപ്പുറപ്പിച്ചു. മുന്‍പില്‍ കണ്ണെത്താത്ത ദൂരത്തില്‍ കടല്‍. ആ ഇരിപ്പ് എനിക്ക് ഇഷ്ടപ്പെട്ടു. ഒറ്റക്ക് യാത്ര ചെയ്യുന്നതിന്റെ ഒരു ഗുണം ആണത്. തോന്നുന്ന പോലെ എന്തും ചെയ്യാം. ആരെയും ബോധിപ്പിക്കേണ്ടതില്ല, ആരുടെയും അഭിപ്രായത്തിനു ചെവി കൊടുക്കണ്ട.എത്ര നേരം വേണമെങ്കിലും തന്നോട് തന്നെ സംവദിച്ച് ഉള്ളിലോട്ട് നോക്കി ഇരിക്കാം. അങ്ങനെ ഉള്ള ഇരുത്തങ്ങളില്‍ ചിലപ്പോള്‍ അത് വരെ കാണാത്ത നമ്മളെ തന്നെ കണ്ടുമുട്ടാന്‍ സാധിച്ചേക്കാം. മനസ്സിനെ അലട്ടുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചേക്കാം.
കൈയില്‍ കരുതിയിരുന്ന 'motorcycle Diaries' എടുത്ത് വായന തുടങ്ങി. 'കടല്‍ എനിക്ക് എന്നും ഒരു ആത്മാര്‍ത്ഥ സുഹൃത്തിനെ പോലെയാണ്.ഞാന്‍ പറയുന്നതെന്തും കേള്‍ക്കുന്ന,എന്റെ രഹസ്യങ്ങളെ ഉള്ളറകളില്‍ ഒളുപ്പിക്കുന്ന എന്റെ മനസാക്ഷി സൂക്ഷിപ്പുകാരന്‍. കടലാണ് ഏറ്റവും നല്ല ഉപദേശി. അതിന്റെ അര്‍ത്ഥവത്തായ ആരവങ്ങളെ നമുക്കിഷ്ടമുള്ള രീതിയില്‍ വായിച്ചെടുക്കാം.' വായന തുടങ്ങിയ ആദ്യ പേജില്‍ തന്നെ ചെ ഗുവേര എഴുതി വെച്ചിരിക്കുന്നു.
ഞാന്‍ കടലിനോട് സംവദിച്ചു. മറ്റാര്‍ക്കും മനസ്സിലാക്കാന്‍ സാധിക്കാത്ത എന്റെ ഭ്രാന്തന്‍ ആശയങ്ങള്‍ ക്ഷമയോടെ കടല്‍ കേട്ടിരുന്നു. ഇടക്ക് ഇളം കാറ്റിനെ വിട്ട് എന്നെ തഴുകി ആശ്വസിപ്പിച്ചു. കണ്ണീരിന്റെ ഉപ്പിനെ തന്നോട് ചേര്‍ത്തു. കടല്‍ പറഞ്ഞത് ഞാന്‍ എന്റെ സന്തത സഹചാരിയായ ജേര്‍ണല്‍ ബുക്കില്‍ കുറിച്ചു. മടക്കയാത്രക്ക് സമയം ആയതിനാല്‍ മനസില്ലാമനസ്സോടെ ഞാന്‍ തിരിച്ചു നടന്നു.കാണാന്‍ സാധിക്കാത്ത ഇടങ്ങള്‍ കാണാന്‍ വീണ്ടും വരുമെന്ന് മനസ്സില്‍ ഉറപ്പിച്ച്.
യാത്ര പുറപ്പെടും മുന്‍പ് ഓര്‍ക്കാം ഈ നിര്‍ദ്ദേശങ്ങള്‍
*വളരെ കുറഞ്ഞ ചിലവില്‍ പോയി വരാവുന്ന സ്ഥലം ആണ് ഗോകര്‍ണ.വെള്ളിയാഴ്ച്ച രാത്രി കയറിയാല്‍ ഒന്നര ദിവസം അവിടെ ചിലവഴിച്ചു തിങ്കളാഴ്ച രാവിലെ കോഴിക്കോട് എത്താം.
*സോളോ ട്രാവലിനും വീക്കെന്റ് ഗെറ്റ് എവേക്കും പറ്റിയ ഇടം.
*അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ gokarna road(GOK) അല്ലെങ്കില്‍ Kumta. കൊങ്കണ്‍ വഴി പോകുന്ന എല്ലാ ട്രെയിനുകള്‍ക്കും Kumta സ്റ്റോപ്പ് ഉണ്ട്.. GOK ആണ് കുറച്ചു കൂടി അടുത്ത്,പക്ഷെ സ്റ്റോപ്പ് ഉള്ള ട്രെയിന്‍ കുറവാണ്. രണ്ടിടത്ത് നിന്നും ബസ് കിട്ടും
*MangloreMadgaon Passenger(56640) രാവിലെ 6 30നു മംഗലാപുരത്ത് നിന്നും ഉച്ചകഴിഞ്ഞ് 3 30നു GOK നിന്ന് തിരിച്ചും ഉണ്ട്.(56641) Westcoast Expressഇല്‍ കയറിയാല്‍ പാസഞ്ചറിന്റെ സമയത്തോട് അടുപ്പിച്ച് മംഗലാപുരത്തോട്ടും തിരിച്ചും എത്താം.നാലര മണിക്കൂര്‍ ആണ് യാത്രാസമയം.
*താമസിക്കാന്‍ Kudle ബീച്ചില്‍ സൌകര്യം ഉണ്ട്.
*ഓരോ ബീച്ച് കടന്നു ചെല്ലുന്തോറും ആളുകളുടെയും കഫെകളുടെയും എണ്ണം കുറഞ്ഞു വരും. ഓം ബീച്ച് കഴിഞ്ഞാല്‍ പിന്നെ കഴിക്കാന്‍ ഒന്നും കിട്ടില്ല. താരതമ്യേന വില കുറഞ്ഞ മെനു കണ്ടത് ഗോകര്‍ണ ബീച്ചിലാണ്